Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജീവിതത്തിന്റെ സസ്‌പെൻസിന് സിനിമയേക്കാൾ മൂർച്ച; കൊച്ചിയിൽ നിന്ന് ആംബുലൻസ് വൃക്കയുമായി തിരുവനന്തപുരത്തേക്ക് പാഞ്ഞെത്തിയത് രണ്ടേകാൽ മണിക്കൂർ കൊണ്ട്; സുനിലിന്റെ നിശ്ചയദാർഢ്യം തുണയായത് 23കാരിയുടെ ജീവന്

ജീവിതത്തിന്റെ സസ്‌പെൻസിന് സിനിമയേക്കാൾ മൂർച്ച; കൊച്ചിയിൽ നിന്ന് ആംബുലൻസ് വൃക്കയുമായി തിരുവനന്തപുരത്തേക്ക് പാഞ്ഞെത്തിയത് രണ്ടേകാൽ മണിക്കൂർ കൊണ്ട്; സുനിലിന്റെ നിശ്ചയദാർഢ്യം തുണയായത് 23കാരിയുടെ ജീവന്

ട്രാഫിക് സിനിമ ഓർമയില്ലേ... പ്രമേയത്തിലെ പുതുമ കൊണ്ടും ആഖ്യാനത്തിന്റെ പ്രത്യേകത കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു ഈ സിനിമ. തമിഴ്‌നാട്ടിൽ നടന്ന ഒരു യഥാർഥ സംഭവത്തിന്റെ ദൃശ്യാവിഷ്‌കാരമായിരുന്നു ഈ ചിത്രം.

എന്നാലിതാ നമ്മുടെ കൊച്ചുകേരളത്തിലും നടന്നു ഇത്തരമൊരു 'ട്രാഫിക്' കഥ. ഇതിലെ നായകൻ പൊലീസുകാരനല്ല. ഒരു ആംബുലൻസ് ഡ്രൈവറാണ്. ഒപ്പം അവയവദാനത്തിന് മനസുകാട്ടിയ ആനന്ദ് സജിയുടെ ബന്ധുക്കളും നിർണായക താരങ്ങളായി. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വെറും രണ്ടേകാൽ മണിക്കൂർ കൊണ്ട് ആംബുലൻസ് എത്തിച്ചാണ് സുനിൽ യഥാർഥ സംഭവത്തിലെ നായകനായത്.

വാഹനാപകടത്തെത്തുടർന്നാണ് മൂവാറ്റുപുഴ സ്വദേശി ആനന്ദിന് മസ്തിഷ്‌കമരണം സംഭവിച്ചത്. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു ഈ ഇരുപത്തിമൂന്നുകാരന്റെ മരണം. തുടർന്ന് ബന്ധുക്കൾ വൃക്കകളും കരളും ദാനംചെയ്യാൻ തീരുമാനിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അവയവം ആവശ്യമുള്ളവർക്ക് നൽകാനായി മെഡിക്കൽ കോളേജിലേക്കു കൊച്ചിയിൽ നിന്നും ടെലിഫോണിൽ വിളിച്ചു. വൃക്ക ആവശ്യമുള്ളവരുടെ പട്ടികയിൽ ഗ്രൂപ്പും സാംപിളും ചേരുന്നത് ദിവ്യയ്ക്കായിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കാട്ടാക്കട വീരണകാവ് സ്വദേശി ദിവ്യ(23)യ്ക്ക് പുതുജീവനിലേക്കുള്ള പ്രതീക്ഷയാണ് ഈ തീരുമാനം നൽകിയത്. പിന്നീടുള്ള വെല്ലുവിളി കൃത്യസമയത്തുകൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിക്കുക എന്നതായിരുന്നു. ഇവിടെയാണ് ആംബുലൻസ് ഡ്രൈവർ സുനിലിന്റെ ആത്മവിശ്വാസവും ധൈര്യവും തുണയായത്.

കൊച്ചിയിൽ നിന്ന് രണ്ടേകാൽ മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തേക്ക് ആംബുലൻസ് വഴി വൃക്ക എത്തിച്ച സംഭവം സിനിമയെയും വെല്ലുന്നതാണ്. കൊച്ചിയിൽ നിന്നും വൃക്ക കൊണ്ടുപോകാൻ പാകത്തിൽ തയാറാക്കി കഴിഞ്ഞ ദിവസം രാവിലെ ആറോടെ ആംബുലൻസിൽ പ്രവേശിപ്പിച്ചു. പുലർച്ചെയായതിനാൽ ഗതാഗതക്കുരുക്കൾ കാര്യമായ വിഘാതം സൃഷ്ടിച്ചില്ല.

ഒരാളുടെ ജീവനാണ് തന്റെ കൈയിലെന്ന് ഉത്തമ ബോധ്യമുണ്ടായിരുന്ന സുനിൽ പൂർണ ഉത്തരവാദിത്തത്തോടെയാണ് തന്റെ ചുമതല നിറവേറ്റിയത്. എട്ടേകാലോടെ ആംബുലൻസ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തി. അപ്പോഴേക്കും ദിവ്യയെ ഓപ്പറേഷൻ തീയേറ്ററിൽ പ്രവേശിപ്പിച്ച് ഡോ. വേണു, ഡോ. ഹാരിസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അവയവം സ്വീകരിക്കാൻ തയാറാക്കി കഴിഞ്ഞിരുന്നു.

ശസ്ത്രക്രിയ ഉച്ചയോടെ അവസാനിച്ചു. വൈകിട്ടോടെ വൃക്ക പ്രവർത്തിച്ചു തുടങ്ങി. രണ്ടു വൃക്കകളും തകരാറിലായി ഹൃദയം വരെ നിലച്ചു പോകുന്ന അവസ്ഥയിലായിരുന്നു ദിവ്യയുടെ സ്ഥിതി. ആനന്ദിന്റെ വൃക്ക ലഭിച്ചതോടെ ദിവ്യ മെല്ലെ ജീവിതത്തിലേക്കു മടങ്ങിവരുകയായിരുന്നു.

കേരള സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയുടെ ഭാഗമായാണ് ആനന്ദിന്റെ വൃക്ക ദിവ്യക്ക് നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP