Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അൻവർ എംഎൽഎക്കെതിരായ പരാതിക്കാരിയുടെ എസ്റ്റേറ്റ് കത്തിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം അട്ടിമറിക്കുന്നതായി പരാതി; പ്രതികളുടെ പേരുവിവരങ്ങൾ സഹിതം പരാതി നൽകിയിട്ടും പൊലീസ് പരാതി സ്വീകരിക്കാത്തത് വിവാദമാകുന്നു; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി ജയ മുരുഗേഷ്

അൻവർ എംഎൽഎക്കെതിരായ പരാതിക്കാരിയുടെ എസ്റ്റേറ്റ് കത്തിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം അട്ടിമറിക്കുന്നതായി പരാതി; പ്രതികളുടെ പേരുവിവരങ്ങൾ സഹിതം പരാതി നൽകിയിട്ടും പൊലീസ് പരാതി സ്വീകരിക്കാത്തത് വിവാദമാകുന്നു; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി ജയ മുരുഗേഷ്

ജംഷാദ് മലപ്പുറം

മലപ്പുറം: പി.വി അൻവർ എംഎ‍ൽഎക്കെതിരായ പരാതിക്കാരിയുടെ എസ്റ്റേറ്റ് തീയിട്ട സംഭവത്തിൽ പൊലീസ് അന്വേഷണം അട്ടിമറിക്കുന്നതായി പരാതി. കൊല്ലം സ്വദേശിനി ജയമുരുഗേഷിന്റെ പൂക്കോട്ടുംപാടം പാട്ടക്കരിമ്പിലെ റീഗൾ എസ്റ്റേറ്റിലെ 16 ഏക്കറിലെ റബർ മരങ്ങളും തേക്കുമരങ്ങളുമാണ് ഏപ്രിൽ 13ന് തീയിട്ട് നശിപ്പിച്ചത്. സുമാർ രണ്ടു കോടിയുടെ നഷ്ടം സംഭവിച്ചതായും സംശയിക്കുന്ന പ്രതികളുടെ പേരുവിവരങ്ങൾ സഹിതം പൂക്കോട്ടുംപാടം പൊലീസിൽ പരാതി നൽകിയിട്ടും പൊലീസ് പരാതി സ്വീകരിക്കാത്തതാണ് വിവാദമാകുന്നത്. സ്വന്തം നിലക്ക് പൊലീസ് പരാതിക്കാരനായി സുമോട്ടോ പ്രകാരമാണ് കേസെടുത്തത്.

പരാതിയിൽ പറഞ്ഞവരെ ചോദ്യം ചെയ്യുകപോലും ചെയ്യാതെ പൊലീസ് അന്വേഷണം അട്ടിമറിക്കുകയാണെന്നും ഇമെയിൽ വഴി അയച്ച പരാതി സ്വീകരിക്കാതെ പൊലീസ് പ്രതികളെ സംരക്ഷിക്കുയാണെന്നും കാണിച്ച് ജയ മുരുഗേഷ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി.

സംഭവ ദിവസം രാവിലെ പത്തരയോടെ എസ്റ്റേറ്റ് മാനേജർ ഫോണിൽ പൊലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു. ഉച്ചക്ക് 1.33ന് ജയ മുരുഗേഷ് പൂക്കോട്ടുംപാടം പൊലീസിന് ഇ മെയിൽ വഴി പരാതിയും നൽകി. എസ്റ്റേറ്റ് പലയിടങ്ങളിൽ നിന്നും കത്തിച്ച രീതിയിലാണ് തീപടർന്നതെന്നും എസ്റ്റേറ്റ് കത്തിക്കുമെന്ന് എംഎ‍ൽഎയുടെ സഹായിയായ കൈനോട്ട് അൻവർ ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയിൽ വ്യക്തമാക്കിയിരുന്നു. എസ്റ്റേറ്റ് കത്തുന്ന സമയത്ത് നിരോധനാജ്ഞയും ലോക്ക്ഡൗണും ലംഘിച്ച് 20 കിലോ മീറ്റർ അകലെ മമ്പാട് നിന്നും എ.കെ.എസ് സിദ്ദിഖ് എന്നയാൾ മൂന്നുപേർക്കൊപ്പം തോട്ടത്തിലെത്തിയതായും ചൂണ്ടികാട്ടിയിരുന്നു.

റീഗൾ എസ്റ്റേറ്റ് ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് തട്ടിയെടുക്കാൻ ശ്രമിച്ചെന്ന ജയ മുരുഗേഷിന്റെ പരാതിയിലാണ് പി.വി അൻവർ എംഎ‍ൽഎക്കെതിരെ പൂക്കോട്ടുംപാടം പൊലീസ് കേസെടുത്തിരുന്നത്. ഇതിനു ശേഷം ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് നിരന്തരം എസ്റ്റേറ്റിൽ നാശനഷ്ടങ്ങളുണ്ടാക്കുകയാണെന്നും പരാതിയിൽ പറയുന്നു. എസ്റ്റേറ്റ് കത്തിക്കുമെന്ന് എംഎ‍ൽഎയുടെ സഹായി കൈനോട്ട് അൻവർ ഭീഷണി മുഴക്കുന്നതായി കാണിച്ച് ജയ മുരുഗേഷ് മാർച്ച് ഏഴിന് പൂക്കോട്ടുംപാടം പൊലീസിലും നിലമ്പൂർ നോർത്ത് ഡി.എഫ്.ഒക്കും പരാതി നൽകിയിരുന്നു.

രണ്ടു തവണ എസ്റ്റേറ്റിലെ കുഴൽകിണറിലെ മോട്ടോർ മോഷ്ടിച്ച് പൈപ്പുകൾ മുറിച്ച് കുഴൽകിണർ ഉപയോഗ ശ്യൂന്യമാക്കിയിരുന്നു. ആറു ലക്ഷം രൂപയുടെ നഷ്ടമാണ് ഇത് മൂലം ഉണ്ടായത്. ഇത് സംബന്ധിച്ച പരാതിയിൽ പൂക്കോട്ടുംപാടം പൊലീസ് മമ്പാട് സ്വദേശി എ.കെ.എസ് സിദ്ദിഖ്, അൻവർ കൈനോട്ട'്, പാട്ടക്കരിമ്പ് വേങ്ങാപരത സ്വദേശി മുസ്തഫ എന്നിവർക്കെതിരെ കേസെടുത്തെങ്കിലും പ്രതികളെ അറസ്റ്റു ചെയ്ത് നിയമനടപടി സ്വീകരിക്കാൻ പൊലീസ് തയ്യാറായില്ല. നിരോധനാജ്ഞയും ലോക്ക്ഡൗണും നിലനിൽക്കുമ്പോൾ മാർച്ച് 29ന് രാത്രിയാണ് രണ്ടാം തവണ കുഴൽകിണറിലെ മോട്ടോർ കവരുകയും നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തത്.

പ്രതികളാണെന്ന് സംശയിക്കുന്നവരെ ചൂണ്ടിക്കാട്ടിയ പരാതിയിൽ കൊല്ലത്തുള്ള ജയ മുരുഗേഷ് നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിട്ടില്ലെന്നു പറഞ്ഞാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യാതിരുന്നത്. അതേസമയം പരാതി കൈപ്പറ്റിയതായി വൈകുന്നേരം 4.36ന് പൊലീസ് രസീതും നൽകിയിട്ടുണ്ട്. തുടർന്ന് രാത്രി 8.27നാണ് പൂക്കോട്ടുംപാടം എസ്‌ഐ പരാതിക്കാരനായി സുമോട്ടോ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.

റീഗൾ എസ്റ്റേറ്റ് തീകത്തിച്ച പ്രതികളെ ഉടൻ പിടികൂടണമെന്നും അല്ലാത്തപക്ഷം ലോക്ക് ഡൗണിനു ശേഷം പ്രത്യക്ഷ സമരം ആരംഭിക്കുമെന്നും അമരമ്പലം പഞ്ചായത്ത് റബർ കർഷക സംഘം ഭാരവാഹികളായ കെ. ഗോപകുമാർ, ഹരിദാസ് കാനങ്ങാട്ട് അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP