Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിൽവർ ലൈനിന്റെ ആകാശ സർവേ പൂർത്തിയാക്കിയത് ആറ് ദിവസം കൊണ്ട്; പാർട്ടെനേവിയ പി 68 വിമാനവും ലൈഡാർ സംവിധാനവും ഉപയോഗിച്ച് ഭൂമിയുടെ വിവരങ്ങൾ ശേഖരിച്ചത് ജനജീവിതത്തിന് തടസ്സമുണ്ടാക്കാതെ; പൂർത്തിയായത് അർധ അതിവേഗ റെയിൽപാതയുടെ അലൈന്മെന്റ് നിശ്ചയിക്കുന്നതിനുള്ള ആദ്യഘട്ടം

സിൽവർ ലൈനിന്റെ ആകാശ സർവേ പൂർത്തിയാക്കിയത് ആറ് ദിവസം കൊണ്ട്; പാർട്ടെനേവിയ പി 68 വിമാനവും ലൈഡാർ സംവിധാനവും ഉപയോഗിച്ച് ഭൂമിയുടെ വിവരങ്ങൾ ശേഖരിച്ചത് ജനജീവിതത്തിന് തടസ്സമുണ്ടാക്കാതെ; പൂർത്തിയായത് അർധ അതിവേഗ റെയിൽപാതയുടെ അലൈന്മെന്റ് നിശ്ചയിക്കുന്നതിനുള്ള ആദ്യഘട്ടം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിൽവർ ലൈനിന്റെ ആകാശ സർവേ വിജയകരമായി പൂർത്തിയായി. സംസ്ഥാനത്തെ അർധ അതിവേഗ റെയിൽപാതയുടെ അലൈന്മെന്റ് നിശ്ചയിക്കുന്നതിനുള്ള ആദ്യപടിയാണ് പൂർത്തിയായിരിക്കുന്നത്. സിൽവർ ലൈൻ ദൈർഘ്യമായ 531.45 കിലോമീറ്റർ സർവേ ചെയ്യുന്നതിന് പാർട്ടെനേവിയ പി 68 എന്ന വിമാനവും അതിലെ ലൈഡാർ സംവിധാനവുമാണ് ഉപയോഗിച്ചത്. പദ്ധതി നടപ്പാക്കുന്ന കേരള റെയിൽ ഡെവലപ്‌മെന്റ് കോർപറേഷന് (കെ-റെയിൽ) വേണ്ടി ഹൈദരാബാദ് ആസ്ഥാനമായ ജിയോനോ ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനമാണ് സർവേ നടത്തിയത്. നിർദ്ദിഷ്ട മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ലൈഡാർ സർവെയും ജിയോനോ തന്നെയാണ് നടത്തിയത്.

ഭൂമിയുടെ കിടപ്പ് സംബന്ധിച്ച വിശദവും കൃത്യവുമായ വിവരം ജനജീവിതത്തിനു തടസമുണ്ടാക്കാതെ ലൈഡാർ സർവെ വഴി ലഭ്യമായിട്ടുണ്ട്. കാട്, നദികൾ, റോഡുകൾ, നീർത്തടങ്ങൾ, കെട്ടിടങ്ങൾ, വൈദ്യുതി ലൈനുകൾ, പൈതൃകമേഖലകൾ എന്നിവയും കൃത്യമായി നിർണയിച്ചിട്ടുണ്ട്. ഇതിനായി ഉയർന്ന റെസൊല്യൂഷൻ ഉള്ള ക്യാമറയാണ് ലൈഡാർ യൂണിറ്റിൽ ഉപയോഗിച്ചത്. രണ്ട് ലൈനുകൾക്കുള്ള സ്ഥലം മാത്രമാണ് സിൽവർ ലൈനിനുവേണ്ടിവരുന്നത്. നഗരങ്ങളിൽ ആകാശപാതകളിലൂടെയായിരിക്കും ഇത് കടന്നുപോകുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ച ആരംഭിച്ച സർവേ ആദ്യ ദിനം കണ്ണൂർ മുതൽ കാസർകോട് വരെയായിരുന്നു. തിരുവനന്തപുരത്താണ് സർവേ പൂർത്തിയായത്. റെയിൽപാതക്ക് പുറമെ സ്റ്റേഷൻ പ്രദേശങ്ങളും സർവേ ചെയ്തു. അഞ്ച് മുതൽ പത്ത് സെന്റീമീറ്റർ വരെ സൂക്ഷ്മതയിലുള്ള വിവരങ്ങളാണ് ലഭിച്ചത്. സർവെ വിവരങ്ങൾ സർവേ ഓഫ് ഇന്ത്യയടക്കമുള്ള ഏജൻസികളും സർക്കാർ വകുപ്പുകളും ചേർന്ന് പരിശോധിച്ച് തന്ത്രപ്രധാന മേഖലകൾ ഒഴിവാക്കിയ ശേഷമാണ് റിപ്പോർട്ട് തയാറാക്കുന്നത്. തുടർന്ന് വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) ന് വേണ്ടിയുള്ള അലൈന്മെന്റ് നിർണയിക്കും. സർവേ കൃത്യമായി പൂർത്തിയാക്കിയ സ്ഥിതിക്ക് ഡിപിആറും ലൊക്കേഷൻ സർവേയും വളരെ വേഗം തയാറാക്കി പണി തുടങ്ങാൻ കഴിയുമെന്ന് കെആർഡിസിൽ എംഡി വി അജിത് കുമാർ അറിയിച്ചു.

കേന്ദ്ര റെയിൽ മന്ത്രാലയത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള കമ്പനിയാണ് കെ-റെയിൽ. തിരുവനന്തപുരം മുതൽ തൃശൂരിനു സമീപം തിരുനാവായ വരെ 310 കിലോമീറ്റർ ഇപ്പോഴത്തെ റെയിൽപാതയിൽനിന്നു മാറിയും തൃശൂരിൽനിന്ന് കാസർകോട് വരെയുള്ള ബാക്കി ദൂരം നിലവിലുള്ള പാതയ്ക്കു സമാന്തരമായിട്ടും ആയിരിക്കും സിൽവർ ലൈനിന്റെ അലൈന്മെന്റ്. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചാണ് ലൈൻ സ്ഥാപിക്കുന്നത്. ആകെ പത്തു സ്റ്റേഷനുകളാണുള്ളത്. മറ്റു സ്റ്റേഷനുകളെ ബന്ധിപ്പിക്കാനുള്ള പദ്ധതിയും സിൽവർ ലൈനിനുണ്ട്. 200 കിലോമീറ്റർ വേഗത്തിലാണ് സിൽവർ ലൈനിലൂടെ വണ്ടിയോടുക.

ലൈറ്റ് ഡിറ്റക്ഷൻ ആൻഡ് റേൻജിങ് എന്നതിന്റെ ചുരുക്കപ്പേരായ ലൈഡാറിൽ ലേസർ രശ്മികളുടെ പ്രതിഫലനം ഉപയോഗിച്ചാണ് സർവേ നടത്തിയത്. ലേസർ യൂണിറ്റ്, സ്‌കാനർ, ജിപിഎസ് റിസീവർ എന്നിവ അടങ്ങിയതാണ് ലൈഡാർ. ലേസർ യൂണിറ്റിൽനിന്നു പുറപ്പെടുന്ന രശ്മികൾ ഭൂമിയുടെ ഉപരിതലം സ്‌കാൻ ചെയ്ത് തിരിച്ചെത്തുന്നത് സെൻസറിൽ സ്വീകരിച്ചാണ് റൂട്ട് മാപ്പ് ചെയ്തത്.

സർവേയ്ക്ക് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലും കേന്ദ്ര പ്രതിരോധ മന്ത്രാലയവും അനുമതി നൽകിയതിനു തൊട്ടുപിന്നാലെ പദ്ധതിക്കു കേന്ദ്ര റെയിൽവെ മന്ത്രാലയവും പച്ചക്കൊടി കാണിച്ചിരുന്നു. സർവേയ്ക്ക് പാർട്ടെനേവിയ പി68 എന്ന എയർക്രാഫ്റ്റാണ് ഉപയോഗിച്ചത്. അതീവ സുരക്ഷാമേഖലകൾക്കു മുകളിലൂടെ പറക്കേണ്ടതുകൊണ്ടാണു പ്രതിരോധ വകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമായി വന്നത്. ഇന്ത്യൻ പൈലറ്റുകൾ തന്നെയായിരിക്കണം ഹെലികോപ്റ്റർ പറത്തേണ്ടതെന്ന കർശന നിബന്ധനയും ഉണ്ടായിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP