Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആസൂത്രണ ബോർഡിലേക്കുള്ള പിഎസ് സി ഇന്റർവ്യൂവിൽ ഇടത് അനുഭാവികൾക്കായി തിരിമറി: സമഗ്രാന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

ആസൂത്രണ ബോർഡിലേക്കുള്ള പിഎസ് സി ഇന്റർവ്യൂവിൽ ഇടത് അനുഭാവികൾക്കായി തിരിമറി: സമഗ്രാന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ ഉന്നത തസ്തികകളിലേക്ക് പി.എസ്.സി നടത്തിയ ഇന്റർവ്യൂവിൽ ഇടതു അനുഭാവികൾക്ക് മാർക്ക് കൂട്ടിയിട്ട് ജോലി തട്ടിപ്പ് നടത്തിയെന്ന ആരോപണത്തെക്കുറിച്ച് ഉന്നത തല അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആസൂത്രണ ബോർഡ് മേധാവികളെ തിരഞ്ഞെടുക്കുന്നതിന് പി.എസ്.സി നടത്തിയ ഇന്റർവ്യൂവിലെ തിരിമറിയെക്കുറിച്ച് പുറത്തു വന്നിട്ടുള്ള വിവരങ്ങൾ ഞെട്ടിക്കുന്നതാണ്.

ഇടതു സർക്കാരിന് കീഴിൽ പി.എസ്.സിയിൽ നടക്കുന്ന ക്രമക്കേടുകൾ ഒന്നൊന്നായി പുറത്തു വരികയാണ്. വളരെ കണിശമായും കൃത്യതയോടെയും പ്രവർത്തിച്ചിരുന്ന പി.എസ്.സിയെയാണ് തകർക്കുന്നത്. പൊലീസ് റാങ്ക് ലിസ്റ്റിലെ ക്രമക്കേടു തന്നെ പി.എസ്.സിയുടെ വിശ്വാസ്യത തകർത്തിരുന്നു. ആ ലിസ്റ്റിൽ ഇതിനകം പുറത്തു വന്ന വിവരങ്ങൾ ഒറ്റപ്പെട്ടതല്ലെന്ന് തെളിയിക്കുന്നതാണ് ആസൂത്രണ ബോർഡ് ലിസ്റ്റിലെ തിരിമറി. സിപിഎമ്മിന് വേണ്ടപ്പെട്ടവർക്കും അനുഭാവികൾക്കും പി.എസ്.സി വഴി ജോലി തരപ്പെടുത്തിക്കൊടുക്കുന്നത് പതിവാക്കി മാറ്റിയിരിക്കുന്നു.

ആസൂത്രണബോർഡിലെ പ്ളാനിങ് കോർഡിനേഷൻ ചീഫ്, ഡീസെൻട്രലൈസ്ഡ് പ്ളാനിങ് ചീഫ്, സോഷ്യൽ സർവ്വീസ് ചീഫ് എന്നീ ഉന്നത തസ്തികകളിലെ ഇൻർവ്യൂവിൽ ഇടത് അനുഭാവികളായ അവിടത്തെ ഉദ്യോഗസ്ഥർക്ക് ജോലി കിട്ടത്തക്ക വിധത്തിൽ മാർക്ക് കൂട്ടിയിട്ടു നൽകി എന്നാണ് ആരോപണം ഉണ്ടായിരിക്കുന്നത്. എഴുത്ത് പരീക്ഷയ്ക്ക് വളരെ പിന്നിലായിരുന്ന ഇവർ മുന്നിലെത്തത്തക്ക വിധം മാർക്ക് കൂട്ടിയിട്ടു നൽകി. എഴുത്ത് പരീക്ഷയ്ക്ക് ശേഷം നടക്കുന്ന ഇന്റർവ്യൂവിൽ 70%ത്തിലധികം മാർക്ക് നൽകരുതെന്ന സുപ്രീംകോടതി വിധി കാറ്റിൽ പറത്തി 90 മുതൽ 95% വരെ മാർക്ക് നൽകിയാണ് ഇഷ്ടക്കാർക്ക് ജോലി ഉറപ്പാക്കിയത്.

ഇതോടെ എഴുത്തു പരീക്ഷയിൽ 91.75% മാർക്ക് വരെ ലഭിച്ച അപേക്ഷകർ പിന്നിലാവുകയും വളരെ പിന്നിലായിരുന്ന ഇടതു അനുഭാവികൾ മുന്നിലെത്തുകയും ചെയ്തു എന്ന ആരോപണമാണ് ഉയർന്നിട്ടുള്ളത്. 40 മാർക്കിന്റെ ഇന്റർവ്യൂവിൽ 36 മാർക്ക് വരെ നൽകിയാണ് പിന്നിലുള്ളവരെ മുന്നിലെത്തിച്ചത്. പി.എസ്.സി ഇൻർവ്യൂവിൽ ഇങ്ങനെ സുപ്രീംകോടതി നിർദ്ദേശം മറികടന്നു തിരിമറി നടത്തുന്നത് ലക്ഷക്കണക്കിന് യുവാക്കളോട് കാണിക്കുന്ന വഞ്ചനയാണ്. ഈ ഇന്റർവ്യൂകൾ റദ്ദാക്കുകയും ഇതിനെപ്പറ്റി സമഗ്ര അന്വേഷണം നടത്തുകയും ചെയ്യണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP