Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആറന്മുള വിമാനത്താവളത്തിന് കേന്ദ്രത്തിന്റെ പച്ചക്കൊടി; കെജിഎസ് ഗ്രൂപ്പിന് പരിസ്ഥിതി ആഘാത പഠനവുമായി മുന്നോട്ടുപോകാമെന്ന് വിദഗ്ധ സമിതിയുടെ നിർദ്ദേശം; സമരം നയിച്ച സംഘപരിവാറിന് തിരിച്ചടി; ആഹ്ലാദം മറച്ചുവയ്ക്കാതെ കോൺഗ്രസ്; മിണ്ടാട്ടമില്ലാതെ സുധീരൻ; പ്രതിഷേധമുയർത്താൻ സിപിഐ(എം)

ആറന്മുള വിമാനത്താവളത്തിന് കേന്ദ്രത്തിന്റെ പച്ചക്കൊടി; കെജിഎസ് ഗ്രൂപ്പിന് പരിസ്ഥിതി ആഘാത പഠനവുമായി മുന്നോട്ടുപോകാമെന്ന് വിദഗ്ധ സമിതിയുടെ നിർദ്ദേശം; സമരം നയിച്ച സംഘപരിവാറിന് തിരിച്ചടി; ആഹ്ലാദം മറച്ചുവയ്ക്കാതെ കോൺഗ്രസ്; മിണ്ടാട്ടമില്ലാതെ സുധീരൻ; പ്രതിഷേധമുയർത്താൻ സിപിഐ(എം)

ന്യൂഡൽഹി: ആറന്മുള വിമാനത്താവളത്തിന് കേന്ദ്രത്തിന്റെ അനുമതി. കെജിഎസ് ഗ്രൂപ്പിന് പരിസ്ഥിതി ആഘാത പഠനവുമായി മുന്നോട്ടുപോകാമെന്ന് വിദഗ്ധ സമിതിയുടെ നിർദ്ദേശം. കെജിഎസിന്റെ അപേക്ഷയിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയിത്തിന്റെ വിദഗ്ദ്ധ സമിതിയാണ് വിമാനത്താവളത്തിന്റെ പരിസ്ഥിതി പഠനത്തിന് അനുമതി നൽകിയത്. ഈ തീരുമാനം സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിന് കനത്ത തിരിച്ചടിയാണ്.

വിമാനത്താവള പദ്ധതിക്കെതിരെ ആദ്യം മുതൽ എതിർപ്പുമായി രംഗത്തെത്തിയത് കേരളത്തിലെ സംഘപരിവാർ നേതൃത്വമായിരുന്നു. വിമാനത്താവളത്തിന് നേരത്തെ അനുമതി നൽകിയിരുന്നെങ്കിലും ആറന്മുള പൈതൃക ഗ്രാമ സംരക്ഷണ സമിതി നൽകിയ ഹർജിയെ തുടർന്ന് കഴിഞ്ഞ വർഷം മേയിൽ ദേശീയ ഹരിത ട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ച് പരിസ്ഥിതി അനുമതി റദ്ദാക്കിയിരുന്നു. തുടർന്ന് മാർച്ച് 13ന് കെ.ജി.എസ് ഗ്രൂപ്പ് വീണ്ടും കേന്ദ്ര സർക്കാരിന് അപേക്ഷ നൽകി. ഈ അപേക്ഷയിലാണ് മന്ത്രാലയത്തിന്റെ വിദഗ്ദ്ധ സമിതി അനുകൂല തീരുമാനം കൈക്കൊണ്ടത്. ആറന്മുള പൈതൃക സമിതിയുടെ തലപ്പത്ത് ആർഎസ്എസ് നേതാവ് കുമ്മനം രാജശേഖരനായിരുന്നു. അതുകൊണ്ട് കൂടിയാണ് പുതിയ തീരുമാനം ആർഎസ്എസിനേയും ബിജെപിയേയും വെട്ടിലാക്കുന്നത്.

ആറന്മുള വിമാനത്താവള പദ്ധതി പൂർണ്ണമായും ഉപേക്ഷിച്ചില്ലെങ്കിൽ ബിജെപി സർക്കാരിനെതിരെ മൂന്നാംഘട്ട സമരം ആരംഭിക്കുമെന്ന് വിമാനത്താവള വിരുദ്ധ ഏകോപന സമിതി നേതാവ് കുമ്മനം രാജശേഖരൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പദ്ധതി ഉപേക്ഷിക്കാമെന്ന് വാക്കാൽ പറഞ്ഞാൽ പോര, രേഖാമൂലം ഉത്തരവ് ഇറക്കണം. അല്ലാത്ത പക്ഷം ദൂരവ്യാപമായ പ്രത്യാഘാതം കേന്ദ്രസർക്കാരിന് ഉണ്ടാകുമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞിരുന്നു. സാമ്പത്തിക സർവ്വേയിൽ അടക്കം ബിജെപി സർക്കാർ ആറന്മുള വിമാനത്തവള പദ്ധതിക്ക് അനുകൂലമായി നിലപാടുകൾ സ്വീകരിച്ചതോടെ സമരസമിതിയിലെ ബിജെപി അംഗങ്ങൾ വെട്ടിലായിരുന്നു. ഇതിന് പിന്നാലെ പദ്ധതിക്കായി പുതിയ അപേക്ഷ കെജിഎസ് സമർപ്പിക്കുകയും ചെയ്തതോടെ വിമാനത്താവളം യാഥാർത്യമാകാനുള്ള സാഹചര്യം തെളിഞ്ഞു. ഇതെ തുടർന്നാണ് പ്രശ്‌നം കേന്ദ്രസർക്കാരിനെ നേരിട്ട് ധരിപ്പാക്കാൻ കഴിഞ്ഞ ദിവസം കുമ്മനം രാജശേഖരൻ അടക്കമുള്ള സമരസമിതി നേതാക്കൾ ഡൽഹിയിലേക്ക് പോയത്.

ഡൽഹിയാത്ര ശുഭപ്രതീക്ഷ നൽകുന്നതാണെന്ന് പറയുമ്പോഴും സാങ്കേതികത്വത്തിന്റെ പേരിൽ റദാക്കൽ നടപടി വൈകുന്നത് ശരിയല്ലെന്ന് കുമ്മനം പറഞ്ഞിരുന്നു. മുൻ സർക്കാരിന്റെ കാലത്ത് പദ്ധതിക്ക് അനുമതി നൽകിയ മന്ത്രാലയങ്ങൾ നിലപാട് തിരുത്തിയിട്ടുണ്ട്. എന്നാൽ ഇത് വാക്കാൽ പറഞ്ഞാൽ പോരെന്നും രേഖാമൂലം ഉത്തരവ് ഇറക്കണമെന്നും കുമ്മനം വ്യക്തമാക്കി. അതേസമയം ഏതെങ്കിലും തരത്തിൽ പദ്ധതിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചാൽ ബിജെപി സർക്കാരിനെതിരെ മൂന്നാംഘട്ട സമരം ആരംഭിക്കുമെന്നും അദഹം കൂട്ടിച്ചേർത്തിരുന്നു. വ്യോമയാന മന്ത്രാലയം ലോക്‌സഭയിൽ ആറന്മുള വിമാനത്താള പദ്ധതി നിലവിലില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സംസ്ഥാന സർക്കാരും കെജിഎസും ചേർന്ന് ജനങ്ങളെ തെറ്റിധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും സമരസമിതി ആരോപിച്ചിരിന്നു. ഇതിനിടെയാണ് പാരിസ്ഥിതക പഠനത്തിനുള്ള അനുമതി. ഇതാണ് കുമ്മനത്തേയും സംഘപരിവാറിനേയും വെട്ടിലാക്കുന്നത്.

അതിനിടെ പരിസ്ഥിതി പഠനത്തിനുള്ള അനുമതിയെ സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാക്കളെത്തി. ശുഭ സൂചനയുള്ള തീരുമാനമാണിതെന്ന് ശിവദാസൻ നായർ എംഎൽഎ പ്രതികരിച്ചു. എന്നാൽ ആറന്മുളയിൽ വിമാനത്താവളം വരില്ലെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം ഇപ്പോഴും പറയുന്നത്. വിമാനത്താവളത്തിന്റെ പണി ഒരിഞ്ചു പോലും മുന്നോട്ട് പോകില്ല. ഗ്രീൻ ട്രിബ്യൂണൽ തടഞ്ഞു കഴിഞ്ഞാൽ സുപ്രീംകോടതിയിൽ ഹർജി പോകണം. അതിനുള്ള സമയം കഴിഞ്ഞുവെന്നാണ് ബിജെപി നേതാവ് ജോർജ് കുര്യന്റെ വാദം. അതിനിടെ ഇരട്ടത്താപ്പാണ് ബിജെപി കാണിക്കുന്നതെന്ന ആരോപണവുമായി സിപിഎമ്മും രംഗത്തുവന്നു. ബിജെപിയുടെ സംസ്ഥാന നേതാക്കളുടെ വാക്കുകളാണ് ശരിയെന്ന് വിശ്വസിക്കണമെങ്കിൽ പ്രധാനമന്ത്രി നിലപാട് വിശദീകരിക്കണം. നിലവിൽ കള്ളക്കളിയുടെ സൂചനയാണ് തീരുമാനം നൽകുന്നതെന്ന് രാജു എബ്രഹാം എംഎൽഎ വിശദീകരിച്ചു. സമരത്തിന് സിപിഐ(എം) നേതൃത്വം നൽകുമെന്നാണ് സൂചന.

വി എം സുധീരനാണ് വിമാനത്താവളത്തെ പരസ്യമായി എതിർത്ത മറ്റൊരു നേതാവ്. എന്നാൽ കെപിസിസി പ്രസിഡന്റായതോടെ നിലപാടുകൾ മയപ്പെടുത്തി. അടുത്ത ദിവസം വിമാനത്താവളത്തിനെതിരെ പരസ്യ പ്രതികരണങ്ങൾ നടത്തരുതെന്ന് സുധീരനോട് എഐസിസി വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയും വ്യക്തമാക്കിയുന്നു. ഇതോടെ വിമാനത്തവളത്തിന് എതിരായ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകാൻ വി എം സുധീരനും എത്താനാകാത്ത അവസ്ഥയായി. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനിലും സിപിഎമ്മിലുമാണ് സമര സമിതിയുടെ പ്രതീക്ഷ. ഏതായാലും വിമാനത്താവള വിരുദ്ധ പ്രക്ഷോഭം ശക്തമായി തുടരുമെന്ന നിലപാടിലാണ് സമര സമിതി.

ആരെതിർത്താലും ആറന്മുള വിമാനത്താവളത്തിന്റേ കാര്യത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് നിലപാടും വ്യക്തമായിക്കഴിഞ്ഞു. കേന്ദ്ര വ്യോമയാന മന്ത്രാലയം ഹൈക്കോടതിയിൽ നൽകിയ ഹർജിയോടെ തന്നെ കാര്യങ്ങൾ വ്യക്തമായിരുന്നു. അത് ശരിവയ്ക്കുന്നതാണ് പരിസ്ഥിതി ആഘാത പഠനത്തിനുള്ള പച്ചക്കൊടി. ഇതോടെ ആറന്മുള വിമാനത്താവളവുമായുള്ള ചർച്ചകൾ സജീവമാകും. വികസനത്തിന് വിമാനത്താവളം അനിവാര്യമാണെന്ന വാദമുയരും. എന്തു വിലകൊടുത്തും എതിർക്കാൻ സമര സമിതിയും. നരേന്ദ്ര മോദിയുടെ കേന്ദ്ര സർ്ക്കാരിന്റെ ഭാഗമായുള്ള പുതിയ തീരുമാനത്തിലൂടെ യഥാർത്ഥത്തിൽ വെട്ടിലാകുന്നത് ബിജെപിയും സംഘപരിവാറുമാണെന്നതാണ് മറ്റൊരു വസ്തുത. സോണിയാ ഗാന്ധിയുടെ മരുമരൻ റോബർട് വാദ്രയുടേതെന്ന് ആരോപിച്ച് ബിജെപിയും സംഘപരിവാറുമാണ് പാരിസ്ഥിതിക പ്രശ്‌നങ്ങളുയർത്തി വിമാനത്താവളത്തിനെതിരെ സമരം നടത്തിയത്.

അതുകൊണ്ട് തന്നെ കേന്ദ്ര തീരുമാനത്തെ അനുകൂലിക്കാൻ അവർക്ക് കഴിയില്ല. സർക്കാരിന് ഇതിലൊരു പങ്കുമില്ലെന്നും വിദഗ്ധ സമിതിയുടേതാണ് തീരുമാനമെന്നുമൊക്കെ വാദിക്കാം. പക്ഷേ ആറന്മുള പദ്ധതി നടപ്പാക്കുന്ന പത്തനംതിട്ടയ്ക്കു പുറമെ ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലെ 75 ലക്ഷം ജനങ്ങൾക്കും ശബരിമല തീർത്ഥാടകർക്കുംകൂടി ഉപകാരപ്രദമാകുന്ന പദ്ധതി നടപ്പാക്കുകയാണു ലക്ഷ്യമെന്ന കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഹൈക്കോടതിയിലെ സത്യവാങ്മൂലം മുന്നിലുണ്ട്. അതുകൊണ്ട് തന്നെ പരിസ്ഥിതി ആഘാത പഠനം നടക്കുമ്പോൾ തീരുമാനം എത്തരത്തിലാകുമെന്നും വ്യക്തമാകും. വാദ്രയുടേതെന്ന് ആർഎസ്എസുകാർ ആരോപിക്കുന്ന വിമാനത്താവളം യാഥാർത്ഥ്യമാക്കാനുള്ള വ്യോമയാന മന്ത്രാലയത്തിലെ ഉന്നതരുടെ നീക്കമാണ് സത്യവാങ്മൂലമെന്നാണ് സംഘപരിവാർ പറയുന്നത്. പക്ഷേ അതിനുമപ്പുറത്തേക്ക് സ്വാധീനമെത്തിയെന്ന വാദവും ഇനി സജീവമാകും.

രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ 14 പുതിയ വിമാനത്താവളങ്ങൾ നിർമ്മിക്കുക എന്ന കേന്ദ്രസർക്കാരിന്റെ നിലപാടു കൂടിയാണ് ആറന്മുളയെ പിന്തുണയ്ക്കുന്നതിലൂടെ കേന്ദ്രം പ്രകടിപ്പിക്കുന്നതെന്ന് വ്യക്തമാണ്. കൂടുതൽ യാത്രക്കാർക്കു പ്രയോജനപ്പെടുന്നതും അടിസ്ഥാനസൗകര്യ വികസന മേഖലയിൽ കൂടുതൽ നിക്ഷേപം ലക്ഷ്യമാക്കിയുള്ളതുമായ 2008ലെ ഗ്രീൻ ഫീൽഡ് വിമാനത്താവളങ്ങളുടെ ചട്ടങ്ങളിൽ പെടുത്തിയാണ് ആറന്മുള പരിഗണിച്ചതെന്നു വ്യക്തമാക്കുന്നു. ആഭ്യന്തരം, പ്രതിരോധം, സാമ്പത്തികകാര്യം, റവന്യൂ, ആസൂത്രണ കമ്മിഷൻ സെക്രട്ടറിമാരും വ്യോമയാന മന്ത്രാലയം, കാലാവസ്ഥാ വകുപ്പ് എന്നിവയുടെ ഡയറക്ടർമാരും എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ ചെയർമാനും ഉൾപ്പെടുന്ന സ്റ്റിയറിങ് കമ്മിറ്റി അംഗീകരിച്ച പദ്ധതിയാണിതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

കേന്ദ്രസർക്കാരിന്റെ പുതിയ സാമ്പത്തിക സർവേയിൽ ആറന്മുള വിമാനത്താവളത്തിനു മുന്തിയ പരിഗണന ലഭിച്ചത് സംസ്ഥാന ബിജെപി നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു. 2015-16 വർഷം നിർമ്മിക്കുന്ന വിമാനത്താവളങ്ങളുടെ പട്ടികയിലാണ് ആറന്മുള ഇടംപിടിച്ചത്. അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ പട്ടികയിൽ ഇത് രണ്ടാം തവണയാണ് പാർലമെന്റിന് മുന്നിൽ ആറന്മുള വിമാനത്താവള പദ്ധതി എത്തുന്നത്. ഗതാഗതവികസനത്തിനും സാമ്പത്തിക പുരോഗതിക്കും ആറന്മുള വിമാനത്താവള പദ്ധതി അത്യന്താപേക്ഷിതമാണെന്നാണു സർവേ വ്യക്തമാക്കുന്നത്. സാമ്പത്തിക സർവേയുടെ 103, 104 പേജുകളിലാണ് ആറന്മുളയെ പരാമർശിക്കുന്നത്. കണ്ണൂർ വിമാനത്താവളവും ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ലക്ഷ്യമാക്കി വിദൂര പിന്നോക്ക മേഖലകളിൽ വിമാനത്താവളം നിർമ്മിക്കുക എന്നതാണ് ലക്ഷ്യമെന്നും സർവേയിൽ ചൂണ്ടിക്കാട്ടുന്നു. ഈ പരാമർശങ്ങളൊക്കെ ഫലത്തിൽ കെജിഎസിനും ആറന്മുളക്കും അനുകൂലമാണ്. രണ്ട് വിമാനത്താവളങ്ങൾ തമ്മിലുള്ള ദൂരപരിധി 150 കിലോമീറ്റർ വേണമെന്നുള്ള നിയമവും എടുത്തുകളഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിലും ആറന്മുള വിമാനത്താവളം കേന്ദ്രസർക്കാർ വിഷയമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP