Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാറുകൾ പൂട്ടുന്നതു വഴി ഏറ്റവും കൂടുതൽ പരുങ്ങലിലാകുന്നത് പ്രാദേശിക രാഷ്ട്രീയക്കാർ; നിന്നു പോകുന്നത് ഏറ്റവും വലിയ സാമ്പത്തിക സ്രോതസ്

ബാറുകൾ പൂട്ടുന്നതു വഴി ഏറ്റവും കൂടുതൽ പരുങ്ങലിലാകുന്നത് പ്രാദേശിക രാഷ്ട്രീയക്കാർ; നിന്നു പോകുന്നത് ഏറ്റവും വലിയ സാമ്പത്തിക സ്രോതസ്

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി എം സുധീരനും തമ്മിലുള്ള ഈഗോ പ്രശ്‌നം വലുതായി ഒടുവിൽ അത് തീർക്കാനാണ് സംസ്ഥാനത്തെ ബാറുകൾ പൂട്ടാൻ തീരുമാനിച്ചത്. നേതാക്കൾ തമ്മിലുള്ള വടംവലിക്കൊടുവിൽ ബാറുകൾക്ക് താഴു വീഴാൻ ഒരുങ്ങിയതോടെ ശരിക്കും പ്രതിസന്ധിയിലായത് പ്രാദേശിക രാഷ്ട്രീയ നേതാക്കളാണ്. പണത്തിന് ആവശ്യമുള്ളപ്പോൾ ചെന്ന് കൈനീട്ടാനുണ്ടായിരുന്ന ഇടമാണ് ബാറ് പൂട്ടിയതിലൂടെ നഷ്ടമായത്. തങ്ങളുടെ സങ്കടെ ആരോട് പറയുമെന്ന് പറഞ്ഞ് തലയ്ക്ക് കൈയും കൊടുത്തിരുപ്പാണ് പ്രാദേശിക രാഷ്ട്രീയക്കാർ.

ബാർ മുതലാളിമാരിൽ നിന്നും പണമായും കുപ്പിയായും പരസ്യമായും രഹസ്യമായും പണം വാങ്ങിയിരുന്നവരൊക്കെയാണ് ഇപ്പോൾ പ്രതിസന്ധിയിലായത്. ബാറ് മുതലാളിമാർക്ക് യാതൊരു തട്ടുകേടും കൂടാതെ സ്ഥാപനം നടത്താനുള്ള അല്ലറ, ചില്ലറ സഹായങ്ങളും ഇവർ ചെയ്തിരുന്നു. ഇതിനുള്ള പ്രതിഫലമായിരുന്നു പണം. രാഷ്ട്രീയക്കാരെ പിണക്കാൻ മടിക്കാത്തതുകൊണ്ട് മിക്കവരും പണം നൽകും, അല്ലാത്തവരോട് ഒന്നുരണ്ട് ഡയലോഗുകൾ പറയുമ്പോൾ കാശ് പോക്കറ്റിൽ വീഴുമായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ പന്ത്രണ്ടാം തീയതിക്കു ശേഷം ആരെ പിഴിയുമെന്നോർത്ത് വിലപിക്കുകയാണ് രാഷ്ട്രീയ പിരിവുകാർ.

എന്തിനും ഏതിനും ഓടിക്കയറിയാൽ വെറുംകൈയോടെ മടങ്ങേണ്ടി വരില്ലെന്ന് നൂറ്റൊന്നു ശതമാനം ഉറപ്പിക്കാൻ കഴിയുമായിരുന്ന പ്രസ്ഥാനം! വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരെയും സന്തോഷിപ്പിക്കുന്നവർ എന്നായിരുന്നു ബാർ മുതലാളിമാരെപ്പറ്റി പിരിവുകാർക്ക് പറയാനുണ്ടായിരുന്നത്. പക്ഷേ എല്ലാം ഓർമ്മയാകുകയാണ്. ഇത്രയും നാളത്തെപ്പോലെ കണ്ണുമടച്ച് ഇനി എങ്ങോട്ട് കയറിച്ചെല്ലുമെന്നാണ് പിരിവുകാരുടെ വേദനയോടെയുള്ള ചോദ്യം.

ബാറുകളിലെ പിരിവിന് രാഷ്ട്രീയ സംഘടനയെന്നോ സാംസ്‌കാരിക സംഘടനയെന്നോ വേർതിരിവില്ലായിരുന്നു. എങ്കിലും രാഷ്ട്രീയക്കാരായിരുന്നു മുൻപന്തിയിൽ. ഈ രാഷ്ട്രീയക്കാർ തന്നെ ബാറുകൾക്ക് അവസാന ആണിയടിക്കുമെന്ന് മുതലാളിമാർ സ്വപ്‌നേപി വിചാരിച്ചിട്ടുണ്ടാവില്ല. ബാറുകളിലെ പിരിവിന്റെ കാര്യത്തിൽ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ ആശയപരമായ വ്യത്യാസവും ഉണ്ടായിരുന്നില്ല. പിരിവ് എന്ന 'ആശയം' എല്ലാവർക്കും തുല്യനിലയിലായിരുന്നെന്ന് മുതലാളിമാർ പറയുന്നു. മുതലാളിമാരെ നേരിട്ടുവിളിച്ച് സംഭാവന ഉറപ്പാക്കിയ ശേഷം പ്രതിനിധികളെ പറഞ്ഞുവിട്ട് പിരിക്കുക എന്നതായിരുന്നു വലിയ നേതാക്കളുടെ രീതിയെങ്കിൽ നേരിട്ടെത്തി കാര്യം സാധിച്ചു മടങ്ങുകയായിരുന്നു പ്രാദേശിക നേതാക്കൾ.

ബാറുകളുടെ നിലവാരം അനുസരിച്ചായിരുന്നു പിരിവ്. പാർട്ടി സമ്മേളനങ്ങളും മറ്റുമാവുമ്പോൾ 25,000 മുതൽ ഒന്നോ രണ്ടോ ലക്ഷം വരെ നേതാക്കളുടെ കഴിവനുസരിച്ച് ബാറുടമകളിൽ നിന്ന് വാങ്ങിയിരുന്നു. തിരഞ്ഞെടുപ്പ് കാലത്താണ് ബാറുകളിലേക്ക് പിരിവുകാർ ഒഴുകുന്നത്. പാർട്ടിക്കാർക്ക് ചെലവ് ഏറെയുള്ള ഈ സമയം ചെറുതും വലുതുമായ നേതാക്കളിൽ നിന്ന് കടുത്ത 'ആക്രമണ'ങ്ങളാണ് മുതലാളിമാർ നേരിടേണ്ടി വരിക. പണം കൊടുത്തില്ലെങ്കിൽ പണി വേറെ വരുമോ എന്ന് മുതലാളിമാർ ഭയപ്പെട്ടിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു സമയത്ത് ആലപ്പുഴയിലെ ഒരു ബാർ അഞ്ചുലക്ഷം രൂപയാണ് പ്രധാന രാഷ്ട്രീയ പിരിവുകാർക്കായി മാറ്റിവച്ചിരുന്നത്. മറ്റുള്ളവർക്ക് വേറെയും. ജില്ലയിലെ വടക്കുള്ള ഒരു മണ്ഡലത്തിലേക്ക് തിരഞ്ഞെടുപ്പിന് രണ്ടു ദിവസം മുമ്പ് ഇതേ ബാറിൽ നിന്ന് ഇരുപതു കെയ്‌സ് മദ്യം സൗജന്യമായി നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP