Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പാതയോരത്തെ ബാറുകളും ബിയർ പാർലറുകളും മാറ്റി സ്ഥാപിക്കേണ്ട; എജിയുടെ നിയമോപദേശം മന്ത്രിസഭാ യോഗം അംഗീകരിച്ചു; ബിവറേജസ് ഔട്ട്‌ലെറ്റുകൾ 500 മീറ്റർ മാറ്റി സ്ഥാപിക്കും; തീരുമാനങ്ങൾ ഏപ്രിൽ മുതൽ നടപ്പാക്കും

പാതയോരത്തെ ബാറുകളും ബിയർ പാർലറുകളും മാറ്റി സ്ഥാപിക്കേണ്ട; എജിയുടെ നിയമോപദേശം മന്ത്രിസഭാ യോഗം അംഗീകരിച്ചു; ബിവറേജസ് ഔട്ട്‌ലെറ്റുകൾ 500 മീറ്റർ മാറ്റി സ്ഥാപിക്കും; തീരുമാനങ്ങൾ ഏപ്രിൽ മുതൽ നടപ്പാക്കും

തിരുവനന്തപുരം: ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലുകളോടു ചേർന്നു പ്രവർത്തിക്കുന്ന ബാറുകളും ബിയർ, വൈൻ പാർലറുകളും മാറ്റി സ്ഥാപിക്കില്ല. ഇതുമായി ബന്ധപ്പെട്ട് അറ്റോർണി ജനറൽ മുകുൾ റോഹ്ത്ഗി നൽകിയ നിയമോപദേശം സ്വീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഹോട്ടലുകളിലെ ബീയർ, വൈൻ പാർലറുകൾ സുപ്രീംകോടതി വിധിയുടെ പരിധിയിൽ വരില്ലെന്നായിരുന്നു എജിയുടെ നിയമോപദേശം.

അതേസമയം, ബിവറേജസ് ഔട്ട്ലെറ്റുകൾ ദേശീയ, സംസ്ഥാന പാതയോരങ്ങളിൽനിന്ന് 500 മീറ്റർ മാറ്റിസ്ഥാപിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഏപ്രിൽ ഒന്നുമുതൽ നിർദ്ദേശങ്ങൾ നടപ്പാക്കാനാണ് തീരുമാനം. അതിനിടെ, സർക്കാരിന്റെ പുതിയ മദ്യനയം മലപ്പുറം ഉപതിരഞ്ഞെടുപ്പിനുശേഷം പ്രഖ്യാപിക്കുമെന്നാണ് സൂചന. ബവ്‌റിജസ് ഔട്ട്ലെറ്റുകൾ മാറ്റിസ്ഥാപിക്കുന്നത് പലയിടങ്ങളിലും പ്രതിഷേധങ്ങൾക്ക് കാരണമാകുന്ന പശ്ചാത്തലത്തിൽ പൊലീസ് സഹായം തേടാനും തീരുമാനിച്ചിട്ടുണ്ട്.

വനംവകുപ്പിൽ വെറ്റിനറി സർജൻ തസ്തികകൾ

വനംവകുപ്പിൽ ഒരു ചീഫ് ഫോറസ്റ്റ് വെറ്റിനറി സർജന്റെയും 12 ജില്ലാ ആസ്ഥാനങ്ങളിലുമായി 12 അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി സർജന്മാരുടെയും തസ്തികകൾ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. മൃഗസംരക്ഷണ വകുപ്പിൽ നിന്നു ഡപ്യൂട്ടേഷൻ വ്യവസ്ഥയിലായിരിക്കും നിയമനം.

ലോകജലദിനത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജലപ്രതിജ്ഞ

ലോക ജലദിനമായി ആചരിക്കുന്ന 22ന് സംസ്ഥാനത്തെ സ്‌കൂൾ, കോളജ് അടക്കമുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അദ്ധ്യാപകർ, അനദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് ജലസംരക്ഷണ പ്രതിജ്ഞയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലും തദ്ദേശഭരണ സ്ഥാപനങ്ങളിലും ഉദ്യോഗസ്ഥരും ജീവനക്കാരും ചേർന്നു പ്രതിജ്ഞയെടുക്കണമെന്നും നിർദ്ദേശമുണ്ട്.

കോൺസ്റ്റബിൾ താത്കാലിക തസ്തികകൾ ഒരു വർഷത്തേക്കുകൂടി

സംസ്ഥാന പൊലീസ് സേനയിൽ പൊലീസ് കോൺസ്റ്റബിൾ പരിശീലനത്തിനായി സൃഷ്ടിക്കപ്പെട്ട 1200 താൽക്കാലിക തസ്തികകൾക്ക് ഒരു വർഷത്തേക്ക് കൂടി തുടർ അനുമതി നൽകാനും, ധനകാര്യ വകുപ്പിന്റെ വ്യവസ്ഥകൾപ്രകാരം 200 തസ്തികകൾ കൂടി സൃഷ്ടിക്കാനും തീരുമാനിച്ചു.

മറ്റു പ്രധാന തീരുമാനങ്ങൾ:

പ്രഥമ മന്ത്രിസഭാരൂപീകരണത്തിന്റെ 60-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന പരിപാടികളുടെ നിർവ്വഹണ ഏജൻസിയായി ഭാരത് ഭവനെ ചുമതലപ്പെടുത്തി.

തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളജിലെ ഇഎൻടി വിഭാഗത്തിൽ ഓഡിയോളജിസ്റ്റ്-കം-സ്പീച്ച് പത്തോളിജിസ്റ്റിന്റെ ഒരു അധിക തസ്തിക സൃഷ്ടിക്കും.

തെരുവുനായ്ക്കളുടെ ആക്രമണത്തെത്തുടർന്ന് മരിച്ച കരുനാഗപ്പള്ളി മാവേലി ഐഷാ മൻസിലിൽ ആമിനയുടെ രണ്ടു മക്കളുടെയും പേരിൽ 5 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം നടത്തും.

ഇടുക്കി ജില്ലയിലെ കുടയത്തൂർ ലൂയിസ് ബ്രെയിലി മെമോറിയൽ മോഡൽ സ്‌കൂൾ ഫോർ ദി ബ്ലൈൻഡിൽ ടീച്ചർ ഇൻ ചാർജ്ജിനു പകരം ഹെഡ് മാസ്റ്റർ -1, അസിസ്റ്റന്റ് ടീച്ചർ (എൽപി) - 1, സ്വീപ്പർ കം വാച്ച്മാൻ - 1, ഹിന്ദി ടീച്ചർ (പാർട്ട് ടൈം) - 1 എന്നീ അധിക തസ്തികകൾ സൃഷ്ടിക്കും.

വാണിജ്യ നികുതി വകുപ്പിൽ ഇന്റലിജൻസ് വിഭാഗത്തിന്റെ ഉപയോഗത്തിനായി 67 പുതിയ മഹീന്ദ്രാ ബൊലേറോ വാഹനങ്ങൾ വാങ്ങാൻ തീരുമാനിച്ചു.

കേരള സംസ്ഥാന ടെക്‌സ്‌റ്റൈൽ കോർപ്പറേഷൻ ജനറൽ മാനേജർ ഡോ.ബി. ശ്രീകുമാറിനെ കേരളാ ഫീഡ്‌സിന്റെ മാനേജിങ് ഡയറക്ടർ ആയി ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP