Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആകാംക്ഷകൾക്കൊടുവിൽ മാജിക് പ്ലാനറ്റ് ചാമ്പ്യനെ തെരഞ്ഞെടുത്തു; വിദേശത്തെ മജീഷ്യന്മാരെയുൾപ്പെടെ തോൽപ്പിച്ചത് ബംഗാൾ സ്വദേശി ഭോലാനാഥ് ഹൽദാർ

ആകാംക്ഷകൾക്കൊടുവിൽ മാജിക് പ്ലാനറ്റ് ചാമ്പ്യനെ തെരഞ്ഞെടുത്തു; വിദേശത്തെ മജീഷ്യന്മാരെയുൾപ്പെടെ തോൽപ്പിച്ചത് ബംഗാൾ സ്വദേശി ഭോലാനാഥ് ഹൽദാർ

തിരുവനന്തപുരം: ആകാംക്ഷയുടെയും കാത്തിരിപ്പിന്റെയും ഉദ്വേഗജനകമായ മുഹൂർത്തങ്ങൾക്കൊടുവിൽ ഭോലാനാഥ് ഹൽദാർ മാജിക് പ്ലാനറ്റ് ചാമ്പ്യനായി. സിംഗപൂർ, തായ് വാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തിയ വിദേശീയരടക്കം ഭാരത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും മാജിക് മത്സരങ്ങളിൽ പങ്കെടുത്ത 62 പേരിൽ നിന്നാണ് പശ്ചിമ ബംഗാൾ സ്വദേശിയായ ഭോലാനാഥിനെ തിരഞ്ഞെടുത്തത്.

സ്റ്റേജ് പെർഫോമൻസ് ജൂനിയർ - സീനിയർ, ക്ലോസപ്പ് വിഭാഗത്തിലെ ജേതാക്കളാണ് മാജിക് പ്ലാനറ്റ് ചാമ്പ്യൻ പട്ടത്തിനായി അവസാന ഘട്ടത്തിൽ പോരാടിയത്. വാശിയേറിയ മത്സരത്തിൽ വിദേശ മാന്ത്രികരാണ് മെഗാ വിന്നറെ തിരഞ്ഞെടുത്തത്. ലാസ് വേഗസ്സിൽ നിന്നെത്തിയ വിദേശ മാന്ത്രിക ജൂലിയാന ചെന്നാണ് മാജിക് പ്ലാനറ്റ് ചാമ്പ്യനെ പ്രഖ്യാപിച്ചത്. കാണികൾ ഒന്നടങ്കം ആഹ്ലാദാരവങ്ങളോടെയും വൻ കരഘോഷത്തോടെയുമാണ് സ്വീകരിച്ചത്. മാജിക് അക്കാദമി, സംസ്ഥാന ടൂറിസം വകുപ്പ്, കേരള സംഗീത നാടക അക്കാദമി, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ, കിൻഫ്ര എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കഴിഞ്ഞ മൂന്ന് ദിവസമായി തുടർന്നുവന്ന മാന്ത്രിക ഉച്ചകോടിക്ക് ഇതോടെ സമാപനമായി.

ഭോലാനാഥിന് 2,22,222 രൂപ ക്യാഷ് അവാർഡും കേരള സംഗീത നാടക അക്കാദമി നൽകിയ സർട്ടിഫിക്കറ്റും മെമെന്റോയും ഡെപ്യൂട്ടി സ്പീക്കർ എൻ ശക്തൻ വിതരണം ചെയ്തു. നേരത്തെ നടന്ന സ്റ്റേജ് പെർഫോമൻസ് സീനിയർ വിഭാഗ മാന്ത്രിക മത്സരത്തിൽ ഒന്നാം സ്ഥാനം ഭോലാനാഥ് ഹൽദാറും രണ്ടാം സ്ഥാനം കേരളത്തിലെ എം പി ഹാഷിമും ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം പശ്ചിമ ബംഗാളിലെ സൗമിതാ ബാഗും രണ്ടാം സ്ഥാനം ഗുജറാത്തിലെ രുദ്രാഞ്ച് പട്ടേലും ക്ലോസപ്പ് വിഭാഗത്തിൽ ഒന്നാം സ്ഥാനം തമിഴ് നാട്ടുകാരനായ വിഗ്നേഷും രണ്ടാം സ്ഥാനം കേരളത്തിലെ മായൻ വൈദർഷായും കരസ്ഥമാക്കി. ഇവർക്ക് യഥാക്രമം ഒന്നാം സമ്മാനമായി 22,222 രൂപയുടെ ചെക്കും രണ്ടാം സമ്മാനമായി 11,111 രൂപയുടെ ചെക്കും കേരള സംഗീത നാടക അക്കാദമി നൽകിയ സർട്ടിഫിക്കറ്റും മെമെന്റോയും വിതരണം ചെയ്തു.

മാജിക് അക്കാദമിയുടെ അപേക്ഷ പ്രകാരം ഗവൺമെന്റിൽ നിന്നും ലഭ്യമായ ഒരു ലക്ഷം രൂപയുടെ ധനസഹായം കിൻഫ്ര എംഡി ഡോ. ജി സി ഗോപാലപിള്ള കേരളത്തിന്റെ തെരുവുമാന്ത്രികൻ ഷംസുദ്ദീൻ ചെർപ്പുളശ്ശേരിക്ക് നൽകി. മാജിക് അക്കാദമി നൽകിയ ഒരു ലക്ഷം രൂപയുടെ ധനസഹായം ഉത്തരേന്ത്യൻ തെരുവു ജാലവിദ്യക്കാർക്ക് കേരള സംഗീത നാടക അക്കാദമി ചെയർമാൻ സൂര്യാകൃഷ്ണമൂർത്തി വിതരണം ചെയ്തു. ക്ലോസപ്പ് വിഭാഗം ജേതാക്കൾക്ക് മാജിക് പ്ലാനറ്റ് പ്ലാറ്റിനം മെമ്പർ വിജയൻ നായരും ജൂനിയർ വിഭാഗ ജേതാക്കൾക്ക് പിന്നണി ഗായകൻ ജി വേണുഗോപാലും സീനിയർ വിഭാഗ ജേതാക്കൾക്ക് ഹിന്ദുസ്ഥാൻ ലാറ്റക്‌സ് എംഡിയും ചെയർമാനുമായ എം അയ്യപ്പനും സമ്മാനങ്ങൾ വിതരണം ചെയ്തു.

തുടർന്ന് അന്താരാഷ്ട്ര മാന്ത്രിക ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ വിദേശ മാന്ത്രികരെ ശാന്തിഗിരി ഓർഗനൈസിങ് സെക്രട്ടറി ഗുരുരത്‌നം ജ്ഞാനതപസ്വി, ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ചെയർമാൻ പി വിജയൻ തോമസ്, റൂറൽ ഡെവലപ്‌മെന്റ് ബോർഡ് കമ്മീഷണർ കെ വി മോഹൻകുമാർ, ആഭ്യന്തര മന്ത്രിയുടെ പേഴ്‌സണൽ സെക്രട്ടറി പ്രശാന്ത് എന്നിവർ ആദരിച്ചു.

മാജിക് അക്കാദമിയുടെ കോർപ്പറേറ്റ് ഗാനമായ വിസ്മയഗീതത്തോടെ ആരംഭിച്ച ചടങ്ങിൽ ഉത്തരേന്ത്യൻ തെരുവുജാലവിദ്യക്കാരൻ ആഷിഖ് ഹുസൈൻ തീർത്ത തെരുവുവിസ്മയം കാണികളുടെ ഹൃദയം കവർന്നു. തുടർന്ന് വിദേശ മാന്ത്രികരായ മൈക്ക് ചോ, ജെഫ്‌ലീ, മമാഡ, സോമ എന്നിവർ ഇന്ദ്രജാലം അവതരിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP