Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശ്വാസംമുട്ടിച്ച് കൊന്ന ശേഷം തല തകർത്തു; അടിമാലി ടൂറിസ്റ്റ് ഹോമിലെ കൊലപാതകം മോഷണശ്രമത്തിനിടെയെന്ന് സംശയം; മൂന്ന് പേരേയും കൊന്നത് ഷാൾ കഴുത്തിൽ മുറുക്കിയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

ശ്വാസംമുട്ടിച്ച് കൊന്ന ശേഷം തല തകർത്തു; അടിമാലി ടൂറിസ്റ്റ് ഹോമിലെ കൊലപാതകം മോഷണശ്രമത്തിനിടെയെന്ന് സംശയം; മൂന്ന് പേരേയും കൊന്നത് ഷാൾ കഴുത്തിൽ മുറുക്കിയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കോട്ടയം: അടിമാലിയിലെ ടൂറിസ്റ്റ്‌ഹോമിൽ മൂന്നു പേരെയും ശ്വാസം മുട്ടിച്ച് കൊന്നശേഷം ഏതെങ്കിലും ആയുധം ഉപയോഗിച്ച് തല തകർത്തതാകാനാണ് സാധ്യതയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

അടിമാലി രാജധാനി ടൂറിസ്റ്റ് ഹോം നടത്തിയിരുന്ന അടിമാലി പാറേക്കാട്ടിൽ കുഞ്ഞുമുഹമ്മദ് (69), ഭാര്യ ഐഷുമ്മ (58), മാതാവ് നാച്ചി (85) എന്നിവരാണ് മരിച്ചത്. കവർച്ചയാണ് കൊലപാതക ലക്ഷ്യമെന്നാണ് പൊലീസ് നിഗമനം. പ്രൊഫഷണൽ കവർച്ചാ സംഘങ്ങളാണ് സംശയനിഴലിൽ. പ്രതിയുടെതെന്ന് സംശയിക്കുന്ന ആറ് വിരലടയാളങ്ങൾ ലഭിച്ചിട്ടുണ്ട്. അടുക്കളയിലെ മുഖംനോക്കുന്ന കണ്ണാടിയിൽനിന്നും അലമാരയിൽ നിന്നുമാണ് പ്രിന്റുകൾ ലഭിച്ചിട്ടുള്ളത്. സ്ഥിരം മോഷ്ടാക്കളുടെ ഫിംഗർ പ്രിന്റുമായി ഒത്തുനോക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ.

മൂന്നുപേരെയും ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ വ്യക്തമാക്കി. ഐഷുമ്മയുടെ ഇടതുനെറ്റിയിൽ ആഴത്തിലുള്ള മുറിവ് ഉണ്ടായിരുന്നുവെങ്കിലും രക്തം വാർന്നല്ല മരണം സംഭവിച്ചിട്ടുള്ളത്. വധിക്കപ്പെട്ട കുഞ്ഞുമുഹമ്മദിന്റെ ഭാര്യാമാതാവിന്റെ സഹോദര പുത്രൻ സലാമിന്റെ ഉടമസ്ഥതയിലുള്ള രാജധാനി ടൂറിസ്റ്റ് ഹോം കഴിഞ്ഞ 15 വർഷമായി നടത്തിയിരുന്നത് കുഞ്ഞുമുഹമ്മദ് ആയിരുന്നു. കൂടാതെ ഇരുന്നൂറ് ഏക്കറിന് സമീപമുള്ള സലാമിന്റെ പശുഫാം നടത്തിയിരുന്നതും കുഞ്ഞുമുഹമ്മദ് ആയിരുന്നു. ടൂറിസ്റ്റ്‌ഹോമിന്റെ ചുമതല ഏറ്റെടുത്തപ്പോൾ മുതൽ കുഞ്ഞുമുഹമ്മദും കുടുംബവും ഈ ടൂറിസ്റ്റ് ഹോമിലെ ഒന്നാം നിലയിലായിരുന്നു താമസിച്ചുവന്നിരുന്നത്.

കൊലപാതകത്തിനു പിന്നിൽ ഒന്നിലധികം പേർ ഉണ്ടാവുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഒന്നാം നിലയിൽ കിടന്നുറങ്ങിയ ഐഷുമ്മയെ ആവാം കഴുത്തിൽ ഷാൾ മുറുക്കി ആദ്യം കൊലപ്പെടുത്തിയത്. തുടർന്ന് നാച്ചിയെയും ഇതേ രീതിയിൽ വധിച്ചതാവാമെന്നാണ് വിലയിരുത്തൽ. എന്നാൽ കുഞ്ഞുമുഹമ്മദിന്റെ മൃതശരീരം മൂന്നാം നിലയിലെ മുറിയിൽ കൈകൾ പിറകോട്ട് കെട്ടി വായിൽ തുണി തിരുകിയ നിലയിലായിരുന്നു. ടൂറിസ്റ്റ് ഹോമിലെ ജനൽ കർട്ടൻ കീറിയാണ് കൈകൾ ബന്ധിച്ചിരുന്നത്. ബന്ധനസ്ഥനായ കുഞ്ഞുമുഹമ്മദിനെ ഈ മുറിയിൽ കൂട്ടിക്കൊണ്ടുവന്ന് വധിച്ചതാകാനാണ് സാധ്യതയെന്നാണ് പൊലീസ് കരുതുന്നത്.

ഐഷുമ്മയുടെയും നാച്ചിയുടെയും ശരീരത്തിലുണ്ടായിരുന്ന 25 പവനോളം സ്വാർണാഭരണങ്ങൾ കവർച്ച ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ മോഷ്ടാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇതിനോടകം അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ അറുപതോളം പേരെ പൊലീസ് ചോദ്യം ചെയ്തു. മൂന്നു പേരെ പൊലീസ് നിരീക്ഷണ വലയത്തിലാക്കിയിട്ടുണ്ട്. ടൂറിസ്റ്റ് ഹോമിൽ മുറിയെടുത്തശേഷം കൊല നടത്തി കവർച്ച നടത്തിയതാകാനുള്ള സാധ്യതയാണ് പൊലീസ് അന്വേഷിക്കുന്നത്. ടൂറിസ്റ്റ് ഹോമിലെ രജിസ്റ്ററിലെ പേപ്പറുകൾ കീറിക്കളഞ്ഞത് ഇതിനാലാവാം എന്നാണ് സംശയം. ഒരോ നിലയിലെ മുറികൾക്കും പ്രത്യേകം പ്രത്യേകം രജിസ്റ്ററുകളാണുള്ളത്.

ഒന്നാം നിലയിലെ രജിസ്റ്ററിൽ നിന്നും നാലു താളുകളും രണ്ടാം നിലയിലെ രജിസ്റ്ററിൽ നിന്നും ഏഴ് താളുകളുമാണ് കീറിക്കളഞ്ഞിട്ടുള്ളത്. എന്നാൽ പൊലീസിന്റെ അന്വേഷണത്തെ അട്ടിമറിക്കാൻ രജിസ്റ്ററിലെ താളുകൾ കീറിക്കളഞ്ഞതാകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. കഴിഞ്ഞ ഞായറാഴ്ച കുഞ്ഞുമുഹമ്മദിന്റെ ചെറുമോളുടെ വിവാഹമായിരുന്നു. അന്ന് സ്വാർണാഭരണങ്ങൾ അണിഞ്ഞാണ് ഐഷുമ്മയും നാച്ചിയും പോയത്. ഇത് കണ്ട് കവർച്ച ആസുത്രണം ചെയ്തതാകാമെന്നാണ് പൊലീസ് നിഗമനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP