Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വന്ധ്യംകരിക്കുന്ന നായ്കളെ തുറന്നു വിടുന്നത് മുറിവുണങ്ങുന്നതിന് മുന്നേ; മുറിവുകൾ പഴുത്ത് ആരോഗ്യം വഷളാകുന്നതോടെ നരക ജീവിതവും; തിരുവനന്തപുരം ജില്ലയിലെ അനിമൽ ബർത്ത് കൺട്രോൾ പദ്ധതി അട്ടിമറിക്കപ്പെടുന്നത് ഇങ്ങനെ

വന്ധ്യംകരിക്കുന്ന നായ്കളെ തുറന്നു വിടുന്നത് മുറിവുണങ്ങുന്നതിന് മുന്നേ; മുറിവുകൾ പഴുത്ത് ആരോഗ്യം വഷളാകുന്നതോടെ നരക ജീവിതവും; തിരുവനന്തപുരം ജില്ലയിലെ അനിമൽ ബർത്ത് കൺട്രോൾ പദ്ധതി അട്ടിമറിക്കപ്പെടുന്നത് ഇങ്ങനെ

ഗീവർഗീസ് എം തോമസ്

തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പ്, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെയാണ് ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ വന്ധ്യംകരണം അഥവാ അനിമൽ ബർത്ത് കൺട്രോൾ പദ്ധതി നടപ്പാക്കുന്നത്. എന്നാൽ പദ്ധതി അട്ടിമറിക്കാൻ ഒരു വിഭാഗം ആളുകൾ ശ്രമിക്കുന്നു എന്ന ആരോപണമാണ് ഇപ്പോൾ പുറത്തു വരുന്നത്. ബജറ്റിൽ പഞ്ചായത്തുകൾ ഇതിനായി ഫണ്ട് വകയിരുത്തുണ്ട്. പത്തു വന്ധ്യംകരണ യൂണിറ്റുകളാണ് ജില്ലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. പേട്ട, കിളിമാനൂർ, വെഞ്ഞാറമൂട്, പാറശ്ശാല, നെടുമങ്ങാട്, ആര്യനാട്, പാങ്ങോട്, ആറ്റിങ്ങൽ, ഇലകമൺ, നെയ്യാറ്റിൻകര,നന്ദിയോട്, എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.

വന്ധ്യംകരിച്ച ശേഷം നായ്ക്കളെ അഞ്ചു മുതൽ ഏഴു ദിവസം വരെ ശസ്ത്രക്രിയ കേന്ദ്രങ്ങളിൽ പാർപ്പിച്ചു നിരീക്ഷിച്ചതിനു ശേഷം മാത്രമേ തുറന്നു വിടാവൂ എന്നാണ് നിയമം. എന്നാൽ വന്ധ്യംകരിച്ച തെരുവു നായ്ക്കളെ മുറിവ് ഉണങ്ങുന്നതിനു മുൻപ് അതിന്റെ ആവാസ സ്ഥലങ്ങളിൽ തുറന്നു വിടുന്നതായാണ് ഇപ്പോൾ പരാതി ഉയർന്നിരിക്കുന്നത്. തെരുവുകളിൽ നിന്നു പിടിച്ചു കൊണ്ടു പോകുന്ന നായ്ക്കളെ അന്നു തന്നെ കൂട്ടത്തോടെ ശസ്ത്രക്രിയ നടത്തുകയും രാത്രി അതേ സ്ഥലത്തു തുറന്നു വിടുകയും ചെയ്യുന്നതിനാൽ ഈ മുറിവുകൾ ജീർണിച്ച് നായ്ക്കളുടെ ജീവനു തന്നെ ഭീഷണിയാകാറുണ്ട് എന്ന് നാട്ടുകാർ ആരോപിക്കുന്നു.ഇതിനു സമാനമായ സംഭവമാണ് കഴിഞ്ഞ ദിവസം വിളപ്പിൽശാല ചന്തയിൽ ഉണ്ടായത്.

ഇവിടെ നിന്നു പിടിച്ചു കൊണ്ടു പോയ നായയെ വന്ധ്യംകരിച്ച ശേഷം ഉടൻ തന്നെ ചന്തയിൽ തുറന്നു വിട്ടു. എന്നാൽ ആരോഗ്യം വഷളായ നായ മരണത്തോടു മല്ലടിക്കുന്ന അവസ്ഥയിലായതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധം ഉയർന്നതോടെ രാത്രിയോടെ അധികൃതർ എത്തി തിരികെ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. അതെ സമയം തെരുവ് നായ്ക്കളെ തെരുവിൽ നിന്ന് അകറ്റാൻ ദത്തു നൽകൽ പദ്ധതിയുമായി ജില്ലാ കുടുംബശ്രീ മിഷൻ രംഗത്ത് വന്നിട്ടുണ്ട്.

വന്ധ്യംകരണത്തിനായി പിടിക്കുന്ന നായ്കളോടൊപ്പമുള്ള കുഞ്ഞുങ്ങളെയാണ് ആവശ്യക്കാർക്ക് നൽകുന്നത്. തിരുവനന്തപുരം ജില്ലയിൽ മാത്രമായി ഇതുവരെ അറുപത്തിയഞ്ച് നായ്കളെയാണ് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ദത്തു നൽകിയത്. നാൽപതു നായ്കുട്ടികളെ നഗരസഭാ പരിധിയിൽ ഉള്ളവർ തന്നെ ദത്തെടുത്തു. പ്രസവം കഴിഞ്ഞ നായ്ക്കൾക്കൊപ്പമുള്ള കുഞ്ഞുങ്ങളെയും വന്ധ്യംകരണ കേന്ദ്രങ്ങളിൽ കൊണ്ടുവരും. നായ്ക്കൾക്കു പേവിഷബാധക്കെതിരായ കുത്തിവെപ്പും മറ്റു അസുഖങ്ങൾ ഉണ്ടെങ്കിൽ അതിനുള്ള ചികിത്സയും നൽകുന്നുണ്ട്. ജില്ലയിലെ പത്തു വന്ധ്യംകരണ കേന്ദ്രങ്ങളിൽ നിന്നെല്ലാം കുഞ്ഞുങ്ങളെ ദത്തു ലഭിക്കും. ഈ സാമ്പത്തിക വർഷം ഇതുവരെ മൂവായിരത്തിലേറെ നായ്കളെയാണ് വന്ധ്യംകരണം നടത്തിയിരിക്കുന്നത്.

ജില്ലയിൽ കുടുംബശ്രീ അംഗങ്ങളായ ഇരുപത്തിനാലു വനിതകളും പതിനാറു പുരുഷന്മാരുമാണ് വന്ധ്യംകരണ യൂണിറ്റിലുള്ളത്. പത്തു എം പാനൽ ഡോക്ടർമാരുടെയും നേതൃത്വത്തിലാണ് യൂണിറ്റിന്റെ പ്രവർത്തനം. മുൻപ് നഗരസഭയുടെ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ കീഴിലുള്ള സംഘമാണ് തെരുവുനായ വന്ധ്യംകരണം നടത്തിയിരുന്നത്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനാണ് കുടുംബശ്രീയെ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . ജില്ലാ തലത്തിൽ കഴിഞ്ഞ രണ്ടുവർഷത്തോളമായി കുടുംബശ്രീയാണ് തെരുവുനായ വന്ധ്യംകരണത്തിന് നേതൃത്വം നൽകുന്നത്. 2017 മെയ് മാസത്തിലാണ് കുടുംബശ്രീ വനിതകൾ തെരുവുനായ് വന്ധ്യംകരണത്തിൽ പങ്കാളികളാകുന്നത്. പുല്ലുവിളയിൽ തെരുവു നായയുടെ ആക്രമണത്തിൽ സ്ത്രീ മരിച്ചതിനെ തുടർന്ന് അടിയന്തരമായി പ്രവർത്തനം തുടങ്ങാൻ നിർദ്ദേശം ലഭിക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ പരിശീലനം നേടിയ സംഘം വന്ധ്യംകരണത്തിനായി രംഗത്തിറങ്ങുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP