Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രധാനമന്ത്രിയുടെ വിശ്വസ്തനായ രാജ്യസുരക്ഷാ ഉപദേഷ്ടാവ് ഡോവൽ തലസ്ഥാനത്ത് എത്തിയത് എന്തിന്? തിരക്കിട്ട ചർച്ചകൾ അതീവ സുരക്ഷിത വിഷയങ്ങളാകാമെന്ന് റിപ്പോർട്ട്

പ്രധാനമന്ത്രിയുടെ വിശ്വസ്തനായ രാജ്യസുരക്ഷാ ഉപദേഷ്ടാവ് ഡോവൽ തലസ്ഥാനത്ത് എത്തിയത് എന്തിന്? തിരക്കിട്ട ചർച്ചകൾ അതീവ സുരക്ഷിത വിഷയങ്ങളാകാമെന്ന് റിപ്പോർട്ട്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനും രാജ്യസുരക്ഷാ ഉപദേഷ്ടാവുമായ അജിത്ത് ഡോവൽ ഇന്നലെ തലസ്ഥാനത്ത് എത്തി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായ ചർച്ച നടത്തിയത് രാജ്യസുരക്ഷയെ ബാധിക്കുന്ന സുപ്രധാന ഓപ്പറേഷന്റെ മുന്നോടിയാണെന്ന് സൂചന. തലസ്ഥാനത്ത് എത്തുന്നതിന് മുമ്പ് കന്യാകുമാരിയിൽ വച്ച് തമിഴ്‌നാട്ടിലെ ഉന്നത ഉദ്യോഗസ്ഥരുമായും ഡോവൽ ചർച്ചകൾ നടത്തിയിരുന്നു.

രാജ്യത്തിന്റെ സുരക്ഷാ മേൽനോട്ടമുള്ള ഡോവൽ കന്യാകുമാരിയിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയതെന്നാണ് പൊലീസ് പറഞ്ഞതെങ്കിലും ഞായറാഴ്ച രാത്രി മുഴുവൻ പല ഉന്നത ഉദ്യോഗസ്ഥരുമായി ഡോവൽ ചർച്ച നടത്തുകയായിരുന്നു. തമിഴ്‌നാട്ടിലെ തീരസംരക്ഷണ സേനാ കമാൻഡർ, ക്യൂ ബ്രാഞ്ച് മേധാവി, നാവികസേനാ ഉദ്യോഗസ്ഥർ, ഇന്റലിജൻസ് മേധാവി തുടങ്ങിയവരുമായി കന്യാകുമാരിയിൽ ഡോവൽ കൂടിക്കാഴ്ച നടത്തി. ശ്രീലങ്കയിലെയും തമിഴ്‌നാട്ടിലെയും ഐ.ബി, റാ ഉദ്യോഗസ്ഥരാണ് കന്യാകുമാരിയിലും തിരുവനന്തപുരത്തുമായി ഡോവലിനെ കണ്ടത്.

കൊടിയക്കാരൈ തുറമുഖം വഴി ചൈനീസ് സഹായത്തോടെ പാക് ചാര ഏജൻസിയായ ഐ.എസ്.ഐ വൻതോതിൽ ആയുധങ്ങൾ കടത്തുന്നു എന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഡോവലിനെ അറിയിച്ചത് കഴിഞ്ഞ മാസമാണ്. ശ്രീലങ്ക വഴിയുള്ള ആയുധക്കടത്തിന്റെ ഇടത്താവളമായ തമിഴ്‌നാട്ടിലെ കൊടിയക്കാരൈ മത്സ്യബന്ധന തുറമുഖത്തെ രഹസ്യ ഓപ്പറേഷനെ കുറിച്ച് ഡോവൽ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു എന്നാണ് റിപ്പോർട്ട്. ഇതിനു പുറമേ രാജ്യ സുരക്ഷയെ ബാധിക്കുന്ന മറ്റൊരു പ്രശനം കൂടി ഉദ്യോഗസ്ഥരുമായി ഡോവൽ ചർച്ച ചെയ്‌തെന്നാണ് സൂചന. വളരെ രഹസ്യമാണ് രണ്ടാമത്തെ ഓപ്പറേഷൻ. പക്ഷേ ഇതിനെകുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല.

പാക്കിസ്ഥാൻ കരസേനാമേധാവി റഷീൽ ഷരീഫ് കൊളംബോയിലെ ശ്രീലങ്കൻ സേനാ ആസ്ഥാനത്തെത്തി ലങ്കൻ സേനാ മേധാവിയെ കണ്ടത് കഴിഞ്ഞ ആഴ്ചയാണ്. ഇതിന് പിന്നാലെ ഡോവൽ കേരളത്തിലും തമിഴ് നാട്ടിലുമെത്തിയതാണ് ഏറെ ശ്രദ്ധ നേടുന്നത്. ശ്രീലങ്കയിലെ റാ, ഐ.ബി ഉദ്യോഗസ്ഥരിൽനിന്ന് ഡോവൽ വിവരങ്ങൾ ശേഖരിച്ചതായും തീരമേഖലയിലുടനീളം അതിജാഗ്രത പുലർത്താൻ കോസ്റ്റ്ഗാർഡിന് നിർദ്ദേശം നൽകിയെന്നും റിപ്പോർട്ടുണ്ട്.

തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലെത്തിയ ഡോവൽ പൊലീസ് ആസ്ഥാനത്താണ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത്. തിരുവനന്തപുരത്തെത്തിയ ഡോവൽ ഒരുമണിക്കൂറോളം പൊലീസ് ആസ്ഥാനത്തുണ്ടായിരുന്നു. തന്റെ ജൂനിയറായ ഡി.ജി.പി ടി.പി.സെൻകുമാർ അടക്കമുള്ള ഉദ്യോഗസ്ഥർ അദ്ദേഹത്തെ കാണാനെത്തിയിരുന്നു. ഐ.പി.എസുകാർ എങ്ങനെയൊക്കെ ജോലിചെയ്യണമെന്ന് സരസമായി അദ്ദേഹം വിവരിച്ചു. ഡി.ജി.പിമാരായ വിൻസൺ എം പോൾ, ലോകനാഥ് ബഹ്‌റ, കെ.എസ്.ഇ.ബി ചീഫ് വിജിലൻസ് ഓഫീസർ ഋഷിരാജ്‌സിങ്, ഇന്റലിജൻസ് മേധാവി എ.ഹേമചന്ദ്രൻ, എ.ഡി.ജി.പിമാരായ അനിൽകാന്ത്, പത്മകുമാർ, ഷേഖ് ദർവേഷ് സാഹിബ്, ബി.സന്ധ്യ, ആർ. ശ്രീലേഖ, ഐ.ജി മനോജ്എബ്രഹാം, കമ്മിഷണർ എച്ച്.വെങ്കടേശ്, റൂറൽ എസ്‌പി ഷെഫീൻ അഹമ്മദ് തുടങ്ങിയവർ ഡോവലുമായി കൂടിക്കാഴ്ചയ്‌ക്കെത്തി. തുടർന്ന് ഇന്നലെ വൈകിട്ട് 5.55നുള്ള ഇൻഡിഗോ വിമാനത്തിൽ ഡോവൽ ഡൽഹിയിലേക്ക് യാത്ര തിരിച്ചു. 1968 ബാച്ച് കേരളാകേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ഡോവൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP