Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ക്ഷേത്രമോഷണത്തിന് ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റിനെതിരെ കുറ്റപത്രം; കേസിന് പിന്നിൽ ഗൂഡാലോചനയെന്ന് ടിആർ അജിത് കുമാർ

ക്ഷേത്രമോഷണത്തിന് ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റിനെതിരെ കുറ്റപത്രം; കേസിന് പിന്നിൽ ഗൂഡാലോചനയെന്ന് ടിആർ അജിത് കുമാർ

അടൂർ: പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രത്തിലെ ലക്ഷങ്ങൾ വിലവരുന്ന ചെമ്പ് മോഷണം പോയ കേസിൽ ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റടക്കം നാല് പേർക്കെതിരെ പൊലീസ് കോടതിയിൽ കുറ്റപത്രം നൽകി. നാലമ്പലത്തിന്റെ അറ്റകുറ്റപണിയുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ നിന്നും വാങ്ങിയ 9626 കിലോ ചെമ്പിൽനിന്ന് 3376 കിലോ കാണാതായതുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ കള്ളക്കേസാണിതെന്നാണ് ബിജെപി. ജില്ലാ പ്രസിഡന്റ് ടി.ആർ. അജിത് കുമാർ പറഞ്ഞു.

അജിത്കുമാർ, മലമേക്കര വീരാണിക്കൽ വീട്ടിൽ മുകേഷ് ഗോപിനാഥ്, മേലൂട് ആലിന്റെതെക്കേതിൽ എ വി അനു, കരുവാറ്റ തുളസി വിളാകം വീട്ടിൽ മാധവനുണ്ണിത്താൻ എന്നിവരാണ് പ്രതികൾ. ഇവരിൽ അജിത്കുമാർ ക്ഷേത്രം ഭരണസമിതി പ്രസിഡന്റും മുകേഷ് ഗോപിനാഥ് മുൻ സെക്രട്ടറിയും എ വി അനു ഭരണസമിതി സെക്രട്ടറിയും മാധവനുണ്ണിത്താൻ ഖജാൻജിയുമാണ്.

പ്രതികൾ ഒളിവിലാണെന്ന് കാട്ടിയാണ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന അടൂർ സി.ഐ ടി. മനോജ് അടൂർ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ തിങ്കളാഴ്ച കുറ്റപത്രം സമർപ്പിച്ചത്. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. 2013 ഓഗസ്റ്റ് 19 ന് പത്തനംതിട്ട എസ്‌പിക്ക് ഭക്തർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.

200910ൽ ആണ് തിരുപ്പതിയിൽനിന്ന് അജിത്കുമാർ പ്രസിഡന്റായ ക്ഷേത്ര ഭരണസമിതി ചെമ്പ് വാങ്ങിയത്. 2011-12ൽ നാലമ്പലത്തിന്റെ അറ്റകുറ്റപണി പൂർത്തികരിച്ചു. 2012-13ൽ ആണ് അറ്റകുറ്റപണി കഴിഞ്ഞ് അധികം വന്ന 3376 കിലോ ചെമ്പ് കാണാതാകുന്നത്. 2013-14ൽ നിലവിൽ വന്ന പുതിയ ഭരണസമിതിയാണ് ചെമ്പ് കാണാതായ വിവരം ക്ഷേത്രവിശ്വാസികളെ അറിയിച്ചത്. തുടർന്നാണ് ഒരു വിഭാഗം പരാതിയുമായി പൊലീസിനെ സമീപിച്ചത്. ക്ഷേത്ര പൊതുയോഗത്തിൽ അവതരിപ്പിച്ച കണക്കിൽ 6500 കിലോ ചെമ്പ് നിർമ്മാണത്തിന് ചെലവായതായി കാണിച്ചിരുന്നു. ഒപ്പം നിർമ്മാണത്തിലെ കൂലിക്ക് പകരം 1329 കിലോ ചെമ്പ് നൽകിയതായും കണക്കിൽ പറയുന്നു. ഇത് ക്ഷേത്ര ബൈലോയ്ക്ക് വിരുദ്ധമാണെന്നാണ് പരാതി.അന്വേഷണത്തിൽ നാലമ്പലത്തിൽ പാകിയ ചെമ്പ് 6250 കിലോ മാത്രമാണെന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തു.

എന്നാൽ ക്ഷേത്രത്തിൽനിന്ന് ഒരുകിലോ ചെമ്പ് പോലും മോഷണം പോയിട്ടില്ലെന്ന് ടി.ആർ. അജിത്കുമാർ പറഞ്ഞു. മോഷണം നടന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ചെമ്പിന്റെ അളവ് തിട്ടപ്പെടുത്തിയിട്ടാവണം മോഷണം സ്ഥിരീകരിക്കാൻ. അളവെടുക്കാതെ കേസെടുക്കരുതെന്ന് ക്ഷേത്ര ഭരണസമിതി ആവശ്യപ്പെട്ടിട്ടും പൊലീസ് അതിന് തയാറായില്ലെന്നും അജിത് കുമാർ പറഞ്ഞു.

ഭരണസമിതി അളവെടുക്കുകയും മോഷണ ആരോപണം വ്യാജമാണെന്ന് പൊതുയോഗത്തെ ബോധ്യപ്പെടുത്തിയിട്ടുള്ളതുമാണ്. ക്ഷേത്രവുമായി ബന്ധമുള്ള ആരുമല്ല പരാതിക്കാർ. ക്ഷേത്രം പണിതീർന്നിട്ട് ഒരുവർഷത്തിലേറെയായി. ഇപ്പോഴാണ് മോഷണ ആരോപണവും കേസും ഒക്കെ വരുന്നതെന്നും അതിന്റെ പിന്നിൽ ചിലരുടെ ഗൂഢലക്ഷ്യമാണെന്നും അജിത്കുമാർ പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP