Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അയോധ്യക്കേസ് വിധി സംയമനത്തോടെ അഭിമുഖീകരിക്കാൻ പ്രവർത്തകരോട് ആഹ്വാനവുമായി പാണക്കാട് ഹൈദരലി തങ്ങൾ; പ്രകോപനങ്ങൾക്ക് വശംവദരാകരുത്; സമാധാനവും സൗഹാർദവും നിലനിർത്താൻ എല്ലാവരും പ്രതിജ്ഞാബദ്ധമായിരിക്കണമെന്നും തങ്ങൾ

അയോധ്യക്കേസ് വിധി സംയമനത്തോടെ അഭിമുഖീകരിക്കാൻ പ്രവർത്തകരോട് ആഹ്വാനവുമായി പാണക്കാട് ഹൈദരലി തങ്ങൾ; പ്രകോപനങ്ങൾക്ക് വശംവദരാകരുത്; സമാധാനവും സൗഹാർദവും നിലനിർത്താൻ എല്ലാവരും പ്രതിജ്ഞാബദ്ധമായിരിക്കണമെന്നും തങ്ങൾ

ജംഷാദ് മലപ്പുറം

മലപ്പുറം: ദശാബ്ദങ്ങളായി തുടരുന്ന ബാബരി മസ്ജിദ് കേസിലെ സുപ്രിംകോടതി വിധി വരുന്ന പശ്ചാത്തലത്തിൽ സമാധാനവും സൗഹാർദവും നിലനിർത്തുന്നതിന് എല്ലാവരും പ്രതിജ്ഞാബദ്ധമായിരിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അഭ്യർത്ഥിച്ചു. രാജ്യത്തെ പരമോന്നത നീതിപീഠം ഇക്കാര്യത്തിൽ കൈക്കൊള്ളുന്ന തീരുമാനം ഏതുതരത്തിലായാലും വിധിയെ സംയമനത്തോടെ അഭിമുഖീകരിക്കണം. അസഹിഷ്ണുതയും പ്രകോപനവും സൃഷ്ടിക്കാനുള്ള ശ്രമങ്ങളുണ്ടായാൽ അതിൽ വശംവദരാവരുത്. മുസ്ലിംകളുടെ ആരാധനാലയമെന്നതിനൊപ്പം രാജ്യത്തിന്റെ മഹത്തായ മതേതര പൈതൃകത്തിന്റെ പ്രതീകം കൂടിയാണ് ബാബരി മസ്ജിദ്.

മസ്ജിദിന്റെയും അതുനിലകൊള്ളുന്ന ഭൂമിയുടെയും ഉടമസ്ഥാവകാശം സംബന്ധിച്ച എല്ലാ ന്യായവാദങ്ങളും ചരിത്രത്തിന്റെയും ശാസ്ത്രത്തിന്റെയും ആധികാരിക രേഖകളുടെയും പിൻബലത്തോടെതന്നെ കോടതി മുമ്പാകെ ഇഴകീറിപരിശോധനക്കു വന്നിട്ടുണ്ട്. സുപ്രിം കോടതിയുടെ അന്തിമതീരുമാനത്തെ ഉത്തമ വിശ്വാസത്തോടെയാണ് രാജ്യം കാത്തിരിക്കുന്നത്. ജനാധിപത്യ വ്യവസ്ഥയിൽ നീതിപീഠങ്ങളാണ് പൗരന്റെയും ദുർബലജനതയുടെയും സത്യവുംനീതിയും പുലരാൻ ആഗ്രഹിക്കുന്നവരുടെയും അവസാനത്തെ പ്രതീക്ഷ.
സത്യത്തിന്റെയും നീതിയുടെയും പക്ഷത്ത് നിലകൊള്ളുന്നതാണ് നമ്മുടെ രാജ്യത്തിന്റെ നീതിന്യായവ്യവസ്ഥയുടെ ചരിത്രം. കോടതി വിധിയെ മാനിക്കുമെന്ന് എക്കാലവും ഉറക്കെപറഞ്ഞിട്ടുള്ളവരാണ് വിശ്വാസികൾ. വിധിയുടെ പേരിൽ നാടിന്റെ സമാധാനത്തിനും സൗഹാർദ്ദത്തിനും ഭംഗം വരാതിരിക്കാൻ ജാഗ്രതപുലർത്തണം. രാജ്യത്തെ ഭൂരിപക്ഷസമുദായത്തിന്റെ കരുതലും സ്നേഹവും ഐക്യദാർഢ്യവും ഓരോ നിർണായകഘട്ടങ്ങളിലും ന്യൂനപക്ഷ, പിന്നാക്ക സമൂഹത്തിന് ലഭിച്ചിട്ടുണ്ട്. ആ പരസ്പരസ്നേഹവും സാഹോദര്യവും എക്കാലവും തുടരണം. അതാണ് രാജ്യത്തിന്റെ അഭിലാഷമെന്നും തങ്ങൾ പറഞ്ഞു.

അതേ സമയം ബാബരി മസ്ജിദ് കേസിലെ സുപ്രിംകോടതി വിധിയുമായി ബന്ധപ്പെട്ട് സമാധാനവും ഐക്യവും നിലനിർത്തണമെന്ന് എല്ലാ പൗരന്മാരോടും സംഘടനകളോടും പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയർമാൻ ഇ അബൂബക്കറും അഭ്യർത്ഥിച്ചു. ഉന്നത ജുഡീഷ്യറിയിൽ വിശ്വാസമുണ്ടെന്ന് ആവർത്തിച്ച അദ്ദേഹം, വസ്തുതകളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ വിധി പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വ്യക്തമാക്കി. നമ്മുടെ സാമൂഹ്യഘടനയെ പലതരത്തിൽ ജീർണിപ്പിച്ച പതിറ്റാണ്ടുകളായി നിലനിൽക്കുന്ന വിഷയത്തിൽ വരുംദിവസങ്ങളിൽ സുപ്രിംകോടതിയിൽനിന്ന് വിധി വരുമെന്നാണ് രാഷ്ട്രം പ്രതീക്ഷിക്കുന്നത്. നമ്മുടെ രാജ്യത്തിന്റെ അടിത്തറയായ മതേതരത്വ- ജനാധിപത്യ റിപ്പബ്ലിക്കിനെതിരായ ആക്രമണമായിരുന്നു 1992 ലെ ബാബരി മസ്ജിദ് തകർക്കൽ.

കേസിൽ ഉൾപ്പെട്ട അഭിഭാഷകരെയും വ്യവഹാരികളെയും ഭീഷണിപ്പെടുത്തുന്നതിനുവരെ വർഗീയശക്തികൾ അടുത്തിടെ ശ്രമിച്ചിരുന്നു. സുപ്രിംകോടതി വിധിയോടെ സമാധാനപരവും ശാശ്വതവുമായ ഒത്തുതീർപ്പുണ്ടാവുമെന്നാണ് രാജ്യത്തിന്റെ പ്രതീക്ഷ. കൂടാതെ ഇത് രാജ്യത്ത് സഹവർത്തിത്വത്തിന്റെയും സമന്വയത്തിന്റെയും ഒരു പുതിയ യുഗം തുറക്കും. നിയമവാഴ്ചയും ജുഡീഷ്യറിയുടെ പവിത്രതയും ഉയർത്തിപ്പിടിക്കേണ്ടത് നീതിക്കായി പ്രതിജ്ഞാബദ്ധരായ എല്ലാ വിഭാഗങ്ങളുടെയും ഉത്തരവാദിത്വമാണ്. വിധി അനുകൂലമായാലും പ്രതികൂലമായാലും അമിതമായ സന്തോഷവും രോഷപ്രകടനവും ഒഴിവാക്കാൻ ചെയർമാൻ എല്ലാവരോടും വാർത്താക്കുറിപ്പിലൂടെ അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP