Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചാണകത്തിൽ ചവിട്ടില്ല; അവഗണിക്കേണ്ടതിനെ അവഗണിക്കാൻ പഠിക്കലാണ് അറിവ്; എൻഫോഴ്‌സ്‌മെന്റിനെ ഉപയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സന്ദീപ് വാര്യർക്ക് മറുപടിയുമായി ആഷിഖ് അബു

ചാണകത്തിൽ ചവിട്ടില്ല; അവഗണിക്കേണ്ടതിനെ അവഗണിക്കാൻ പഠിക്കലാണ് അറിവ്; എൻഫോഴ്‌സ്‌മെന്റിനെ ഉപയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സന്ദീപ് വാര്യർക്ക് മറുപടിയുമായി ആഷിഖ് അബു

സ്വന്തം ലേഖകൻ

കോഴിക്കോട്: പൗരത്വ നിയമതതിനെതിരെ പ്രതിഷേധിച്ച സിനിമാ പ്രവർത്തകരെ എൻഫോഴ്‌സമെന്റിനെ ഉപയോഗിച്ചു നേരിടും എന്നു ഭീഷണിപ്പെടുത്തിയ സന്ദീപ് വാര്യർക്കും മറ്റ് ബിജെപി നേതാക്കൾക്കും മറുപടിയുമായി സംവിധായകൻ ആഷിഖ് അബു രംഗത്ത്. ചാണകത്തിൽ ചവിട്ടില്ലെന്ന അടിക്കുറിപ്പോടെ അവഗണിക്കേണ്ടതിനെ അവഗണിക്കാൻ പഠിക്കലാണ് അറിവ് എന്നു പറഞ്ഞു കൊണ്ടാണ് ആഷിഖ് അബു വിവാദത്തിൽ മറുപടി നൽകിയത്.

ബിജെപി മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരൻ, യുവമോർച്ചാ നേതാവ് സന്ദീപ് വാര്യർ തുടങ്ങിയവരാണ് പ്രതിഷേധിച്ച ചലച്ചിത്ര പ്രവർത്തകർക്കെതിരെ രംഗത്തുവന്നത്. പ്രതിഷേധിച്ച സിനിമാക്കാർക്ക് രാജ്യസ്‌നേഹമില്ലെന്നും പ്രതിഷേധിച്ചത് തെറ്റാണെന്നും ഇവരുടെ ദേശസ്‌നേഹം കാപട്യമാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞിരുന്നു.കൃത്യമായി നികുതിയടച്ച് തെളിയിക്കുന്നതിൽ നവ സിനിമാക്കാർ വീഴ്ച വരുത്താറുണ്ടെന്നും നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാൽ രാഷ്ട്രീയ പകപോക്കൽ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുതെന്നുമായിരുന്നു സന്ദീപ് വാര്യരുടെ ഭീഷണി.

നേരത്തെ ബിജെപി നേതാക്കളുടെ ഭീഷണിക്കെതിരെ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമലും രംഗത്തെത്തിയിരുന്നു. ഞങ്ങളുടെയൊക്കെ രാജ്യസ്‌നേഹം അളക്കാനുള്ള മീറ്റർ ബിജെപിക്കാരുടെ കയ്യിലാണോയെന്നും രാജ്യസ്‌നേഹം അളക്കാനുള്ള മീറ്ററുമായിട്ടാണോ കുമ്മനം രാജശേഖരൻ നടക്കുന്നത് എന്ന് തനിക്ക് അറിയില്ലെന്നുമായിരുന്നു കമൽ പ്രതികരിച്ചത്.

പ്രതിഷേധക്കാർക്കെതിരെ കടന്നാക്രമണമാണ് സന്ദീപ് വാര്യർ നടത്തിയത്. മുൻപിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കൽ സ്റ്റേറ്റ്‌മെന്റ് നടത്തുന്ന സിനിമാക്കാരുടെ ശ്രദ്ധക്ക് . പ്രത്യേകിച്ച് നടിമാരുടെ ശ്രദ്ധയ്ക്ക്. ഇൻകംടാക്‌സ് ഒക്കെ അച്ഛനോ സഹോദരനോ സെക്രട്ടറിയോ കൃത്യമായ ഇടവേളകളിൽ അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. നാടിനോടുള്ള പ്രതിബദ്ധത കൃത്യമായി നികുതിയടച്ച് തെളിയിക്കുന്നതിൽ പലപ്പോഴും നവ സിനിമാക്കാർ വീഴ്ച വരുത്താറുണ്ട്. ഇക്കാര്യം ഇൻകംടാക്‌സ്, എൻഫോഴ്‌സ്‌മെന്റ് എന്നിവർ ശ്രദ്ധിക്കുമെന്ന് കരുതുന്നു. നാളെ നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാൽ പൊളിറ്റിക്കൽ വെണ്ടേറ്റ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുത് . അന്നു നിങ്ങൾക്കൊപ്പം ജാഥ നടത്താൻ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ല-ഇതാണ് സന്ദീപ് വാര്യരുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം.

കഴിഞ്ഞദിവസം കൊച്ചിയിൽ സിനിമാക്കാരുൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ഒറ്റയ്ക്കല്ല ഒറ്റക്കെട്ട് എന്ന പേരിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ പ്രകടനങ്ങൾ ഉണ്ടായിരുന്നു. വൈകിട്ട് മൂന്നോടെ രാജേന്ദ്ര മൈതാനിക്ക് സമീപമുള്ള ഗാന്ധി സ്‌ക്വയറിൽനിന്ന് ആരംഭിച്ച പ്രകടനം വൈകിട്ട് ഏഴിന് ഫോർട്ട് കൊച്ചിയിലെത്തി. രാജീവ് രവി, ആഷിഖ് അബു, റിമ കല്ലിങ്കൽ, ഷെയ്ൻ നിഗം, നിമിഷ സജയൻ, ഗീതു മോഹൻദാസ്, എൻ.എസ് മാധവൻ, സംവിധായകൻ കമൽ, ഷഹബാസ് അമൻ തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തിരുന്നു. ഈ പരിപാടിയാണ് ബിജെപിയെ ചൊടിപ്പിച്ചത്. കേരളത്തിൽ പൗരത്വ നിയമ ഭേദഗതിയിലെ സമരങ്ങൾ കത്തി പടരുമ്പോഴായിരുന്നു സിനിമാക്കാരുടെ പ്രതിഷേധം. ന്യൂജെൻ സിനിമാക്കാരായിുരന്നു ഇതിൽ നിറഞ്ഞത്. ഈ സാഹചര്യത്തിലാണ് ഇവരെ കളിയാക്കി സന്ദീപ് വാര്യരും രംഗത്ത് വന്നത്.

പരിപാടിയിൽ പങ്കെടുത്ത നടി റിമ കല്ലിങ്കൽ പൗരത്വ ഭേദഗതി നിയമത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. രാജ്യത്ത് നടക്കുന്ന കാര്യങ്ങൾ കണ്ട് നമ്മൾ എത്രനാൾ മിണ്ടാതിരിക്കുമെന്ന് റിമ ചോദിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ആരംഭിച്ചത് ക്യാംപസുകളിൽ നിന്നാണ്. അവർക്കൊപ്പം നിൽക്കുകയാണ് നമ്മുടെ ഉത്തരവാദിത്തം. എത്രനാൾ നമ്മൾ മിണ്ടാതിരിക്കും? പ്രതിഷേധിക്കുകയും പ്രതിരോധിക്കുകയും ചെയ്യേണ്ട സമയമാണിതെന്നും റിമ കല്ലിങ്കൽ പറഞ്ഞു. കഴിഞ്ഞ ദിവസം നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു സംവിധായകൻ കമൽ സംസാരിച്ചത്. ''എന്നെ വെറുത്തോളൂ, ഇന്ത്യയെ വെറുക്കരുത് എന്നാണ് നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞത്. അതെ, ഞങ്ങൾക്ക് നരേന്ദ്ര മോദിയോട് വെറുപ്പാണ്. ഞങ്ങൾ ഇന്ത്യയെ സ്നേഹിക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങളെ വെറുക്കാതിരിക്കാൻ ഞങ്ങൾക്ക് കഴിയില്ല. ജനാധിപത്യ-മതേതരത്വ മൂല്യങ്ങളിൽ വിശ്വസിക്കുന്ന ഒരു ജനതയ്ക്ക് ഇങ്ങനെയൊരു പ്രത്യയശാസ്ത്രവുമായി നടക്കുന്ന പ്രധാനമന്ത്രിയെ വെറുക്കാതിരിക്കാൻ കഴിയില്ല എന്നുതന്നെയാണ് പറയാനുള്ളത്,'' കമൽ പറഞ്ഞു. നരേന്ദ്ര മോദിക്കെതിരെയും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രങ്ങൾക്കെതിരെയും സമരം ചെയ്തുകൊണ്ടിരിക്കുമെന്നും കമൽ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP