Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

ചെറിയ രോഗ ലക്ഷണങ്ങളുള്ളവരെ പരിശോധിക്കുന്ന നടപടി നിർത്തിയത് അടിയന്തിരമായി പുനഃപരിശോധിക്കണം; സ്‌കൂളുകളിലെയും കോളേജുകളിലേയും സർവ്വകലാശാലകളിലേയും എല്ലാ പരീക്ഷകളും തത്ക്കാലത്തേക്ക് മാറ്റിവയ്ക്കണം; കൊറോണാ വ്യാപനം നിയന്ത്രിക്കുന്നതിന് പത്ത് നിർദ്ദേശങ്ങളുമായി രമേശ് ചെന്നിത്തല

ചെറിയ രോഗ ലക്ഷണങ്ങളുള്ളവരെ പരിശോധിക്കുന്ന നടപടി നിർത്തിയത് അടിയന്തിരമായി പുനഃപരിശോധിക്കണം; സ്‌കൂളുകളിലെയും കോളേജുകളിലേയും സർവ്വകലാശാലകളിലേയും എല്ലാ പരീക്ഷകളും തത്ക്കാലത്തേക്ക് മാറ്റിവയ്ക്കണം; കൊറോണാ വ്യാപനം നിയന്ത്രിക്കുന്നതിന് പത്ത് നിർദ്ദേശങ്ങളുമായി രമേശ് ചെന്നിത്തല

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണാ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന് പത്ത് നിർദ്ദേശങ്ങൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ കത്തിൽ മുന്നോട്ട് വച്ചു. ആരോഗ്യ രംഗത്തെ വിദഗ്ദ്ധരുമായി ചർച്ച നടത്തിയ ശേഷമാണ് നിർദ്ദേശങ്ങൾക്ക് രൂപം നൽകിയത്. നിലവിൽ സർക്കാർ ചെയ്തുവരുന്ന കൊറോണാ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ട മാറ്റങ്ങളും, അടിയന്തിരമായി സ്വീകരിക്കേണ്ട ചില പുതിയ മുൻകരുതലുമാണ് ഇവയിൽ പ്രധാനപ്പെട്ടവ.

കത്തിന്റെ പൂർണ്ണ രൂപം ഇതോടൊപ്പം.

പ്രിയ മുഖ്യമന്ത്രി,

കോവിഡ് -19 അഥവാ കൊറോണാ വൈറസ് പടർന്ന് പിടിക്കാതിരിക്കാനുള്ള നടപടികളുമായി നമ്മൾ മുന്നോട്ട് പോകുന്ന ഈ സമയത്ത് വിവിധ തലങ്ങളിലുള്ള നിരവധി ആരോഗ്യ വിദഗ്ധരുമായി എനിക്ക് ആശയ വിനിമയം നടത്താൻ കഴിഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി ക്രിയാത്മകമായ നിർദേശങ്ങളും, അഭിപ്രായങ്ങളും അവർ എന്നോട് പങ്കുവയ്കുകയുണ്ടായി. ആ ചർച്ചകൾക്ക് ശേഷം ഉരുത്തിരിഞ്ഞ ചില നിർദേശങ്ങൾ ഞാൻ താങ്കളുടെ മുന്നിൽ വയ്ക്കാൻ ആഗ്രഹിക്കുന്നു. നിലവിൽ സർക്കാർ ചെയ്തുവരുന്ന കൊറോണാ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ട മാറ്റങ്ങളും, അടിയന്തിരമായി സ്വീകരിക്കേണ്ട ചില പുതിയ മുൻകരുതലുമാണ് ഇതിൽ പ്രധാനപ്പെട്ടവ.

നമുക്കറിയാം നിപ്പായിൽ നിന്ന് തീർത്തും വ്യത്യസ്തമായ ഒരു രോഗമാണ് കോവിഡ് 19. അതു കൊണ്ട് തന്നെ ഈ രണ്ട് വൈറസുകളെയും പ്രതിരോധിക്കാനുള്ള തന്ത്രങ്ങളും തികച്ചും വ്യത്യസ്തമാണ്. ഇപ്പോൾ നമ്മൾ പ്രധാനമായും നടത്തുന്നത് കോൺടാക്റ്റ് ട്രെയിസിങ് മത്തേഡ് (സമ്പർക്കത്തിലുടെ കൊറോണ വൈറസ് ബാധിച്ചവരെയോ ബാധിക്കാൻ സാധ്യതയുള്ളവരെയോ കണ്ടെത്തുക) ആണ്. നമ്മുടെ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ള വ്യക്തികളുടെ എണ്ണം അധികമില്ലാത്ത ഈ സാഹചര്യത്തിൽ കോൺടാക്ട് ട്രെയ്സിങ് രീതിയുമായി മുന്നോട്ടുപോകുന്നതിൽ തെറ്റില്ല. പക്ഷേ അവരുടെ എണ്ണം വർദ്ധിക്കുകയാണെങ്കിൽ ഇത് പ്രായോഗികമാകണമെന്നില്ല. അപ്പോൾ മിറ്റിഗേഷൻ അഥവാ ലഘൂകരണ രീതിയിലൂന്നിയുള്ള പ്രവർത്തനമായിരിക്കും അഭികാമ്യം.

മിറ്റിഗേഷൻ അഥവാ ലഘൂകരണ രീതിയുമായി ബന്ധപ്പെട്ട് ചില നിർദേശങ്ങൾ ഞാൻ മുന്നോട്ട് വയ്ക്കുകയാണ്.

1. ചെറിയ രോഗ ലക്ഷണങ്ങളുള്ളവരെ പരിശോധിക്കുന്ന നടപടി നിർത്തിയത് അടിയന്തിരമായി പുനഃപരിശോധിക്കണം. 80% കോവിഡ് രോഗികൾക്കും ചെറിയ ലക്ഷണങ്ങൾ മാത്രമേ കാണൂ. 7000 ൽ അധികം പേരെ home quarantine ചെയ്തതിനു ശേഷം അവരുടെ ടെസ്റ്റുകൾ നിർത്തിയിട്ട് പുതിയ കേസുകൾ ഇല്ലെന്ന് പറയുന്നത് വസ്തുതാപരമായി തെറ്റാണെന്ന് മാത്രമല്ല, അത്യന്തം അപകടകരവുമാണ്.

2. സ്‌കൂളുകളിലേയും സർവ്വകലാശാലകളിലേയും പരീക്ഷകൾ മാറ്റിവയ്‌പ്പിക്കണമെന്ന് നിരവധി രക്ഷിതാക്കളും അദ്ധ്യാപകരും എന്നോട് നിരന്തരം അഭ്യർത്ഥിക്കുകയാണ്. ഇപ്പോഴത്തെ അന്തരീക്ഷത്തിൽ പരീക്ഷ നടത്തുന്നത് കുട്ടികളെയും രക്ഷിതാക്കളെയും വല്ലാത്ത മാനസിക സമ്മർദ്ദത്തിലാക്കും. അങ്ങനെ മാനസിക സമ്മർദ്ദത്തിനടിമപ്പെട്ട് പരീക്ഷ എഴുതുന്നത് നല്ലതല്ല. അതിനാൽ സ്‌കൂളുകളിലെയും കോളേജുകളിലേയും സർവ്വകലാശാലകളിലേയും എല്ലാ പരീക്ഷകളും തത്ക്കാലത്തേക്ക് മാറ്റിവയ്ക്കണം.

3. മിറ്റിഗേഷൻ അഥവാ ലഘൂകരണ രീതിയിൽ ഏറ്റവും സുപ്രധാനമാണ് ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്നത്. ഇതിനായി സംസ്ഥാനത്തെ ഓരോ ജില്ലയിലും ഇപ്പോൾ ലഭ്യമായ മൊത്തം ആശുപത്രി കിടക്കകൾ, ഐ സി യുകൾ, ഡോക്ടർമാർ, നഴ്‌സുമാർ , പാരാമെഡിക്കൽ സ്റ്റാഫുകൾ എന്നിവരുടെ എണ്ണം എടുക്കണം. ഈ രേഖകൾ പൊതുജനങ്ങൾക്കായി പ്രസിദ്ധപ്പെടുത്താൻ സർക്കാർ തയ്യാറാകണം. കേരളത്തിൽ സർക്കാർ മേഖലയെപോലെതന്നെയോ ചിലപ്പോൾ അതിനെക്കാൾ മികച്ച രീതിയിലോ ആരോഗ്യമേഖലയിൽ സംഭാവനകൾ നൽകുന്നത് സ്വകാര്യമേഖലയാണ്. അവരെക്കൂടി മിറ്റിഗേഷൻ അഥവാ ലഘൂകരണ രീതിയിൽ പങ്കാളികളാക്കണം.


4. ആശുപത്രികളിൽ ഇവർക്ക് വേണ്ട സുരക്ഷാ ഉപകരണങ്ങളായ മാസ്‌കുകൾ, ഗൗണുകൾ, ഏപ്രണുകൾ എന്നിവ ഉറപ്പുവരുത്തണം.
കൊറോണ പോലുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങൾ പ്രതിരോധിക്കുന്നതിന് മർമ്മ പ്രധാനമാണ് വെന്റിലേറ്ററുകൾ. എല്ലാ ആശുപത്രിയിലും വെന്റിലേറ്റർ സൗകര്യം ഉറപ്പു വരുത്താൻ സർക്കാർ തയ്യാറാകണം.സംസ്ഥാനത്തെ ഡോക്ടർമാർ, നഴ്‌സുമാർ , പാരാമെഡിക്കൽ സ്റ്റാഫുകൾ എന്നിവർക്ക് കോറോണയെ നേരിടാനുള്ള ട്രെയിനിങ് ലഭ്യമാക്കണം. ഇവർക്ക് അസുഖം പിടിപെടാതെ നോക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇവർക്ക് അസുഖം ബാധിച്ചാൽ അതുകൊറോണ പ്രതിരോധ പ്രവർത്തങ്ങൾക്കു വലിയ ആഘാതം സൃഷ്ടിക്കും. എത്ര കണ്ട് സുരക്ഷാ സംവിധാനങ്ങൾ ഇവർക്ക് സർക്കാർ ആശുപത്രികളിൽ ഉണ്ട് എന്നകാര്യത്തിൽ ഇപ്പോൾ സംശയമുണ്ട്.

5. സർക്കാർ ആശുപത്രികൾ കൂടാതെ എൻ എ ബി എച്ച് അംഗീകാരമുള്ള മറ്റു സ്വകാര്യ ആശുപത്രികളുടെയും, അവിടുത്തെ ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ സ്റ്റാഫുകൾ എന്നിവരുടെയും സേവനം ലഭ്യമാക്കാൻ നടപടി സ്വീകരിക്കേണ്ടതാണ്.

6. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നിർദ്ദേശിക്കുന്നത് പോലെ ജനങ്ങൾ പരിഭ്രാന്തരാകുന്ന രീതിയിലുള്ള വിവരങ്ങൾ പുറത്ത് വിടാതിരിക്കുക.

7. മറ്റൊരു സുപ്രധാനമായ കാര്യമാണ് ഹോസ്പിറ്റലുകളിലെ തിരക്ക് നിയന്ത്രിക്കുക എന്നത്. ഇതിനായി ആശുപത്രികളിൽ സന്ദർശകർക്കും, മെഡിക്കൽ റെപ്രസെന്ററിവുകൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തണം.

8. കൊറോണാബാധിത രാജ്യങ്ങളിൽ നിന്ന് നമ്മുടെ വിമാനത്താവളങ്ങളിൽ വന്നിറങ്ങുന്ന യാത്രക്കാരിൽ നിന്ന് സെൽഫ് ഡിക്ളറേഷൻ അഥവാ സ്വയം പ്രഖ്യാപിത പത്രം എഴുതിവാങ്ങുന്നതിന് പകരം അവരുടെ പാസ്‌പോർട്ട് വിവരങ്ങൾ ശേഖരിച്ച് ട്രാവൽ ഹിസ്റ്ററി മനസിലാക്കി ആവശ്യമുള്ളവരെ വീട്ടിലോ ആശുപത്രിയിലോ ക്വാറന്റൈൻ ചെയ്യാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തണം. ഇത് കുറ്റമറ്റ രീതിയിൽ ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തുകയും വേണം.

9 അന്താരാഷ്ട്ര നാണയ നിധി ( ഐ എം എഫ്) തന്നെ ഇന്ത്യയടക്കമുള്ള കൊറോണാ ബാധിത രാജ്യങ്ങളുടെ സാമ്പത്തിക മാന്ദ്യം ജന ജീവിതത്തിന്റെ താളം തെറ്റിച്ചിരിക്കുകയാണെന്ന് സൂചിപ്പിച്ചിട്ടുണ്ട്. കേരളത്തിലും ഈ സ്ഥിതി വിശേഷം സംജാതമായിട്ടുണ്ട്. കൊറോണാ ഭീതി മൂലം പല വ്യാപാരസ്ഥാപനങ്ങളും, ഷോപ്പിങ് മാളുകളും, കച്ചവട കേന്ദ്രങ്ങളും പൂട്ടുകയോ പൂട്ടലിന്റെ വക്കത്തെത്തുകയോ ചെയ്തിരിക്കുകയാണ്. എല്ലാ നിലയിലും സാമ്പത്തിക മാന്ദ്യമാണ് ഇത് മൂലം ഉണ്ടായിരിക്കുന്നത്. ഇത് മുൻ നിർത്തി കേരള സർക്കാർ ഒരു സാമ്പത്തിക സമാശ്വാസ പാക്കേജ് പ്രഖ്യാപിക്കേണ്ടതാണ്. കേന്ദ്ര സർക്കാർ ഇന്ധന വില വർധിപ്പിച്ചതിൽ നിന്നുള്ള അധിക നികുതി സംസ്ഥാന സർക്കാർ വേണ്ടെന്ന് വയ്ക്കണം. നിലവിൽ ചെറുകിട കച്ചവടക്കാരുൾപ്പെടയുള്ളവർ എടുത്തിരിക്കുന്ന വായ്പകൾക്ക് സർക്കാർ ഇടപെട്ട് മൊറൊട്ടോറിയം പ്രഖ്യാപിക്കേണ്ടതാണ്.

10 ശാസ്ത്രീയമായതും, തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതുമായ ചികിത്സാ സമ്പ്രദായങ്ങളെ മാത്രമേ ഈ അവസരത്തിൽ സർക്കാർ പ്രോൽസാഹിപ്പിക്കാവൂ. വിദഗ്ധരായ ഡോക്ടർമാരുടെ നിർദേശങ്ങൾ അനുസരിച്ച് മാത്രമേ ജനങ്ങൾ ചികത്സ തേടാവൂ എന്നും ജനങ്ങളെ ബോധവൽക്കരിക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP