Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202122Friday

അന്നത്തെ പ്രതിപക്ഷ എംഎൽഎമാർ അഴിഞ്ഞാടിയത് കേരള നിയമസഭാ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടാണ്; കയ്യാങ്കളി കേസ് പിൻവലിക്കണമെന്ന സുപ്രീംകോടതിയിലെ സർക്കാർ ആവശ്യത്തിന് എതിരെ ഹർജി നൽകി ചെന്നിത്തല

അന്നത്തെ പ്രതിപക്ഷ എംഎൽഎമാർ അഴിഞ്ഞാടിയത് കേരള നിയമസഭാ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടാണ്; കയ്യാങ്കളി കേസ് പിൻവലിക്കണമെന്ന സുപ്രീംകോടതിയിലെ സർക്കാർ ആവശ്യത്തിന് എതിരെ ഹർജി നൽകി ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സുപ്രീംകോടതിയിൽ തടസവാദ ഹർജി നൽകി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലും കേരള ഹൈക്കോടതിയിലും നടത്തിയ നിയമപോരാട്ടത്തിന്റെ തുടർച്ചയായിട്ടാണ് സുപ്രീംകോടതിയിലും അപേക്ഷ നൽകിയിരിക്കുന്നത്.

കേസിൽ അടിയന്തര വിചാരണ ആരംഭിക്കണമെന്നും മറിച്ച് കേസ് പിൻവലിക്കണമെന്ന ആവശ്യവുമായി സർക്കാർ മുന്നോട്ട് പോകുകയാണെങ്കിൽ നിയമപരമായി പ്രതിരോധിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. കേസ് പിൻവലിക്കാൻ ഹർജി കൊടുക്കാൻ അധികാരപ്പെട്ട പബ്ലിക് പ്രോസിക്യൂട്ടർ തന്നെ ഹർജി തള്ളിയ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ വിസമ്മതിച്ച സാഹചര്യത്തിൽ ഹൈക്കോടതി വിധി ചോദ്യം ചെയ്തു സുപ്രീം കോടതിയെ സമീപിക്കാൻ സർക്കാരിന് അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിയമസഭാ സാമാജികർ ഉൾപ്പെടുന്ന ക്രിമിനൽ കുറ്റങ്ങളിലെ നിയമനടപടികൾക്ക് സ്പീക്കറുടെ അനുമതി വേണം എന്ന വാദത്തെയും ചെന്നിത്തല തള്ളി. അത്തരമൊരു നിബന്ധന ഉണ്ടാവുകയാണെങ്കിൽ സ്പീക്കർ അംഗീകാരം കൊടുക്കാത്ത കാലത്തോളം ഏതു ഹീനകൃത്യം ചെയ്യുന്ന എംഎൽഎമാരെയും അറസ്റ്റ് ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് ഉണ്ടാകാൻ പോകുന്നതെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

പ്രസ്താവനയുടെ പൂർണ്ണരൂപം:

ലോകത്തിനു മുന്നിൽ കേരളത്തിന് തീരാക്കളങ്കമുണ്ടാക്കിയ നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ നീക്കത്തിനു തടയിടുന്നതിനായി സുപ്രീംകോടതിയിൽ തടസവാദ ഹർജി ഫയൽ ചെയ്തു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലും കേരള ഹൈക്കോടതിയിലും നടത്തിയ നിയമപോരാട്ടത്തിന്റെ തുടർച്ചയായിട്ടാണ് സുപ്രീംകോടതിയിലും അപേക്ഷ നൽകിയിരിക്കുന്നത്.
ധനകാര്യ മന്ത്രി കെ.എം മാണി സാർ അവതരിപ്പിച്ച 2015 ലെ ബജറ്റ് തടസപ്പെടുത്താനായി അന്നത്തെ പ്രതിപക്ഷ എംഎൽഎമാർ അഴിഞ്ഞാടിയത് കേരള നിയമസഭാ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടാണ്. നിലവിലെ മന്ത്രി വി ശിവൻകുട്ടി, കെ ടി ജലീൽ എംഎൽഎ ഉൾപ്പെടെ അന്നത്തെ ആറു എംഎൽഎമാർക്കെതിരെയാണ് പൊതുമുതൽ നശിപ്പിച്ചതിനു കുറ്റപത്രം സമർപ്പിച്ചത്.

നിയമനിർമ്മാണത്തിന് ഉത്തരവാദിത്വമുള്ള സാമാജികർ നിയമലംഘകരായി മാറുന്ന കാഴ്ചയ്ക്കാണ് 2015 മാർച്ച് 13 ന് നിയമസഭ സാക്ഷ്യം വഹിച്ചത്. സ്പീക്കറുടെ പോഡിയം, കമ്പ്യുട്ടർ, മൈക്ക്, ഫർണീച്ചർ എന്നിവയടക്കം തല്ലിത്തകർത്തു. 2.20 ലക്ഷം രൂപയുടെ പൊതുമുതലാണ് നശിപ്പിച്ചത്. പ്രസംഗത്തിനോ വോട്ടിങ്ങിനോ സാമാജികർക്ക് നിയമ സഭയിൽ ലഭിക്കുന്ന നിയമപരിരക്ഷ ക്രിമിനൽ പ്രവർത്തനം നടത്തിയാൽ ലഭിക്കില്ലെന്ന് സുപ്രീംകോടതി നേരത്തേ വിധിച്ചിട്ടുണ്ട്.

എംഎൽഎമാർ പൊതുമുതൽ തല്ലിത്തകർക്കുന്ന വീഡിയോ ദൃശ്യങ്ങൾ അടക്കം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കേസ് പിൻവലിക്കണം എന്ന ആവശ്യം കീഴ്ക്കോടതിയും ഹൈക്കോടതിയും തള്ളിക്കളഞ്ഞതാണ്. വിചാരണ കൂടാതെ കേസ് പിൻവലിച്ചു പ്രതികളെ കുറ്റവിമുക്തരാക്കാനുള്ള സർക്കാർ നടപടിക്കെതിരെയാണ് നീങ്ങുന്നത്. പാർലമെന്ററി ചരിത്രത്തിൽ ഇത്രയേറെ കളങ്കമുണ്ടാക്കിയ കേസിൽ നിയമ സഭയുടെ പരിരക്ഷ വേണം എന്ന വാദം അംഗീകരിച്ചാൽ നാട് ഗുരുതര പ്രത്യാഘാതമാണ് നേരിടേണ്ടി വരിക. നിയമ സഭയിൽ അംഗങ്ങൾ തുറന്ന പോരാടിക്കുകയും വെട്ടിനുറുക്കുകയും ചെയ്താൽ ഈ പരിരക്ഷ നൽകാൻ കഴിയുമോ?

നിയമസഭാ സാമാജികർ ഉൾപ്പെടുന്ന ക്രിമിനൽ കുറ്റങ്ങളിൽ നിയമനടപടികൾക്ക് സ്പീക്കറുടെ അനുമതി വേണം എന്ന വാദവും അപകടകരമാണ്. അങ്ങനെ സംഭവിച്ചാൽ സ്പീക്കർ അംഗീകാരം കൊടുക്കാത്തടുത്തോളം കാലം ഏതു ഹീനകൃത്യത്തിൽ ഉൾപ്പെട്ട എംഎ‍ൽഎ മാരേയും അറസ്റ്റ് ചെയ്യാൻ വയ്യാത്ത വിശേഷമല്ലേ സൃഷ്ടിക്കുക? കേസ് പിൻവലിക്കാൻ ഹർജി കൊടുക്കാൻ അധികാരപ്പെട്ട പബ്ലിക് പ്രോസിക്യൂട്ടർ, ഹർജി തള്ളിയ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ വിസമ്മതിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഹൈക്കോടതി വിധി ചോദ്യം ചെയ്തു സുപ്രീം കോടതിയെ സമീപിക്കാൻ സർക്കാരിന് എന്താണ് അധികാരം? ഈ കേസിൽ വിചാരണയാണ് അടിയന്തരമായി ആരംഭിക്കേണ്ടത്. മറിച്ചു കേസ് പിൻവലിക്കണം എന്ന ആവശ്യവുമായി സർക്കാർ മുന്നോട്ട് പോകുകയാണെങ്കിൽ നിയമപരമായി പ്രതിരോധിക്കാൻ ഞാൻ എന്നും മുന്നിലുണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP