Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റോമൻ കത്തോലിക്കാ സഭയുടെ ആദ്യത്തെ തദ്ദേശീയ മെത്രാപ്പൊലീത്ത: ആർച്ച് ബിഷപ് അട്ടിപ്പേറ്റി ഇന്ന് ദൈവദാസൻ പദവിയിലേക്ക്; 50ാം ചരമവാർഷിക ദിനത്തിൽ കുർബാനമധ്യേ പ്രഖ്യാപനം നടത്തിയത് വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

റോമൻ കത്തോലിക്കാ സഭയുടെ ആദ്യത്തെ തദ്ദേശീയ മെത്രാപ്പൊലീത്ത: ആർച്ച് ബിഷപ് അട്ടിപ്പേറ്റി ഇന്ന് ദൈവദാസൻ പദവിയിലേക്ക്; 50ാം ചരമവാർഷിക ദിനത്തിൽ കുർബാനമധ്യേ പ്രഖ്യാപനം നടത്തിയത് വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പ്രാർത്ഥനകളും സ്മരണകളും നിറഞ്ഞ സായാഹ്നത്തിൽ ആർച്ച്ബിഷപ് ഡോ. ജോസഫ് അട്ടിപ്പേറ്റിയെ ദൈവദാസനായി പ്രഖ്യാപിച്ചു. ഡോ. അട്ടിപ്പേറ്റിയുടെ ഭൗതികശരീരം അടക്കം ചെയ്ത എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ അദ്ദേഹത്തിന്റെ 50-ാം ചരമവാർഷിക ദിനത്തിൽ വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലാണു കുർബാനമധ്യേ പ്രഖ്യാപനം നടത്തിയത്. വരാപ്പുഴ അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപ്പൊലീത്ത പുണ്യസ്മരണാർഹനായ അഭിവന്ദ്യ ജോസഫ് അട്ടിപ്പേറ്റി പിതാവ് ദിവംഗതനായിട്ട് 2020 ജനുവരി 21-ാം തീയതി 50 വർഷം തികയുകയാണ്.

കേരളത്തിലെ റോമൻ കത്തോലിക്കാ സഭയുടെ ആദ്യത്തെ തദ്ദേശീയ മെത്രാപ്പൊലീത്ത ഡോ. ജോസഫ് അട്ടിപ്പേറ്റിയെ വിശുദ്ധ പദത്തിലേക്ക് അംഗീകരിച്ചുകൊണ്ട് ദൈവദാസനായി പ്രഖ്യാപിച്ചത്. ദൈവത്തിന്റെ മനുഷ്യനായിരുന്ന ആർച്ച് ബിഷപ് അട്ടിപ്പേറ്റി ഭാരത സഭയിൽ സുവിശേഷവത്കരണത്തിന്റെ നൂതന സരണികൾ വെട്ടിത്തുറന്നവരിൽ ഒരാളാണെന്ന് ആമുഖ പ്രഭാഷണത്തിൽ അദ്ദേഹം അനുസ്മരിച്ചു. ആർച്ച് ബിഷപ് എമരിറ്റസ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ, കേരള റീജൺ ലാറ്റിൻ കാത്തലിക് ബിഷപ്സ് കൗൺസിൽ പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയിൽ, ബിഷപ്പുമാരായ ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ, ഡോ. അലക്‌സ് വടക്കുംതല, ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ, ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ എന്നിവരും വരാപ്പുഴ, കോട്ടപ്പുറം രൂപതകളിൽ നിന്നുള്ള വൈദികരും സന്ന്യസ്തരും തിരുക്കർമങ്ങളിൽ സഹ കാർമികത്വം വഹിച്ചു. എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തൻ വികാർ ആർച്ച് ബിഷപ് മാർ ആന്റണി കരിയിലും പങ്കെടുത്തു. ദൈവദാസന്റെ മാതൃ ഇടവകയായ ഓച്ചന്തുരുത്ത് കുരിശിങ്കൽ ക്രൂസ് മിലാഗ്രിസിൽനിന്ന് അട്ടിപ്പേറ്റി കുടുംബാംഗങ്ങളും ഇടവക പ്രതിനിധികളും ദൈവദാസപദ പ്രഖ്യാപനത്തിനു സാക്ഷ്യം വഹിക്കാനെത്തി.

ദൈവദാസന്റെ കബറിടം, ജന്മസ്ഥലം, ജീവിതം ചെലവഴിച്ച പ്രധാനപ്പെട്ട സ്ഥലങ്ങൾ, മരണമടഞ്ഞ സ്ഥലം എന്നിവ ഔദ്യോഗികമായി പരിശോധിച്ച് നിയമവിരുദ്ധമായ വണക്കങ്ങൾ നടത്തിയതിന്റെ അടയാളങ്ങൾ ഒന്നുംതന്നെ കണ്ടെത്തിയില്ല എന്ന സർട്ടിഫിക്കറ്റ് ആർച്ച് ബിഷപ് റോമിലേക്ക് അയയ്ക്കും. ദൈവദാസൻ എന്നാണ് ഇനി ഔദ്യോഗിക രേഖകളിലെല്ലാം ആർച്ച് ബിഷപ് അട്ടിപ്പേറ്റിയെ വിശേഷിപ്പിക്കുക. 1894 ജൂൺ 25-ന് വൈപ്പിൻകര ഓച്ചന്തുരുത്ത് ക്രൂസ് മിലാഗ്രിസ് ഇടവകയിലാണ് ജനനം.

1926-ൽ റോമിലെ വികാരി ജനറൽ കർദിനാൾ ബസീലിയോ പോംപിലിയിൽനിന്ന് വൈദികപട്ടം സ്വീകരിച്ചു. 1933 ജൂൺ 11-ന് വത്തിക്കാൻ സെയ്ന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പതിനൊന്നാം പീയൂസ് പാപ്പായുടെ കൈവയ്പിലൂടെ മെത്രാനായി അഭിഷിക്തനായി. 1934 നവംബർ 15 ആർച്ച് ബിഷപ് എയ്ഞ്ചൽ മേരി പെരെസ് സെസിലിയയിൽ നിന്ന് ആർച്ച് ബിഷപ്പായി ചുമതലയേൽക്കൽ. തുടർന്ന് ഡിസംബർ 21-ന് എറണാകുളം സെയ്ന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ ആർച്ച് ബിഷപ്പായി സ്ഥാനാരോഹണം. 1970 ജനുവരി 21-ന് കാലം ചെയ്തു. 39-ാം വയസ്സിൽ വരാപ്പുഴ അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപ്പൊലീത്തയായി സ്ഥാനമേൽക്കുമ്പോൾ അദ്ദേഹം ഇന്ത്യ, ബർമ, സിലോൺ എന്നിവ ഉൾപ്പെടുന്ന ഉപഭൂഖണ്ഡത്തിലെ കത്തോലിക്കാ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ വൈദിക മേലധ്യക്ഷനും ഇന്ത്യയിലെയും തെക്കൻ, തെക്കുകിഴക്കൻ ഏഷ്യയിലെയും പ്രഥമ തദ്ദേശീയ മെത്രാപ്പൊലീത്തയുമായിരുന്നു.

ദൈവദാസന്റെ നാമകരണത്തിനായുള്ള അതിരൂപതാ തലത്തിലുള്ള കാനോനികവും നൈയാമികവുമായ അന്വേഷണങ്ങൾക്കായി ആർച്ച് ബിഷപ് കളത്തിപ്പറമ്പിൽ പ്രത്യേക ട്രിബ്യൂണൽ രൂപവത്കരിക്കും. കപ്പുച്ചിൻ സന്ന്യാസ സമൂഹാംഗമായ ഫാ. ആൻഡ്രൂസ് അലക്സാണ്ടറാണ് പോസ്റ്റുലേറ്റർ. ദൈവദാസന്റെ ജീവിത വിശുദ്ധിയും സുകൃതപുണ്യങ്ങളും വിശുദ്ധിയുടെ പ്രസിദ്ധിയും സംബന്ധിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ധീരമായ വിശ്വാസസാക്ഷ്യം സ്ഥിരീകരിക്കുന്ന മുറയ്ക്ക് അർഥിയെ ധന്യനായി പരിശുദ്ധ പിതാവ് പ്രഖ്യാപിക്കും.

ധന്യന്റെ മാധ്യസ്ഥ്യത്താൽ നടക്കുന്ന അദ്ഭുതങ്ങളിലൊന്ന് ദൈവശാസ്ത്ര വിദഗ്ദ്ധരും മെഡിക്കൽ വിദഗ്ദ്ധരും ഉൾപ്പെടുന്ന സമിതികൾ സൂക്ഷ്മമായി പഠിച്ച് പ്രകൃത്യതീതമെന്നു സ്ഥിരീകരിച്ചതിനു ശേഷം തിരുസംഘത്തിലെ കർദിനാൾമാരുടെയും മെത്രാപ്പൊലീത്തമാരുടെയും മറ്റും സമിതി അംഗീകരിച്ച് സമർപ്പിക്കും. അത് അംഗീകരിച്ചുകൊണ്ട് വാഴ്‌ത്തപ്പെട്ടവൻ എന്ന് പരിശുദ്ധ പിതാവ് പ്രഖ്യാപിക്കുന്നതാണ് അടുത്ത ഘട്ടം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP