Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബ്രഹ്മപുരം ഡീസൽ പ്ലാന്റ് അടച്ചു പൂട്ടി; ഡീസൽ വില കൂടിയതോടെ വൈദ്യുതി ബോർഡിനുണ്ടാക്കിയത് വൻ സാമ്പത്തിക ബാധ്യത

ബ്രഹ്മപുരം ഡീസൽ പ്ലാന്റ് അടച്ചു പൂട്ടി; ഡീസൽ വില കൂടിയതോടെ വൈദ്യുതി ബോർഡിനുണ്ടാക്കിയത് വൻ സാമ്പത്തിക ബാധ്യത

സ്വന്തം ലേഖകൻ

കൊച്ചി: കേരളത്തിലെ ആദ്യ ഡീസൽ വൈദ്യുതി നിലയമായ കൊച്ചിയിലെ ബ്രഹ്മപുരം ഡീസൽ പ്ലാന്റ് അടച്ചു പൂട്ടി. പ്ലാന്റിന്റെ പ്രവർത്തനം നിർത്തലാക്കിയതിന്റെ ഭാഗമായി ജീവനക്കാരെ വൈദ്യുതി ബോർഡിന്റെ മറ്റ് ഡിവിഷനുകളിലേക്ക് മാറ്റി. നിലയം ബോർഡിന് കനത്ത സാമ്പത്തിക ബാധ്യത ഉണ്ടാക്കിയതോടെയാണ് പ്ലാന്റ് അടച്ച് പൂട്ടിയത്. നിലയത്തിന്റെ പ്രവർത്തനത്തിനായി സൂക്ഷിച്ചിരുന്ന ഇന്ധനം കോഴിക്കോട്ടുള്ള നല്ലളം വൈദ്യുതി നിലയത്തിലേക്ക് മാറ്റി.

ഡീസൽ വില ഉയരുന്നതിനാൽ വൈദ്യുതി ഉത്പാദനം നേരത്തെ തന്നെ അവസാനിപ്പിച്ചിരുന്നു. ഡീസൽ നിലയം ഉപയോഗപ്പെടുത്താതെ തന്നെ സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യങ്ങൾ നിർവഹിക്കാൻ കഴിയുമെന്നാണ് ബോർഡിന്റെ കണ്ടെത്തൽ. ഡീസൽ ഉൾപ്പെടെയുള്ള ഇന്ധനത്തിന്റെ വില കുത്തനെ ഉയരുന്നതിനാൽ അത്തരം ഇന്ധനം ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനം കനത്ത നഷ്ടമാകുമെന്നാണ് വൈദ്യുതി ബോർഡിന്റെ വിലയിരുത്തൽ. കഴിഞ്ഞ ആറു വർഷമായി വെറും 28 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമാണ് ഇവിടെ ഉത്പാദിപ്പിച്ചത്.

നിലയം പ്രവർത്തിപ്പിക്കുമ്പോൾ, വിവിധ ഏജൻസികൾക്ക് ഫീസ് ഇനത്തിലും മറ്റുമായി ലക്ഷങ്ങൾ നൽകേണ്ടി വരുന്നു. ജീവനക്കാരുടെ ശമ്പളം ഇതിനു പുറമെയാണ്. വൈദ്യുതി നിലയം ബോർഡിന് വൻ സാമ്പത്തിക ബാധ്യതയാണുണ്ടാക്കുന്നത്. ബ്രഹ്മപുരത്ത് സോളാർ പ്ലാന്റ് പദ്ധതിയും കെ.എസ്.ഇ.ബി.യുടെ പരിഗണനയിലുണ്ട്. ഇവിടെയുണ്ടായിരുന്ന സ്ഥിരം ജീവനക്കാരെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിയെങ്കിലും താത്കാലിക ജീവനക്കാരാണ് കുഴപ്പത്തിലായത്. 29 പേരാണ് താത്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നത്. ഇവരെയെല്ലാം ബോർഡ് പിരിച്ചുവിടുകയായിരുന്നു. 23 വർഷം വരെ സർവീസുള്ള ജീവനക്കാർ വെറും കൈയോടെ പുറത്തേക്കു പോയി.

23 വർഷം മുമ്പാണ് പ്ലാന്റ് പ്രവർത്തനമാരംഭിച്ചത്. ഇതോടൊപ്പം 220 കെ.വി. സബ് സ്റ്റേഷനുമുണ്ട്. ഏതാണ്ട് 350 കോടി രൂപയാണ് ഇതിന് ചെലവായത്. 80 ഹെക്ടർ ഭൂമിയാണ് ഇതിനായി ഏറ്റെടുത്തത്. പിന്നീട് ഇതിൽനിന്ന് കുറെ ഭൂമി സ്മാർട്ട് സിറ്റി പദ്ധതിക്കായി നൽകി. മൊത്തം അഞ്ച് ജനറേറ്ററുകളാണ് നിലയത്തിലുള്ളത്. ഇതിൽ രണ്ടെണ്ണം നേരത്തെ തകരാറിലായി. നന്നാക്കുന്നതിന് സ്‌പെയർ പാർട്സുകൾ കിട്ടാതായതോടെ, ഇവ സ്‌ക്രാപ്പാക്കി വിൽക്കുന്നതിന് തീരുമാനമെടുത്തിരുന്നു. ശേഷിക്കുന്ന മൂന്ന് ജനറേറ്ററുകളുടെ മൂല്യം നിശ്ചയിച്ചു കഴിഞ്ഞു. ഇവയുടെ കാര്യത്തിൽ പിന്നീട് തീരുമാനമുണ്ടാകും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP