Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആർട്ട് ഗ്യാലറിയിൽ നന്മയുടെ സ്പർശമുള്ള ചിത്രപ്രദർശനം: ചുമർചിത്ര കലാകാരൻ വികാസന് കോവൂരിന് സഹായവുമായി സൗഹൃദ കൂട്ടായ്മ ഒരുക്കിയ ജീവരേഖ ചിത്രപ്രദർശനം ശ്രദ്ധേയമാകുന്നു

ആർട്ട് ഗ്യാലറിയിൽ നന്മയുടെ സ്പർശമുള്ള ചിത്രപ്രദർശനം: ചുമർചിത്ര കലാകാരൻ വികാസന് കോവൂരിന് സഹായവുമായി സൗഹൃദ കൂട്ടായ്മ ഒരുക്കിയ ജീവരേഖ ചിത്രപ്രദർശനം ശ്രദ്ധേയമാകുന്നു

കെ വി നിരഞ്ജൻ

കോഴിക്കോട്: കോഴിക്കോട് ആർട്ട് ഗ്യാലറിയിൽ നടക്കുന്ന ചിത്രപ്രദർശനത്തിന് ജീവന്റെ വിലയുണ്ട്. കോഴിക്കോട്ടെ ശ്രദ്ധേയനായ ചുമർ ചിത്ര കലാകാരനായ വികാസ് കോവൂരിന്റെ ജീവൻ രക്ഷിക്കാനാണ് ഈ പ്രദർശനം. പ്രകൃതി ദൃശ്യങ്ങളും മനുഷ്യ ഭാവങ്ങളും പുരാണങ്ങളും ദൈവങ്ങളുമെല്ലാം നിറയുന്ന നൂറിലധികം ചിത്രങ്ങളാണ് ജീവരേഖ എന്ന പേരിൽ ആരംഭിച്ച പ്രദർശനത്തിലുള്ളത്.

വികാസ് കോവൂർ നിരവധി പേരെ ചിത്രരചന പഠിപ്പിച്ച ഗുരുനാഥനാണ്. ചിത്രങ്ങൾ വരച്ചും വരപ്പിച്ചും ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്ന ഈ കലാകാരൻ അപ്രതീക്ഷിതമായി രോഗത്തിന്റെ പിടിയിലായതോടെ തകർന്നുപോവുകയായിരുന്നു. വൃക്ക രോഗം കൊണ്ട് പ്രയാസപ്പെട്ട വികാസിന് അമ്മ തന്നെ വൃക്ക നൽകി. സുഹൃത്തുക്കളുടെ സഹായത്തോടെ ചികിത്സ തുടർന്ന വികാസ് അമ്മ നൽകിയ വൃക്കയുമായി എട്ടു വർഷത്തോളം കഴിഞ്ഞു.

ഇതിനിടയിലായിരുന്നു ഈ വൃക്കയുടെ പ്രവർത്തനവും നിലച്ചത്. തുടർന്ന് നാലു വർഷത്തോളമായി ഡയാലിസിലൂടെ ജീവൻ നിലനിർത്തുകയാണ് ഈ കലാകാരൻ. താൻ വരച്ച മനോഹരമായ ചിത്രങ്ങളും ഭാവനയും രചനാ ശേഷിയും മാത്രാണ് വികാസിന് മൂലധനമായുള്ളു. നാലു വർഷത്തോളമായി ചികിത്സയിൽ കഴിയുന്ന വികാസിന് വൃക്ക മാറ്റിവെക്കാൻ 35 ലക്ഷം രൂപയോളം ആവശ്യമുണ്ട്. അമ്മയും സഹോദരനും മാത്രമടങ്ങുന്ന കുടുംബത്തിന് ഇത്രയും വലിയ തുക കണ്ടെത്താൻ സാധിക്കില്ല.

ഈ സാഹചര്യത്തിലാണ് വികാസിന് സഹായവുമായി സുഹൃത്തുക്കൾ രംഗത്തെത്തുകയായിരുന്നു.ഒരു ചിത്രം വാങ്ങു, ഒരു ജീവന് തുണയേകൂ എന്ന സന്ദേശവുമായാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. ചിത്രങ്ങൾ വിറ്റു കിട്ടുന്ന മുഴുവൻ തുകയും വികാസിന്റെ ചികിത്സയ്ക്കായി ഉപയോഗിക്കും. ആയിരം രൂപ മുതലാണ് ചിത്രങ്ങളുടെ വില. 75,000 രൂപ വിലയുള്ള മ്യൂറൽ പെയിന്റിങ് ഉൾപ്പെടെ ഇതിനകം വിറ്റുപോയിട്ടുണ്ട്. ചിത്രങ്ങൾ വാങ്ങി പരമാവധി സഹായിക്കണമെന്നാണ് സംഘാടകരുടെ അഭ്യർത്ഥന. അമ്മയ്ക്കും സഹോദരനുമൊപ്പം കോവൂരിലെ ശ്രീപദം വീട്ടിലാണ് വികാസ് താമസിക്കുന്നത്.

ചികിത്സാ സഹായ കമ്മിറ്റി എസ്‌ബിഐ വെള്ളിമാട്കുന്ന് ബ്രാഞ്ച് 38151827957 എന്ന നമ്പറിൽ അകൗണ്ട് തുടങ്ങിയിട്ടുണ്ട്. ഐഎഫ്എസ്സി കോഡ്: SBIN0016659.ഫോൺ: 9947214537. ഇന്ന് ആരംഭിച്ച ചിത്രപ്രദർശനം 28 വരെ തുടരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP