Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോക മാന്ത്രിക ദിനത്തിൽ മാജിക് പ്ലാനറ്റിൽ സർക്കസ് കാസിൽ മിഴി തുറന്നു; സാംസ്‌കാരിക രംഗത്തെ പുതിയ മുന്നേറ്റമെന്നു മന്ത്രി എ കെ ബാലൻ

ലോക മാന്ത്രിക ദിനത്തിൽ മാജിക് പ്ലാനറ്റിൽ സർക്കസ് കാസിൽ മിഴി തുറന്നു; സാംസ്‌കാരിക രംഗത്തെ പുതിയ മുന്നേറ്റമെന്നു മന്ത്രി എ കെ ബാലൻ

തിരുവനന്തപുരം: സർക്കസ് കാസിൽ സാംസ്‌കാരിക രംഗത്തിന് പുത്തൻ ഉണർവ് സമ്മാനിക്കുമെന്ന് മന്ത്രി എ.കെ ബാലൻ പറഞ്ഞു. മാജിക് പ്ലാനറ്റിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ച മാജിക് പ്ലാനറ്റ് സർക്കസ് കാസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്യം നിന്നുകൊണ്ടിരിക്കുന്ന കലാരൂപങ്ങളിലേയ്ക്ക് സർക്കസും വഴുതിവീഴുന്ന അവസ്ഥയാണ് ഇന്നുള്ളത്. ഈ സമൂഹം സർക്കസ് കലാകാരന്മാർക്ക് അർഹിക്കുന്ന പരിഗണന നൽകുന്നില്ല. ഈ അവസരത്തിൽ സർക്കസ് കലാകാരന്മാരെ പുനരധിവസിപ്പിക്കുന്നതിന് വേണ്ടി മജീഷ്യൻ ഗോപിനാഥ് മുതുകാട് മാജിക് പ്ലാനറ്റിൽ തുടങ്ങിയ ഈ സംരംഭത്തിന് സർക്കാരിന്റെ എല്ലാവിധ പിന്തുണയും സഹായവും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിലെ മാജിക് പ്ലാനറ്റിൽ നടന്ന ചടങ്ങിൽ മന്ത്രി എ.കെ ബാലൻ തമ്പിലെ വിസ്മയതാരമായ അസം സ്വദേശി സോണിയ ഥാപ്പ, റോഷ്‌നി ജാദവ് എന്നിവർക്ക് ഫ്‌ളാഗ് കൈമാറിയതോടെ അന്തരീക്ഷത്തിൽ നിന്നും വളയം പ്രത്യക്ഷമായി. ആ വളയത്തിലേയ്ക്ക് സോണിയയും റോഷ്‌നി ജാദവും ചേർന്ന് അഭ്യാസമുറകൾ തീർത്തപ്പോൾ രൺദീപും ബെക്കാലു ഡെറീബിയും മറ്റ് താരങ്ങളും അക്രോബാറ്റിക് പ്രകടനങ്ങളുമായി ഒന്നിനുപുറകേ ഒന്നായി വിസ്മയ അന്തരീക്ഷം തീർത്തു.

മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷനായി. സർക്കസ് രംഗത്തെ കുലപതികളായ ജെമിനി ശങ്കരൻ, ചന്ദ്രൻ കോടിയേരി, സാവിത്രി, സർക്കസ് കലയുടെ പിന്നാമ്പുറവും ദുരിതവും ദുഃഖവും തൂലികയിലൂടെ പ്രതിഫലിപ്പിച്ച ശ്രീധരൻ ചമ്പാട് എന്നിവരെ എ.കെ ബാലൻ ആദരിച്ചു. പ്ലാനറ്റ് ബെസ്റ്റ് അവാർഡ് കടകംപള്ളി സുരേന്ദ്രൻ വിതരണം ചെയ്തു. കിൻഫ്ര എം.ഡി സൂരജ് രവീന്ദ്രൻ, മാജിക് അക്കാദമി എക്‌സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, ഡയറക്ടർ ചന്ദ്രസേനൻ മിതൃമ്മല തുടങ്ങിയവർ പങ്കെടുത്തു.

ഇന്ദ്രജാലവും സർക്കസും സമന്വയിക്കുന്ന സ്ഥിരം വേദിയെന്ന ആശയം ലോകത്തിൽ ആദ്യത്തേതാണ്. ഇന്ത്യയിലാദ്യമായി സർക്കസ് അവതരിപ്പിക്കുന്നതിന് ഒരു സ്ഥിരം വേദി എന്ന ആശയമാണ് സർക്കസ്-കാസിൽ എന്ന ഈ വിഭാഗത്തിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്. അമേരിക്കയിലെ ലാസ് വേഗസ്സിലുള്ള സർക്കസ്-സർക്കസ് എന്ന സ്ഥിരം സർക്കസ് വേദിയുടെ മാതൃകയിലാണ് സർക്കസ് പ്ലാനറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

കേരള സർക്കസിന്റെ പിതാവായ കീലേരി കുഞ്ഞിക്കണ്ണൻ മാസ്റ്റർക്കുള്ള സമർപ്പണമാണ് മാജിക് പ്ലാനറ്റിലെ സർക്കസ് കാസിൽ. റോപ്പ് ആക്ട്, ഏരിയൽ സിൽക്ക്, ഹൂലാ ഹൂപ്പ് എന്നീ അമാനുഷികവും അതിഭാവുകത്വവും ജനിപ്പിക്കുന്ന ഉശിരൻ പ്രകടനങ്ങളുമായി അസ്സം സ്വദേശി സോണിയ, അക്രോബാറ്റിക് പ്രകടനങ്ങളുമായി മണിപ്പൂരിൽ നിന്നെത്തിയ ഗോബിൻ, രാജിവ്, സാനാമണി, ടോംബാ, മാലേംഗാം, സർക്കസ് ആന്റിനെട്ട് ഇത്യോ ആഫ്രിക്കയിൽ നിന്നും പരിശീലനം പൂർത്തിയാക്കിയെത്തിയ എത്യേപ്യ സ്വദേശി ബെക്കാലു ഡെറീബി, മെയ് വഴക്കത്തിന്റെ അസാധാരണ പ്രകടനുവമായി അസ്സമിൽ നിന്നുള്ള റോഷിനി ജാദവ്, ജലധാരാവിസ്മയമൊരുക്കി ബീഹാറിൽ നിന്നുള്ള സാഗർകുമാർ. പരിശീലനകനായ കണ്ണൂരിൽ നിന്നുള്ള സുധീർ എന്നിവരാണ് സർക്കസ് കാസിലിലെ വിസ്മയ താരങ്ങൾ. പ്രത്യേകം തയ്യാറാക്കിയ രാജസദസ്സിൽ ഈ താരങ്ങൾ കൊട്ടാരം മാന്ത്രികനുമായി ചേർന്നുകൊണ്ട് ഒരുക്കുന്ന മാസ്മരിക മൂഹൂർത്തങ്ങൾ ഒരു നാടകീയതയുടെ ചുവടു പിടിച്ച് പ്രേക്ഷകർക്ക് മുന്നിൽ കേരളപ്പിറവി ദിനമായ നാളെ മുതൽ അവതരിപ്പിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP