Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

കേരളത്തിൽ മാത്രം കോവിഡ് രോഗികൾ കൂടിവരുന്നത് ഗുരുതരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഓൾ ഇന്ത്യാ പ്രൊഫഷണൽസ് കോൺഗ്രസ്; കോവിഡിനെതിരെ വാക്സിൻ ലഭ്യമായിട്ടും വാക്സിനേഷൻ പ്രക്രിയ മന്ദഗതിയിലെന്നും ആരോപണം

കേരളത്തിൽ മാത്രം കോവിഡ് രോഗികൾ കൂടിവരുന്നത് ഗുരുതരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഓൾ ഇന്ത്യാ പ്രൊഫഷണൽസ് കോൺഗ്രസ്; കോവിഡിനെതിരെ വാക്സിൻ ലഭ്യമായിട്ടും വാക്സിനേഷൻ പ്രക്രിയ മന്ദഗതിയിലെന്നും ആരോപണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ മാത്രം കോവിഡ് രോഗികൾ കൂടിവരുന്നത് വളരെ ഗുരുതരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഓൾ ഇന്ത്യാ പ്രൊഫഷണൽസ് കോൺഗ്രസ്. കോവിഡ് രോഗികളുടെ എണ്ണത്തിൽ നാലാം സ്ഥാനവും മരണത്തിൽ പന്ത്രണ്ടാം സ്ഥാനവും കേരളത്തിനാണെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. ലോകാരോഗ്യസംഘടനയുടെ നിർദ്ദേശ പ്രകാരം പരമാവധി പേരെ ടെസ്റ്റ് ചെയ്യുക, രോഗികളെ തിരിച്ചറിയുക, രോഗമുള്ളവരെ പ്രത്യേകം പാർപ്പിക്കുക എന്ന നയമാണ് ലോകത്തെല്ലായിടത്തും സ്വീകരിച്ചത്. എന്നാൽ കേരളത്തിലെ കോവിഡ് ടെസ്റ്റിങ് നിരക്ക് ദേശീയ ശരാശരിയെക്കാൾ കുറവാണ്. കൂടുതൽ ടെസ്റ്റ് ചെയ്താൽ കൂടുതൽ രോഗികൾ കണ്ടുപിടിക്കപ്പെടും എന്നതിനാൽ  ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കുകയായിരുന്നു. ഈ നയങ്ങൾ മാറ്റമില്ലാതെ തുടർന്നതിനാലാണ് രോഗവ്യാപനം നിയന്ത്രണ വിധേയമല്ലാത്ത അവസ്ഥയിലേയ്ക്ക് പോയതെന്നും ഓൾ ഇന്ത്യാ പ്രൊഫഷണൽസ് കോൺഗ്രസ് പ്രസിഡന്റ് ഡോ: എസ്.എസ്. ലാൽ പറഞ്ഞു.

രാജ്യത്ത് പ്രതിദിനമുള്ള കേസുകളിൽ ഏതാണ്ട് അൻപത് ശതമാനവും കേരളത്തിലായിട്ടും  രാജ്യത്തെ ടെസ്റ്റുകളുടെ 8 ശതമാനത്തിൽ താഴെയാണ് കേരളത്തിൽ നടക്കുന്നത്. കോവിഡ് വ്യാപനം തുടങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും  ടെസ്റ്റിംഗിനുള്ള ലബോറട്ടറി സംവിധാനങ്ങൾ വ്യാപിപ്പിക്കാൻ സർക്കാർ ശ്രമിച്ചില്ല. ആർ.ടി.പി.സി.ആർ. പരിശോധനയ്ക്കായി  കേരളത്തിൽ 146 ലബോറട്ടറികൾ മാത്രമാണുള്ളത്.  സർക്കാരിലെ നാല്പതോളം ലബോറട്ടറികളെ മാത്രമാണ് അടുത്തകാലം വരെ സജ്ജമാക്കിയിരുന്നത്. നൂറ്റിമൂന്ന് സ്വകാര്യ സ്ഥാപനങ്ങളെ വളരെ വൈകിയാണ് പരിശോധനയ്ക്കായി  ഉൾപ്പെടുത്തിയത്. കേരളത്തിൽ ഇപ്പോൾ നടക്കുന്ന ടെസ്റ്റുകളുടെ എണ്ണം തെറ്റായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. കൂടുതൽ ടെസ്റ്റിങ്ങും നടക്കുന്നത്  സ്വകാര്യ മേഖലയിലാണ്. അതിന്റെ നല്ലൊരു ശതമാനവും മറ്റു രോഗങ്ങളുള്ളവരെ ചികിത്സിക്കുമ്പോൾ അർക്ക് കോവിഡ് ഇല്ല എന്ന് ഉറപ്പുവരുത്താൻ ചെയ്യുന്നതാണ്.

രോഗികളുടെ കൂട്ടിരുപ്പുകാരുടെയും വിദേശയാത്രയ്ക്ക് പോകുന്നവരുടെയും പരിശോധനയും കോവിഡ് ടെസ്റ്റുകളായി കൂട്ടുകയാണ്. ഇതുകൂടാതെ കേരളത്തിൽ ഇതുവരെ നടന്ന 91 ലക്ഷം ടെസ്റ്റുകളിൽ അറുപതു ലക്ഷത്തിലധികവും ആന്റിജൻ ടെസ്റ്റ് ആണ്. ശരാശരി അൻപത് ശതമാനത്തിൽ താഴെ മാത്രം സെന്സിറ്റിവ് ആയ ആന്റിജൻ ടെസ്റ്റ് വ്യാപകമായി ഉപയോഗിച്ചതും കേരളത്തിൽ രോഗനിർണ്ണയം കുറയാനും അതുവഴി അധിക രോഗവ്യാപനം ഉണ്ടാകാനും കാരണമായി.  കോവിഡ് ചികിത്സയിൽ കഴിയുന്നവർക്ക് രോഗം മാറിയോ എന്നറിയാൻ ചെയ്യുന്ന പരിശോധനകളും കോവിഡ്  ടെസ്റ്റുകളായി എണ്ണുന്നുണ്ട്. കോവിഡ് പോസ്റ്റീവ് ആയിരുന്ന ഒരാൾ  മരിച്ചാൽ  മൃതദേഹത്തിൽ വീണ്ടും ടെസ്റ്റ് ചെയ്യുന്നതും നെഗറ്റീവ് ആണെങ്കിൽ കോവിഡ് മരണത്തിൽ ഉൾപ്പെടുത്താതിരിക്കുന്നതും മാനദണ്ഡങ്ങൾക്ക് എതിരാണ്. 

കോവിഡ് നിയന്ത്രണത്തിനായി കേരളത്തിലെ മുഴുവൻ ആരോഗ്യ സ്ഥാപനങ്ങളെയും ഒറ്റ സംവിധാനമായി കണ്ട് സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവരണമായിരുന്നു. സംസ്ഥാനത്തെ മുപ്പത് ശതമാനം രോഗികളെ മാത്രം കൈകാര്യം ചെയ്യുന്ന സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് കോവിഡ് പോലുള്ള ഒരു വലിയ പ്രശ്നത്തെ സർക്കാർ ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ ശ്രമിച്ചത് തെറ്റാണെന്ന് തുടക്കത്തിലേ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. എന്നാൽ ആരെയും വിശ്വാസത്തിലെടുക്കാതെയും വിശാലമായ ചർച്ചകൾ നടത്താതെയുമാണ് സർക്കാർ മുന്നോട്ടു പോയത്. സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് അഥോറിറ്റിയായ ആരോഗ്യവകുപ്പ് ഡയറക്ടറെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെയും അവരുടെ വകുപ്പുകളിലെ വിദഗ്ദ്ധരെയും സർക്കാർ പൂർണ്ണമായും ഒഴിവാക്കി. 

കേരളത്തിൽ ഇതുവരെ കാര്യമായ ഗവേഷണങ്ങൾ നടക്കാത്തതിന് സർക്കാരാണ് ഉത്തരവാദി. കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങൾ ഗവേഷണത്തിനായി സർക്കാർ ഉപയോഗിക്കുകയോ മറ്റു സ്ഥാപങ്ങൾക്കു നൽകുകയോ ചെയ്തില്ല. ആദ്യ കേസ് റിപ്പോർട്ട് ചെയത് ഒരു വര്ഷം ആയിട്ടും കൊവിഡിന്റെ കാര്യത്തിൽ സർക്കാരിന്റെ നയം എന്താണെന്ന് വ്യക്തമല്ല. കോവിഡിനെതിരെ വാക്സിൻ ലഭ്യമായിട്ടും വാക്സിനേഷൻ പ്രക്രിയ മന്ദഗതിയിലാണ് നീങ്ങുന്നത്. ലക്ഷക്കണക്കിന് മനുഷ്യർ വാക്സിനേഷൻ കിട്ടാൻ കാത്തുനിൽക്കുമ്പോൾ ഈ രംഗത്ത് സർക്കാരിന്റെ അലംഭാവമുണ്ട്. വാക്സിനേഷൻ പ്രക്രിയ ത്വരിതപ്പെടുത്താൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും ഡോ: എസ്.എസ്. ലാൽ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP