Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അട്ടപ്പാടിയിൽ മാവോയിസ്റ്റുകൾ സ്ഥിരം സന്ദർശകർ? ഏറ്റുമുട്ടലിൽ 5 മാവോവാദികൾക്കെതിരെ കേസ്; രണ്ട് മലയാളികളും സ്ത്രീയും സംഘത്തിലെന്ന് പൊലീസ്

അട്ടപ്പാടിയിൽ മാവോയിസ്റ്റുകൾ സ്ഥിരം സന്ദർശകർ? ഏറ്റുമുട്ടലിൽ 5 മാവോവാദികൾക്കെതിരെ കേസ്; രണ്ട് മലയാളികളും സ്ത്രീയും സംഘത്തിലെന്ന് പൊലീസ്

അഗളി: അട്ടപ്പാടി വനമേഖലയിൽ പൊലീസും മാവോവാദികളും തമ്മിലുണ്ടായ വെടിവെപ്പിൽ അഞ്ച് മാവോവാദികൾക്കെതിരെ പൊലീസ് കേസെടുത്തു. മലയാളികളായ രണ്ട് പേർ ആക്രമണത്തിൽ പങ്കെടുത്തതായി പൊലീസ് എഫ്.ഐ.ആറിൽ വിശദീകരിക്കുന്നു. ഈ കേസ് തീവ്രവാദ സ്വഭാവമുള്ളതായതിനാൽ ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറുമെന്നാണ് സൂചന.

എഫ്‌ഐആറിൽ പ്രതി ചേർക്കപ്പെട്ടവരിൽ ഒരാൾ വയനാട് സ്വദേശിയായ സോമനാണ്. മറ്റൊരാൾ അഗളി സ്വദേശിയാണെങ്കിലും ഇയാളുടെ പേരുവിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. കന്യാകുമാരിയെന്ന വനിതാ മാവോവാദിയും സംഘത്തിലുണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. അഗളി ഡിവൈ.എസ്‌പി എസ്. ഷാനവാസിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. അഗളി സ്വദേശിയായ മാവോവാദിക്ക് വേണ്ടി ഇന്നലെ നിരവധി റെയ്ഡുകൾപൊലീസ് നടത്തി. വനത്തിൽ നടത്തിയ പരിശോധനയിൽ കുറച്ച് ലഘുലേഖകൾ, രണ്ട് സഞ്ചികളിലായി തുണി, സോപ്പ്, ചെറുകത്തികൾ, പ്ലാസ്റ്റിക് ഷീറ്റ്, പാത്രങ്ങൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്.

അതിനിടെ പൊലീസും മാവോയിസ്റ്റുകളും മുഖാമുഖം ഏറ്റുമുട്ടിയ അട്ടപ്പാടി കടുകുമണ്ണ ഊരിൽ മാവോയിസ്റ്റുകൾ സ്ഥിരം സന്ദർശകരെന്ന് ആദിവാസികൾ പൊലീസിനോട് പറഞ്ഞു. സർക്കാർ വിരുദ്ധ പ്രചാരണത്തിനൊപ്പം മാവോയിസ്റ്റ് പ്രവർത്തനത്തിന് ആദിവാസികളെ പ്രേരിപ്പിക്കുന്നു. തമിഴും ഹിന്ദിയും സംസാരിക്കുന്ന സായുധരായ മാവോയിസ്റ്റുകൾ ഊരുകളിൽ നിന്ന് ഭക്ഷണം കഴിക്കുകയോ ഭക്ഷ്യധാന്യങ്ങൾ ശേഖരിച്ച് കാട്ടിലേക്ക് മടങ്ങുകയോ ആണ് പതിവെന്നും ആദിവാസികൾ പറഞ്ഞു.

മുക്കാലിയിൽ നിന്നും 25 കിലോമീറ്ററോളം അകലെ കടുകമണ്ണ ഊരിനും ഗൊട്ടിയാർകണ്ടി വനമേഖലയിക്കും ഇടയിലായിരുന്നു കഴിഞ്ഞദിവസം രാവിലെ 12 മണിയോടെ ഏറ്റുമുട്ടൽ നടന്നത്. അഗളി ഡിവൈ.എസ്‌പി. എസ്. ഷാനവാസ്, സി.െഎ. കെ.എം. ദേവസ്യ എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ട് സംഘങ്ങൾ വനമേഖലയിലുണ്ടായിരുന്നു. ഇതിൽ സി.െഎ.യുടെ നേതൃത്വത്തിലുള്ള പതിനെട്ടംഗസംഘമായിരുന്നു കടുകുമണ്ണ മേഖലയിൽ. പൊലീസ് സംഘത്തിനുനേരെ വനത്തിനകത്തുനിന്ന് വെടിയുതിർക്കുകയായിരുന്നു. മരങ്ങൾക്കിടയിൽ മറഞ്ഞുനിന്ന് പൊലീസും തിരികെ വെടിവച്ചു.

അഞ്ചുമിനിറ്റ് തുടർച്ചയായി വെടിവെപ്പ് നടന്നതായി പറയുന്നു. ഇതിനിടെ കാട്ടിനകത്തുണ്ടായിരുന്നവർ ചിതറിയോടി. ഒരു സ്ത്രീയുൾപ്പെടെ അഞ്ചുപേരെ കണ്ടതായാണ് പൊലീസുകാർ പറയുന്നത്. പൊലീസ് വെടിവെപ്പിൽ രണ്ട് മാവോവാദികൾക്ക് പരിക്കേറ്റതായി സൂചനയുണ്ട്. പിന്തിരിഞ്ഞ് ഓടുന്നതിനിടെ പരിക്കേറ്റിരിക്കാനും സാധ്യതയേറെയാണെന്നാണ് പൊലീസ് നൽകുന്ന വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP