Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സർക്കാർ ഒരുക്കുന്നത് കുടുംബബജറ്റിന് ഭാരമുണ്ടാകാതെ ഓണം ആഘോഷിക്കാനുള്ള സൗകര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; സപ്ലൈകോ ഓണം ജില്ലാ ഫെയറുകൾക്ക് തുടക്കമായി

സർക്കാർ ഒരുക്കുന്നത് കുടുംബബജറ്റിന് ഭാരമുണ്ടാകാതെ ഓണം ആഘോഷിക്കാനുള്ള സൗകര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; സപ്ലൈകോ ഓണം ജില്ലാ ഫെയറുകൾക്ക് തുടക്കമായി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കുടുംബബജറ്റിൽ അമിതഭാരമുണ്ടാകാതെ ഓണം ആഘോഷിക്കാനുള്ള സൗകര്യമാണ് സർക്കാർ ഒരുക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സപ്ലൈകോ ഓണം ജില്ലാ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം പുത്തരിക്കണ്ടം മൈതാനിയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രയാസങ്ങൾക്കിടയിലും ഓണം ആഘോഷിക്കുക എന്ന പൊതുവികാരത്തിനൊപ്പം നിന്നുകൊണ്ടാണ് കുറഞ്ഞവിലയുമായി സപ്ലൈകോ വിപണി ഇടപെടൽ നടത്തുന്നത്.

കഴിഞ്ഞവർഷത്തെ പ്രളയത്തിനുശേഷം പുനർനിർമ്മാണം നല്ലരീതിയിൽ നടന്നുവരവേയാണ് ഈ വർഷവും മഴക്കെടുതിയുണ്ടായത്. മറ്റുള്ളവർക്ക് മാതൃകയാകുന്ന ഒരുമയോടും ഐക്യത്തോടുമാണ് ദുരന്തത്തെ നാം അതിജീവിക്കാൻ ശ്രമിച്ചത്. ഈ പ്രതിസന്ധികൾ കൂടി കടക്കിലെടുത്താണ് ഇത്തവണ ഗൃഹോപകരണങ്ങൾ കൂടി സപ്ലൈകോ ഫെയറുകൾ വഴി കുറഞ്ഞവിലയ്ക്ക് വിൽപന നടത്താൻ തീരുമാനിച്ചത്.

14 നിത്യോപയോഗ സാധനങ്ങൾക്ക് സപ്ലൈകോ സംവിധാനത്തിൽ വിലകയറുന്നില്ല. ഇതിനുപുറമേയാണ് ഓണത്തിന് അതിവിപുല തയ്യാറെടുപ്പുകളുമായി ജനങ്ങൾക്ക് ആശ്വാസമായി സംസ്ഥാനത്തുടനീളം ഫെയറുകൾ നടത്തുന്നത്. വിപണി വിലയുമായി താരതമ്യം ചെയ്താൽ വലിയ വിലക്കുറവിലാണ് ഇവിടങ്ങളിൽ വിൽപന. ഇതുകൂടാതെ, ഹോർട്ടികോർപ്, കൺസ്യൂമർഫെഡ് എന്നിവരും ഓണത്തിന് പ്രത്യേക സ്റ്റാളുകൾ തുറക്കും. വിവിധ സഹകരണസംഘങ്ങളും ഓണച്ചന്തകൾ ഒരുക്കുന്നുണ്ട്. വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാക്കി ഓണം സമൃദ്ധമാക്കുകയാണ് ഇവയുടെ എല്ലാം ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണം ഫെയറിൽ ആദ്യവില്പനയും മുഖ്യമന്ത്രി നിർവഹിച്ചു. ഓണനാളുകളിൽ ജനങ്ങൾക്ക് പരമാവധി ആശ്വാസം പകരാനാണ് 1500 ഓളം ഓണച്ചന്തകൾ ആരംഭിക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ പറഞ്ഞു.

എംഎ‍ൽഎമാരായ വി എസ്. ശിവകുമാർ, ഒ. രാജഗോപാൽ, ഭക്ഷ്യ പൊതുവിതരണ സെക്രട്ടറി മിനി ആന്റണി, സിവിൽ സപ്ലൈസ് ഡയറക്ടർ നരസിംഹുഗാരി ടി.എൽ. റെഡ്്ഢി, കൗൺസിലർ എസ്.കെ.പി രമേശ്, ജി.ആർ. അനിൽ തുടങ്ങിയവർ സംബന്ധിച്ചു. സപ്ലൈകോ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ കെ.എൻ. സതീഷ് സ്വാഗതവും ജനറൽ മാനേജർ ആർ. റാം മോഹൻ നന്ദിയും പറഞ്ഞു.

ഓണം ഫെയറിലെ പ്രധാന ഇനങ്ങളുടെ ഒരു കിലോയ്ക്കുള്ള സബ്സിഡി വില, നോൺ സബ്സിഡി വില എന്ന നിലയിൽ ചുവടെ: ചെറുപയർ- 61 (80), ഉഴുന്ന്- 60 (66), കടല- 42 (63), വൻപയർ- 45 (70), തുവരപ്പരിപ്പ്- 58 (69), മുളക്- 75 (130), മല്ലി- 82 (96), പഞ്ചസാര- 22 (37), ജയ അരി- 25 (32), മാവേലി പച്ചരി (സോർട്ടക്സ്)- 23 (27), മാവേലി മട്ട അരി (സോർട്ടക്സ്)- 24 (35), ശബരി വെളിച്ചെണ്ണ അരലിറ്റർ- 46.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP