Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉണ്ണിത്താൻ വധശ്രമക്കേസ്: സിബിഐക്കെതിരെ അറസ്റ്റിലായ പ്രതി സന്തോഷിന്റെ ഭാര്യ രംഗത്ത്; സസ്പെൻഷനിലായ ഉദ്യോഗസ്ഥനെ രക്ഷിക്കാൻ ശ്രമമെന്ന് ആരോപണം

ഉണ്ണിത്താൻ വധശ്രമക്കേസ്: സിബിഐക്കെതിരെ അറസ്റ്റിലായ പ്രതി സന്തോഷിന്റെ ഭാര്യ രംഗത്ത്; സസ്പെൻഷനിലായ ഉദ്യോഗസ്ഥനെ രക്ഷിക്കാൻ ശ്രമമെന്ന് ആരോപണം

ഉണ്ണിത്താൻ വധശ്രമക്കേസിൽ സിബിഐക്കെതിരെ കണ്ടെയ്നർ സന്തോഷിന്റെ ഭാര്യ രംഗത്ത്. മാതൃഭൂമിയുടെ കൊല്ലം ലേഖകനായ ഉണ്ണിത്താനെ വധിക്കാൻ ശ്രമിച്ച കേസിൽ മാപ്പുസാക്ഷിയായ സന്തോഷിനെ സിബിഐ സംഘം ഇന്ന് കൊച്ചിയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. അതിനെ തുടർന്നാണ് സിബിഐക്കെതിരെ ആരോപണമുന്നയിച്ചത് കണ്ടെയ്നർ സന്തോഷിന്റെ ഭാര്യ ഷൈനി രംഗത്തെത്തിയത്. കൈരളി പീപ്പിൾ ടിവിയാണ് ഷൈനിയുടെ ആരോപണം പുറത്തുകൊണ്ടുവന്നത്. 

ഡിവൈഎസ്‌പി അബ്ദുൾ റഷീദിനെ രക്ഷിക്കാൻ സിബിഐ ശ്രമിക്കുന്നു എന്നാണ് കേസിൽ അറസ്റ്റിലായ കുപ്രസിദ്ധ ഗുണ്ട കണ്ടെയ്നർ സന്തോഷിന്റെ ഭാര്യ ഷൈനിയുടെ ആരോപണം. ഉണ്ണിത്താൻ വധശ്രമക്കേസിൽ സസ്പെൻഷനിലായ പൊലീസ് ഉദ്യോഗസ്ഥനാണ് ക്രൈം ബ്രാഞ്ച് മുൻ ഡിവൈഎസ്‌പി അബ്ദുൾ റഷീദ്. സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഒരുദ്യോഗസ്ഥൻ അബ്ദുൾ റഷീദിന്റെ അടുത്ത ബന്ധുവാണെന്നും ഇക്കാര്യ ചൂണ്ടിക്കാട്ടി തങ്ങൾ ആദ്യം സിബിഐ കോടതിയിൽ ഹർജി നൽകിയിരുന്നുവെന്നും അന്നുമുതൽ തങ്ങളെ സിബിഐ നിരന്തരം പീഡിപ്പിക്കുകയാണെന്നും സന്തോഷിന്റെ ഭാര്യ പറഞ്ഞു. ഇന്ന് ഇതുസംബന്ധിച്ച് തങ്ങൾ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്യാൻ ഇരിക്കവേയാണ്, കൊച്ചിയിൽ വച്ച് സന്തോഷിനെ അറസ്റ്റ് ചെയ്തത്. മാപ്പുസാക്ഷിയാക്കിയ സന്തോഷിനെ വീണ്ടും കേസിൽ പ്രതി ചേർത്തത് സിബിഐയുടെ പീഡനത്തിന്റെ തെളിവാണെന്നും അവർ ആരോപിച്ചു. ഇതിന്റെ ഭാഗമാണ് കണ്ടെയ്നർ സുരേഷിന്റെ അറസ്റ്റെന്നും അവർ കൂട്ടിച്ചേർത്തു. കൊല്ലത്ത് പൊലീസുകാരനെ കുത്തി പരിക്കേല്പിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയാണ്, സന്തോഷ്. കേസ് അന്വേഷിക്കുന്ന സിബിഐ സംഘമാണ് കൊച്ചിയിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്.

ഉണ്ണിത്താൻ വധശ്രമക്കേസിലെ അഞ്ചാം പ്രതിയായ കണ്ടെയ്നർ സന്തോഷിനെ എറണാകുളം സിജെഎം കോടതിയാണ് 2012 ഒക്ടോബറിൽ മാപ്പുസാക്ഷിയായി പ്രഖ്യാപിച്ചത്. ക്രിമിനൽ നടപടിക്രമം 306ാം വകുപ്പ് പ്രകാരം ആനന്ദൻ എന്ന കണ്ടെയ്നർ സന്തോഷ് ചെയ്ത കുറ്റകൃത്യം മാപ്പാക്കണമെന്നാവശ്യപ്പെട്ട് സിബിഐ ചെന്നൈ യൂനിറ്റ് അഡീഷനൽ എസ്‌പി എസ് ജയകുമാർ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് സിജെഎം കോടതി മാപ്പുസാക്ഷിയാക്കിയത്. സിബിഐക്ക് അനുകൂലമായി നേരത്തേ കോലഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ സന്തോഷ് മൊഴി നൽകിയിരുന്നു. മാപ്പുസാക്ഷിയാക്കുന്നതിന്റെ ഭാഗമായി സിആർപിസി 164 പ്രകാരം മൂന്നുമണിക്കൂറിൽ ഏറെയെടുത്ത് അറുപതിൽ കൂടുതൽ പേജുകളുള്ള രഹസ്യമൊഴി മജിസ്ട്രേറ്റ് വീണ്ടും രേഖപ്പെടുത്തിയിരുന്നു. മൊഴിപ്പകർപ്പ് വിചാരണക്കോടതിയായ തിരുവനന്തപുരം സിബിഐ കോടതിക്ക് കൈമാറുമെന്നും എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അറിയിച്ചിരുന്നു.

2011 ഏപ്രിൽ 16നാണ് കേസിന് ആസ്പദമായ സംഭവം. അബ്ദുൾ റഷീദിനു പുറമേ സന്തോഷ് നായർ എന്ന പൊലീസ് ഉദ്യോഗസ്ഥനും കേസിൽ പ്രതി ചേർക്കപ്പെട്ടതിനെ തുടർന്ന് സസ്പെൻഷനിലാണ്. കേസിൽ തുടരന്വേഷണം നടന്നുകൊണ്ടിരിക്കയാണ്. ഡാർവിൻ, തോമസ് എന്നീ സിബിഐ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നത്. അബ്ദുൾ റഷീദിന്റെ അടുത്ത ബന്ധുവായ സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഇൻസ്പെക്റ്റർ സലിം സാഹിബ് കേസ് അന്വേഷിക്കുന്ന ഡാർവിന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്ന് ഷൈനി ആരോപിക്കുന്നു. സലിം സാഹിബിന്റെ ഭാര്യയുടെ സഹോദരിയുടെ ഭർത്താവാണ് അബ്ദുൾ റഷീദ്. ഈ ബന്ധം തെളിയിക്കുന്ന രേഖ ഹൈക്കോടതിയിൽ ഇന്ന് ഹാജരാക്കിയിട്ടുണ്ടെന്നും പീപ്പിൾ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 

പൊലീസുകാരനെ കൊല്ലാൻ ശ്രമിച്ച കേസിലെ തെളിവായ ഒരു സിഡി കളവുപോയി എന്ന കുറ്റത്തിലാണ് സിബിഐ ഇപ്പോൾ സന്തോഷിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP