Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിദ്യാർത്ഥി യൂണിയനുകൾ രൂപീകരിക്കാനും പ്രവർത്തന സ്വാതന്ത്ര്യം ഉറപ്പുവരുത്താനും ലക്ഷ്യമിട്ട് നിയമനിർമ്മാണം; കടൽക്ഷോഭത്തിൽ ജീവനോപാധി നഷ്ടപ്പെട്ടവർക്ക് ആനുകൂല്യം; മന്ത്രിസഭായോഗ തീരുമാനങ്ങൾ ഇങ്ങനെ

വിദ്യാർത്ഥി യൂണിയനുകൾ രൂപീകരിക്കാനും പ്രവർത്തന സ്വാതന്ത്ര്യം ഉറപ്പുവരുത്താനും ലക്ഷ്യമിട്ട് നിയമനിർമ്മാണം; കടൽക്ഷോഭത്തിൽ ജീവനോപാധി നഷ്ടപ്പെട്ടവർക്ക് ആനുകൂല്യം; മന്ത്രിസഭായോഗ തീരുമാനങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥി യൂണിയനുകൾ രൂപീകരിക്കുന്നതിനും വിദ്യാർത്ഥികളുടെ ന്യായമായ താൽപര്യങ്ങളും അക്കാദമിക് അവകാശങ്ങളും സംരക്ഷിക്കുന്നതിനുള്ള പ്രവർത്തന സ്വാതന്ത്ര്യം ഉറപ്പു വരുത്താനും ലക്ഷ്യമിട്ട് നിയമ നിർമ്മാണം നടത്താൻ മന്ത്രിസഭ തീരുമാനിച്ചു. ഇതു സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. 2019-ലെ കേരള വിദ്യാർത്ഥി യൂണിയനുകളും വിദ്യാർത്ഥി പരിഹാര അഥോറിറ്റിയും ആക്ട് എന്നാണ് നിർദിഷ്ട നിയമത്തിന്റെ പേര്. സംസ്ഥാനത്തെ കേന്ദ്ര സർവകലാശാലയും കൽപ്പിത സർവകലാശാലകളും ഉൾപ്പെടെയുള്ള എല്ലാ സർവകലാശാലകളും മറ്റു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതിന്റെ പരിധിയിൽ വരും. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ന്യായമായ പരാതികൾക്ക് പരിഹാരം കാണാനുള്ള അഥോറിറ്റി രൂപീകരണം ബില്ലിൽ ഉൾപ്പെടുന്നുണ്ട്. ജില്ലാ ജഡ്ജിയായി സേവനമനുഷ്ഠിച്ച വ്യക്തിയോ ജില്ലാ ജഡ്ജിയാകാൻ യോഗ്യതയുള്ള അഭിഭാഷകനോ അധ്യക്ഷനായി പരാതി പരിഹാര അഥോറിറ്റി രൂപീകരിക്കണമെന്നാണ് ബില്ലിൽ നിർദ്ദേശിച്ചിട്ടുള്ളത്.

കടൽക്ഷോഭം - ജീവനോപാധി നഷ്ടപ്പെട്ടവർക്ക് ആനുകൂല്യം

മത്സ്യത്തൊഴിലാളി ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്തവരും കടൽക്ഷോഭം കാരണം ജീവനോപാധി നഷ്ടപ്പെട്ടവരുമായ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് എൻ.ഡി.ആർ.എഫിന്റെ നിലവിലെ വ്യവസ്ഥകൾ അനുസരിച്ച് നൽകാവുന്ന ധനസഹായത്തിന് പുറമെ ആവശ്യമെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പരമാവധി 2000 രൂപ വീതം നൽകാൻ തീരുമാനിച്ചു.

വിവിധ ആവശ്യങ്ങൾക്ക് ലാന്റ് റവന്യൂ വകുപ്പിന്റെ നിയന്ത്രണത്തിലും ലാന്റ് ബോർഡ് ഓഫീസിന്റെ നിയന്ത്രണത്തിലും പ്രവർത്തിക്കുന്ന ഓഫീസുകളിലെ 1977 താൽക്കാലിക തസ്തികകൾക്ക് 2019 ഏപ്രിൽ ഒന്നു മുതൽ ഒരു വർഷത്തേക്ക് തുടർച്ചാനുമതി നൽകാൻ തീരുമാനിച്ചു.

കൃഷി വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച ബി. പ്രമോദിനെ പ്ലാന്റേഷൻ കോർപ്പറേഷൻ മാനേജിങ് ഡയറക്ടറായി നിയമിക്കാൻ തീരുമാനിച്ചു.

വനം വകുപ്പിൽ വിവിധ തസ്തികകളിലായി ജോലി ചെയ്യുന്ന 30 ദിവസ വേതന ജീവനക്കാരെ വാച്ചർ തസ്തികയിൽ സൂപ്പർന്യൂമററി തസ്തിക സൃഷ്ടിച്ചും വിരമിക്കൽ പ്രായമായ 5 ജീവനക്കാരെ പെൻഷൻ ആനുകൂല്യങ്ങൾക്ക് മാത്രം പരിഗണിച്ചുകൊണ്ട് നോഷണലായും സ്ഥിരപ്പെടുത്താൻ തീരുമാനിച്ചു.

72-ാമത് സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീമിലെ 11 പേരെ പൊതുവിദ്യാഭ്യാസ വകുപ്പിൽ എൽ.ഡി.ക്ലാർക്ക് തസ്തികയിൽ സൂപ്പർന്യൂമററി ആയി നിയമിക്കാൻ തീരുമാനിച്ചു.

വൈറ്റില മൊബിലിറ്റി ഹബ്ബ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് കൊച്ചി മെട്രോ റെയിൽ സമർപ്പിച്ച പദ്ധതി രൂപരേഖക്ക് വ്യവസ്ഥകൾക്ക് വിധേയമായി അംഗീകാരം നൽകാൻ തീരുമാനിച്ചു. മൊത്തം 571 കോടി രൂപ അടങ്കൽ വരുന്ന പദ്ധതിക്ക് ഭരണാനുമതി നൽകാനും നിശ്ചയിച്ചു.

1999-ലെ കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങളും 2011-ലെ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങളും പരിഷ്‌കരിക്കുന്നതിനുള്ള കരട് നിർദ്ദേശങ്ങൾ മന്ത്രിസഭ അംഗീകരിച്ചു.

2020 വർഷത്തെ പൊതു അവധിയും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധിയും അംഗീകരിച്ചു.

പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോഴുള്ള രക്ഷാപ്രവർത്തനം, മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ, വി.ഐ.പികളുടെ യാത്രാ സുരക്ഷ, വ്യോമ നിരീക്ഷണം, തീരദേശ പട്രോളിങ് മുതലായ ആവശ്യങ്ങൾക്ക് പൊലീസ് വകുപ്പിന് ഹെലികോപ്ടർ വാടകയ്ക്ക് എടുക്കുന്നതിന് തത്വത്തിൽ അനുമതി നൽകാൻ തീരുമാനിച്ചു.

ആർദ്രം മിഷൻ കൂടുതൽ ജനകീയവും വിപുലവുമാക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ ആരോഗ്യ മന്ത്രി അധ്യക്ഷയായി കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചു. ധനകാര്യ മന്ത്രി, തദ്ദേശസ്വയംഭരണ മന്ത്രി, ഭക്ഷ്യ മന്ത്രി എന്നിവർ കമ്മിറ്റിയുടെ സഹ ചെയർമാന്മാരായിരിക്കും

ഡിലിമിറ്റേഷൻ കമ്മീഷൻ

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിയോജകമണ്ഡല അതിർത്തി പുനർനിർണയിക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ ചെയർമാനായി ഡിലിമിറ്റേഷൻ കമ്മീഷൻ രൂപീകരിക്കാൻ തീരുമാനിച്ചു. 2020 ഒക്ടോബറിൽ നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരമാണ് കമ്മീഷൻ രൂപീകരിച്ചത്. ശാരദ മുരളീധരൻ (പ്രിൻസിപ്പൽ സെക്രട്ടറി, തദ്ദേശസ്വയംഭരണ വകുപ്പ്), സജ്ഞയ് ഗാർഗ് (പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പ്), കെ.ആർ. ജ്യോതിലാൽ (ഗതാഗത വകുപ്പ്), എ. ഷാജഹാൻ (പൊതുവിദ്യാഭ്യാസ വകുപ്പ്) എന്നിവർ കമ്മീഷൻ അംഗങ്ങളാണ്.

നിയമനങ്ങൾ, മാറ്റങ്ങൾ

കൊല്ലം കലക്ടർ ബി. അബ്ദുൾ നാസറിനെ വയനാട് കലക്ടറായി നിയമിക്കാൻ തീരുമാനിച്ചു. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ എം. അഞ്ജനയാണ് പുതിയ കൊല്ലം കലക്ടർ.

വയനാട് കലക്ടർ അജയകുമാറിനെ കൃഷി ഡയറക്ടറായി നിയമിക്കും.

കെ.എസ്.ടി.പി. പ്രൊജക്ട് ഡയറക്ടർ ആനന്ദ് സിംഗിനെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കാൻ തീരുമാനിച്ചു. ജി.എസ്.ടി. സ്‌പെഷൽ കമ്മീഷണറുടെ അധിക ചുമതല അദ്ദേഹം വഹിക്കും.

അവധിയിലായിരുന്ന രാജമാണിക്യമാണ് പുതിയ കെ.എസ്.ടി.പി. പ്രൊജക്ട് ഡയറക്ടർ.

സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്‌സ് ഡയറക്ടർ ജെറോമിക് ജോർജിന് തുറമുഖ വകുപ്പിന്റെ അധിക ചുമതല നൽകാൻ തീരുമാനിച്ചുജി.എ.ഡി. ഡെപ്യൂട്ടി സെക്രട്ടറി രേണു രാജിന് ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ ചുമതല നൽകാനും തീരുമാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP