Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആസാദി എക്സ്പ്രസ് ജാഥക്ക് ആഭ്യന്തരവകുപ്പിന്റെയും പൊലീസിന്റെയും വിലക്ക്; വിലക്കു ലംഘിച്ചും ജാഥ നടത്താനുറച്ച് കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ; നിയമനടപടിയെന്നു പൊലീസ്

ആസാദി എക്സ്പ്രസ് ജാഥക്ക് ആഭ്യന്തരവകുപ്പിന്റെയും പൊലീസിന്റെയും വിലക്ക്; വിലക്കു ലംഘിച്ചും ജാഥ നടത്താനുറച്ച് കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ; നിയമനടപടിയെന്നു പൊലീസ്

എം പി റാഫി

കോഴിക്കോട്: ഫാസിസത്തിനെതിരെ കാമ്പസ് ഫ്രണ്ട് നടത്താൻ തീരുമാനിച്ച ആസാദി എക്സ്‌പ്രസിന് പൊലീസും ആഭ്യന്തര വകുപ്പും അനുമതി നഷേധിക്കുമ്പോൾ പരിപാടി നടത്താൻ ഉറച്ച് കാമ്പസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി.

സുരക്ഷാ കാരണം ചൂണ്ടിക്കാട്ടിയാണ് പൊലീസ് അനുമതി നിഷേധിച്ചിട്ടുള്ളത്. എന്നാൽ ആശയ പ്രചാരണത്തിനുള്ള ഭരണ ഘടനാ സ്വതന്ത്ര്യം നിഷേധിച്ച പൊലീസ് നടപടി രാഷ്ട്രീയ ഇടപെടൽ മൂലമാണെന്ന് കാമ്പസ് ഫ്രണ്ട് നേതാക്കളും പറയുന്നു. ഓഗസ്ത് 16ന് കാസർകോഡ് നിന്നും ആരംഭിക്കുന്ന ആസാദി എക്സ്‌പ്രസ് സെപ്റ്റംബർ 9ന് തിരുവനന്തപുരത്ത് അവസാനിക്കും വിധമായിരുന്നു ക്രമീകരിച്ചിരുന്നത്. കലാജാഥയും പ്രഭാഷണങ്ങളുമായിരുന്നു ആസാദി എക്സ്‌പ്രസ് യാത്രയിൽ ഉൾക്കൊള്ളിച്ചിരുന്നത്. ഫാഷിസത്തിന്റെ വിലക്കുകൾക്കെതിരെ സ്വാതന്ത്ര്യത്തിന്റെ ചൂളം വിളി എന്ന പ്രമേയത്തിൽ സംസ്ഥാനത്തെ കാമ്പസുകളിലും വിവിധ ടൗണുകളിലുമാണ് ജാഥ നിശ്ചയിച്ചിരുന്നത്. എന്നാൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വിദ്യാർത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ നടത്താനിരുന്ന പരിപാടിക്ക് വിലക്കു വീണിരിക്കുകയാണ്. നിയമാനുസൃതം ചെലാൻ അടച്ച് ആഴ്ചകൾക്കു മുമ്പേ അപേക്ഷ നൽകിയതായും ഇപ്പോൾ പൊലീസ് ഏർപ്പെടുത്തിയ വിലക്ക് ജനാധിപത്യത്തിനെതിരായ വെല്ലുവിളിയാണെന്നും കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ടി അബ്ദുൽ നാസർ മറുനാടൻ മലയാളിയോടു പറഞ്ഞു.

അനുമതി നിഷേധിച്ചതോടെ ഇന്നലെ കാസർകോഡ് നിന്നും ആരംഭിക്കേണ്ടിയിരുന്ന യാത്ര നടക്കാതെ പോകുകയും സംസ്ഥാന ഭാരവാഹികൾ വാർത്താ സമ്മേളനം വിളിച്ച് വിഷയം അവതരിപ്പിക്കുകയുമായിരുന്നു. എന്നാൽ ഭരണഘടന അനുവദിച്ച അവകാശം തങ്ങൾക്കു കൂടി ലഭിക്കേണ്ടതാണെന്നും നിശ്ചയിച്ചുറപ്പിച്ച പരിപാടി ഇന്ന് ആരംഭിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി.എ റഊഫ്, സംസ്ഥാന ജനറൽ സെക്രട്ടറി ടി. അബ്ദുൽ നാസർ, സംസ്ഥാന കമ്മിറ്റിയംഗം പി.എം മുഹമ്മദ് രിഫ, ജില്ലാ സെക്രട്ടറി റാസിഖ് ദേളി എന്നിവരാണ് വാർത്താ സമ്മേളനത്തിലൂടെ നിലപാട് വ്യക്തമാക്കിയത്. ആർ.എസ്.എസിന്റെയോ മറ്റേതെങ്കിലും സംഘടനയുടേയോ പരിപാടികൾക്ക് ഇത്തരത്തിൽ പൊലീസ് അനുമതി നിഷേധിക്കാറില്ലെന്നും സംഘടനകൾ യഥേഷ്ടം സംസ്ഥാന ജാഥകൾ നടത്തുമ്പോൾ ഒരു വിദ്യാർത്ഥി സംഘടന ഫാഷിസത്തിനെതിരെ സംഘടിപ്പിച്ച കലാജാഥ തടഞ്ഞത് തികച്ചും ദുരൂഹമാണെന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു. പരിപാടിയുടെ അനുമതി ലഭിക്കാനായി ദിവസങ്ങൾ പൊലീസ സ്‌റ്റേഷനിൽ കയറി ഇറങ്ങിയെങ്കിലും ഓരോ ദിവസവും ദൈർഘിപ്പിച്ച് മുന്നോട്ടു കൊണ്ടു പോവുകയായിരുന്നു. ഒടുവിൽ പൊലീസ് പറയുന്നത് സുരക്ഷാ പ്രശ്‌നമുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടുണ്ടെന്നായിരുന്നു. വിഷയം ഡിജിപി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചപ്പോൾ മന്ത്രിതലത്തിൽ ബന്ധപ്പെടാനായിരുന്നു മറുപടി.

ഇതനുസരിച്ച് ഒരാഴ്ച മുമ്പ് ആഭ്യന്തര വകുപ്പ് ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനെ കാണുന്നതിനുള്ള തിയ്യതി വാങ്ങിയിരുന്നു. ഓഗസ്ത് 15ന് സംസ്ഥാന ഭാരവാഹികൾ മുഖ്യമന്ത്രിയെ കാണാനെത്തിയെങ്കിലും തിരക്കുണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് അദ്ദേഹം ചെയ്തതെന്ന് കാമ്പസ് ഫ്രണ്ട് നേതാക്കൾ പറഞ്ഞു. ഈ സാഹചര്യത്തിൽ വിലക്കു മറികടന്ന് ജാഥ നടത്താനുള്ള തീരുമാനത്തിലാണ് ഇവർ. ആസാദി എക്സ്പ്രസിനെതിരായ വിലക്ക് തള്ളിക്കളയുന്നുവെന്നും പൊലീസ് നടപടി ജനാധിപത്യത്തിനെതിരായ വെല്ലുവിളിയാണെന്നുമുള്ള പരസ്യ ആഹ്വാനം നടത്തിയായിരുന്നു കാമ്പസ് ഫ്രണ്ട് ഇന്നലെ കാസർകോഡ് വാർത്താ സമ്മേളനം നടത്തിയത്. ഫാഷിസത്തിനെതിരെ നടത്താൻ തീരുമാനിച്ചിരുന്ന ആസാദി എക്സ്പ്രസ് കലാജാഥക്ക് പൊലീസ് ഏർപ്പെടുത്തിയ വിലക്ക് ജനാധിപത്യത്തിനെതിരായ വെല്ലുവിളിയാണെന്ന് ഇവർ വാർത്താ സമ്മേളനത്തിൽ പറയുകയുണ്ടായി. ആശയം പ്രചരിപ്പിക്കാനുള്ള ഭരണഘടനാ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന പൊലീസ് നടപടി പ്രതിഷേധാർഹമാണെന്നും കാമ്പസ് ഫ്രണ്ട് പ്രവർത്തകർ പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ഭീകരപ്രസ്ഥാനമായ ആർഎസ്എസ്സിനെയും അവരുടെ വർഗീയ അജണ്ടകളെയും തുറന്നു കാണിച്ചു നടത്തുന്ന കലാജാഥക്ക് അനുമതി നിഷേധിച്ചത് ഇടതുപക്ഷ സർക്കാറാണ്. ഇതോടെ സിപിഐ-എമ്മിന്റെ ഫാഷിസ്റ്റ് വിരുദ്ധത കാപട്യമാണെന്ന് വ്യക്തമായിരിക്കുകയാണെന്നും കാമ്പസ് ഫ്രണ്ട് ആരോപിച്ചു.

ആഴ്ചകൾക്കു മുമ്പേ ജാഥ നടത്താൻ അനുമതി തേടി പൊലീസ് അധികാരികൾക്ക് അപേക്ഷ നൽകിയെങ്കിലും സാങ്കേതികത പറഞ്ഞ് നീട്ടിക്കൊണ്ടു പോവുകയായിരുന്നു. ഒടുവിൽ സംഘർഷസാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടി അനുമതി നിഷേധിക്കുകയായിരുന്നു. ജാഥ പര്യടനം നടത്തുന്ന സ്ഥലങ്ങളെ സംബന്ധിച്ച് കൃത്യമായ വിവരം നൽകിയിട്ടും ഇന്റലിജൻസ് റിപ്പോർട്ടിൽ പരാമർശിക്കുന്ന സ്ഥലങ്ങൾ ഏതെന്നു വ്യക്തമാക്കാനോ ആ പ്രദേശങ്ങളൊഴിവാക്കി അനുമതി തരാനോ പൊലീസ് തയ്യാറായില്ലെന്നും കാംപസ് ഫ്രണ്ട് കുറ്റപ്പെടുത്തുന്നു. ഇത് രാഷ്ട്രീയ തീരുമാനമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. വിഷയം സംബന്ധിച്ച് ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ചക്ക് ശ്രമിച്ചെങ്കിലും അവസാന നിമിഷം അനുമതി നിഷേധിക്കുകയായിരുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് മേൽക്കോയ്മക്കെതിരെ കേരളത്തിലെ കാംപസുകളിൽ പ്രതിഷേധം ഉയരുന്നത് സിപിഐ-എമ്മിന് അസ്വസ്ഥതയുണ്ടാക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. കാംപസുകളിൽ സിപിഐ-എം വിദ്യാർത്ഥി സംഘടന നടപ്പിലാക്കുന്ന ജനാധിപത്യ വിരുദ്ധതയുടെ ഭാഗമാണ് ഈ വിലക്ക്. സ്വാതന്ത്ര്യദിന പിറ്റേന്ന് തന്നെ ആശയപ്രചരണത്തിന് വിലക്കേർപ്പെടുത്തിയത് പിണറായി സർക്കാർ പിന്തുടരാനുദ്ദേശിക്കുന്ന നയം ഏതുതരത്തിലുള്ളതായിരിക്കുമെന്ന് വ്യക്തമാക്കുന്നു. വിദ്യാർത്ഥി സംഘടനയുടെ ആശയപ്രചരണത്തോട് വരെ അസഹിഷ്ണുത പുലർത്തുന്ന ഇടതുപക്ഷ സർക്കാർ കേന്ദ്രത്തിലെ നരേന്ദ്ര മോദിയുടെ രീതി അനുകരിക്കാനാണ് ശ്രമിക്കുന്നതെന്നും ആസാദി എക്സ്പ്രസിന് സർക്കാർ ഏർപ്പെടുത്തിയ വിലക്ക് കാംപസ് ഫ്രണ്ട് തള്ളിക്കളയുന്നതായും കാമ്പസ് ഫ്രണ്ട് വ്യക്തമാക്കി. വിലക്കുകളും നിരോധനങ്ങളും കൊണ്ട് തടഞ്ഞു നിർത്താവുന്നതല്ല വിദ്യാർത്ഥികളുടെ പ്രതികരണ ശേഷി. അസഹിഷ്ണുതക്കു മുമ്പിൽ ജനാധിപത്യം പരാജയപ്പെട്ടു കൂടാ എന്ന ജാഗ്രതയാണ് ഈ തീരുമാനമെടുക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചതെന്നും കാംപസ് ഫ്രണ്ട് പ്രവർത്തകർ പറയുന്നു.

കാസർകോഡ് നിന്നായിരുന്നു ജാഥ ഷെഡ്യൂൾ പ്രകാരം ആരംഭിക്കേണ്ടത്. എന്നാൽ ഇന്ന് എത്തേണ്ടിയിരുന്ന കണ്ണൂരിൽ നിന്നുമാണ് ജാഥ ആരംഭിക്കുക. രാവിലെ 11ന് കണ്ണൂർ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നാണ് ആസാദി എക്സ്‌പ്രസ് ആരംഭിക്കുക. കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി.എ റഊഫ് ആണ് ജാഥയുടെ ക്യാപ്റ്റൻ. സംസ്ഥാന ഭാരവാഹികളും കമ്മറ്റി മെമ്പർമാരും സ്ഥിരാംഗങ്ങളാണ്. കാസർകോഡ് ഒഴികെയുള്ള സംസ്ഥാനത്തെ എല്ലാ ജില്ലകളിലൂടെ ജാഥ കടന്നു പോകുമെന്നും അടുത്ത മാസം 9ന് തിരുവനന്തപുരം ഗാന്ധിപാർക്കിൽ സമാപിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. സർക്കാറിന്റേയോ പൊലീസിന്റേയോ വിലക്കു അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് കാമ്പസ് ഫ്രണ്ട്. വിലക്കും അനുമതി നിഷേധവുമെല്ലാം ഏതുവിധേനയും മറികടന്ന് ജാഥ തുടരുമെന്നാണ് സംഘാടകരുടെ ആത്മവിശ്വാസം. എന്നാൽ ജാഥയെ ഏതു രീതിയിൽ തടയണമെന്ന് പൊലീസിന് നിശ്ചയമില്ല. അതേസമയം സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാണിച്ച് അനുമതി നിഷേധിച്ചിട്ടും ജാഥ തുടർന്നാൽ നിയമനടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP