Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

4500 പിൻവലിക്കാൻ അനുവദിച്ചതോടെ എടിഎമ്മുകൾ ഉച്ചയ്ക്ക് മുമ്പ് കാലിയായി; ഗ്രാമങ്ങളിലെ എടിഎമ്മുകളിൽ നയാ പൈസയില്ല; നഗരങ്ങളിൽ പോലും വീണ്ടും നോട്ട് ക്ഷാമം; നോട്ട് പിൻവലിക്കൽ ദുരിതത്തിൽ ക്ഷമ നഷ്ടപ്പെട്ട് സാധാരണക്കാർ

4500 പിൻവലിക്കാൻ അനുവദിച്ചതോടെ എടിഎമ്മുകൾ ഉച്ചയ്ക്ക് മുമ്പ് കാലിയായി; ഗ്രാമങ്ങളിലെ എടിഎമ്മുകളിൽ നയാ പൈസയില്ല; നഗരങ്ങളിൽ പോലും വീണ്ടും നോട്ട് ക്ഷാമം; നോട്ട് പിൻവലിക്കൽ ദുരിതത്തിൽ ക്ഷമ നഷ്ടപ്പെട്ട് സാധാരണക്കാർ

തിരുവനന്തപുരം: നോട്ട് പിൻവലിക്കൽ ദുരിതം ഇനിയും എത്രനാൾ പേറേണ്ടി വരുമെന്ന കാര്യത്തിൽ ആർക്കും ഒരു ധാരണയുമില്ല. പ്രധാനമന്ത്രി മോദി ആകട്ടെ വാക്കുകൾ ദിവസം തോറും മാറ്റുകയാണ്. എടിഎമ്മുകൾ വഴി പണം പിൻവലിക്കുന്നതിനുള്ള തുകയുടെ പരിധി ഉയർത്തിയതോടെയാണ് രൂക്ഷമായ ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയത്. ഗ്രാമങ്ങളിലും നഗരങ്ങളിലും എടിഎമ്മുകൾ നിമിഷ നേരം കൊണ്ട് കാലിയാകുന്ന അവസ്ഥയാണിപ്പോൾ. 

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ 70 ശതമാനം എടിഎമ്മുകൾ പ്രവർത്തിക്കുന്നുണ്ടെന്നാണു റിസർവ് ബാങ്കിന്റെ കണക്ക്. എന്നാൽ, നഗരപ്രദേശങ്ങളിൽ മാത്രമേ എടിഎമ്മുകൾ കൃത്യമായി പ്രവർത്തിക്കുന്നുള്ളൂവെന്നും ഗ്രാമപ്രദേശങ്ങളിൽ 50 ദിവസത്തിലേറെയായി പ്രവർത്തിക്കാത്ത എടിഎമ്മുകൾ പോലുമുണ്ടെന്നുമാണു പരാതി.

കേരളത്തിൽ എണ്ണായിരത്തോളം എടിഎമ്മുകളാണു പ്രവർത്തിക്കുന്നത്. ഇതിൽ 6000 എണ്ണം ബാങ്ക് ശാഖകളുമായി ബന്ധപ്പെട്ടാണു സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ പലതും പേരിനാണെങ്കിലും പ്രവർത്തിക്കുന്നുണ്ട്. വിദൂര എടിഎമ്മുകളാണു പ്രവർത്തിക്കാത്തവയിൽ കൂടുതലും. ഇന്നലെ പുലർച്ചെ മുതൽ ഒറ്റത്തവണ 4500 രൂപ പിൻവലിക്കാൻ അനുമതി ലഭിച്ചതോടെ മിക്ക എടിഎമ്മുകളിലെയും പണം ഉച്ച കഴിഞ്ഞതോടെ തീർന്നു. ബാങ്ക് അവധിയായതിനാൽ ഇന്നലെ വീണ്ടും നിറയ്ക്കാനും കഴിഞ്ഞിട്ടില്ല.

ഇന്നുരാവിലെ മുതൽ വീണ്ടും പണം നിറയ്ക്കും. 500 രൂപയുടെ നോട്ടുകൾ ഇപ്പോഴും വേണ്ടത്ര ലഭ്യമായിട്ടില്ല. 100 രൂപയുടെ നോട്ടുകൾക്കും ക്ഷാമമുണ്ട്. ജീവനക്കാരുടെ ശമ്പളവും പെൻഷനും നാളെ വിതരണം ചെയ്യും. ഇതോടെ എടിഎമ്മുകളും നിമിഷ നേരം കൊണ്ട് കാലിയാകും. മന്നം ജയന്തി പ്രമാണിച്ച് ഇന്ന് അവധിയായ സാഹചര്യത്തിലാണു ശമ്പളം, പെൻഷൻ വിതരണം നാളെ മുതൽ നടക്കുന്നത്. ശമ്പളം, പെൻഷൻ തുക നാളെ ജീവനക്കാരുടെ അക്കൗണ്ടിലെത്തും.

ശമ്പളം, പെൻഷൻ വിതരണം അടക്കമുള്ളവയ്ക്കായി ഇന്ന് 1000 കോടി രൂപയുടെ കറൻസി സംസ്ഥാനത്ത് എത്തുമെന്നാണു പ്രതീക്ഷയെന്നു റിസർവ് ബാങ്ക് തിരുവനന്തപുരം റീജണൽ ഓഫീസ് അധികൃതർ അറിയിച്ചു. ട്രഷറിയിലേക്കു പണം എത്തിക്കേണ്ട എസ്‌ബിറ്റി, എസ്‌ബിഐ, കനറാ ബാങ്ക് അധികൃതരോടും ഇന്നു പണം നൽകാമെന്നു റിസർവ് ബാങ്ക് അറിയിച്ചിട്ടുണ്ട്. കറൻസി എത്തിയില്ലെങ്കിൽ ശമ്പളം, പെൻഷൻ വിതരണത്തെ ഗുരുതരമായി ബാധിക്കും.

നാളെ മുതൽ 13 വരെയുള്ള ശമ്പളം, പെൻഷൻ വിതരണത്തിന് 600 കോടി രൂപ ട്രഷറിക്കു നൽകാമെന്നു റിസർവ് ബാങ്ക് സംസ്ഥാന ധനവകുപ്പിനെ നേരത്തേ അറിയിച്ചിരുന്നു. ശമ്പളം, പെൻഷൻ വിതരണത്തിന് 1369 കോടി രൂപയുടെ കറൻസി ആവശ്യമുണ്ടെന്നാണു ധന അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാം റിസർവ് ബാങ്കിനെ അറിയിച്ചിരുന്നത്. ട്രഷറിക്കു പ്രധാനമായി പണം നൽകേണ്ട എസ്‌ബിറ്റിക്ക് 500 കോടി രൂപ നൽകാമെന്നാണു റിസർവ് ബാങ്ക് അറിയിച്ചിട്ടുള്ളത്. ട്രഷറിയിലേക്ക് ആവശ്യമുള്ളതു കൂടാതെ ബാങ്ക് വഴിയും ശമ്പളം വിതരണം ചെയ്യേണ്ടതുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP