Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാളക്കുട്ടിയെ പരസ്യമായി കശാപ്പു ചെയ്തു പ്രതിഷേധിച്ച യൂത്ത് കോൺഗ്രസിനെതിരേ വിമർശനവുമായി കോൺഗ്രസ് നേതാക്കളും; സമരരീതിയിൽ മാന്യത വേണമെന്ന് എം. ലിജു; യുവോർച്ചയുടെ പരാതിയിൽ കേസെടുത്തു കണ്ണൂർ പൊലീസ്; പ്രതിഷേധത്തിൽ തെറ്റില്ലെന്ന നിലപാടിൽ ഉറച്ചുനിന്ന് യൂത്ത് കോൺഗ്രസും

കാളക്കുട്ടിയെ പരസ്യമായി കശാപ്പു ചെയ്തു പ്രതിഷേധിച്ച യൂത്ത് കോൺഗ്രസിനെതിരേ വിമർശനവുമായി കോൺഗ്രസ് നേതാക്കളും; സമരരീതിയിൽ മാന്യത വേണമെന്ന് എം. ലിജു; യുവോർച്ചയുടെ പരാതിയിൽ കേസെടുത്തു കണ്ണൂർ പൊലീസ്; പ്രതിഷേധത്തിൽ തെറ്റില്ലെന്ന നിലപാടിൽ ഉറച്ചുനിന്ന് യൂത്ത് കോൺഗ്രസും

കണ്ണൂർ: കശാപ്പിനായി കന്നുകാലികളെ കാലിച്ചന്തയിൽ വിൽക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം വിവാദത്തിൽ. കാളക്കുട്ടിയെ പരസ്യമായി കശാപ്പുചെയ്തായിരുന്നു യൂത്ത് കോൺഗ്രസ് സമരം. നടപടിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.

യുവമോർച്ച നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ സിറ്റി പൊലീസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരേ കേസ് എടുക്കുകയും ചെയ്തു. പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന തരത്തിൽ മാടിനെ അറുത്തുവെന്നാണ് കേസ്. യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി അടക്കമുള്ളവർക്ക് എതിരെയാണ് കേസെടുത്തത്. മജിസ്ട്രേട്ടിൽനിന്ന് അനുമതി നേടിയശേഷമാണ് സംഭവത്തിൽ പൊലീസ് നടപടിയെടുത്തിട്ടുള്ളത്.

കേന്ദ്ര സർക്കാർ നടപടിക്കെതിരെ സംസ്ഥാനത്തുടനീളം വിവിധ സംഘടനകൾ ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ചിരുന്നു. അതിനിടെയാണ് കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരസ്യമായി മാടിനെ അറുത്ത് വിതരണം ചെയ്ത് പ്രതിഷേധിച്ചത്. ശനിയാഴ്ച വൈകീട്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കന്നുകുട്ടിയെ അറുത്ത് ഇറച്ചി വിതരണംചെയ്തത്.

സമരരീതിയിൽ മാന്യതയാകാമെന്നു കോൺഗ്രസ് നേതാവ് എം. ലിജു പ്രതികരിച്ചു. വ്യവസ്ഥാപിതമായ ചില നിയമങ്ങളുണ്ട്. രാജ്യത്തു നിലനിൽക്കുന്ന നിയമങ്ങളനുസരിച്ചു മാന്യത പുലർത്തണമെന്നാണ് അഭിപ്രായം. ചെറുപ്പത്തിന്റെ അപക്വതയിലാകും ഇത്തരമൊരു നടപടിയെന്നും ലിജു പറഞ്ഞു.

രാജ്യത്താകെ ഉയരുന്ന സമരത്തിന്റെ രാഷ്ട്രീയ ഉള്ളടക്കത്തെ ബാധിക്കുന്നതാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധമെന്നും ഇതു സംഘപരിവാറിനെയാണ് സഹായിക്കുകയെന്നും എം.ബി. രാജേഷ് എംപി പ്രതികരിച്ചു. വിവേകശൂന്യമായി വകതിരിവില്ലാതെ ചെയ്ത അസംബന്ധങ്ങളും കോപ്രായങ്ങളും സമരങ്ങളെ മൊത്തത്തിൽ ബാധിക്കുമെന്നും രാജേഷ് കുറ്റപ്പെടുത്തി.

ഒരു രാഷ്ട്രീയ പാർട്ടി ഒരിക്കലും ഇങ്ങനെ ചെയ്യാൻ പാടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷനു നൽകിയ സത്യവാങ്മൂലത്തിന്റെ ലംഘനമാണിതെന്നും ബിജെപി നേതാവ് ശ്രീധരൻപിള്ള പറഞ്ഞു. രണ്ടു വിഭാഗത്തിലുള്ള ജനങ്ങളെ സംഘർഷത്തിലേക്ക് എത്തിക്കുന്നതാണു നടപടി. നിയമപരമായി തെറ്റാണിത്. ഏതു ഭക്ഷണം കഴിക്കണമെന്നതു വ്യക്തികളുടെ സ്വാതന്ത്ര്യമാണെന്നും എല്ലാവരും ആത്മസംയമനം പാലിക്കണമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

ശനിയാഴ്ച വൈകിട്ടു നാലരയോടെ കണ്ണൂർ സിറ്റി ജംക്ഷനിലാണു യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാളക്കുട്ടിയെ കശാപ്പു ചെയ്ത് ഇറച്ചി സൗജന്യമായി നാട്ടുകാർക്കു നൽകി പ്രതിഷേധിച്ചത്. കണ്ണൂർ പാർലമെന്റ് മണ്ഡലം പ്രസിഡന്റ് റിജിൽ മാക്കുറ്റി ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സംഭവത്തിൽ തെറ്റായൊന്നും കാണുന്നില്ലെന്നും പ്രതിഷേധമാണ് നടന്നതെന്നുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സംഘാടകർ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP