Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202227Monday

പോപ്പുലർ ഫ്രണ്ട് മതഭീകരവാദ സംഘടന; കൂടെ കൂട്ടാൻ സിപിഎം ശ്രമം; ഭാവിയിൽ വലിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കും; കേരളത്തെ പണ്ടത്തെ കശ്മീരാക്കാൻ ശ്രമമെന്ന് കെ സുരേന്ദ്രൻ

പോപ്പുലർ ഫ്രണ്ട് മതഭീകരവാദ സംഘടന; കൂടെ കൂട്ടാൻ സിപിഎം ശ്രമം; ഭാവിയിൽ വലിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കും; കേരളത്തെ പണ്ടത്തെ കശ്മീരാക്കാൻ ശ്രമമെന്ന് കെ സുരേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ന്യൂനപക്ഷ വർഗീയത ഭൂരിപക്ഷ വർഗീയത പോലെ അപകടമല്ലെന്ന മന്ത്രി എം വി ഗോവിന്ദന്റെ പരാമർശം കേരളത്തെ പഴയ കശ്മീരാക്കാനുള്ള പോപ്പുലർ ഫ്രണ്ട് നീക്കത്തിനുള്ള പരസ്യ പിന്തുണയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പോപ്പുലർ ഫ്രണ്ട് നാടിന്റെ സമാധാനം നശിപ്പിക്കുമ്പോൾ സിപിഎം അവരെ അനുകൂലിച്ച് രംഗത്ത് വരുന്നത് ജനങ്ങൾക്ക് ആശങ്കയുണ്ടാക്കുകയാണെന്നും തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

വർഗീയ ശക്തികളുമായി ചേർന്നുള്ള സിപിഎമ്മിന്റെ രാഷ്ട്രീയ കൂട്ടുകെട്ടാണ് ഗോവിന്ദന്റെ പ്രസ്താവനയിലൂടെ പുറത്ത് വന്നിരിക്കുന്നത്. രാജ്യം മുഴുവൻ പ്രവർത്തിക്കുന്ന പോപ്പുലർ ഫ്രണ്ടിന്റെ ന്യൂനപക്ഷ ഭീകരവാദം കുഴപ്പമില്ല എന്ന് പറയുന്ന സർക്കാറാണ് കേരളം ഭരിക്കുന്നത്.

ജനങ്ങളെ ഭിന്നിപ്പിച്ച് വർഗീയ കലാപം നടത്തി രാജ്യം തകർക്കാൻ ശ്രമിക്കുന്ന സംഘടനയെ പരസ്യമായി വെള്ളപൂശുകയാണ് സിപിഎം. പുതിയ രാഷ്ട്രീയ സാഹചര്യമാണോ സിപിഎമ്മിനെ ഇങ്ങനെ ചിന്തിപ്പിക്കുന്നതെന്ന് അവർ വ്യക്തമാക്കണം. പോപ്പുലർ ഫ്രണ്ട് ആർ.എസ്.എസിനും ബിജെപിക്കും മാത്രമല്ല ഈ നാടിന് തന്നെ ഭീഷണിയാണെന്ന് ബിജെപി അധ്യക്ഷൻ പറഞ്ഞു.

മതതീവ്രവാദികളുടെ പ്രവർത്തനത്തെ ചെറുക്കുന്നതിന് ആവശ്യമായ ജനാധിപത്യപരമായ പ്രവർത്തനങ്ങളും പ്രചാരണങ്ങളും സംഘടിപ്പിക്കും. ഏപ്രിൽ 29ന് പാർട്ടി നേതൃയോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുക്കും. വർധിക്കുന്ന മതതീവ്രവാദം ചെറുക്കുന്നത് സംബന്ധിച്ച പരിപാടികൾ യോഗത്തിൽ ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ മതതീവ്രവാദത്തെ സംബന്ധിച്ച വിവരങ്ങൾ ആഭ്യന്തരമന്ത്രിയെ ധരിപ്പിക്കും. പൊതു സമ്മേളനത്തിലും പട്ടികജാതി മോർച്ച പരിപാടിയിലും സംസ്ഥാന സമിതി യോഗത്തിലും അമിത് ഷാ പങ്കെടുക്കുമെന്നും കെ.സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

എത്ര ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടാലും മത തീവ്രവാദത്തിനെതിരെ പോരാട്ടം തുടരും. പോപ്പുലർ ഫ്രണ്ട് ജനാധിപത്യത്തിൽ വിശ്വസിക്കാത്ത മതഭീകരവാദ സംഘടനയാണ്. സമൂഹം ഒറ്റപ്പെടുത്തേണ്ട രാജ്യവിരുദ്ധ സംഘടനയാണവർ. പോപ്പുലർ ഫ്രണ്ടിനെ മുന്നിൽ നിർത്തി മുസ്ലിം വിഭാഗത്തിലെ ഒരു കൂട്ടരെ കൂടെ കൂട്ടാനാണ് സിപിഎം ശ്രമിക്കുന്നത്. തൽക്കാലത്തേക്കു കുറച്ച് വോട്ടു കിട്ടുമെങ്കിലും ഭാവിയിൽ വലിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ ഇത് കാരണമാകും.

കഴിഞ്ഞ ആറു വർഷത്തിനിടെ 24 ബിജെപിആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ടു. 7 ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തിയത് പോപ്പുലർ ഫ്രണ്ടുകാരാണ്. ബിജെപിയെയും പോപ്പുലർ ഫ്രണ്ടിനെയും ഒരുപോലെ ചിത്രീകരിക്കുന്നവർ പോപ്പുലർ ഫ്രണ്ടിനെ സഹായിക്കുകയാണ്. പോപ്പുലർ ഫ്രണ്ട് നാടിനെ തകർക്കാൻ നടക്കുന്ന സംഘടനയാണ്. പ്രശ്‌നങ്ങളുണ്ടാകാതിരിക്കാൻ പോപ്പുലർ ഫ്രണ്ടിന്റെ പരിശീലന കേന്ദ്രങ്ങൾ അടച്ചുപൂട്ടണം. കേരളത്തെ പണ്ടത്തെ കശ്മീരാക്കാനാണ് ശ്രമം. ഇതു തിരിച്ചറിഞ്ഞില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടിവരുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

സഞ്ജിത്ത് വധകേസിൽ സിബിഐ അന്വേഷണത്തിനെതിരായ നിലപാട് സംസ്ഥാന സർക്കാർ സ്വീകരിച്ചത് പോപ്പുലർ ഫ്രണ്ടിനെ സഹായിക്കാനാണ്. പാലക്കാട് ആശുപത്രിയിൽ കാവി മുണ്ടുടുത്ത ഒരാളെ കൊല്ലെടാ എന്നും പറഞ്ഞ് ആക്രമിച്ച ഭീകരവാദികളെ പിന്തുണയ്ക്കുന്നതിലൂടെ സിപിഎം എന്ത് സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നതെന്ന് സുരേന്ദ്രൻ ചോദിച്ചു. പോപ്പുലർ ഫ്രണ്ടിന് സംസ്ഥാനത്ത് എല്ലാ സ്ഥലത്തും ആസൂത്രിതമായ ആക്രമണം നടത്താൻ സാധിക്കുന്നത് പൊലീസിന്റെ നിഷ്‌ക്രിയത്വം കൊണ്ടാണ്.

സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന മതഭീകരവാദ പ്രവർത്തനത്തിനെതിരെ ബിജെപി പോരാട്ടം ശക്തമാക്കും. 29ന് തിരുവനന്തപുരത്ത് നടക്കുന്ന പാർട്ടി നേതൃയോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പങ്കെടുക്കും. ലൗജിഹാദ് പോലെ പൊതുസമൂഹത്തിന് ഭീഷണിയായ കാര്യങ്ങൾ അദ്ദേഹത്തോട് ചർച്ച ചെയ്യും. കേരളത്തിലെ മതഭീകരവാദത്തിന്റെ ഗൗരവം അഭ്യന്തമന്ത്രിയെ ധരിപ്പിക്കും. എസ്.സി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന അമിത്ഷാ റാലിയിലും പങ്കെടുക്കുമെന്ന് സുരേന്ദ്രൻ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP