Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൊതുവിദ്യാഭ്യാസ മേഖലയിൽ കുട്ടികളോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് ബാലാവകാശ കമ്മീഷൻ; ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പരിപാടികളിൽ ഇനിമുതൽ സ്റ്റേറ്റ് സിലബസ് പഠിപ്പിക്കുന്ന എല്ലാ വിദ്യാലയങ്ങൾക്കും പ്രവേശനം നൽകണമെന്നും ഉത്തരവ്; കമ്മീഷന്റെ നടപടി സർക്കാർ അംഗീകൃത അൺ എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാർത്ഥികളോടുള്ള വിവേചനം മാനേജ്‌മെന്റ് അസോസിയേഷൻ ചൂണ്ടിക്കാട്ടിയതോടെ

പൊതുവിദ്യാഭ്യാസ മേഖലയിൽ കുട്ടികളോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് ബാലാവകാശ കമ്മീഷൻ; ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പരിപാടികളിൽ ഇനിമുതൽ സ്റ്റേറ്റ് സിലബസ് പഠിപ്പിക്കുന്ന എല്ലാ വിദ്യാലയങ്ങൾക്കും പ്രവേശനം നൽകണമെന്നും ഉത്തരവ്; കമ്മീഷന്റെ നടപടി സർക്കാർ അംഗീകൃത അൺ എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാർത്ഥികളോടുള്ള വിവേചനം മാനേജ്‌മെന്റ് അസോസിയേഷൻ ചൂണ്ടിക്കാട്ടിയതോടെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ അൺ എയ്ഡഡ് സ്‌കൂളുകളിലെ ലക്ഷക്കണക്കിന് വരുന്ന കുട്ടികൾക്ക് ആശ്വാസമായി ബാലാവകാശ കമ്മീഷൻ. സ്‌കൂൾ കുട്ടികളുടെ മികവിനായി നടത്തുന്ന പരിശീലന പരിപാടികളുടെ ഗുണഫലം ഇനി മുതൽ സർക്കാർ അംഗീകൃത അൺ എയ്ഡഡ് സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ലഭിക്കും. ഇതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് കമ്മീഷൻ ഉത്തരവിട്ടു. വരുന്ന അധ്യായന വർഷം മുതൽ ന്യൂമാത്സ്, സ്റ്റെപ്‌സ് പദ്ധതികളിൽ പങ്കെടുക്കുന്നതിന് കേരള സിലബസ് അനുസരിച്ച് വിദ്യാഭ്യാസം നടത്തുന്ന എല്ലാ അംഗീകൃത അൺ എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കും അവസരം ലഭ്യമാക്കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നടപടി സ്വീകരിക്കണമെന്നാണ് ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടത്.

സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗമാണെങ്കിലും യാതൊരു സർക്കാർ സഹായവും പറ്റാതെയാണ് സർക്കാർ അംഗീകൃത സ്‌കൂളുകൾ പ്രവർത്തിക്കുന്നത്. സംസ്ഥാനത്താകെ ആയിരത്തി നാനൂറോളം അംഗീകൃത സ്‌കൂളുകൾ ഉണ്ടെന്നാണ് കണക്കുകൾ. നേരത്തേ എണ്ണം ഇതിലും കൂടുതലായിരുന്നു. എന്നാൽ ചില സ്‌കൂളുകൾ സർക്കാർ എയ്ഡഡ് പദവി നൽകുകയും മറ്റ് ചില സ്‌കൂളുകൾ സിബിഎസ്ഇ സിലബസിലേക്ക് മാറുകയുമായിരുന്നു. ആയിരത്തി നാനൂറോളം സ്‌കൂളുകളിലായി ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് പഠിക്കുന്നത്.

എന്നാൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പരിപാടികളായ ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം, സ്‌റ്റെപസ്, ന്യൂമാത്സ് തുടങ്ങിയ പരിശീലന പരിപാടികളിൽ പല ജില്ലകളിലും അംഗീകൃത സ്‌കൂളുകളെ പങ്കെടുപ്പിക്കാതെ മാറ്റി നിർത്താറാണ് പതിവ്. ഇത് മൂലം ഇത്തരം പദ്ധതികളുടെ ഗുണഫലം അൺ എയ്ഡഡ് വിദ്യാലയങ്ങളിലെ കുട്ടികൾക്ക് ലഭിക്കാതെ പോകുന്നു. ഒരേ സിലബസ് പഠിക്കുകയും എന്നാൽ കുറച്ച് കുട്ടികൾ പല നൂതന സങ്കേതങ്ങളെയും സംബന്ധിച്ച് അറിയാതെ പോകുകയും ചെയ്യുന്ന സാഹചര്യത്തിനാണ് ഇത് വഴിയൊരുക്കിയത്.

ഈ വിഷയം ചൂണ്ടിക്കാട്ടി കേരള റെക്കഗ്നൈസ്ഡ് സ്‌കൂൾ മാനേജേഴ്‌സ് അസോസിയേഷൻ ബാലാവകാശ കമ്മീഷന് നൽകിയ പരാതിയെ തുടർന്നാണ് കമ്മീഷന്റെ പുതിയ ഉത്തരവ്. ഇത് സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളോടുള്ള വിവേചനം അവസാനിപ്പിക്കാൻ കാരണമാകും. കമ്മീഷന്റെ ഉത്തരവ് അനുസരിച്ച് സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് ഫെബ്രുവരി പത്തിനകം കമ്മീഷന് നൽകണമെന്നും ഉത്തരവിൽ പറയുന്നു.

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ മൂന്ന് തരം വിദ്യാലയങ്ങളാണ് നിലവിൽ പ്രവർത്തിക്കുന്നത്. സർക്കാർ നേരിട്ട് നടത്തുന്ന സ്‌കൂളുകൾ, സർക്കാർ ധനസഹായത്തോടെ മാനേജ്‌മെന്റുകൾ നടത്തുന്ന സ്‌കൂളുകൾ, സർക്കാർ ധനസഹായം നൽകാത്ത മാനേജ്‌മെന്റ് സ്‌കൂളുകൾ എന്നിവയാണ് സ്‌റ്റേറ്റ് സിലബസ് പഠിപ്പിക്കുന്ന വിദ്യാലയങ്ങൾ. ഇതിൽ സർക്കാർ അംഗീകൃത വിദ്യാലയങ്ങളിലെ ലക്ഷക്കണക്കിന് വരുന്ന കുട്ടികൾക്കും പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളുടെ ഗുണഫലം ലഭിക്കാൻ സാഹചര്യം ഒരുക്കുന്നതാണ് ബാലാവകാശ കമ്മീഷന്റെ വിധി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP