Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

സ്വർണ്ണക്കടത്തു കേസിലെ സത്യം പുറത്തു വരണമെങ്കിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം; സ്വർണം കടത്തിയിട്ടുണ്ടാകാമെന്ന് കെ.ടി.ജലീൽ സമ്മതിച്ചതോടെ ഇതിന് വഴി തെളിഞ്ഞു; സ്വർണ്ണക്കള്ളക്കടത്തിന് മന്ത്രി കൂട്ടുനിന്നപ്പോൾ രക്ഷിക്കാൻ വർഗീയത ഇളക്കിവിടുകയാണ് മുഖ്യമന്ത്രി എന്നും രമേശ് ചെന്നിത്തല

സ്വർണ്ണക്കടത്തു കേസിലെ സത്യം പുറത്തു വരണമെങ്കിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം; സ്വർണം കടത്തിയിട്ടുണ്ടാകാമെന്ന് കെ.ടി.ജലീൽ സമ്മതിച്ചതോടെ ഇതിന് വഴി തെളിഞ്ഞു; സ്വർണ്ണക്കള്ളക്കടത്തിന്  മന്ത്രി കൂട്ടുനിന്നപ്പോൾ രക്ഷിക്കാൻ വർഗീയത ഇളക്കിവിടുകയാണ് മുഖ്യമന്ത്രി എന്നും രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം:സ്വർണ്ണക്കള്ളടത്തിലെ സത്യം പുറത്തു വരണമെങ്കിൽ അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇപ്പോൾ അതിനുള്ള സാഹചര്യം ഉരുത്തിരിഞ്ഞിരിക്കുകയാണ്. സ്വർണ്ണക്കടത്തുമായി കെ. ടി. ജലീലിന് ഒരു ബന്ധവുമില്ലെന്നാണ് മുഖ്യമന്ത്രി ഇതുവരെ പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ സ്വർണംകടത്തിയിട്ടുണ്ടാകാമെന്ന് കെ. ടി. ജലീൽ കഴിഞ്ഞ ദിവസം സമ്മതിച്ചു. ഇതുതന്നെയാണ് പ്രതിപക്ഷവും ഇത്രയും നാളും പറഞ്ഞുകൊണ്ടിരുന്നത്. അപ്പോൾ അന്വേഷണ ഏജൻസികൾക്ക് സത്യസന്ധമായ വിവരങ്ങൾ ലഭിക്കണമെങ്കിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സർക്കാരിന്റെ അഴിമതികൾ സി. ബി. ഐ. അന്വേഷിക്കുക, സ്വർണ്ണക്കള്ളക്കടത്ത് നടത്തിയ മന്ത്രി കെ.ടി. ജലീലിനെ പുറത്താക്കുക, മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ സ്പീക്ക് അപ്പ് കേരളയുടെ മൂന്നാംഘട്ട സമരപരിപാടി ഉദ്ഘാടനം സെക്രട്ടേറിയറ്റ് നടയിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഒരിക്കലും ഉണ്ടാകാത്ത വിധത്തിൽ സ്വർണ്ണക്കള്ളക്കടത്തിന് ഒരു മന്ത്രി കൂട്ടുനിന്നപ്പോൾ ആ മന്ത്രിയെ രക്ഷിക്കാൻ വർഗീയത ഇളക്കിവിടുന്ന നടപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായത്. ഒരു കമ്യൂണിസ്റ്റ് മുഖ്യന്ത്രിക്ക് ഒരു നിവൃത്തിയുമില്ലാതെ വന്നപ്പോൾ ജാതിയും മതവും പറയേണ്ട ഗതികേടിലേക്കെത്തിരിയിരിക്കുന്നു. രണ്ട് വോട്ടിന് വേണ്ടി ഏത് വർഗീയതയെയും ആവേശത്തോടെ ആലിംഗനം ചെയ്യുന്നയാളായി കേരളത്തിലെ മുഖ്യമന്ത്രി മാറിക്കഴിഞ്ഞു.

ഇ.എം.എസും പി. കൃഷ്ണപിള്ളയുമൊക്കെ ഇരുന്ന കസേരയിൽ ഇരിക്കുന്ന സിപി.എം .സംസ്ഥാന സെക്രട്ടറിയും പച്ചയ്ക്ക് വർഗീയത പറയുകയാണ്. എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളെയും ബഹുമാനിക്കുന്നവരാണ് ഞങ്ങൾ ഈന്തപ്പഴത്തിന്റെ മറവിലടക്കം നടന്ന കള്ളക്കടത്തിനെക്കുറിച്ചാണ് തങ്ങൾ പറഞ്ഞതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.ഇത്രയധികം ദുർഗന്ധം പരത്തുന്ന സർക്കാർ കേരളത്തിന്റെ ചരിത്രത്തിലുണ്ടായിട്ടില്ല. ഈ സർക്കാർ നടത്തിയ അഴിമതികൾ പ്രതിപക്ഷം എണ്ണിയെണ്ണി പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ ആരോഗ്യവിവരങ്ങൾ സ്പ്രിങ്‌ളർ എന്ന അമേരിക്കൻ കമ്പനിക്ക് വിറ്റ വലിയ അഴിമതി പ്രതിപക്ഷം പുറത്തു കൊണ്ടുവന്നപ്പോൾ അത് അന്വേഷിക്കാൻ ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തുമെന്ന് സർക്കാർ പറഞ്ഞു. ഒന്നര മാസമായിട്ടും കമ്മിറ്റി ചേർന്നിട്ടില്ല.

പമ്പാ മണൽക്കടത്തിൽ വിജിലൻസ് അന്വേഷണം വേണമെന്നു പറഞ്ഞ് ഞാൻ സർക്കാരിന് കത്തയച്ചെങ്കിലും സർക്കാർ അനങ്ങിയില്ല. തിരുവനന്തപുരം വിജിലൻസ് കോടതി നാൽപ്പത് ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്ന് സർക്കാരിനോടാവശ്യപ്പെട്ടെങ്കിലും സർക്കാർ ഹൈക്കോടതിയിൽ പോയി അതിന് സ്റ്റേ വാങ്ങിക്കുകയാണ് ചെയ്തത്. നാലായിരം കോടി രൂപയ്ക്ക് ഇലക്ട്രിക് ബസുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രൈസ് വാട്ടർ ഹൗസ്' കൂപ്പറിന് സെക്രട്ടേറിയറ്റിൽ ഓഫീസ് തന്നെ തുടങ്ങാനുള്ള അനുമതി നൽകി. നൂറുകണക്കിന് അനധികൃത പിൻവാതിൽ നിയമനങ്ങളാണ് ഇതിന്റെ പേരിൽ നടന്നത്.

നിയമസഭയിൽ അഞ്ച് അഴിമതി ആരോപണങ്ങളാണ് പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഞാൻ, എം കെ മുനീർ,പിടി തോമസ്, വി ഡി സതീശൻ എന്നിവർ എഴുതി നൽകിയത്. എന്നാൽ സർക്കാർ അനങ്ങിയില്ല. ഒരു അന്വേഷണത്തിന് നിർദ്ദേശം നൽകിയതുമില്ല. ഇരുപത് കോടിയുടെ ലൈഫ് പദ്ധതിക്ക് ഒമ്പത് കോടിയാണ് കമ്മീഷൻ. ലോകത്തെങ്ങും കേട്ടുകേൾവിയില്ലാത്ത സംഗതിയാണിത്. എമിറേറ്റ്‌സ് റെഡ് ക്രെസന്റും കേരള സർക്കാരുമായി ഒപ്പിട്ട എം ഒ യുവിന്റെ കോപ്പി പ്രതിപക്ഷ നേതാവെന്ന നിലയിൽ ഞാൻ ചോദിച്ചിട്ട് ഒന്നരമാസമായി. ഇതുവരെ സർക്കാർ തന്നിട്ടില്ല.

എം ഒ യുവിന്റെ കോപ്പിലഭ്യമാക്കാൻ ഇനിയും സർക്കാർ മടിക്കുകയാണെങ്കിൽ അത് വാങ്ങിച്ചെടുക്കാനുള്ള വഴികൾ പ്രതിപക്ഷത്തിനറിയാം. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന് ലൈഫ് അഴിമതിയുള്ള ബന്ധം അനിൽ അക്കര എം എൽ എ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇപ്പോൾ വിവരാവകാശ നിയമ പ്രകാരം രേഖകൾ നൽകുന്ന സമയം പരമാവധി വർധിപ്പിക്കണമെന്നാണ് ചീഫ് സെക്രട്ടറി സെക്രട്ടറിമാർക്ക് കൊടുത്തിരിക്കുന്ന നിർദ്ദേശം. കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്ത് നാല് ലക്ഷത്തി മുപ്പത്തി അയ്യായിരം വീടുകളാണ് സർക്കാർ പാവങ്ങൾക്ക് വച്ച് കൊടുത്തത്. അതിലൊന്നും മേനി നടിക്കാൻ അന്നത്തെ സർക്കാർ തയ്യാറായില്ലെന്നോർക്കണമെന്നുംരമേശ് ചെന്നിത്തല പറഞ്ഞു

സമരം ചെയ്യുന്ന യു ഡി എഫ് വിദ്യാർത്ഥി യുവജനസംഘടനാ പ്രവർത്തകർക്ക് നേരെ പൊലീസ് നരനായാട്ട്‌നടത്തുകയാണ്. അവരുടെ കയ്യും കാലും അടിച്ച് തകർക്കുകയാണ് പൊലീസ്. പക്ഷെ അതുകൊണ്ട് സമരരംഗത്ത് നിന്ന് തങ്ങളെ പിന്തരിപ്പിക്കാമെന്ന് കരുതേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സമരത്തിൽ പങ്കെടുക്കുന്ന പ്രവർത്തകരുടെ വീടുകളിൽ രാത്രികാലങ്ങളിൽ കയറി മാതാപിതാക്കളെ പോലും പൊലീസ് ഭീഷണിപ്പെടുത്തുകയാണ്. ഇതു കൊണ്ടൊന്നും ഈ സർക്കാരിനെതിരെയുള്ള ജനകീയ പ്രക്ഷോഭത്തെ ദുർബലപ്പെടുത്താനാകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ കെ പി സി സി പ്രസിഡന്റ് എം എം ഹസൻ, മുസ്‌ളീം ലീഗ് സംസ്ഥാന സെക്രട്ടറി ഹംസ, എം എൽ എ ടി പി ഇബ്രാഹിം, കേരളാ കോൺഗ്രസ് നേതാവ് ജോയ് എബ്രഹാം, യു ഡി എഫ് സെക്രട്ടറി ജോണി നെല്ലൂർ, കേരളാ കോൺഗ്രസ് (ജേക്കബ്) ചെയർമാൻ അനൂപ് ജേക്കബ്, ആർ എസ് പി നേതാവ് ബാബു ദിവാകരൻ, ഫോർവേർഡ് ബ്‌ളോക്ക് പ്രസിഡന്റ് റാം മോഹൻ, എം വിൻസന്റ് എം എൽ എ , സി എം പി നേതാവ് എം പി ഷാജു, ഡിസിസി പ്രസിഡന്റ് സനൽ നെയ്യാറ്റിൻകര, ബീമാപ്പള്ളി റഷീദ്,യു ഡി എഫ് ജില്ലാ ചെയർമാൻ സോളമൻ അലകസ് എന്നിവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP