Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പൊലീസിന്റെ യശസ് ഉയർത്തി; പൊലീസിന്റെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് പണം തടസമല്ലെന്നും മുഖ്യമന്ത്രി

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പൊലീസിന്റെ യശസ് ഉയർത്തി; പൊലീസിന്റെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് പണം തടസമല്ലെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൊലീസിന്റെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് പണം തടസമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ നാലര വർഷത്തിനുള്ളിൽ പൊലീസിന്റെ അടിസ്ഥാനസൗകര്യവികസനത്തിന് മുന്തിയ പരിഗണനയാണ് സർക്കാർ നൽകിവരുന്നത്. അതോടൊപ്പം സാങ്കേതികവിദ്യകൂടി പൊലീസിന്റെ ഭാഗമാക്കുന്നതിന് സർക്കാർ മുൻഗണന നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പൊലീസിനായി നിർമ്മിച്ച വിവിധ കെട്ടിടങ്ങൾ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൊലീസ് ആസ്ഥാനത്തെ ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിങ് നെറ്റ് വർക്ക് പരിശീലന കേന്ദ്രം, പൊലീസ് സ്റ്റുഡിയോ റൂം, തിരുവനന്തപുരത്തെ റെയിൽവെ പൊലീസ് കൺട്രോൾ റൂം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ജില്ലാതല പൊലീസ് പരിശീലന കേന്ദ്രങ്ങൾ, ഇടുക്കി ജില്ലയിലെ മുട്ടം, കുളമാവ് എന്നീ പൊലീസ് സ്റ്റേഷനുകളുടെ പുതിയ കെട്ടിടങ്ങൾ, തൃശ്ശൂർ സിറ്റിയിലെ കേന്ദ്രീകൃത ലോക്കപ്പ് സംവിധാനം എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. കണ്ണൂർ സിറ്റി പൊലീസ് കോംപ്ലക്‌സിന്റെ തറക്കല്ലിടൽ കർമ്മവും ഇന്ന് നടന്നു.

കോവിഡ് വൈറസ് ബാധ തടയുന്നതിന് ആരോഗ്യവകുപ്പിനൊപ്പം ചേർന്ന് പൊലീസ് നടത്തിയ പ്രവർത്തനങ്ങളെ മുഖ്യമന്ത്രി പ്രശംസിച്ചു. ഇത്തരം പ്രവർത്തനങ്ങൾക്ക് പൊലീസ് ഉദ്യോഗസ്ഥർ സ്വയമേവയാണ് മുന്നോട്ട് വന്നത്. ജനങ്ങളോട് ഇഴുകിച്ചേർന്നുള്ള ഇത്തരം പ്രവർത്തനങ്ങൾ പൊലീസിന്റെ യശസ് ഉയർത്തി. സമൂഹത്തിന് ഗുണകരമായ ഇത്തരം ശ്രമങ്ങൾ ഇനിയും തുടരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് ഒരുക്കിയ സി.സി.ടി.എൻ.എസ് കേന്ദ്രത്തിൽ ഒരേസമയം 56 പേർക്ക് പരിശീലനം നൽകാൻ കഴിയുന്ന ഇന്ററാക്ടീവ് പാനൽ ഉൾപ്പെടെയുള്ള നൂതന സംവിധാനങ്ങളുണ്ട്. പൊലീസിന് ആവശ്യമായ ചിത്രങ്ങളും ക്ലാസുകളും ചിത്രീകരിക്കാൻ കഴിയുന്നതാണ് പൊലീസ് ആസ്ഥാനത്തെ പൊലീസ് സ്റ്റുഡിയോ റൂം. ട്രെയിൻ യാത്രക്കാർക്ക് അടിയന്തിരഘട്ടങ്ങളിൽ ബന്ധപ്പെടാൻ തിരുവനന്തപുരത്ത് ആരംഭിച്ച റെയിൽവെ പൊലീസ് കൺട്രോൾ റൂം സഹായകമാകും. തൃശ്ശൂരിൽ നിലവിൽ വന്ന കേന്ദ്രീകൃത ലോക്കപ്പ് സംവിധാനത്തിൽ പാർപ്പിക്കുന്ന പ്രതികളുടെ നീക്കങ്ങൾ സി.സി.ടി.വി മുഖേന 24 മണിക്കൂറും നിരീക്ഷിക്കാൻ കഴിയും. ആലപ്പുഴ, കോട്ടയം ജില്ലകളിലെ ജില്ലാതല പൊലീസ് പരിശീലന കേന്ദ്രങ്ങൾ പ്രവർത്തനമികവ് വർദ്ധിപ്പിക്കുന്നതിന് പൊലീസിനെ ഏറെ സഹായിക്കും. ഇടുക്കി ജില്ലയിലെ മുട്ടം, കുളമാവ് പൊലീസ് സ്റ്റേഷനുകൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചിരിക്കുന്നത് അത്യാധുനിക സംവിധാനങ്ങളോടെയാണ്. 34,500 ചതുരശ്രഅടി വിസ്തീർണത്തിൽ നിർമ്മിക്കുന്ന കണ്ണൂർ സിറ്റി പൊലീസ് കോംപ്ലക്‌സിന് ഒമ്പത് കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ഓൺലൈൻ ഉദ്ഘാടന ചടങ്ങിൽ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, എ.ഡി.ജി.പി മാരായ ഡോ.ഷേക്ക് ദർവേഷ് സാഹിബ്, മനോജ് എബ്രഹാം, ഐ.ജി പി വിജയൻ എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

ഉദ്ഘാടനത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസ് ആസ്ഥാനത്തെ സി.സി.ടി.എൻ.എസ് പരിശീലന കേന്ദ്രം സന്ദർശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP