Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

തളർന്നുവീണ ഭക്തയ്ക്കുവേണ്ടി പൊങ്കാലയിട്ടത് കാക്കിയിട്ട ജമീല; നിറഞ്ഞ മനസ്സോടെ പുഷ്പയും; നേദ്യത്തിൽ ചക്കുളത്തമ്മയുടെ തീർത്ഥവും തളിച്ച് ചടങ്ങുകൾ പൂർത്തിയാക്കിയതും ഈ വനിതാ പൊലീസ് ഉദ്യോ​ഗസ്ഥ

തളർന്നുവീണ ഭക്തയ്ക്കുവേണ്ടി പൊങ്കാലയിട്ടത് കാക്കിയിട്ട ജമീല; നിറഞ്ഞ മനസ്സോടെ പുഷ്പയും; നേദ്യത്തിൽ ചക്കുളത്തമ്മയുടെ തീർത്ഥവും തളിച്ച് ചടങ്ങുകൾ പൂർത്തിയാക്കിയതും ഈ വനിതാ പൊലീസ് ഉദ്യോ​ഗസ്ഥ

മറുനാടൻ മലയാളി ബ്യൂറോ

ചക്കുളത്തുകാവ്: വൃശ്ചിക മാസത്തിലെ തൃക്കാർത്തിക ദിവസം ചക്കുളത്തമ്മയ്ക്ക് ഏറെ പ്രധാനപ്പെട്ടതാണ്. അന്നപൂർണേശ്വരിയായ ദേവിക്കു മുന്നിൽ ഇഷ്ടകാര്യസിദ്ദിഖായി സ്ത്രീകൾ നടത്തുന്ന വഴിപാടാണ് പൊങ്കാല. എല്ലാ കൊല്ലവും ചക്കുളത്ത് കാവിൽ നിന്നും പൊങ്കാലയിട്ട് മടങ്ങുന്നത് പതിനായിരങ്ങളാണ്. ഇത്തവണ പൊങ്കാലയിടുമ്പോൾ തളർന്ന് വീണ ഭക്തയ്ക്ക് വേണ്ടി പൊങ്കാലയിട്ട് എസ് ജമീലയെന്ന പൊലീസ് ഉദ്യോ​ഗസ്ഥയാണ് ഇപ്പോൾ ഏറെ ശ്രദ്ധയാകർഷിക്കുന്നത്. ചടങ്ങുകൾ തുടങ്ങി അരമണിക്കൂർ പിന്നിട്ടപ്പോഴാണ് ഡൽഹിയിൽനിന്നെത്തിയ പുഷ്പ തളർന്നുവീണത്. പുഷ്പയ്ക്കരികിലേക്ക് വെള്ളവുമായെത്തിയ ജമീല അവർക്കാദ്യം പ്രഥമശുശ്രൂഷ നൽകി. പൊങ്കാലയിടാനാവാതെ വിഷമിച്ച പുഷ്പയോട് താൻ സഹായിക്കട്ടെ എന്ന് ജമീല ചോദിക്കുകയായിരുന്നു. നിറഞ്ഞ മനസ്സോടെയാണ് പുഷ്പ അവർ സമ്മതം നൽകിയത്.

ഷൂസ് ഊരിമാറ്റിയ ശേഷം യൂണിഫോമിലാണ് ജമീല പൊങ്കാലയിട്ടത്. നേദ്യത്തിൽ ചക്കുളത്തമ്മയുടെ തീർത്ഥവും തളിച്ച് ചടങ്ങുകൾ പൂർത്തിയാക്കുകയും ചെയ്തു. ജമീലയ്ക്കൊപ്പം മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനായ രാജ്കുമാറും പുഷ്പയെ സഹായിക്കാനുണ്ടായരുന്നു. എല്ലാം ദൈവത്തിന്റെ അനുഗ്രഹം എന്ന് ജമീല പറഞ്ഞു. പത്തനംതിട്ട കോന്നി സ്വദേശിനിയായ പുഷ്പ ഭർത്താവ് അനിലിനും മകൻ ഷാനുവിനുമൊപ്പം ഡൽഹിയിലാണ് താമസം. ആലപ്പുഴ വനിതാ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറാണ് ജമീല. നർക്കോട്ടിക് വിഭാഗം സിവിൽ പൊലീസ് ഓഫീസറാണ് രാജ്കുമാർ. മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

അന്നപൂർണേശ്വരിയായ ദേവിക്കു മുന്നിൽ ഇഷ്ടകാര്യസിദ്ദിഖായി സ്ത്രീകൾ നടത്തുന്ന വഴിപാടാണ് പൊങ്കാല. കാർത്തിക സ്തംഭം ചടങ്ങും ഇതേ ദിവസം നടക്കും. മുഖ്യ പ്രതിഷ്ഠയായ ആദിപരാശക്തി വനദുർഗ്ഗാ സങ്കൽപത്തിൽ കിഴക്കോട്ട് ദർശനമായാണ് ഇവിടെയുള്ളത്. മദ്ധ്യ തിരുവിതാംകൂറിലെ സ്ത്രീകളുടെ ശബരിമലയാണ് ചക്കുളത്ത് കാവ്.

ഐതീഹ്യം...

കാട്ടിൽ വിറക് വെട്ടാൻ പോയ ഒരു വേടൻ തന്നെ കൊത്താൻ വന്ന സർപ്പത്തെ വെട്ടി. പക്ഷേ, അതു ചത്തില്ല. പിന്നീട് ഇതേ സർപ്പത്തെ ഒരു കുളക്കരയിലെ പുറ്റിന് മുകളിൽ കണ്ടപ്പോൾ വേടൻ വീണ്ടും അതിനെ ആക്രമിച്ചു. പക്ഷേ, ഇത്തവണ പുറ്റ് പൊട്ടി ജലപ്രവാഹമുണ്ടായി . അമ്പരന്നുനിന്ന വേടന് മുന്നിൽ ഒരു സന്യാസി പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തെ ആശ്വസിപ്പിച്ചു. ഇതേ സമയം വേടന്റെ കുടുംബവും അവിടെയെത്തിയിരുന്നു. വെള്ളത്തിന് പാലും തേനും കലർന്ന നിറം വരുമ്പോൾ ജലപ്രവാഹം അവസാനിക്കുമെന്ന് സന്യാസി അവരോട് പറഞ്ഞു. പുറ്റിനകത്ത് ആദിപരാശക്തി ജലശയനം നടത്തിയ വെള്ളമാണിതെന്നും പുറ്റ് പൊളിച്ച് നോക്കിയാൽ ഒരു വിഗ്രഹം കാണാമെന്നും അദ്ദേഹം അവരോട് പറഞ്ഞു. അതിനെ വനദുർഗ്ഗയായി സങ്കല്പിച്ച് ആരാധിച്ചാൽ സർവ്വ ഐശ്വര്യവും ഉണ്ടാകുമെന്ന് പറഞ്ഞ് പുറ്റ് ഉടച്ച് സന്യാസി വിഗ്രഹം പുറത്തെടുത്തു. അതോടെ അദ്ദേഹം അപ്രത്യക്ഷനുമായി.

അന്ന് രാത്രിയിൽ സന്യാസിയായി പ്രത്യക്ഷപ്പെട്ടത് സാക്ഷാൽ നാരദമുനിയാണെന്നും വേടന് സ്വപ്നദർശനം ഉണ്ടായി. ആ വിഗ്രഹമാണ് ചക്കുളത്തുകാവിൽ കുടി കൊള്ളുന്നതെന്നാണ് ഐതിഹ്യം. അന്നുമുതൽ വേടനും കുടുംബവും ആ വനത്തിൽ തന്നെ താമസം തുടങ്ങി. എല്ലാ ദിവസവും കാട്ടിൽപ്പോയി വിറകും ഭക്ഷണങ്ങളും ശേഖരിച്ച് മൺകലത്തിൽ പാചകം ചെയ്താണ് അവർ കഴിഞ്ഞു പോന്നത്. ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ ഒരു പങ്ക് ദുർഗ്ഗാദേവിക്ക് നൽകിയ ശേഷമാണ് അവർ കഴിച്ചിരുന്നത്. ഒരു ദിവസം അവർക്ക് ഭക്ഷണ സാധനങ്ങൾ ശേഖരിച്ച് സമയത്തിനെത്താനായില്ല. അന്ന് ഭഗവതിക്ക് ഭക്ഷണം നൽകാനായില്ലെന്ന വിഷമത്തിലായിരുന്നു അവർ. എന്നാൽ പാചകത്തിനായി മരച്ചുവട്ടിൽ ചെന്നപ്പോൾ കലം നിറയെ ചോറും കറികളും കായ്കനികളും ഇരിക്കുന്ന കാഴ്ചയാണ് വേടനും കുടുംബവും കണ്ടത്. ആഹാര സാധനങ്ങൾ അവിടെയെത്തിയത് ദേവീകൃപ കൊണ്ടാണെന്ന് മനസ്സിലാക്കിയ അവർ ഭക്തികൊണ്ട് ഉച്ചത്തിൽ ദേവീമന്ത്രങ്ങൾ ഉരുവിട്ടു.

കടപ്പാട് : മാതൃഭൂമി 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP