Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബീവറേജസ് ഔട്ട്ലറ്റുകൾ പൂട്ടേണ്ട സാഹചര്യമില്ല; തിരക്ക് കുറയ്ക്കാൻ ക്രമീകരണം ഒരുക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ; പനിയും ചുമയും ഉള്ളവർ വരരുത്; തൂവാലയോ മാസ്‌കോ ധരിക്കണമെന്ന് മദ്യം വാങ്ങാൻ എത്തുന്നവർക്ക് ബിവറേജസ് കോർപ്പറേഷന്റെ മാർഗനിർദ്ദേശം; ഉപഭോക്താക്കൾ കാണുന്ന രീതിയിൽ എല്ലാ ഷോപ്പുകളിലും നിർദേശങ്ങൾ പ്രദർശിപ്പിക്കാനും സർക്കുലർ

ബീവറേജസ് ഔട്ട്ലറ്റുകൾ പൂട്ടേണ്ട സാഹചര്യമില്ല; തിരക്ക് കുറയ്ക്കാൻ ക്രമീകരണം ഒരുക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ; പനിയും ചുമയും ഉള്ളവർ വരരുത്; തൂവാലയോ മാസ്‌കോ ധരിക്കണമെന്ന് മദ്യം വാങ്ങാൻ എത്തുന്നവർക്ക് ബിവറേജസ് കോർപ്പറേഷന്റെ മാർഗനിർദ്ദേശം; ഉപഭോക്താക്കൾ കാണുന്ന രീതിയിൽ എല്ലാ ഷോപ്പുകളിലും നിർദേശങ്ങൾ പ്രദർശിപ്പിക്കാനും സർക്കുലർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മദ്യവിൽപ്പന നടത്തരുതെന്ന നിർദ്ദേശം തള്ളി സംസ്ഥാന സർക്കാർ വീണ്ടും രംഗത്ത്. കേരളത്തിലെ നിലവിലെ സാഹചര്യത്തിൽ ബിവറേജസ് ഔട്ട്ലറ്റുകൾ അടയ്ക്കേണ്ട സാഹചര്യമില്ലെന്ന് എക്സൈസ് മന്ത്രി ടി. പി. രാമകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. ഈ ആവശ്യത്തിന് പിന്നാലെ ബീവറേജസ് കോർപ്പറേഷൻ മാർഗ്ഗനിർദേശവും പുറപ്പെടുവിച്ചു.

മദ്യം വാങ്ങാൻ എത്തുന്നവർക്ക് മാർഗ്ഗ നിർദേശങ്ങളുമായി ബീവറേജസ് കോർപ്പറേഷൻ. തിരക്കുള്ള സമയങ്ങൾ ഒഴിവാക്കി തിരക്കു കുറഞ്ഞ സമയങ്ങളിൽ മദ്യം വാങ്ങണം എന്നാണ് ബെവ്‌കോ നിർദേശിച്ചിരിക്കുന്നത്. മദ്യം വാങ്ങി കഴിഞ്ഞും അതിനു മുൻപും കൂട്ടംകൂടി നിൽക്കുന്നത് ഒഴിവാക്കണമെന്നും ബെവ്‌കോ സർക്കുലറിൽ പറയുന്നു.

മദ്യം വാങ്ങാനെത്തുന്നവർ തൂവാലയോ മാസ്‌കോ ധരിച്ച് വരണം. പനി, ചുമ, ജലദോഷം എന്നീ രോഗ ലക്ഷണങ്ങളുള്ളവർ മദ്യശാലയിലേക്ക് വരാതിരിക്കാൻ ശ്രദ്ധിക്കണം. ഉപഭോക്താക്കൾ കാണുന്ന രീതിയിൽ എല്ലാ ഷോപ്പുകളിലും നിർദേശങ്ങൾ പ്രദർശിപ്പിക്കണമെന്നും സർക്കുലറിൽ നിർദേശിക്കുന്നു. സംസ്ഥാനത്ത് 270 ഔട്ട്ലറ്റുകളാണ് ബിവറേജസ് കോർപറേഷനുള്ളത്.

ആളുകൾ കൂട്ടമായെത്തുന്ന സ്ഥലം എന്നതു പരിഗണിച്ച് ബിവറേജസ് ഔട്ട്ലറ്റുകൾ പൂട്ടണമെന്നാണ് പ്രതിപക്ഷം അടക്കം ഒരു വിഭാഗം ആവശ്യപ്പെടുന്നത്. എന്നാൽ മദ്യശാലകൾ ഒരു കാരണവശാലും അടയ്ക്കില്ലെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ ആവർത്തിച്ചു. കൊവിഡ് വൈറസിനെതിരെ ജാഗ്രത തുടരുമ്പോൾ തന്നെ കച്ചവട സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കണം എന്നാണ് സർക്കാരിന്റെ നിലപാടെന്നും ഒരു മദ്യശാലയും ഇതുവരെ അടച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം മദ്യവിൽപനശാലകളിലെ തിരക്ക് കുറയ്ക്കാൻ പുതിയ സംവിധാനം കൊണ്ടു വരുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. നൂറു ഷോപ്പുകളിൽ വരി നിൽക്കുന്നത് ഒഴിവാക്കാൻ പുതിയ സംവിധാനം ഏർപ്പെടുത്തും. തിരക്ക് കുറയ്ക്കാൻ കൂടുതൽ സെക്യൂരിറ്റി ജീവനക്കാരെ വിന്യസിക്കുമെന്നും മന്ത്രി അറിയിച്ചു.

ക്യൂ ഉള്ള സ്ഥലങ്ങളിൽ തിരക്ക് കുറയ്ക്കുന്നതിനുള്ള ക്രമീകരണം നടത്തിക്കൊണ്ടിരിക്കുകയാണ്. പരസ്പരം സ്പർശനം വരാതെ നിൽക്കുന്നതിനുള്ള മുന്നൊരുക്കങ്ങളെല്ലാം ചെയ്തിട്ടുണ്ട്. ജീവനക്കാർക്കുള്ള സുരക്ഷാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മാഹിയിൽ ബാറുകൾ മാത്രമാണ് അടച്ചിട്ടുള്ളത്. ഷോപ്പുകൾ അടച്ചിട്ടില്ല. കേരളത്തിന്റെ സാഹചര്യത്തിൽ അടയ്ക്കേണ്ടതില്ലെന്നാണ് വിലയിരുത്തലെന്നും മന്ത്രി പറഞ്ഞു. അതിനിടെ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകൾ പൂട്ടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജിയെത്തിയിട്ടുണ്ട്. ലഹരി നിർമ്മാർജന സമിതിയാണ് ഹർജി നൽകിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP