Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202119Sunday

ഉമ്മൻ ചാണ്ടിയുടെ ലെറ്റർ ഹെഡിൽ വ്യാജരേഖ നിർമ്മിച്ച കേസിൽ ബിജു രാധാകൃഷ്ണന് നാലു വർഷം തടവും മൂവായിരം രൂപ പിഴയും ശിക്ഷ; രണ്ടാം പ്രതിയായ കംപ്യൂട്ടർ വിദഗ്ധൻ കേസിൽ മാപ്പുസാക്ഷി

ഉമ്മൻ ചാണ്ടിയുടെ ലെറ്റർ ഹെഡിൽ വ്യാജരേഖ നിർമ്മിച്ച കേസിൽ ബിജു രാധാകൃഷ്ണന് നാലു വർഷം തടവും മൂവായിരം രൂപ പിഴയും ശിക്ഷ; രണ്ടാം പ്രതിയായ കംപ്യൂട്ടർ വിദഗ്ധൻ കേസിൽ മാപ്പുസാക്ഷി

അഡ്വ നാഗരാജ്

തിരുവനന്തപുരം: പ്രവാസിയെ വിശ്വാസ വഞ്ചന ചെയ്ത് ചതിച്ച് 75 ലക്ഷം രൂപ തട്ടിയെടുക്കാനായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ലെറ്റർ ഹെഡിൽ വ്യാജരേഖ നിർമ്മിച്ചുവെന്ന കേസിൽ സ്വിസ് സോളാർ ടെക്‌നോളജി ഉടമ ബിജു രാധാകൃഷ്ണന് നാലു വർഷം തടവും മൂവായിരം രൂപ പിഴയും തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ശിക്ഷ വിധിച്ചു. പിഴയൊടുക്കാത്ത പക്ഷം രണ്ടു മാസത്തെ അധിക തടവനുഭവിക്കാനും കോടതി ഉത്തരവിട്ടു.

സോളാർ തട്ടിപ്പ് കേസിലെ ബിജു രാധാകൃഷ്ണനാണ് കേസിൽ സിജെഎം കോടതിയിൽ വിചാരണ നേരിട്ട ഏക പ്രതി. വ്യാജ നിർമ്മാണത്തിന് സഹായിച്ച രണ്ടാം പ്രതിയായ കംപ്യൂട്ടർ വിദഗ്ധനെ കേസന്വേഷണ ഘട്ടത്തിൽ തന്നെ മാപ്പുസാക്ഷിയാക്കിയിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 465 ( വ്യാജ നിർമ്മാണം ) പ്രകാരം രണ്ടു വർഷം തടവനുഭവിക്കണം. ഒപ്പം ആയിരത്തഞ്ഞൂറ് രൂപ പിഴയൊടുക്കണം. വകുപ്പ് 468 ( ചതിക്കുന്നതിന് വേണ്ടിയുള്ള വ്യാജ നിർമ്മാണം ) പ്രകാരം നാലു വർഷം തടവും ആയിരത്തഞ്ഞൂ രൂപ പിഴയും ഒടുക്കണം. ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയെന്ന് വിധിന്യായത്തിൽ പരാമർശമുള്ളതിനാൽ ഫലത്തിൽ കൂടിയ കാലാവധിയായ നാലു വർഷം തടവും മൂവായിരം രൂപ പിഴയും ഒടുക്കിയാൽ മതിയാകും.

2012-13 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2012 ജൂലൈ 9ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ബിജു രണ്ടു ലക്ഷം രൂപയുടെ ചെക്ക് ലീഫ് നൽകി. തൽസമയം തുക സ്വീകരിച്ചതിലേയ്ക്ക് മുഖ്യമന്ത്രിയിൽ നിന്ന് ലെറ്റർപാഡിലുള്ള കത്ത് വാങ്ങി. ആ കത്തുകൊച്ചി തമ്മനത്തുള്ള ഗ്രാഫ്എക്‌സ് എന്ന ഡിറ്റിപി സെന്ററിൽ വച്ച് ലെറ്റർ ഹെഡും മുഖ്യമന്ത്രിയുടെ ഒപ്പും നില നിർത്തി ബാക്കി ഭാഗം സ്‌കാൻ ചെയ്തു. കത്തുമായി തമ്പാനൂർ സ്വിസ് സോളാർ ഓഫീസിലെത്തിയ ബിജു അവിടെ വച്ച് കത്തിൽ നടുഭാഗത്ത് ''ഇമ്മീഡിയറ്റ് അപ്രൂവൽ ഓഫ് ഗ്രിഡ് ഇന്ററാക്ടീവ് സോളാർ പവർ പ്രോജക്റ്റ് ''. സോളാർ പ്രോജക്റ്റിന് സർക്കാർ അംഗീകാരം നൽകിയെന്നാണ് കത്തിലെ ഉള്ളടക്കം വ്യാജമായി തയ്യാറാക്കിയത്. ഈ കത്ത് കാണിച്ച് സർക്കാർ അനുമതി ലഭിച്ചതായി പ്രവാസിയെ നേരുകേടായും വഞ്ചനാപൂർവ്വമായും പറഞ്ഞു വിശ്വസിപ്പിച്ചു. കത്ത് കാണിച്ച് കൊമേഴ്‌സിയൽ ടാക്‌സസ് ഡിപ്പാർട്ട്‌മെന്റിൽ രജിസ്‌ട്രേഷൻ എടുത്ത ബിജു അപ്രകാരവും പ്രവാസിയുടെ വിശ്വാസം ആർജിച്ചെടുത്തു. സോളാർ പാനലിന്റെ മൊത്ത വിതരണം പ്രവാസിക്ക് നൽകാമെന്ന ബിജുവിന്റെ വാക്കുകൾ വിശ്വസിച്ച പ്രവാസിയിൽ നിന്ന് 2013 മാർച്ച് 18 മുതൽ മെയ് 16 വരെയായി 75 ലക്ഷം രൂപ വഞ്ചിച്ചെടുക്കുകയായിരുന്നു.

ഉമ്മൻ ചാണ്ടിയുടെ ലെറ്റർ പാഡിൽ , ഒന്നാം പ്രതിയായ ബിജു രാധാകൃഷ്ണന്റെ നിർദ്ദേശമനുസരിച്ച് രണ്ടാം പ്രതിയും കംപ്യൂട്ടർ വിദഗ്ധനുമായ എറണാകുളം ഗ്രാഫ്എക്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമ തമ്മനം സ്വദേശി പോൾ എന്ന ഫ്രെനി , വ്യാജമായ വിവരങ്ങൾ സ്‌കാൻ ചെയ്ത് ചേർത്ത് സോളാർ തട്ടിപ്പിന് ഇരകളെ ആകർഷിക്കാനായി വ്യാജ നിർമ്മാണം നടത്തിയെന്നാണ് കേസ് . ഫ്രെനിയെ കേസിൽ പിന്നീട് മാപ്പുസാക്ഷിയാക്കി. താൻ ചെയ്ത കൃത്യവും ബിജു ചെയ്ത കൃത്യവും അന്വേഷണ ഘട്ടത്തിൽ കുറ്റസമ്മത മൊഴിയായി മജിസ്‌ട്രേട്ടിന് രഹസ്യമൊഴി നൽകി. തുടർന്ന് കോടതി ഇയാൾക്ക് മാപ്പ് നൽകി പ്രതിസ്ഥാനത്ത് നിന്നും കുറവ് ചെയ്ത് മാപ്പുസാക്ഷിയാക്കുകയായിരുന്നു. കുറ്റകൃത്യത്തിൽ അപരാധമനസ്സും പങ്കും പങ്കാളിത്തവും താരതമ്യേന കുറവുള്ള രണ്ടാം പ്രതിയെ മാപ്പ് സാക്ഷിയാക്കണമെന്ന അന്വേഷണ സംഘത്തിന്റെ അപേക്ഷ അനുവദിച്ചാണ് ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 306 പ്രകാരം സി.ജെ.എം കോടതി രണ്ടാം പ്രതിക്ക് മാപ്പ് നൽകി പ്രോസിക്യൂഷൻഭാഗം സാക്ഷിയാക്കിയത്. മാപ്പുസാക്ഷി വിചാരണ വേളയിൽ പ്രോസിക്യൂഷന് അനുകൂലമായി കൃത്യമായ സാക്ഷിമൊഴിയാണ് നൽകിയിട്ടുള്ളത്. പ്രോസിക്യൂഷൻ കേസ് ബലപ്പെടുത്താനാണ് കുറ്റപത്രം സമർപ്പിക്കും മുമ്പേ രണ്ടാം പ്രതിയെ മാപ്പ് സാക്ഷിയാക്കിയത്.

സ്വിസ് സോളാർ ടെക്‌നോളജി എന്ന പേരിൽ ബിജുവിന്റെ ഉടമസ്ഥതയിൽ തിരുവനന്തപുരം തമ്പാനൂർ സഫ ഇന്റർനാഷണൽ ഹോട്ടലിൽ മുറിയെടുത്ത് കമ്പനി നടത്തിവന്നിരുന്നു. ഈ കമ്പനിയുടെ മറവിൽ സോളാർ തട്ടിപ്പ് നടത്തുന്നതിന് വ്യാജ നിർമ്മാണം നടത്തിയെന്നാണ് കേസ്. പ്രവാസിയായ തിരുവനന്തപുരം മണക്കാട് സ്വദേശി റാസിഖ് അലിയുടെ പരാതിയിൽ തമ്പാനൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സോളാർ പാനലിന്റെ മൊത്ത വിതരണം റാസിഖ് അലിക്ക് നൽകാമെന്ന് പ്രലോഭിപ്പിച്ചും തെറ്റിദ്ധരിപ്പിച്ചും ബിജു രാധാകൃഷ്ണൻ 75 ലക്ഷം രൂപ വഞ്ചിച്ചെടുത്തുവെന്നാണ് കേസ്.

കേന്ദ്ര ഊർജ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകാനായി ബിജു വ്യാജ ശുപാർശക്കത്ത് ഫ്രെനിയുടെ പങ്കാളിത്തത്തോടെ നിർമ്മിച്ച് റാസിഖ് അലിക്ക് നൽകുകയായിരുന്നു. 2014 ജനുവരി 1 നാണ് സോളാർ പ്രത്യേക അന്വേഷണ സംഘം കേസിൽ കുറ്റപത്രം സമർപ്പിച്ചത്. റാസിഖ് അലിയെ ചതിച്ച് 75 ലക്ഷം രൂപ തട്ടിച്ചതിന് ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയിൽ നടക്കുന്ന കേസിൽ 3 പ്രതികളുണ്ട്. ബിജു രാധാകൃഷ്ണൻ , സിനിമാ സീരിയൽ താരം , ഇവരുടെ മാതാവ് എന്നിവരാണ് ഒന്നു മുതൽ മൂന്ന് വരെയുള്ള പ്രതികൾ. ഇതിലും ബിജുവിനെ കോടതി ശിക്ഷിച്ചിരുന്നു. മറ്റു പ്രതികളുടെ വിചാരണ നടന്നു വരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP