Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'കെ.ടി അദീബിനെ നിയമിച്ചതിൽ കെ ടി ജലീലും മുഖ്യമന്ത്രിയും തമ്മിൽ ഗൂഢാലോചന വ്യക്തം'; അല്പമെങ്കിലും ധാർമികത അവശേഷിച്ചിട്ടുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ചെന്നിത്തല

'കെ.ടി അദീബിനെ നിയമിച്ചതിൽ കെ ടി ജലീലും മുഖ്യമന്ത്രിയും തമ്മിൽ ഗൂഢാലോചന വ്യക്തം'; അല്പമെങ്കിലും ധാർമികത അവശേഷിച്ചിട്ടുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ചെന്നിത്തല

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ജനറൽ മാനേജറായി കെ.ടി ജലീലിന്റെ ബന്ധു കെ.ടി അദീബിനെ നിയമിച്ചതിൽ ജലീലും മുഖ്യമന്ത്രിയും തമ്മിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വ്യക്തമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ജനാധിപത്യ ബോധവും ധാർമ്മികതയും അല്പമെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കിൽ മുഖ്യമന്ത്രി സ്ഥാനം പിണറായി വിജയൻ രാജിവെക്കണമെന്ന് ചെന്നിത്തല തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്കും നിയമനത്തിൽ ഉത്തരവാദിത്തമുണ്ടെന്ന് ആരോപിച്ച ചെന്നിത്തല മുഖ്യമന്ത്രിയെ കുരുക്കിൽ നിന്ന് രക്ഷപ്പെടുത്താൻ എ.ജിയിൽ നിന്ന് നിയമോപദേശം എഴുതിവാങ്ങി, റിട്ടുമായി ഹൈക്കോടതിയിൽ പോകാനുള്ള സർക്കാരിന്റെ നീക്കം അപഹാസ്യമാണെന്നും കുറ്റപ്പെടുത്തി.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ജനറൽ മാനേജറായി കെ.ടി ജലീലിന്റെ ഉറ്റബന്ധു കെ.റ്റി അദീബിനെ നിയമിക്കുന്നതിന് വിദ്യാഭ്യാസ യോഗ്യതയിൽ ഇളവ് വരുത്തുന്നതിനുള്ള ഫയലിൽ മന്ത്രിസഭയെ മറികടന്ന് ഒപ്പിട്ടത് മുഖ്യന്ത്രി പിണറായി വിജയനാണ്.

2013 ൽ യു.ഡി.എഫിന്റെ ഭരണകാലത്ത് ധനകാര്യവകുപ്പിന്റെ ഉപദേശ പ്രകാരം മന്ത്രിസഭയാണ് കോർപ്പറേഷനിലെ ഉദ്യോഗസ്ഥർക്കുള്ള യോഗ്യത നിശ്ചയിച്ചത്. അതിൽ മാറ്റം വരുത്തണമെങ്കിൽ മന്ത്രിസഭയിൽ തന്നെ വയ്ക്കണമെന്ന സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിയുടെ നിർദ്ദേശം മറികടന്നാണ് ഫയൽ കെ.ടി ജലീൽ മുഖ്യമന്ത്രിയുടെ മുന്നിൽ എത്തിച്ച് ഒപ്പിടുവിച്ചത്.

യോഗ്യതയിൽ മാറ്റം വരുത്തുന്നത് എന്തുകൊണ്ടാണ്? മന്ത്രിസഭയിൽ വച്ചാൽ ബന്ധുവിനെ നിയമിക്കാൻ കഴിയില്ല എന്ന് കരുതിയിട്ടാണോ? ഏതായാലും ഈ നിയമനകാര്യത്തിൽ കെ.ടി. ജലീലും മുഖ്യമന്ത്രിയും തമ്മിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വ്യക്തമാണ്. മുഖ്യമന്ത്രിക്കും ഈ വഴിവിട്ട നിയമനത്തിൽ ഉത്തരവാദിത്തമുണ്ട്.

മുഖ്യമന്ത്രിയെ കുരുക്കിൽ നിന്ന് രക്ഷപ്പെടുത്താൻ എ.ജിയിൽ നിന്ന് നിയമോപദേശം എഴുതിവാങ്ങി, റിട്ടുമായി ഹൈക്കോടതിയിൽ പോകാനുള്ള സർക്കാരിന്റെ നീക്കം അപഹാസ്യമാണ്. ഒരുവശത്തു ധാർമ്മികത പ്രസംഗിക്കുകയും മറുവശത്ത് കൂടി ധാർമ്മികതയെ തകിടം മറിക്കാനുള്ള നീക്കം നടത്തുകയുമാണ് സർക്കാർ ചെയ്യുന്നത്.

കെ.ടി ജലീൽ മാത്രം രാജിവച്ചതുകൊണ്ട് കാര്യമില്ല. കൂട്ടുപ്രതിയായ മുഖ്യമന്ത്രിയും രാജിവയ്ക്കണം. അല്ലാതെ മുഖ്യമന്ത്രിയെ രക്ഷിക്കാൻ കാവൽ മന്ത്രിസഭയുടെ മാത്രം പദവിയുള്ള ഈ സർക്കാർ പൊതുപണം ധൂർത്തടിച്ച് കോടതിയിൽ പോകുന്നത് ശരിയല്ല. ജനാധിപത്യ ബോധവും ധാർമ്മികതയും അല്പമെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനും രാജി വയ്ക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP