Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാബരി മസ്ജിദ് വിധി അന്യായവും നിരാശജനകവുമെന്നും പോപ്പുലർ ഫ്രണ്ട്; കോടതി വിധി സംഘപരിവാരത്തിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളെ സഹായിക്കുന്നതെന്ന് എസ്ഡിപിഐ; അനീതി തിരുത്താനും രാജ്യത്തിന്റെ പരമോന്നത കോടതിയിൽ വിശ്വാസം പുനഃസ്ഥാപിക്കാനും കൂടുതൽ നിയമപരമായ വഴികൾ തേടുമെന്നും എം കെ ഫൈസി

ബാബരി മസ്ജിദ് വിധി അന്യായവും നിരാശജനകവുമെന്നും പോപ്പുലർ ഫ്രണ്ട്; കോടതി വിധി സംഘപരിവാരത്തിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളെ സഹായിക്കുന്നതെന്ന് എസ്ഡിപിഐ; അനീതി തിരുത്താനും രാജ്യത്തിന്റെ പരമോന്നത കോടതിയിൽ വിശ്വാസം പുനഃസ്ഥാപിക്കാനും കൂടുതൽ നിയമപരമായ വഴികൾ തേടുമെന്നും എം കെ ഫൈസി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; അയോധ്യ വിധിയിൽ അതൃപ്തി രേഖപ്പെടുത്തി പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയും. വാർത്താകുറിപ്പിലൂടെയാണ് ഇരു സംഘടനകളും പ്രതികരണം അറിയിച്ചിരിക്കുന്നത്.ബാബരി മസ്ജിദ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിലെ സുപ്രീംകോടതി വിധി അന്യായവും നിരാശാജനകവുമാണെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കേന്ദ്ര സെക്രട്ടേറിയറ്റ് വ്യക്തമാക്കി. സംഘപരിവാറിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളെ മാത്രം സഹായിക്കുന്ന തരത്തിൽ രാമക്ഷേത്രം നിർമ്മിക്കാൻ ബാബരി ഭൂമി ഡൽഹിയിലെ ഹിന്ദുത്വ ഭരണകൂടത്തിന് നൽകിയ സുപ്രീം കോടതി വിധി ഞെട്ടലുളവാക്കിയെന്ന് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് എം കെ ഫൈസി പറഞ്ഞു.

വിധിയുടെ പൂർണ്ണ രൂപം ലഭ്യമായിട്ടില്ല. എങ്കിലും മസ്ജിദ് ഭൂമി ക്ഷേത്ര നിർമ്മാണത്തിന് കൈമാറാനാണ് പരമോന്നത കോടതി വിധിച്ചിരിക്കുന്നത്. മുസ്ലിംകൾക്ക് പള്ളി പണിയാൻ പകരം സ്ഥലം അനുവദിക്കണമെന്നും വിധിയിൽ പറയുന്നു.ഏതെങ്കിലും ക്ഷേത്രം തകർത്ത ശേഷമല്ല പള്ളി നിർമ്മിച്ചത് എന്ന് വ്യക്തമാക്കിയ കോടതി 1949 ൽ പള്ളിക്കുള്ളിൽ വിഗ്രഹം സ്ഥാപിച്ചതാണെന്നും 1992 ൽ പള്ളി തകർത്തത് നിയമ ലംഘനമാണെന്നും അംഗീകരിക്കുന്നു. നിർഭാഗ്യവശാൽ, ഇത്തരം വസ്തുതകൾക്ക് വിരുദ്ധമായി തകർക്കപ്പെട്ട പള്ളിയുടെ മുഴുവൻ ഭൂമിയും ക്ഷേത്ര നിർമ്മാണത്തിന് കൈമാറിയിരിക്കുയാണ്. മുസ്ലിംകൾക്ക് പകരം ഭൂമി എന്നത് അപ്രസക്തവും നീതീകരിക്കാൻ കഴിയാത്തതുമാണ്.

പരമോന്നത കോടതിയുടെ ഈ വിധി ന്യൂനപക്ഷാവകാശങ്ങൾക്കു മേൽ മാത്രമല്ല ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിൽ പോലും ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് പോപുലർ ഫ്രണ്ട് ആശങ്കപ്പെടുന്നു. ബാബരി മസ്ജിദിന്റെ തകർച്ചയിലേക്ക് നയിച്ച അനവധി സംഘടിത കലാപങ്ങൾക്കും അതിക്രമങ്ങൾക്കും ലോകം സാക്ഷിയാണ്. ബാബരി മസ്ജിദ് തൽസ്ഥാനത്ത് പുനർനിർമ്മിക്കുമെന്ന അന്നത്തെ പ്രധാനമന്ത്രിയുടെ വാഗ്ദാനം ഇനിയും പാലിക്കപ്പെട്ടിട്ടില്ല.

മുസ്ലിംകൾ നിർമ്മിക്കുകയും നൂറ്റാണ്ടുകളോളം ആരാധന നിർവഹിക്കുകയും ചെയ്ത ബാബരി മസ്ജിദ് വിഷയത്തിൽ നീതി പുലരാൻ നിയമപരവും ജനാധിപത്യപരവുമായ എല്ലാ മാർഗങ്ങളും സ്വീകരിക്കും. നീതി പുനഃസ്ഥാപിക്കുന്നതിനു വേണ്ടി യു.പി സുന്നി വഖഫ് ബോർഡും ആൾ ഇന്ത്യ മുസ്ലിം പേഴ്‌സണൽ ലോബോർഡും നടത്തുന്ന പോരാട്ടങ്ങൾക്കൊപ്പം ഉറച്ചു നിൽക്കും. ഈ നിർണ്ണായക ഘട്ടത്തിൽ സമാധാനവും സഹവർത്തിത്വവും നിലനിർത്താൻ എല്ലാ വിഭാഗം ജനങ്ങളോടും പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്തു.

ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരം അധികാരങ്ങൾ വിനിയോഗിക്കുമ്പോൾ സുപ്രീംകോടതിയിലെ ബഹുമാന്യരായ ജഡ്ജിമാർ ഇരു കക്ഷികൾക്കും പൂർണ്ണമായ നീതി ലഭ്യമാക്കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. രാമന്റെ വിഗ്രഹം മസ്ജിദിനുള്ളിൽ സ്ഥാപിച്ചതാണെന്ന് സുപ്രീംകോടതി സമ്മതിച്ചിട്ടുണ്ട്. എന്നാൽ അതേ ശ്വാസത്തിൽ മുഴുവൻ വക്കഫ് ഭൂമിയും രാം ലല്ലയ്ക്ക് നൽകിയത് സാമാന്യ നീതിയുടെ നിഷേധമാണ്. നഗരത്തിൽ എവിടെയെങ്കിലും അഞ്ച് ഏക്കർ സ്ഥലം നൽകുന്നത് കേവലം ആളുകളെ സമാധാനിപ്പിക്കുന്നതിനുള്ള നടപടി മാത്രമാണ്.

ഭരണഘടനയുടെ പ്രയോഗവൽക്കരണം ജാതി, മതം എന്നിവ നോക്കാതെ തുല്യതയുടെയും നീതിയുടെയും അടിസ്ഥാന തത്വങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള ഉരകല്ലാണ് ബാബരി മസ്ജിദ് പ്രശ്‌നം. നിർഭാഗ്യവശാൽ നിയമനിർമ്മാണ സഭ, എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി എന്നീ മൂന്ന് ശാഖകളും ഒന്നോ അല്ലെങ്കിൽ മറ്റൊന്നോ പരാജയപ്പെട്ടു. വേദനാജനകമായ ഈ വിധി സുപ്രീം കോടതിയുടെ സമഗ്രതയെക്കുറിച്ച് ചിന്തിക്കുന്ന ദശലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാരിൽ ഭയവും നിരാശയും സൃഷ്ടിച്ചു. ദീർഘകാലാടിസ്ഥാനത്തിൽ ഇത് രാജ്യത്തിന്റെ മതേതരവും ജനാധിപത്യപരവുമായ ഘടനയെ ദുർബലപ്പെടുത്താൻ ഇടയാക്കും. അനീതി തിരുത്താനും രാജ്യത്തിന്റെ പരമോന്നത കോടതിയിൽ വിശ്വാസം പുനഃസ്ഥാപിക്കാനും കൂടുതൽ നിയമപരമായ വഴികൾ അന്വേഷിക്കാൻ എസ്ഡിപിഐ മുസ്ലിം സംഘടനകളോട് അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP