Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുൻഗണനാ പട്ടികയിലുള്ളവർക്ക് സൗജന്യ അരി നൽകാൻ മന്ത്രിസഭാ യോഗ തീരുമാനം; സർക്കാർ വകുപ്പിലെ ജോലി ഒഴിവുകൾ അതതു മാസം റിപ്പോർട്ട് ചെയ്യണം; സമ്പൂർണ്ണ ഭവനപദ്ധതി ഉൾപ്പടെയുള്ള ബൃഹത് പദ്ധതികളുടെ പ്രഖ്യാപനം പത്തിന്: പ്രധാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ഇങ്ങനെ

മുൻഗണനാ പട്ടികയിലുള്ളവർക്ക് സൗജന്യ അരി നൽകാൻ മന്ത്രിസഭാ യോഗ തീരുമാനം; സർക്കാർ വകുപ്പിലെ ജോലി ഒഴിവുകൾ അതതു മാസം റിപ്പോർട്ട് ചെയ്യണം; സമ്പൂർണ്ണ ഭവനപദ്ധതി ഉൾപ്പടെയുള്ള ബൃഹത് പദ്ധതികളുടെ പ്രഖ്യാപനം പത്തിന്: പ്രധാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: മുൻഗണനാ പട്ടികയിലുള്ളവർക്ക് സൗജന്യ അരി നൽകാൻ സർക്കാർ തീരുമാനം. സർക്കാർ വകുപ്പുകളിലെ ജോലി ഒഴിവുകൾ അതാത് മാസം റിപ്പോർട്ട് ചെയ്യാനും മന്ത്രിസഭ നിർദ്ദേശിച്ചു. ഇടതുപക്ഷ സർക്കാർ ആവിഷ്‌കരിച്ച സമ്പൂർണ്ണ ഭവന പദ്ധതി ഉൾപ്പടെയുള്ളവ നവംബർ 10ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് പ്രസിദ്ധീകരിച്ച താൽക്കാലിക മുൻഗണനാ പട്ടികയിൽപ്പെട്ടവർക്കാണ് സൗജന്യ അരി ലഭിക്കുക. അന്ത്യോദയ അന്നയോജന വിഭാഗങ്ങളിൽ പെടുന്ന 5,95,800 കാർഡുകളിലെ 25,58,631 ഗുണഭോക്താക്കൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. കാർഡ് ഒന്നിന് 35 കിലോ അരി വീതമാണ് സൗജന്യമായി വിതരണം ചെയ്യുക. താൽക്കാലിക മുൻഗണനാപട്ടികയിലെ ശേഷിക്കുന്നവർക്ക് അഞ്ച് കിലോ ധാന്യം സൗജന്യമായി നൽകും. 28,37,236 കാർഡുകളിലെ 1,29,21,410 ഗുണഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 80:20 അനുപാതത്തിലാണ് വിതരണം. അന്തിമ പട്ടികയ്ക്ക് വിധേയമായാണ് തീരുമാനം.

എപിഎൽ വിഭാഗത്തിലെ കുടുംബങ്ങൾക്ക് രണ്ട് രൂപയ്ക്ക് അരി വിതരണം ചെയ്യും. ആളൊന്നിന് രണ്ട് കിലോഗ്രാമാണ് നൽകുക. സംസ്ഥാനത്തിന്റെ ടൈഡ് ഓവർ വിഹിതത്തിൽ നിന്നും ഇത് നൽകാനാണ് മന്ത്രിസഭയുടെ തീരുമാനം. കരട് മുൻഗണന ഇതരപട്ടികയിൽ പെട്ട 1,21,50,769 ആളുകൾക്ക്, ഇതിന്റെ ഗുണം ലഭിക്കും. ശേഷിക്കുന്ന മുൻഗണനാ ഇതര വിഭാഗത്തിന് ഒരു കിലോ ഗോതമ്പ്, ലഭ്യമായ അളവിൽ അരി എന്നിവ നിലവിൽ നൽകുന്ന എപിഎൽ നിരക്കിൽ വിതരണം ചെയ്യും. സർക്കാർ വകുപ്പുകളിൽ ഒഴിവുവരുന്ന തസ്തികകൾ റിപ്പോർട്ട് ചെയ്യുന്ന കാര്യം ഓരോ മാസവും ചീഫ് സെക്രട്ടറി അവലോകനം ചെയ്യും. ഇത് മന്ത്രിസഭായോഗത്തിൽ റിപ്പോർട്ട് ചെയ്യാനും മന്തിസഭായോഗം തീരുമാനിച്ചു. നിയമനം നടത്തുന്ന കാര്യങ്ങൾ പിഎസ്‌സിയുമായി ചർച്ച ചെയ്യുന്നതിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച വിവിധ പദ്ധതികൾ നവംബർ 10ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. സമ്പൂർണ്ണ ഭവന പദ്ധതിയായ ലൈഫ് മിഷൻ, ശുചിത്വം, മാലിന്യ സംസ്‌കരണം, കൃഷി വികസനം, ജലസംരക്ഷണം എന്നിവക്കായുള്ള ഹരിതകേരളം മിഷൻ പദ്ധതികൾ പ്രഖ്യാപിക്കും. ജനസൗഹൃദ സർക്കാർ ആശുപത്രികൾക്കായുള്ള ആർദ്രം മിഷൻ, പൊതുവിദ്യാഭ്യാസം ശക്തിപെടുത്തുന്നതിനുള്ള പൊതു വിദ്യാഭ്യാസ സംരക്ഷണ മിഷൻ എന്നിവയും അന്ന് പ്രഖ്യാപിക്കും. തദ്ദേശസ്വയംഭരണ അധ്യക്ഷന്മാരുടെ യോഗത്തിലാവും ഇതിന്റെ പ്രഖ്യാപനം നടത്തുക

മിഷനുകളുടെ ഈ വർഷത്തെ വാർഷിക പദ്ധതി ഉന്നതാധികാരസമിതിയിൽ വച്ച് അന്തിമമായി തീരുമാനിക്കും. അധികവിഭവം ഈ വർഷം ആവശ്യമുണ്ടെങ്കിൽ ധനവകുപ്പിന്റെ അംഗീകാരം തേടണം. അത്യാവശ്യം വേണ്ട ജീവനക്കാരുടെ ലഭ്യതക്കും ധനവകുപ്പിന്റെ അനുമതി വേണം. ഇതിനൊക്കെയുള്ള നിർദേശങ്ങൾ ഉന്നതാധികാരസമിതിയുടെ അംഗീകാരത്തോടെ ധനവകുപ്പിന് സമർപ്പിക്കണമെന്നും മന്ത്രിസഭായോഗം നിർദ്ദശിച്ചു.

വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കാൻ ഉന്നതാധികാരസമിതിയെ ചുമതലപ്പെടുത്തി. അടുത്ത വർഷത്തേക്കുള്ള പദ്ധതി നിർദേശങ്ങൾ 201718 ലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കണം. മിഷന്റെ ഒന്നാം വർഷം കഴിയുമ്പോൾ പ്രവർത്തനങ്ങൾ പഞ്ചവത്‌സരപദ്ധതിയിൽ ഉൾപ്പെടുത്താൻ പ്ലാനിങ്ങ് ബോർഡിന് സമർപ്പിക്കണം. മിഷൻ പ്രവർത്തനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിയുമായി ബന്ധിപ്പിക്കാൻ ഉന്നതാധികാരസമിതിയുമായി ചർച്ച ചെയ്ത് രൂപരേഖ ഉണ്ടാക്കണമെന്നും മന്ത്രിസഭ നിർദ്ദേശം നൽകി.

ടിവി അനുപമയെ ഭക്ഷ്യ സുരക്ഷാ കമ്മീഷണർ സ്ഥാനത്തുനിന്ന് മാറ്റി. പകരം സാമൂഹിക നീതി വകുപ്പ് ഡയറക്ടർ ആയാണ് അനുപമയുടെ പുതിയ നിയമനം. വിമുക്തി പ്രൊജക്ടിന്റെ അധികചുമതല കൂടിയുണ്ടാകും. നവജ്യോത് ഖോസയാണ് പുതിയ ഭക്ഷ്യ സുരക്ഷാ കമ്മീഷണർ. കേരള മെഡിക്കൽ സപ്ലൈസ് കോർപ്പറേഷൻ ഡയറക്ടറുടെ അധിക ചുമതലയും നവജ്യോത് ഖോസയ്ക്ക് നൽകി.

മിനി ആന്റണിയാണ് പുതിയ സിവിൽ സപ്ലൈസ് കമ്മീഷണർ. കേരള സ്‌റ്റേറ്റ് ഐടി മിഷൻ ഡയറക്ടറായി ശ്രീറാം സാംബശിവ റാവുവിനെ നിയമിച്ചു. ഇൻഫർമേഷൻ കേരള മിഷന്റെ അധിക ചുമതലയും ശ്രീറാമിന് നൽകും. വി രതീശനാണ് സിവിൽ സപ്ലൈസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ. പി ബാലകിരണിനെ പഞ്ചായത്ത് ഡയറക്ടറായി നിയമിച്ചു. കേരള ലോക്കൽ ഗവൺമെന്റ് സർവ്വീസ് ഡെലിവറി പ്രൊജക്ടിന്റെ അധിക ചുമതല നൽകാനും മന്ത്രിസഭ തീരുമാനിച്ചു.

കാർഷിക മേഖലയുടെ അഭിവയോധികിക്കായി രൂപംനൽകിയ കാർഷിക വികസന സമിതികൾ പുനരുജ്ജീവിപ്പിക്കും. മൂല്യവർദ്ധിത നികുതി ഇൻഫർമേഷൻ സിസ്റ്റത്തിലെ അടിസ്ഥാന സൗകര്യവികസനത്തിന് 16,91,61,198 രൂപയുടെ പുതുക്കിയ ഭരണാനുമതി നൽകി. കൊഴിഞ്ഞാമ്പാറ, എലുമ്പുലാശ്ശേരി (പാലക്കാട്), കൊടുവള്ളി, നരിപ്പറ്റ (കോഴിക്കോട്), കൂത്തുപറമ്പ് (കണ്ണൂർ) എന്നിവിടങ്ങളിൽ ആരംഭിച്ച സർക്കാർ ഐടിഐകളിൽ 29 പുതിയ തസ്തികകൾ സൃഷ്ടിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

കണ്ണൂർ പൂഴാതി വില്ലേജിൽ രാജേന്ദ്രനഗർ കോളനിക്കുസമീപം സ്‌ഫോടനത്തിന് ഇരയായവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം അനുവദിക്കും. 80 വീടുകളിലെ നാശനഷ്ട തുകയായി 1,01,97,000 രൂപ നൽകും. കാർഷിക വിളകൾക്ക് നഷ്ടം സംഭവിച്ചതിന് 55,000 രൂപയും ധനസഹായം നൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP