Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അടുത്ത കൊല്ലം മുതൽ മെഡിക്കൽ കോഴ്‌സുകൾക്കു പ്രത്യേക പ്രവേശന പരീക്ഷ ഇല്ല; പ്രവേശനം നീറ്റ് റാങ്ക് പട്ടികയിൽ നിന്നു മാത്രം; നാട്ടകത്തു റാഗിങ്ങിന് ഇരയായ വിദ്യാർത്ഥികളുടെ ചികിത്സച്ചെലവു സർക്കാർ വഹിക്കും; സർക്കാർ മെഡിക്കൽ കോളേജുകളിൽ 105 പുതിയ തസ്തികകൾ സൃഷ്ടിക്കും; കെഎസ്ആർടിസി ബസ് നിരക്കു സ്വകാര്യ ബസുകളുമായി ഏകീകരിക്കാനും മന്ത്രിസഭാ തീരുമാനം

അടുത്ത കൊല്ലം മുതൽ മെഡിക്കൽ കോഴ്‌സുകൾക്കു പ്രത്യേക പ്രവേശന പരീക്ഷ ഇല്ല; പ്രവേശനം നീറ്റ് റാങ്ക് പട്ടികയിൽ നിന്നു മാത്രം; നാട്ടകത്തു റാഗിങ്ങിന് ഇരയായ വിദ്യാർത്ഥികളുടെ ചികിത്സച്ചെലവു സർക്കാർ വഹിക്കും; സർക്കാർ മെഡിക്കൽ കോളേജുകളിൽ 105 പുതിയ തസ്തികകൾ സൃഷ്ടിക്കും; കെഎസ്ആർടിസി ബസ് നിരക്കു സ്വകാര്യ ബസുകളുമായി ഏകീകരിക്കാനും മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: അടുത്ത അധ്യയനവർഷം മുതൽ മെഡിക്കൽ കോഴ്‌സുകൾക്ക് പ്രത്യേക പ്രവേശന പരീക്ഷ ഉണ്ടാകില്ല. വിദ്യാർത്ഥികൾക്കു നീറ്റ് റാങ്ക് പട്ടികയിൽ നിന്നു പ്രവേശനം നൽകാൻ ഇന്നുചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. 2017-18 അദ്ധ്യയന വർഷം മുതൽ എഞ്ചിനീയറിങ് ഒഴികെ മെഡിക്കൽ, ആയുഷ് , അഗ്രികൾച്ചർ, വെറ്ററിനറി, ഫിഷറീസ്, ഫോറസ്ട്രി എന്നീ പ്രൊഫഷണൽ പഠനമേഖലകളിലാണു കേരളത്തിനു പ്രത്യേകിച്ച് എൻട്രൻസ് പരീക്ഷ നടത്തെണ്ടെന്നു തീരുമാനിച്ചത്.

നാട്ടകം ഗവൺമെന്റ് പോളിടെക്‌നിക് കേളേജിൽ സീനിയർ വിദ്യാർത്ഥികളുടെ റാഗിംഗിനിരയായി ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥികളുടെ ചികിത്സച്ചെലവു വഹിക്കാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായി. അവിനാഷ്, ഷൈജു ടി ഗോപി എന്നീ വിദ്യാർത്ഥികളുടെ ചികിത്സാ സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാകും വഹിക്കുക.

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട് എന്നീ 5 സർക്കാർ മെഡിക്കൽ കോളേജുകളിൽ മെഡിക്കൽ ഓങ്കോളജി, സർജിക്കൽ ഓങ്കോളജി, ഓങ്കോപത്തോളജി വിഭാഗങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ 105 തസ്തികകൾ സൃഷ്ടിക്കും. 50 ഡോക്ടർമാർ, 55 സ്റ്റാഫ് നേഴ്‌സുമാർ എന്നീ തസ്തികകളാണ് സൃഷ്ടിക്കുക. വിവിധ ധനകാര്യസ്ഥാപനങ്ങളിൽ നിന്നും മത്സ്യത്തൊഴിലാളികൾ എടുത്തിട്ടുള്ള കടങ്ങളുടെ തിരിച്ചുപിടിക്കൽ നടപടികൾക്ക് പ്രഖ്യാപിച്ച മൊറട്ടോറിയത്തിന്റെ കാലാവധി കാലാവധി 2017 ഡിസംബർ 31 വരെ ഒരു വർഷത്തേയ്ക്കു കൂടി നീട്ടാനും മന്ത്രിസഭ തീരുമാനിച്ചു. കാലാവധി 2016 ഡിസംബർ 31ന് അവസാനിക്കുകയായിരുന്നു.

കെഎസ്ആർടിസി ബസ് നിരക്കു സ്വകാര്യ ബസുകളുടേതിനു തുല്യമാക്കാനും തീരുമാനമായി. ഇതനുസരിച്ചു മിനിമം ചാർജ് ഏഴുരൂപയാകും. ഡീസൽ വില കുറഞ്ഞതിനെത്തുടർന്നു നേരത്തെ ഓർഡിനറി ബസുകളിൽ നിരക്ക് ഓരോ രൂപ കുറച്ചിരുന്നു. എന്നാൽ, സ്വകാര്യ ബസുകൾ നിരക്കു കുറച്ചിരുന്നില്ല. ഇന്ധനവില വർധിപ്പിച്ച സാഹചര്യത്തിൽ നിരക്കു കൂട്ടാൻ കെഎസ്ആർടിസി നിർബന്ധിതരാകുകയായിരുന്നു. നേരത്തെ, മിനിമം നിരക്ക് 9 രൂപയാക്കണമെന്ന സ്വകാര്യ ബസുടമകളുടെ ആവശ്യം സർക്കാർ നിരസിച്ചിരുന്നു.

മന്ത്രിസഭാ തീരുമാനങ്ങൾ ഇങ്ങനെ:

  • നാട്ടകം ഗവൺമെന്റ് പോളിടെക്‌നിക് കേളേജിൽ സീനിയർ വിദ്യാർത്ഥികളുടെ റാഗിംഗിനിരയായി ചികിത്സയിൽ കഴിയുന്ന അവിനാഷ്, ഷൈജു ടി. ഗോപി എന്നീ വിദ്യാർത്ഥികളുടെ ചികിത്സാ സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് വഹിക്കും.
  • വിവിധ ധനകാര്യസ്ഥാപനങ്ങളിൽ നിന്നും മത്സ്യത്തൊഴിലാളികൾ എടുത്തിട്ടുള്ള കടങ്ങളുടെ തിരിച്ചുപിടിക്കൽ നടപടികൾക്ക് പ്രഖ്യാപിച്ച മൊറിട്ടോറിയത്തിന്റെ കാലാവധി 2017 ജനുവരി 1 മുതൽ ഡിസംബർ 31 വരെ ഒരു വർഷത്തേയ്ക്കു കൂടി നീട്ടി. മൊറട്ടോറിയത്തിന്റെ കാലാവധി 2016 ഡിസംബർ 31ന് അവസാനിക്കുകയാണ്.
  • 2017-18 അദ്ധ്യയന വർഷം മുതൽ എഞ്ചിനീയറിങ് ഒഴികെ മെഡിക്കൽ, ആയുഷ്, അഗ്രികൾച്ചർ, വെറ്ററിനറി, ഫിഷറീസ്, ഫോറസ്ട്രി എന്നീ പ്രൊഫഷണൽ പഠനമേഖലകളിൽ കേരളം പ്രത്യേകിച്ച് എൻട്രൻസ് ടെസ്റ്റ് നടത്തില്ല. നീറ്റ് റാങ്ക് ലിസ്റ്റ് ഇതിന് ബാധകമാക്കുകയും അതിൽ നിന്ന് കുട്ടികളെ പ്രവേശിപ്പിക്കുകയും ചെയ്യും.
  • തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട് എന്നീ 5 സർക്കാർ മെഡിക്കൽ കോളേജുകളിൽ മെഡിക്കൽ ഓങ്കോളജി, സർജിക്കൽ ഓങ്കോളജി, ഓങ്കോപത്തോളജി വിഭാഗങ്ങൾ ആരംഭിക്കുന്നതിനായി ആവശ്യമായ 105 തസ്തികകൾ സൃഷ്ടിക്കുന്നതിന് അനുമതി നൽകി. 50 ഡോക്ടർമാർ, 55 സ്റ്റാഫ് നേഴ്‌സുമാർ എന്നീ തസ്തികകളാണ് സൃഷ്ടിക്കുക.
  • വനിതകൾക്കുവേണ്ടിയുള്ള തുറന്ന ജയിലിലെ ഉപദേശക സമിതി ശുപാർശ പ്രകാരം അന്നമ്മ, ലക്ഷ്മി, ഓമന എന്നീ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരെ അവർ ശിക്ഷ അനുഭവിച്ച കാലയളവിൽ ശിക്ഷാകാലം നിജപ്പെടുത്തി അകാലവിടുതൽ നൽകാൻ ഗവർണറോട് ശുപാർശ ചെയ്യും.
  • കെ.എസ്.ആർ.ടി.സി ഓർഡിനറി ബസിലെ യാത്രാനിരക്ക് സ്വകാര്യ ബസ്സ് യാത്രാനിരക്കുമായി ഏകീകരിച്ചു.
  • റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഹൈസ്‌കൂൾ അസിസ്റ്റന്റ് എൻ.ടി. ബാലകൃഷ്ണന്റെ ആരോഗ്യസ്ഥിതിയിൽ പുരോഗതി ഉണ്ടാകുന്നതുവരെ അദ്ദേഹത്തെ പെരുവള്ളൂർ ജി.എച്ച്.എസ്.എസിൽ പേഴ്‌സൺസ് വിത്ത് ഡിസ്എബിലിറ്റീസ് ആക്ട് പ്രകാരം എച്ച്.എസ്.എ(ഗണിതം)യുടെ ഒരു സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നൽകാൻ തീരുമാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP