Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹാരിസണിൽ നിന്ന് താൻ തോട്ടമൊന്നും വാങ്ങിയിട്ടില്ല; ഏറ്റെടുക്കലുമായി മുന്നോട്ടു പോകും; ബിജിമോൾക്കെതിരേ നടപടി എടുക്കേണ്ടത് സ്പീക്കർ; അതിക്രമം ജനപ്രതിനിധികൾക്ക് ഭൂഷണമല്ലെന്ന് അടൂർ പ്രകാശ്

ഹാരിസണിൽ നിന്ന് താൻ തോട്ടമൊന്നും വാങ്ങിയിട്ടില്ല; ഏറ്റെടുക്കലുമായി മുന്നോട്ടു പോകും; ബിജിമോൾക്കെതിരേ നടപടി എടുക്കേണ്ടത് സ്പീക്കർ; അതിക്രമം ജനപ്രതിനിധികൾക്ക് ഭൂഷണമല്ലെന്ന് അടൂർ പ്രകാശ്

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ഇടുക്കിയിൽ എ.ഡി.എമ്മിനു നേരെ നടന്ന അതിക്രമത്തിന്റെ പേരിൽ ഇ.എസ്. ബിജിമോൾ എംഎ‍ൽഎയ്‌ക്കെതിരേ നടപടിയെടുക്കേണ്ടത് നിയമസഭാ സ്പീക്കറാണെന്ന് റവന്യൂമന്ത്രി അടൂർ പ്രകാശ് പറഞ്ഞു.

നിയമസഭയിൽ അവസാനിപ്പിച്ചിടത്തു നിന്നാണോ ബിജിമോൾ പെരുവന്താനത്ത് തുടങ്ങിയതെന്ന ചോദ്യത്തിൽനിന്ന് മന്ത്രി ഒഴിഞ്ഞുമാറി. അതേപ്പറ്റി പറയാൻ തനിക്ക് താൽപര്യമില്ലെന്നും താൻ ആളല്ലെന്നുമായിരുന്നു അടൂർ പ്രകാശിന്റെ മറുപടി. കെ. ശിവദാസൻനായർക്കും വാഹിദിനും ഡൊമിനിക് പ്രസന്റേഷനുമെതിരേ വനിതാ എംഎ‍ൽഎമാർ കേസ് കൊടുത്തതു പോലെ ബിജിമോൾ കേസ് കൊടുക്കുമോ എന്ന ഭയമാണോ ഇക്കാര്യത്തിൽ പ്രതികരിക്കാൻ മടിക്കുന്നതിന്റെ കാരണമെന്ന ചോദ്യത്തിനും വന്നു മന്ത്രിയുടെ മറുപടി- തനിക്കാരെയും പേടിയില്ല. പറയാനുള്ളത് ആരോടും പറയും. കേസിനെ ഭയക്കുന്നയാളല്ല താൻ. നിയമസഭയിൽ നടന്നതിനെ ഇതുമായി താരതമ്യം ചെയ്യാൻ താൻ ആളല്ല. നിങ്ങൾ എത്ര ശ്രമിച്ചാലും അതേപ്പറ്റി പറയുകയുമില്ല.

ബിജിമോളുടെ അതിക്രമത്തെ മന്ത്രി അപലപിച്ചു. പൊതുജനങ്ങൾക്ക് സഞ്ചാരസ്വാതന്ത്ര്യം വേണമെന്നാണ് സർക്കാരിന്റെ നിലപാട്. അതുകൊണ്ടു തന്നെയാണ് പെരുവന്താനത്തെ എസ്റ്റേറ്റിലൂടെയുള്ള വഴി തുറന്നു കൊടുക്കണമെന്ന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ് നടപ്പാക്കാൻ സർക്കാർ മുൻകൈയെടുത്തത്. എന്നാൽ, തോട്ടമുടമ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. തൽസ്ഥിതി നിലനിർത്താൻ ഹൈക്കോടതി നിർദ്ദേശിച്ചപ്പോൾ ആ വിധി നടപ്പാക്കേണ്ട ബാധ്യത സർക്കാരിനുണ്ട്. അതിനു വേണ്ടിയാണ് ജില്ലാ കലക്ടർ എ.ഡി.എമ്മിനെ നിയോഗിച്ചത്. കോടതി വിധി നടപ്പാക്കുക മാത്രമാണ് എ.ഡി.എം ചെയ്തത്.

ജനങ്ങൾക്ക് സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കുന്നതിനൊപ്പം കോടതിയുടെ ഉത്തരവ് നടപ്പാക്കാനുള്ള ബാധ്യതയും സർക്കാരിനുണ്ട്. ജനകീയ പ്രശ്‌നം പരിഹരിക്കാൻ അക്രമമല്ല പോംവഴിയെന്ന് ജനപ്രതിനിധികൾ ഇനിയെങ്കിലും തിരിച്ചറിയണം. ഇടുക്കിയിലെ റവന്യൂ ജീവനക്കാർ പണിമുടക്കിൽ നിന്ന് പിന്തിരിയണം. അക്രമത്തെ സർക്കാർ ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. പകരം അപലപിക്കുന്നു. സമരം പിൻവലിച്ച് ജീവനക്കാർ അവരുടെ ഉത്തരവാദിത്തം നിറവേറ്റണം. സംഭവം സംബന്ധിച്ച് ജില്ലാ കലക്ടറോട് റിപ്പോർട്ട് ചോദിച്ചിരുന്നു. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി ഉണ്ടാകും. ഈ പ്രശ്‌നത്തിന്റെ പേരിൽ സർക്കാർ ജീവനക്കാരും ജനങ്ങളും തമ്മിൽ ഭിന്നതയുണ്ടാകരുതെന്നും മന്ത്രി പറഞ്ഞു.

മന്ത്രിക്ക് ഹാരിസൺ തോട്ടമോ?

ഹാരിസണിന്റെ കൈവശമുള്ള പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങൾ ഏറ്റെടുക്കുന്നത് വൈകാൻ കാരണം ഒരു മന്ത്രിയുടെ ബിനാമിയും ഹാരിസണിൽനിന്ന് തോട്ടം വാങ്ങിയതല്ലേ എന്ന ചോദ്യത്തിന് അടൂർ പ്രകാശ് നൽകിയ മറുപടി ഇങ്ങനെ: ഹാരിസണിൽ നിന്നും താൻ തോട്ടമൊന്നും വാങ്ങിയിട്ടില്ല. ഇക്കാര്യം ഇപ്പോൾ മാത്രമാണ് അറിയുന്നത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പാട്ടക്കാലാവധി കഴിഞ്ഞ തോട്ടം ഏറ്റെടുക്കുന്നതിനായി രാജമാണിക്യത്തെ സ്‌പെഷൽ ഓഫീസറായി നിയമിച്ചിരുന്നു. അദ്ദേഹം തോട്ടം കൈവശം വച്ചിരിക്കുന്നവർക്ക് നോട്ടീസ് നൽകി. അവരുടെ ഭാഗം കേട്ടു.

ഭൂമി ഏറ്റെടുക്കുമെന്നായപ്പോൾ അവർ കേസിന് പോയിരിക്കുകയാണ്. സർക്കാർ തോട്ടം ഏറ്റെടുക്കുന്നത് ഇപ്പോൾ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. അതു താൽകാലികം മാത്രമാണ്. സ്റ്റേ നീക്കിയാലുടൻ തോട്ടം ഏറ്റെടുക്കുന്നത് തുടരും. തോട്ടം ഏറ്റെടുക്കുന്നതിന്റെ മറവിൽ കൈയേറ്റം നടത്താൻ ചിലർ നീങ്ങുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. അത്തരത്തിലുള്ള നിയമ വിരുദ്ധ പ്രവർത്തനം നടത്താൻ ആരെയും അനുവദിക്കില്ല. കർശനമായി നേരിടുകയും ചെയ്യും. തോട്ടം ഏറ്റെടുക്കുമ്പോൾ തൊഴിലാളികളുടെ പ്രശ്‌നം കൂടിയാണ് ഏറ്റെടുക്കുന്നത്. അവർക്ക് ഒരു കുഴപ്പവും ഉണ്ടാകില്ലെന്ന് ഉറപ്പുതരികയും ചെയ്യുന്നുവെന്ന് മന്ത്രി പറഞ്ഞു.

ചെങ്ങറയിലെ പ്രശ്‌നം പരിഹരിക്കാൻ നോക്കാം

ചെങ്ങറയിൽ സമരം നടത്തുന്നവരുടെ പ്രശ്‌നം പരിഹരിക്കാൻ നോക്കട്ടെ എന്നും മന്ത്രി പറഞ്ഞു. താൻ ഇതുവരെ അവിടെ പോയിട്ടില്ല. അവിടെ കൃഷി നടക്കുന്നുണ്ട് എന്നറിയാം. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തുണ്ടായതാണ് ചെങ്ങറ കൈയേറ്റം. അന്നേ ആ പ്രശ്‌നം പരിഹരിക്കേണ്ടതായിരുന്നു. അത്തരം പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനാണ് താൻ ഇപ്പോൾ ശ്രമിക്കുന്നത്. ഭൂരഹിതരില്ലാത്ത കേരളം പദ്ധതി അതിന്റെ ഭാഗമാണ് എന്നും അടൂർ പ്രകാശ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP