Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൈലാസിനെ നാട്ടുകാർ കെട്ടിയിട്ടത് വീടുകളിൽ കയറിയതിനും അക്രമാസക്തനായതിനും; വെയിലേറ്റ് മരിച്ചത് അസാമിൽ നിന്നും ജോലി തേടി എത്തിയ ദിവസം തന്നെ; മരണത്തിന് ഉത്തരവാദി വൈകിയെത്തിയ പൊലീസും

കൈലാസിനെ നാട്ടുകാർ കെട്ടിയിട്ടത് വീടുകളിൽ കയറിയതിനും അക്രമാസക്തനായതിനും; വെയിലേറ്റ് മരിച്ചത് അസാമിൽ നിന്നും ജോലി തേടി എത്തിയ ദിവസം തന്നെ; മരണത്തിന് ഉത്തരവാദി വൈകിയെത്തിയ പൊലീസും

 കോട്ടയം: പെരുമ്പാവൂരിൽ ജിഷയുടെ അരുംകൊലയിൽ നടുങ്ങിയ കേരളത്തെ ലജ്ജിപ്പിക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം കോട്ടയത്ത് ഉണ്ടായത്. ഇതര സംസ്ഥാന തൊഴിലാളികളെ എപ്പോഴും പുച്ഛത്തോടെയും മാത്രം കാണുന്ന മനോഭാവത്തിന്റെ പ്രത്യക്ഷത്തിലുള്ള തെളിവ് കൂടിയാണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചതിലൂടെ വ്യക്തമാകുന്നത്. അസം സ്വദേശിയായ കൈലാസ് ജ്യോതി ബസറ എന്ന 30കാരനെയാണ് നാട്ടുകാർ പിടികൂടി കെട്ടിയിട്ടതും തുടർന്ന് വെയിലേറ്റ് മരിച്ചതും. സംഭവത്തിൽ നാട്ടുകാരുടെ മർദ്ദനമേറ്റിരുന്നോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അസമിൽ നിന്നും ജോലി തേടി കൈലാസ് എത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. ജോലി തേടി അലയുന്നതിനിടെ നിരാശനായ യുവാവ് അക്രമാസക്തനായതിനെ തുടർന്നാണ് നാട്ടുകാർ പിടികൂടി കെട്ടിയിട്ടതെന്നാണ് വിവരം. ഇന്നലെ രാവിലെയാണു കൈലാസ് രണ്ടു സുഹൃത്തുക്കളോടൊപ്പം കോട്ടയം റയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയത്. കോട്ടയത്തു ജോലിചെയ്യുന്ന അസം സ്വദേശിയായ സുഹൃത്തിന്റെ നിർദ്ദേശം അനുസരിച്ചാണു കൈലാസ്, രൂപം ഗോഗോയ്, ഗോകുൽ ഗോഗോയ് എന്നിവർ ഇന്നലെ കോട്ടയത്ത് എത്തിയത്. നഗരത്തിനടുത്തുള്ള പൂവന്തുരുത്തിലെ വ്യവസായ എസ്റ്റേറ്റിലെ റബർ കമ്പനിയിൽ ജോലി ശരിയാക്കി നൽകാമെന്നു സുഹൃത്ത് വാഗ്ദാനം ചെയ്തിരുന്നു.

പൂവന്തുരുത്തിലേക്കു പോകാൻ നിൽക്കുന്നതിനിടെ കൈലാസിനെ കാണാതാവുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവർ പറയുന്നു. സുഹൃചത്തുക്കളെ കാണാത്ത വെപ്രാളത്തിലായിരുന്നു യുവാവ്. സുഹൃത്തുക്കളെ കാണാതെ പരിഭ്രാന്തിയിലായ കൈലാസ്‌സ് 11 മണിയോടെ കുറിച്ചി മലകുന്നം ചിറമുട്ടം ക്ഷേത്രത്തിനു സമീപമുള്ള നാലു വീടുകളിൽ കയറിയതായി നാട്ടുകാർ പറയുന്നു.

വീടുകൾക്കുള്ളിലും ശുചിമുറികളിലും വാഹനങ്ങളിലും കയറിയ കൈലാസിനെ നാട്ടുകാർ ചേർന്നു വീടുകളിൽ നിന്ന് ഇറക്കിവിട്ടു. അടുത്തുള്ള റേഷൻ കടയിൽ കയറിയ ഇയാൾ അരിച്ചാക്കിനു മുകളിൽ കയറി ഇരുന്നതായി ദൃക്‌സാക്ഷികൾ മൊഴിനൽകിയിട്ടുണ്ട്. നാട്ടുകാർ കൂടിയതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച കൈലാസ് ചിറമുട്ടം ക്ഷേത്രത്തിനു മുന്നിൽ കുഴഞ്ഞുവീണു.

പിന്നാലെയെത്തിയവർ പിടിച്ചപ്പോൾ അക്രമാസക്തനായ കൈലാസ് കല്ലും വടികളും ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചതായി നാട്ടുകാർ പറയുന്നു. തോർത്ത് ഉപയോഗിച്ച് ഇയാളുടെ കാലുകൾ കെട്ടി. കെട്ടഴിക്കാൻ ശ്രമിച്ചപ്പോൾ കൈകളും കെട്ടിയിട്ടു. തുടർന്നു ക്ഷേത്രത്തിനു മുന്നിലെ റോഡിൽ കിടത്തി. ഇതിനിടെ കൈലാസ് വെള്ളം ചോദിച്ചപ്പോൾ നാട്ടുകാർ കൊടുത്തു.

പൊലീസിനെ വിവരം അറിയിച്ചെങ്കിലും ഒരുമണിക്കൂറോളം വൈകി ഒന്നേകാലിനാണു പൊലീസ് എത്തിയത്. വെയിലത്തു കിടന്നു തീർത്തും അവശനായ കൈലാസിന്റെ വായിൽ നിന്നു നുരയും പതയും വരുന്നുണ്ടായിരുന്നു. പൊലീസ് ജനറൽ ആശുപത്രിയിലേക്ക് യുവാവിനെ കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൈലാസിന് മറ്റെന്തെങ്കിലും അസുഖം ഉണ്ടായിരുന്നോ എന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല. അക്രമാസക്തനായതിനെ തുടർന്നാണ് യുവാവിനെ കെട്ടിയിട്ടതെന്നാണ് നാട്ടുകാർ പറഞ്ഞതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

സംഭവത്തിൽ അസ്വാഭാവിക മരണത്തിനു ചിങ്ങവനം പൊലീസ് കേസെടുത്തു. നാട്ടുകാരുടെ മർദനമേറ്റതായി സംശയിക്കുന്നുണ്ടെന്നും പോസ്റ്റ്‌മോർട്ടത്തിനു ശേഷമേ ഇതു സ്ഥിരീകരിക്കാനാവൂ എന്നും എസ്‌ഐ എം.എസ്.ഷിബു അറിയിച്ചു. പൊലീസ് ആരുടെയും പേരിൽ കേസെടുത്തിട്ടില്ല. കൈലാസ് മദ്യപിക്കുമായിരുന്നുവെന്നും ഇതുമൂലം ഉണ്ടായ ശാരീരിക പ്രശ്‌നങ്ങൾ മരണത്തിനു കാരണമായോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. പൊലീസ് എത്താൻ വൈകിയതാണു കാരണമെന്ന് ആരോപിച്ചു നാട്ടുകാർ പ്രതിഷേധവുമായെത്തി. അതേസമയം മറ്റൊരു കേസിന്റെ അന്വേഷണത്തിലായിരുന്നതിനാലും റോഡിൽ ഗതാഗതക്കുരുക്കുണ്ടായിരുന്നതു മൂലവുമാണു വൈകിയതെന്നാണു പൊലീസിന്റെ വിശദീകരണം. കൈലാസിന്റെ പോസ്റ്റ്‌മോർട്ടം ഇന്നു മെഡിക്കൽ കോളജ് ആശുപത്രിയിൽ നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP