Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തൃശൂരിലെ ഓട്ടോറിക്ഷകൾ ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്നത് കനത്ത വാടക; ചോദ്യം ചെയ്താൽ ചീത്ത വിളിയും: പരിഷ്‌കരിച്ച ചാർജ് കാണിക്കുന്ന മീറ്റർ ഇനിയും ഓട്ടോറിക്ഷകളിൽ ഘടിപ്പിക്കാത്തതിനാൽ അവസരം മുതലാക്കി ഓട്ടോ ഡ്രൈവർമാർ

തൃശൂരിലെ ഓട്ടോറിക്ഷകൾ ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്നത് കനത്ത വാടക; ചോദ്യം ചെയ്താൽ ചീത്ത വിളിയും: പരിഷ്‌കരിച്ച ചാർജ് കാണിക്കുന്ന മീറ്റർ ഇനിയും ഓട്ടോറിക്ഷകളിൽ ഘടിപ്പിക്കാത്തതിനാൽ അവസരം മുതലാക്കി ഓട്ടോ ഡ്രൈവർമാർ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: തൃശൂരിലെ ഓട്ടോറിക്ഷകൾ ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്നത് കനത്ത വാടക. ന്യായം പറഞ്ഞാൽ പുളിച്ച തെറിയും. കഴിഞ്ഞ മൂന്നാഴ്‌ച്ചയായി തൃശൂരിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ തോന്നിയ കൂലിയാണ് ജനങ്ങളിൽ നിന്ന് ഈടാക്കിക്കൊണ്ടിരിക്കുന്നത്. പരിഷ്‌ക്കരിച്ച ചാർജ് പ്രകാരം ഒന്നര കിലോമീറ്റർ സഞ്ചരിക്കുമ്പോഴത്തെ മിനിമം വാടക 25 രൂപയാണ്. പിന്നീട് വരുന്ന ഓരോ കിലോമീറ്ററിനും 13 രൂപയാണ് ചാർജ്. ഓട്ടോറിക്ഷ ചാർജ് പരിഷ്‌കരിച്ചുകൊണ്ട് സർക്കാർ ഉത്തരവ് ഇറക്കിയത് ഈ ഡിസംബർ മാസം നാലിനായിരുന്നു. എന്നാൽ ഇപ്പോൾ ഓട്ടോറിക്ഷ ഡ്രൈവർമാർ തങ്ങൾക്ക് തോന്നിയ ചാർജാണ് യാത്രക്കാരിൽ നിന്നും ഈടാക്കുന്നത്.

കഴിഞ്ഞ മൂന്നാഴ്‌ച്ചയായി തൃശൂരിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ തോന്നിയ കൂലിയാണ് ജനങ്ങളിൽ നിന്ന് ഈടാക്കിക്കൊണ്ടിരിക്കുന്നത്. പരിഷ്‌ക്കരിച്ച ചാർജ് പ്രകാരം ഒന്നര കിലോമീറ്റർ സഞ്ചരിക്കുമ്പോഴത്തെ മിനിമം വാടക 25 രൂപയാണ്. പിന്നീട് വരുന്ന ഓരോ കിലോമീറ്ററിനും 13 രൂപയാണ് ചാർജ്. ഇതൊക്കെ ഉത്തരവിലും ഇനിയും ഘടിപ്പിക്കാത്ത മീറ്ററിലും, പിന്നെ ഓട്ടോറിക്ഷ ഡ്രൈവറുടെ കീശയിലെ കടലാസ്സിലും.

എന്നാൽ ഇതൊന്നും  കണക്കാക്കാതെ കഴുത്തറപ്പൻ ചാർജ്ജാണ് ഓട്ടോറിക്ഷ ഡ്രൈവർമാർ ഈടാക്കിക്കൊണ്ടിരിക്കുന്നത്. യാത്രക്കാർ ചോദ്യം ചെയ്താൽ കീശയിൽനിന്ന് ഒരു കടലാസ് പൊക്കികാണിച്ചുകൊണ്ട് നല്ല പുളിച്ച തെറിയും പറയും. ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയാണ് ഇന്നുള്ളത്. തൃശൂരിന്റെ ഏതു മുക്കിലും മൂലയിലും ഓട്ടോഡ്രൈവർമാർ യാത്രക്കാരുമായി വഴക്കടിക്കുന്നത് സ്ഥിരം കാഴ്ചയായി.

ഓട്ടോറിക്ഷ ചാർജ് പരിഷ്‌കരിച്ചുകൊണ്ട് സർക്കാർ ഉത്തരവ് ഇറക്കിയത് ഡിസംബർ നാലിനായിരുന്നു. പക്ഷെ തൃശൂരിൽ ഡിസംബർ 23 നാണ് പരിഷ്‌കരിച്ച വാടക മീറ്ററിൽ സ്ഥാപിക്കുന്നതിനുള്ള ഇലക്ട്രോണിക് ചിപ്പ് എത്തുന്നത്. ചിപ്പ് എത്തിയതോടെ ഇത് ഘടിപ്പിക്കുന്ന സർവ്വീസ് സെന്ററുകളിൽ നല്ല തിരക്കാണ്.

തൃശൂർ താലൂക്കിൽ മാത്രം ഏകദേശം ആറായിരം ഓട്ടോറിക്ഷകൾ ഉണ്ടെന്നാണ് അറിയാൻ കഴിയുന്നത്. ചിപ്പ് ഘടിപ്പിക്കുന്നതിന് വാഹനമൊന്നിന് 400 രൂപയാണ് ഫീസ് ഈടാക്കുന്നത്. അതേസമയം സർവ്വീസ് സെന്ററുകൾ 400 രൂപക്കുള്ള രശീതി തരുന്നില്ലെന്നാണ് ഓട്ടോറിക്ഷ ഡ്രൈവർമാരുടെ പരാതി.

അതേസമയം മീറ്റർ പരിഷ്‌കരിക്കുന്നതിലുള്ള തിരക്ക് മൂലമാണ് രശീതി കൊടുക്കാൻ സാധിക്കാത്തതെന്ന് സർവ്വീസ് സെന്റർ ഉടമ മറുനാടനോട് പറയുന്നു. എന്തായാലും പരിഷ്‌ക്കരിച്ച മീറ്റർ വാങ്ങിക്കൊണ്ടുപോകുന്ന ആർക്കും തന്നെ രശീതി ഇപ്പോൾ തൃശൂരിലെ നോബിൾ സർവ്വീസ് സെന്റർ കൊടുക്കുന്നില്ലെന്നതാണ് വാസ്തവം.

ഒട്ടോറിക്ഷ ഡ്രൈവർമാരുടെ പ്രതികരണം ചോദിച്ചറിഞ്ഞ മറുനാടന് കിട്ടിയത് സമ്മിശ്ര പ്രതികരണമാണ്. സർക്കാരും സംഘടനകളും ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഇപ്പോൾ തങ്ങളെന്നാണ് ഓട്ടോറിക്ഷ ഡ്രൈവർമാർ പറയുന്നത്. സർക്കാർ യുബർ പോലെയുള്ള കോർപ്പറേറ്റിന്റെ കൂടെയാണെന്ന ആരോപണവും അവർ ഉന്നയിക്കുന്നു. സർക്കാരിലും സംഘടനകളിലും വിശ്വാസം നഷ്ടപ്പെട്ടുവെന്നാണ് ചിലരെങ്കിലും മറുനാടനോട് പ്രതികരിച്ചത്. തങ്ങൾക്ക് യാതൊരുവിധ സുരക്ഷിതത്വവും ഇല്ലെന്നും ഡ്രൈവർമാർ പറയുന്നു. പൊലീസും ഞങ്ങളെ തിരിഞ്ഞുനോക്കുന്നില്ല.

അതേസമയം തൃശൂരിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ ജനങ്ങളെ പിഴിയുന്നുവെന്ന പരാതി പരക്കെ സജീവമാണ്. സമൂഹമാധ്യമങ്ങളിലും പരാതികൾ നിത്യേന സജീവമാണ്. അധികൃതരുടെ ഒത്താശയിന്മേലാണ് ഈ തീവെട്ടിക്കൊള്ള നടക്കുന്നതെന്ന ആരോപണവും ശക്തമാണ്. ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്ന ജനങ്ങൾക്കും സുരക്ഷിതത്വം ഇല്ലെന്നും പരക്കെ പരാതി. ചുരുക്കത്തിൽ സർക്കാരിനും പൊലീസിനും ജനങ്ങൾക്കും പിടികൊടുക്കാതെ ഓട്ടോറിക്ഷകൾ ഓടുകയാണ്.

ആരോ പണ്ട് നിശ്ചയിച്ച തൃശൂർ കോർപറേഷൻ പരിധി കഴിഞ്ഞാൽപ്പിന്നെ വാടകയുടെ പകുതികൂടി വാങ്ങുന്ന പതിവ് ചൂഷണം തൃശൂരിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ ഇന്നും തുടരുകയാണ്.

ഇപ്പോഴത്തെ പുതിയ വിദ്യ കീശയിൽ നിന്ന് ഒരു കടലാസ് പൊക്കിക്കാണിക്കലാണ്. പരിഷ്‌കരിച്ച വാടകയാണത്രേ. മീറ്ററിൽ പ്രത്യക്ഷപ്പെടാത്ത പരിഷ്‌കരിച്ച വാടക. ഓട്ടോറിക്ഷ ഡ്രൈവർമാരുടെ വായിലെ പുളിച്ച തെറി ഭയന്ന് ആരും ന്യായം പറയാൻ നിൽക്കില്ല. എന്നിരുന്നാലും ചില ഡ്രൈവർമാരെങ്കിലും കോഴിക്കോട്ടെ മാതൃകാ ഡ്രൈവർമാരെ പോലെ നല്ലവരായിട്ടുണ്ടെന്നതും വാസ്തവമാണ്.

പണ്ട് തൃശൂർ കോർപറേഷൻ പരിധി വരെയുള്ള റോഡുകൾ ടാറിട്ടിരുന്ന കാലത്തുകൊണ്ടുവന്ന ഒരു താൽക്കാലിക കീഴ്‌വഴക്കമായിരുന്നു ഈ ''വാടക പകുതി'' വാങ്ങുന്ന ഏർപ്പാട്. അന്ന് അതിനു കാരണമായി പറഞ്ഞത് കോർപറേഷൻ പരിധി കഴിഞ്ഞുവരുന്ന പഞ്ചായത്ത് റോഡുകൾ ടാറിടാത്തതുകൊണ്ടും മോശമായതുകൊണ്ടുമെന്നാണ്. എന്നാൽ ഇന്ന് തൃശൂരിലെ ഏതാണ്ട് എല്ലാ പഞ്ചായത്തുകളിലെയും റോഡുകൾ ടാറിട്ടു വൃത്തിയാക്കിയിട്ടുണ്ട്. മാത്രമല്ല, കോർപറേഷൻ പരിധിയും മാറിയിട്ടുണ്ട്. പക്ഷേ തൃശൂരിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ ഇന്നും ആ പഴയ കീഴ്‌വഴക്കം നിലനിർത്തിക്കൊണ്ട് ജനങ്ങളെ കൊള്ളയടിക്കുകയാണ്.

വസ്തുതകൾ ഇങ്ങനെയൊക്കെയാണെങ്കിലും നല്ല റോഡുകൾ നിയമവിധേയമെങ്കിലും, പൊളിച്ച് നാശമാക്കുന്നതും ഇപ്പോൾ അതുമായി ബന്ധപ്പെട്ട വകുപ്പുകൾ ആണെന്ന വസ്തുതയും ഇവിടെ മറച്ചുവയ്ക്കുന്നില്ല. ജല വകുപ്പോ പൊതുമരാമത്ത് വകുപ്പോ വാർത്താവിനിമയ വകുപ്പോ ഒരു മുന്നറിയിപ്പ് ബോഡും വച്ചുകൊണ്ട് ഇപ്പോൾ കേരളത്തിലെ നല്ല വഴികൾ പോലും വെട്ടിപ്പൊളിക്കുന്നു. ആവശ്യം കഴിഞ്ഞാൽ റോഡുകൾ പൂർവ്വ സ്ഥിതിയിലാക്കണമെന്ന നിയമങ്ങളും നിബന്ധനകളും അട്ടിമറിക്കുന്നു

അതേസമയം നിയമാനുസൃതം തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓട്ടോറിക്ഷ വാടകക്ക് എടുത്താൽ ''വാടക പകുതി'' വാങ്ങുന്ന കീഴ്‌വഴക്കം ഇല്ലെന്നു കാണാം. അപ്പോൾ ഇത് തീവെട്ടിക്കൊള്ള തന്നെ. സർക്കാരും അധികൃതരും പൊലീസും ഈ വിഷയത്തിൽ ഇടപെടണം. മീറ്റർ അടിസ്ഥാനത്തിൽ മാത്രം ഓടാൻ ഓട്ടോറിക്ഷ ഡ്രൈവർമാർ തയ്യാറാവണം. അവരെ അതിന് തയ്യാറാക്കേണ്ടത് സർക്കാരിന്റെയും പൊലീസിന്റെയും ഉത്തരവാദിത്തമാണ്. എല്ലാ ഓട്ടോ ഡ്രൈവർമാർക്കും നെയിം പ്ലെയിറ്റും ബാഡ്ജും നൽകണം. അവർ അതൊക്കെ ധരിക്കുകയും വേണം. ഡ്രൈവറുടെ ഫോൺ നമ്പരും പരാതിപ്പെടാനുള്ള അടുത്ത പൊലീസ് സ്റ്റേഷൻ നമ്പരും യാത്രക്കാർക്ക് കാണാവുന്ന തരത്തിൽ ഓട്ടോയിൽ പരസ്യപ്പെടുത്തണം. ഇതൊക്കെ നിയമങ്ങളിൽ എഴുതിവച്ചതുകൊണ്ടായില്ല, നടപ്പിൽ വരണം.

എന്തായാലും പരിഷ്‌ക്കരിച്ച വാടകയും പുതിയ മീറ്ററും ഘടിപ്പിക്കുമ്പോൾ എല്ലാം ശരിയാവുമെന്ന പ്രതീക്ഷയിലാണ് തൃശൂരിലെ ഓട്ടോറിക്ഷയെ ആശ്രയിക്കുന്ന ജനങ്ങൾ. മാത്രമല്ല, ഒട്ടോറിക്ഷയെക്കാൾ കുറഞ്ഞ വാടകക്ക് ഇപ്പോൾ യുബർ ടാക്‌സിയും ഓടിത്തുടങ്ങി തൃശൂരിൽ. എല്ലാംകൂടി ഒട്ടോറിക്ഷക്കാരെ മര്യാദ പഠിപ്പിക്കാമെന്ന വ്യാമോഹത്തിൽ കൂടിയാണ് തൃശൂർക്കാർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP