Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

തങ്ങളാണ് സമരം വിജയിപ്പിച്ചത് എന്ന് അവകാശപ്പെട്ട് രംഗത്തിറങ്ങിയ സോഷ്യൽ മീഡിയാ കൂട്ടായ്മ ശ്രീജിത്തിനെ തനിച്ചാക്കി പിന്മാറി; മുതലെടുപ്പുകാരെ ഗൗനിക്കാതെ പിന്തുണയുമായി സാധാരണക്കാർ രംഗത്ത്; സിബിഐ അന്വേഷണം തുടങ്ങുന്ന ഇന്ന് ശ്രീജിത്ത് സമരം പിൻവലിക്കുമെന്ന് സൂചന; 775-ാം ദിവസം വിജയത്തിൽ എത്തുന്നത് സധാരണക്കാരുടെ പ്രതിഷേധ ഫലം

തങ്ങളാണ് സമരം വിജയിപ്പിച്ചത് എന്ന് അവകാശപ്പെട്ട് രംഗത്തിറങ്ങിയ സോഷ്യൽ മീഡിയാ കൂട്ടായ്മ ശ്രീജിത്തിനെ തനിച്ചാക്കി പിന്മാറി; മുതലെടുപ്പുകാരെ ഗൗനിക്കാതെ പിന്തുണയുമായി സാധാരണക്കാർ രംഗത്ത്; സിബിഐ അന്വേഷണം തുടങ്ങുന്ന ഇന്ന് ശ്രീജിത്ത് സമരം പിൻവലിക്കുമെന്ന് സൂചന; 775-ാം ദിവസം വിജയത്തിൽ എത്തുന്നത് സധാരണക്കാരുടെ പ്രതിഷേധ ഫലം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ശ്രീജീവിന്റെ കസ്റ്റഡി മരണത്തിന് ഉത്തരവാദികളെ കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായി സിബിഐ എഫ്.ഐ.ആർ ഇന്ന് രജിസ്റ്റർ ചെയ്യുമെന്നാണ് സൂചന. ഈ വിവരം ഇന്നലെ ഉച്ചയ്ക്ക് 1 മണിയോടെ അറിഞ്ഞെങ്കിലും കൂടുതൽ വ്യക്തതയ്ക്കായി സെക്രട്ടറിയേറ്റ് നടയിൽ പ്രതിഷേധ സമരം ഇരിക്കുന്ന സഹോദരൻ ശ്രീജിത്ത് കാത്തിരിക്കുകയാണ്. എഫ് ഐ ആർ വന്നാലുടൻ ശ്രീജിത്ത് പ്രതിഷേധ സമരം അവസാനിപ്പിക്കും.

കോടതിയും സിബിഐയും അനുകൂലമായ നടപടി സ്വീകരിച്ച സാഹചര്യത്തിൽ ഇനി സമരം തുടരേണ്ട എന്ന തീരുമാനത്തിൽ ഒപ്പമുണ്ടായിരുന്ന സമൂഹമാധ്യമ കൂട്ടായ്മ എത്തിയിരുന്നു. എന്നാൽ സിബിഐ കേസ് അന്വേഷിക്കണമെന്ന തന്റെ ആവശ്യം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്താൽ മാത്രമേ പൂർണമാകൂവെന്ന് ശ്രീജിത്ത് പറഞ്ഞു. സിബിഐ കേസ് രജിസ്റ്റർ ചെയ്ത് നടപടികൾ ആരംഭിച്ചാൽ 775 ദിവസം പൂർത്തിയാക്കുന്ന ഇന്നുതന്നെ സെക്രട്ടേറിയറ്റിനു മുൻപിൽ നിന്ന് വീട്ടിലേക്ക് മടങ്ങാനാണ് ശ്രീജിത്തിന്റെ തീരുമാനം.

അങ്ങനെ ശ്രീജിത്തിന്റെ സഹന സമരം വിജയം കാണുകയാണ്. നാട്ടുകാരുടെ പിന്തുണയോടെയാണ് രണ്ട് വർഷത്തോളം സെക്രട്ടറിയേറ്റ് നടയിൽ ശ്രീജിത്ത് സമരമിരുന്നത്. പെട്ടെന്ന് സോഷ്യൽ മീഡിയ പ്രശ്‌നം ഏറ്റെടുത്തു. ഇതോടെ സർക്കാർ അതിവേഗ നടപടിയെടുത്തും. ശ്രീജിവിന്റെ മരണത്തിൽ അന്വേഷണം സിബിഐ ഏറ്റെടുക്കുകയും ചെയ്തു. ഇന്നലെ കോടതി രേഖകളുടെ പകർപ്പ് അഭിഭാഷകൻ ശ്രീജിത്തിന് ഹൈക്കോടതിയിൽ ഹർജി നൽകാൻ സഹായം നൽകിയ കെപിസിസി മുൻ അദ്ധ്യക്ഷൻ വി എം. സുധീരന് ഇ-മെയിലിലൂടെ നൽകി.

3 മണിയോടെ പകർപ്പ് സമരപ്പന്തലിലെത്തി സുധീരൻ ശ്രീജിത്തിന് കൈമാറി. എന്നാൽ സിബിഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്താൽ സമരം പിൻവലിക്കുമെന്ന നിലപാടാണ് ശ്രീജിത്ത് സ്വീകരിച്ചത്. ഇതിനിടെ കോടതിയും സിബിഐയും അനുകൂലമായ നടപടി സ്വീകരിച്ച സാഹചര്യത്തിൽ ഇനി സമരം തുടരേണ്ട എന്ന തീരുമാനത്തിലായിരുന്നു ഒപ്പമുണ്ടായിരുന്ന സമൂഹമാധ്യമ കൂട്ടായ്മ പ്രവർത്തകർ. ഇതോടെ ശ്രീജിത്ത് വീണ്ടും ഒറ്റയ്ക്ക് സമരത്തിലായി.

സമരം രാഷ്ടീയക്കാർ ഹൈജാക്ക് ചെയ്തെന്നാരോപിച്ചാണ് സമരത്തിൽനിന്നു ഫേസ്‌ബുക്ക് കൂട്ടായ്മ പിന്മാറിയത്. അന്വേഷണച്ചുമതല തിരുവനന്തപുരം സിബിഐ. യൂണിറ്റിനു നൽകിയാണ് വിജ്ഞാപനം. ഇന്നു കേസ് രജിസ്റ്റർ ചെയ്യും. ശ്രീജിത്ത് അവശനാണ്. അന്വേഷണ ഏജൻസി കുറ്റക്കാർക്കെതിരേ നടപടി ആരംഭിക്കുന്നപക്ഷം സമരം അവസാനിപ്പിക്കുമെന്ന് ശ്രീജിത്ത് പറഞ്ഞു മോഷണക്കുറ്റം ആരോപിച്ചു പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിവ് മെയ്‌ 21നാണു മരിച്ചത്.

കേസന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് 774 ദിവസമായി സഹോദരൻ ശ്രീജിത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരത്തെ തുടർന്ന് പൊതുജനവികാരം ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് സിബിഐയുടെ അതിവേഗ നടപടി. കേന്ദ്ര പഴ്‌സണൽ മന്ത്രാലയത്തിന്റെ നിർദ്ദേശം ചെന്നൈയിലെ മേഖലാ ആസ്ഥാനത്തെത്തി, നടപടിക്രമങ്ങൾ പൂർത്തീകരിച്ച് വിജ്ഞാപനമിറക്കാൻ മൂന്നാഴ്ച വരെയെടുക്കുന്നതാണ്. കേന്ദ്ര നിർദ്ദേശപ്രകാരം നടപടികൾ വേഗത്തിലാക്കുകയായിരുന്നു. കേസ് സംബന്ധിച്ച രേഖകൾ കൈമാറണണെന്ന് ക്രൈംബ്രാഞ്ചിന് സിബിഐ ഉദ്യോഗസ്ഥർ കത്തുനൽകിയിട്ടുണ്ട്.

പാറശാല സ്റ്റേഷനിലെ പൊലീസുകാരന്റെ ബന്ധുവായ പെൺകുട്ടിയെ പ്രണയിച്ചതിന്റെ പേരിൽ മൊബൈൽ മോഷണക്കുറ്റം ചുമത്തി പാറശാല പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജീവ് 2014 മെയ്‌ 21നാണ് മരിച്ചത്. കസ്റ്റഡിയിലെടുത്ത് ഒരാഴ്ച കഴിഞ്ഞാണ് ശ്രീജീവിനെ പൂവാറിൽ വച്ച് പൊലീസ് പിടിച്ചെന്ന് വീട്ടുകാർ പോലുമറിഞ്ഞത്. മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിൽ എടുത്ത ശ്രീജീവിനെ പാറശാല സി.ഐ ആയിരുന്ന ഗോപകുമാറും എഎസ്ഐ ഫിലിപ്പോസും ചേർന്ന് മർദ്ദിച്ചും വിഷം നൽകിയും കൊലപ്പെടുത്തിയെന്നാണ് പൊലീസ് കംപ്ലെയിന്റ്‌സ് അഥോറിറ്റി കണ്ടെത്തിയത്. എന്നിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ല.

സംഭവമുണ്ടായ 2014 മേയിൽ പാറശാല സി.ഐയായിരുന്ന ബി. ഗോപകുമാർ ചവറയിൽ ക്രമസമാധാന ചുമതലയുള്ള സി.ഐയാണ്. അന്ന് എസ്.ഐയായിരുന്ന ഡി. ബിജുകുമാർ കാട്ടാക്കടയിൽ എസ്.ഐയായി ക്രമസമാധാനം പരിപാലിക്കുന്നു. അന്ന് എഎസ്ഐയായിരുന്ന ഫിലിപ്പോസ് വിരമിച്ചതായാണ് അറിയുന്നത്. ശ്രീജീവിന്റെ കസ്റ്റഡിമരണത്തിനുള്ള നഷ്ടപരിഹാരമായി 10 ലക്ഷം രൂപ സർക്കാർ കുടുംബത്തിന് കൈമാറിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP