Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വടക്കന്റെ 'വീരഗാഥ' തൃശൂരിൽ വിലപ്പോവില്ലെന്ന് ബിജെപിയിൽ അടക്കം പറച്ചിൽ; കോൺഗ്രസ്സുകാർ തട്ടിക്കളിച്ച ടോം വടക്കനെ ചുമക്കേണ്ടി വരുന്നത് പാർട്ടിക്ക് തിരിച്ചടിയാകുമോ എന്നും പേടി; വടക്കനെ ഡൽഹിയിൽ തന്നെ ഇരുത്തിയാൽ മതിയെന്നാവശ്യപ്പെട്ട് പ്രവർത്തകരും; ബിജെപിയിലേക്ക് ചേക്കേറിയ ആദ്യ ദിനം തന്നെ വടക്കനെ ചൊല്ലി ബിജെപിയിൽ കശപിശ

വടക്കന്റെ 'വീരഗാഥ' തൃശൂരിൽ വിലപ്പോവില്ലെന്ന് ബിജെപിയിൽ അടക്കം പറച്ചിൽ; കോൺഗ്രസ്സുകാർ തട്ടിക്കളിച്ച ടോം വടക്കനെ ചുമക്കേണ്ടി വരുന്നത് പാർട്ടിക്ക് തിരിച്ചടിയാകുമോ എന്നും പേടി; വടക്കനെ ഡൽഹിയിൽ തന്നെ ഇരുത്തിയാൽ മതിയെന്നാവശ്യപ്പെട്ട് പ്രവർത്തകരും; ബിജെപിയിലേക്ക് ചേക്കേറിയ ആദ്യ ദിനം തന്നെ വടക്കനെ ചൊല്ലി ബിജെപിയിൽ കശപിശ

കെ എം അക്‌ബർ

തൃശൂർ: കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ ടോം വടക്കനെ സംസ്ഥാനത്ത് ബിജെപി എ ക്ലാസ് മണ്ഡലമായി കണക്കാക്കുന്ന തൃശൂരിൽ സ്ഥാനാർത്ഥിയാക്കിയേക്കുമെന്ന പ്രചാരണം ശക്തമായതോടെ ഒരു വിഭാഗം ബിജെപി പ്രവർത്തകരിൽ ആശങ്ക. സാധ്യതയുള്ള ഒരു മണ്ഡലം കേരളത്തിൽ കാര്യമായ സ്വാധീനമില്ലാത്ത ഒരാൾക്ക് നൽകുന്നത് അത്മഹത്യാപരമായിരിക്കുമെന്നാണ് ജില്ലയിലെ പാർട്ടി നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. കോൺഗ്രസ് വക്താവായിരിക്കുമ്പോൾ തന്നെ കോൺഗ്രസ് പ്രവർത്തകർക്ക് പോലും വിലയില്ലാതെ തട്ടിക്കളിച്ച ടോം വടക്കനെ പൊക്കി നടക്കുന്നത് തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയാകുമോ എന്നും ബിജെപി നേതൃത്വം ഭയപ്പെടുന്നു.

മുമ്പ് ലോക്സഭയിലേക്ക് തൃശൂരിൽ നിന്നും രണ്ടു തവണ മത്സരിക്കാൻ ശ്രമം നടത്തിയെങ്കിലും യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്നാണ് ടോം വടക്കന് തന്റെ ആഗ്രഹം നടക്കാതെ പോയത്. 2009ൽ ആഗ്രഹം കൈപ്പിടിയിൽ ഒതുക്കുമെന്ന് കരുതിയെങ്കിലും യൂത്ത് കോൺഗ്രസ് സംസ്ഥാന വക്താവായിരുന്ന ഇപ്പോഴത്തെ കോൺഗ്രസ് ഗുരുവായൂർ ബ്ലോക്ക് പ്രസിഡന്റ് സി എ ഗോപപ്രതാപൻ നടത്തിയ വാർത്താ സമ്മേളനം അത് തട്ടിത്തെറിപ്പിച്ചു. തൃശൂർ മണ്ഡലത്തിൽ എഐസിസി ജനറൽ സെക്രട്ടറി ടോം വടക്കനാണ് സ്ഥാനാർത്ഥിയെങ്കിൽ അദ്ദേഹത്തിനെതിരെ മത്സരിക്കുമെന്നായിരുന്നു അന്ന് തൃശൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഗോപപ്രതാപൻ പ്രഖ്യാപിച്ചത്.

താൻ റിബൽ സ്ഥാനാർത്ഥിയല്ലെന്നും യഥാർത്ഥ കോൺഗ്രസുകാരുടെ സ്ഥാനാർത്ഥിയായിരിക്കുമെന്നും ഗോപപ്രതാപൻ പറഞ്ഞതോടെ ഗോപപ്രതാപനെ സംഘടനയിൽ നിന്നും ആറു വർഷത്തേക്ക് കെപിസിസി സസ്പെൻഡ് ചെയ്തു. എന്നാൽ, ഇതിനെതിരേ തൃശൂരിൽ യൂത്ത് കോൺഗ്രസ്സുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങി. ആയിരത്തിലധികം പ്രവർത്തകർ ടോംവടക്കനെ തെറിവിളിച്ചും ഗോപപ്രതാപനെ അനുകൂലിച്ചും നടത്തിയ പ്രകടനം കെപിസിസി നേതൃത്വത്തിന്റെ കണ്ണു തുറപ്പിച്ചു. സ്വന്തം നാട്ടിൽ പോലും വടക്കന് വിലയില്ലെന്ന് തിരിച്ചറിഞ്ഞ നേതൃത്വം ഗോപപ്രതാപനെതിരേയുള്ള നടപടി മാസങ്ങൾക്കുള്ളിൽ തന്നെ പിൻവലിച്ചു.

അതുകൊണ്ടു തന്നെ വടക്കന്റെ ഇല്ലാത്ത 'വീരഗാഥ' തൃശൂരിൽ വിലപ്പോവില്ലെന്നാണ് ബിജെപിയിലെ ഒരു വിഭാഗം നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. അതേ സമയം വടക്കനെ സ്ഥാനാർത്ഥിയാക്കിയാൽ ക്രിസ്ത്യൻ വോട്ടുകളടക്കം ശേഖരിക്കാനാവുമെന്നാണ് ഒരു വിഭാഗം ബിജെപി നേതാക്കളുടെ കണക്കു കൂട്ടൽ. എന്നാൽ, സാധാരണ കോൺഗ്രസ് പ്രവർത്തകർക്ക് പോലും പോലും വിലയില്ലാത്തയാളാണ് ടോം വടക്കനെന്ന് കെ സുരേന്ദ്രനെ തൃശൂരിൽ സ്ഥാനാർത്ഥിയാക്കണമെന്നാഗ്രഹിക്കുന്ന ബിജെപി നേതാക്കൾ പറയുന്നു.

ഇതോടെ വടക്കന്റെ വരവ് മൂലം എൻഡിഎ യിലെ സ്ഥാനാർത്ഥിത്വം കൂടുതൽ പ്രതിസന്ധികളിലേക്ക് നീങ്ങിയിരിക്കുന്നതായാണ് വിവരം. ബിഡിജെഎസിന് സ്വാധീനം കൂടുതലുണ്ടെന്ന് അവകാശപ്പെടുന്ന തൃശൂരിൽ സീറ്റ് തുഷാർ വെള്ളാപ്പിള്ളിക്ക് നൽകണമെന്നാണ് ബിഡിജെഎസ് ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ തൃശൂർ സീറ്റ് ബിജെപിക്ക് തന്നെ വേണമെന്ന നിലപാടാണ് സംസ്ഥാന നേതൃത്വം സ്വീകരിച്ചിരുന്നത്. ബിജെപി സ്ഥാനാർത്ഥിയായി കെ സുരേന്ദ്രനെ നിർത്തണമെന്നും ബിജെപിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നു. എന്നാൽ സീറ്റ് ആർക്കെന്നുള്ള കാര്യത്തിൽ തന്നെ ആശയക്കുഴപ്പം നിലനിൽക്കവെ ടോം വടക്കന്റെ ബിജെപിയിലേക്കുള്ള വരവ് ഗുണമാണോ ദോശമാണോ എന്ന കാര്യം കാത്തിരുന്നു കാണേണ്ടി വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP