Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202001Tuesday

സുരേഷ് ഗോപിക്കു പിന്നാലെ ഒരു ആക്ഷൻ ഹീറോ കൂടി; ലൈംഗിക ആരോപണം ചീഫ് ജസ്റ്റിസ് തന്നെ അന്വേഷിച്ചു സ്വന്തം നിരപരാധിത്വം തെളിയിച്ചപ്പോഴും മതേതര പുരോഗമന ജനാധിപത്യ വിശ്വാസികൾ മൗനം പാലിച്ചു; ഭരണകൂട ഭീകരതയ്ക്കെതിരെ ജുഡീഷ്യറി നടത്തുന്ന ചെറുത്തുനിൽപ്പായി വ്യാഖ്യാനിച്ചു; അൽപം വൈകിയെങ്കിലും രഞ്ജൻ ഗൊഗോയുടെ മഹത്വം രാഷ്ട്രപതിയും തിരിച്ചറിഞ്ഞു; രഞ്ജൻ ഗോഗോയിയുടെ രാജ്യസഭാ നാമനിർദ്ദേശത്തെ കുറിച്ച് അഡ്വ. ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

സുരേഷ് ഗോപിക്കു പിന്നാലെ ഒരു ആക്ഷൻ ഹീറോ കൂടി; ലൈംഗിക ആരോപണം ചീഫ് ജസ്റ്റിസ് തന്നെ അന്വേഷിച്ചു സ്വന്തം നിരപരാധിത്വം തെളിയിച്ചപ്പോഴും മതേതര പുരോഗമന ജനാധിപത്യ വിശ്വാസികൾ മൗനം പാലിച്ചു; ഭരണകൂട ഭീകരതയ്ക്കെതിരെ ജുഡീഷ്യറി നടത്തുന്ന ചെറുത്തുനിൽപ്പായി വ്യാഖ്യാനിച്ചു; അൽപം വൈകിയെങ്കിലും രഞ്ജൻ ഗൊഗോയുടെ മഹത്വം രാഷ്ട്രപതിയും തിരിച്ചറിഞ്ഞു; രഞ്ജൻ ഗോഗോയിയുടെ രാജ്യസഭാ നാമനിർദ്ദേശത്തെ കുറിച്ച് അഡ്വ. ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മുൻ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയിയെ രാഷ്ട്രപതി രാജ്യസഭയിലേക്ക് നിമനിർദ്ദേശം ചെയ്തതിനെ പരിഹസിച്ച് അഡ്വ. എ ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. സുരേഷ് ഗോപിക്കു പിന്നാലെ ഒരു ആക്ഷൻ ഹീറോയെ കൂടി രാഷ്ട്രപതി രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്തുവെന്നാണ് ജയശങ്കർ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചത്.

രഞ്ജൻ ഗൊഗോയുടെ മഹത്വം അൽപം വൈകിയെങ്കിലും രാഷ്ട്രപതിയും തിരിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ നിയമപാണ്ഡിത്യവും ഭരണഘടനാ പാരംഗതത്വവും പാർലമെന്റിനു മുതൽക്കൂട്ടാകുമെന്ന ബോധ്യത്തിൽ രാജ്യസഭയിലേക്ക് നാമനിർദ്ദേശം നടത്തി. രഞ്ജൻജിയുടെ കഴിവും പ്രാഗത്ഭ്യവും വച്ചു നോക്കുമ്പോൾ ഇതത്ര വലിയ പദവിയൊന്നുമല്ല. കോവിന്ദ്ജിയുടെ കാലശേഷം രാഷ്ട്രപതി സ്ഥാനം തന്നെ ലഭിച്ചാലും കൂടുതലാവില്ലെന്നും ജയശങ്കർ കുറിക്കുന്നു.

ഫെയ്സ്ബൂക്ക് പോസ്റ്റിന്റെ പൂർണരൂപം:

സുരേഷ് ഗോപിക്കു പിന്നാലെ ഒരു ആക്ഷൻ ഹീറോയെ കൂടി രാഷ്ട്രപതി രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തു- മുൻ ചീഫ്ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. ദീപക് മിശ്ര ചീഫായിരുന്ന കാലത്ത് അദ്ദേഹത്തെ അപലപിച്ചു കൊണ്ട് മറ്റു മൂന്നു ന്യായാധിപർക്കൊപ്പം പത്രസമ്മേളനം നടത്തി ഇന്നാട്ടിലെ മതേതര പുരോഗമന ജനാധിപത്യ വിശ്വാസികളുടെ കയ്യടി നേടിയ ആളാണ് ഗൊഗോയ്. കോൺഗ്രസ് പശ്ചാത്തലമുള്ളയാൾ; മുൻ ആസാം മുഖ്യമന്ത്രി കേശവചന്ദ്ര ഗൊഗോയുടെ മകൻ.

ദീപക് മിശ്ര വിരമിക്കുമ്പോൾ ഇദ്ദേഹത്തെ തഴയുമോ എന്ന് ഭയപ്പെട്ടവരുണ്ട്. പക്ഷേ അങ്ങനെയൊന്നും സംഭവിച്ചില്ല. ഗൊഗോയ് ചീഫ് ജസ്റ്റിസായി. ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിൽ പുതുയുഗം പിറന്നു. കൊളീജിയം കൂടി പാസാക്കിയ ലിസ്റ്റ് രായ്ക്കുരാമാനം വെട്ടിത്തിരുത്തുകയും തനിക്കെതിരെ ഉയർന്ന ലൈംഗിക ആരോപണം ചീഫ് ജസ്റ്റിസ് തന്നെ അന്വേഷിച്ചു സ്വന്തം നിരപരാധിത്വം തെളിയിച്ചപ്പോഴും മതേതര പുരോഗമന ജനാധിപത്യ വിശ്വാസികൾ മൗനം പാലിച്ചു. ഭരണകൂട ഭീകരതയ്ക്കെതിരെ ജുഡീഷ്യറി നടത്തുന്ന ചെറുത്തുനിൽപ്പായി വ്യാഖ്യാനിച്ചു.

ശബരിമല കേസിൽ ഭരണഘടനാ ബെഞ്ചിന്റെ വിധി അട്ടിമറിച്ചപ്പോൾ നവോത്ഥാന വാദികൾ തലയിൽ കൈവച്ചു. റഫാൽ ഇടപാട് വെള്ളപൂശുകയും ബാബറി മസ്ജിദ് നിന്ന സ്ഥലത്ത് രാമക്ഷേത്രം പണിയാൻ വിധിക്കുകയും ചെയ്തപ്പോൾ എല്ലാവർക്കും തൃപ്തിയായി. ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാൻ നോട്ടീസ് കൊടുത്ത ഇടതുപക്ഷ എംപിമാർ അപ്പോഴും മൗനം പാലിച്ചു.

അൽപം വൈകിയെങ്കിലും, രഞ്ജൻ ഗൊഗോയുടെ മഹത്വം രാഷ്ട്രപതിയും തിരിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ നിയമപാണ്ഡിത്യവും ഭരണഘടനാ പാരംഗതത്വവും പാർലമെന്റിനു മുതൽക്കൂട്ടാകുമെന്ന ബോധ്യത്തിൽ രാജ്യസഭയിലേക്ക് നാമനിർദ്ദേശം നടത്തി. രഞ്ജൻജിയുടെ കഴിവും പ്രാഗത്ഭ്യവും വച്ചു നോക്കുമ്പോൾ ഇതത്ര വലിയ പദവിയൊന്നുമല്ല. കോവിന്ദ്ജിയുടെ കാലശേഷം രാഷ്ട്രപതി സ്ഥാനം തന്നെ ലഭിച്ചാലും കൂടുതലാവില്ല.

ഗൊഗോയുടെ സ്ഥാനലബ്ധി രാജ്യത്തെ മൊത്തം ന്യായാധിപർക്കും മാതൃകയാകും. 'കർത്താവേ കർത്താവേ എന്നു വിളിക്കുന്നവനല്ല, സ്വർഗസ്ഥനായ പിതാവിന്റെ തിരുവിഷ്ടം നിറവേറ്റുന്നവനാണ് സ്വർഗരാജ്യത്തിൽ ലഭിക്കുക'. (മത്തായി 7:21)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP