Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിവറേജസ് ഔട്ട്‌ലെറ്റിൽ ബ്രാൻഡ് പൂഴ്‌ത്തിവെപ്പും മഷി തീർന്ന ടോണർവെച്ചുള്ള ബില്ലടിയും; 62 വിദേശമദ്യ ഔട്ട്‌ലെറ്റുകളിലെ കൗണ്ടറിലുള്ളത് വിറ്റുപോയ മദ്യത്തിന്റെ വിലയേക്കാൾ കുറവ് കലക്ഷൻ; ഔട്ട്‌ലെറ്റിന്റെ സമീപത്തുള്ള കെട്ടിടത്തിൽ നിന്നും 'വെട്ടിച്ച പണം' കണ്ടെത്തിയതോടെ ക്യാമറ സ്ഥാപിക്കണമെന്ന് വിജിലൻസ്

ബിവറേജസ് ഔട്ട്‌ലെറ്റിൽ ബ്രാൻഡ് പൂഴ്‌ത്തിവെപ്പും മഷി തീർന്ന ടോണർവെച്ചുള്ള ബില്ലടിയും; 62 വിദേശമദ്യ ഔട്ട്‌ലെറ്റുകളിലെ കൗണ്ടറിലുള്ളത് വിറ്റുപോയ മദ്യത്തിന്റെ വിലയേക്കാൾ കുറവ് കലക്ഷൻ; ഔട്ട്‌ലെറ്റിന്റെ സമീപത്തുള്ള കെട്ടിടത്തിൽ നിന്നും 'വെട്ടിച്ച പണം' കണ്ടെത്തിയതോടെ   ക്യാമറ സ്ഥാപിക്കണമെന്ന് വിജിലൻസ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം : കേരളത്തിന് റെക്കോർഡ് വരുമാനം തരുന്ന സ്ഥാപനമെന്ന നിലയിൽ ഖ്യാതി നേടിയ ബവ്‌റേജസ് കോർപ്പറേഷനിൽ പണം മുക്കുന്നുണ്ടെന്ന റിപ്പോർട്ടുമായി വിജിലൻസ്. ഇത്തരത്തിൽ ഔട്ട്‌ലെറ്റുകളിൽ നടക്കുന്ന ക്രമക്കേടുകൾ തടയുന്നതിനായി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള നീക്കത്തിലാണ് അധികൃതർ. ഏതാനും ദിവസം മുൻപ് സംസ്ഥാനത്തെ ബിവ്‌റേജസ് ഔട്ട്‌ലെറ്റുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ അഴിമതി നടക്കുന്നതായി തെളിഞ്ഞിരുന്നു. ക്രമക്കേടുകൾ തകൃതിയായി നടക്കുന്നുവെന്ന് പരാതി ലഭിച്ചതിനെത്തുടർന്നു വിജിലൻസ് ഡയറക്ടർ അനിൽകാന്തിന്റെ നിർദ്ദേശപ്രകാരമാണു ഏപ്രിൽ 29ന് ഔട്ട്‌ലറ്റുകളിൽ മിന്നൽ പരിശോധന നടന്നത്.

62 വിദേശമദ്യ ഔട്ട്‌ലറ്റുകളിൽ നടത്തിയ പരിശോധനയിൽ ഒട്ടുമിക്ക കേന്ദ്രങ്ങളിലും വിൽപന നടന്ന മദ്യത്തിന്റെ വിലയേക്കാൾ കുറവായിരുന്നു കൗണ്ടറിലുള്ള തുക. 1,12,000 രൂപയാണു കുറവുള്ളതായി കണ്ടെത്തിയത്. ബില്ലിൽ വില രേഖപ്പെടുത്തിയ ഭാഗം കീറി കളഞ്ഞും മഷി തീർന്ന ടോണർ ഉപയോഗിച്ചു ബില്ലുകൾ പ്രിന്റ് ചെയ്തും ഉപഭോക്താക്കളിൽനിന്നു യഥാർഥവിലയേക്കാൾ കൂടുതൽ തുക ഈടാക്കുന്നതായും വിജിലൻസ് പരിശോധനയിൽ തെളിഞ്ഞിരുന്നു. ഔട്ട്‌ലെറ്റുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ നേരത്തെ ആലോചിച്ചിരുന്നെങ്കിലും ഉദ്യോഗസ്ഥരുടെ സമ്മർദത്തെത്തുടർന്നു നടപ്പിലായില്ല. എന്നാൽ ക്രമക്കേട് തെളിഞ്ഞതോടെ ക്യാമറകൾ സ്ഥാപിക്കണം എന്ന് നിർദ്ദേശമാണ് വിജിലൻസ് അധികൃതരും മുന്നോട്ട് വയ്ക്കുന്നത്. സർക്കാരിന് സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടിൽ ഇത് സംബന്ധിച്ച ശുപാർശയുമുണ്ട്.

ഔട്ട്‌ലെറ്റുകളിൽ കൂടുതലായി ഈടാക്കുന്ന ഈ തുക ഉദ്യോഗസ്ഥർ അടുത്തുള്ള കെട്ടിടങ്ങളിലേക്കു മാറ്റും. ഔട്ട്‌ലറ്റുകളുടെ പരിസരത്തുള്ള കെട്ടിടങ്ങളിൽ ഇങ്ങനെ ഒളിപ്പിച്ച 33,000 രൂപയും വിജിലൻസ് കണ്ടെത്തി. 10 ഔട്ട്‌ലറ്റുകളിൽ മദ്യം വിറ്റ തുകയേക്കാൾ 13,000 രൂപ അധികം കണ്ടെത്തി. ചില ബ്രാൻഡുകൾ പൂഴ്‌ത്തിവയ്ക്കുന്നതായും മദ്യം പൊതിഞ്ഞുനൽകുന്ന പേപ്പർ ഉപഭോക്താക്കൾക്കു നൽകാതെ പണം വെട്ടിക്കുന്നതായും പരിശോധനയിൽ കണ്ടെത്തിയിരുന്നു.

സെൽഫ് സർവീസ് കൗണ്ടറുകളുള്ള മദ്യവിൽപനശാലകളിൽ മാത്രമാണ് ഇപ്പോൾ നിരീക്ഷണ ക്യാമറകളുള്ളത്. ഇത് എണ്ണത്തിൽ കുറവാണ്. എല്ലാ മദ്യവിൽപനശാലകളിലെയും കൗണ്ടറുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നാണു വിജിലൻസിന്റെ അഭിപ്രായം. ജീവനക്കാരെയും മദ്യം വാങ്ങാനെത്തുന്നവരെയും നിരീക്ഷിക്കാനാകുന്ന തരത്തിലായിരിക്കണം ക്യാമറകൾ സ്ഥാപിക്കേണ്ടത്. ഉന്നത ഉദ്യോഗസ്ഥർക്ക് ഇവ നിരീക്ഷിക്കാനുള്ള കേന്ദ്രീകൃത സംവിധാനമൊരുക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP