Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

28 പോക്സോ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികൾക്ക് ഭരണാനുമതി; എല്ലാ ജില്ലകളിലും പോക്സോ അതിവേഗ പ്രത്യേക കോടതികൾ; തിരുവനന്തപുരത്ത് 4 ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികളെന്നും മന്ത്രി കെ.കെ.ശൈലജ ടീച്ചർ

28 പോക്സോ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികൾക്ക് ഭരണാനുമതി; എല്ലാ ജില്ലകളിലും പോക്സോ അതിവേഗ പ്രത്യേക കോടതികൾ; തിരുവനന്തപുരത്ത് 4 ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികളെന്നും മന്ത്രി കെ.കെ.ശൈലജ ടീച്ചർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് പോക്സോ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ബലാത്സംഗ കേസുകളും മറ്റ് കേസുകളും വേഗത്തിൽ തീർപ്പാക്കുന്നതിന് 28 ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികൾ സ്ഥാപിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ കുറ്റവാളികൾക്ക് അർഹിക്കുന്ന ശിക്ഷ വേഗത്തിൽ വാങ്ങി നൽകുന്നതിനും കോടതികൾ ബാല സൗഹൃദമാക്കുന്നതിന്റെ ഭാഗമായുമാണ് പോക്സോ കോടതികൾ സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന മാനിച്ച് കേരളത്തിൽ 28 പോക്സോ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികൾ ആരംഭിക്കുന്നതിന് കേന്ദ്ര നിയമ നീതിന്യായ മന്ത്രാലയം അടുത്തിടെ അനുമതി നൽകിയിരുന്നു. അതാണ് വളരെ വേഗത്തിൽ അന്തിമ രൂപം നൽകി ഭരണാനുമതി നൽകിയത്. വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ, ഹൈക്കോടതി, നിയമ വകുപ്പ്, ആഭ്യന്തര വകുപ്പ് എന്നിവ സംയുക്തമായിട്ടായിരിക്കും ഈ പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം ജില്ലയിൽ നാലും തൃശൂർ, മലപ്പുറം ജില്ലകളിൽ മൂന്നും കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ രണ്ടും മറ്റ് ജില്ലകളിൽ ഒന്നും വീതം കോടതികളാണ് അനുവദിച്ചത്. ഇതോടെ എല്ലാ ജില്ലകളിലും ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികൾ സ്ഥാപിക്കാൻ കഴിയും.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായാണ് പോക്സോ കോടതികൾ സ്ഥാപിക്കുന്നത്. ഒരു കോടതിക്ക് 75 ലക്ഷം രൂപ നിരക്കിൽ 28 കോടതികൾ സ്ഥാപിക്കുന്നതിന് 21 കോടി രൂപയാണ് ആവശ്യമായുള്ളത്. 60:40 അനുപാതത്തിൽ കേന്ദ്ര സംസ്ഥാന വിഹിതം ഉപയോഗപ്പെടുത്തിയാണ് ഈ കോടതികൾ ആരംഭിക്കുന്നത്.

ഹൈക്കോടതിയുമായി കൂടിയാലോചിച്ചാണ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികൾ സ്ഥാപിക്കുന്നത്. 2019-20, 2020-21 എന്നീ രണ്ട് സാമ്പത്തിക വർഷത്തേക്ക് താൽക്കാലിക അടിസ്ഥാനത്തിലായിരിക്കും ഇത് പ്രവർത്തിക്കുക. ഓരോ കോടതിയിലും പ്രതിവർഷം 165 കേസുകളെങ്കിലും തീർപ്പാക്കും. ലീസിനോ വാടകയ്ക്കെടുത്തതോ ആയ സ്ഥലത്തായിരിക്കും ഈ കോടതികൾ പ്രവർത്തിക്കുക. ഓരോ കോടതിയിലും ഒരു ജുഡീഷ്യൽ ഓഫീസറും 7 സ്റ്റാഫ് അംഗങ്ങളും ഉണ്ടായിരിക്കും. ആവശ്യത്തിന് ജുഡീഷ്യൽ ഓഫീസർമാർ ലഭ്യമല്ലെങ്കിൽ വിരമിച്ച ജുഡീഷ്യൽ ഓഫീസറെ നിയമിക്കുന്നതാണ്. ഈ കോടതികൾ സ്ഥാപിക്കുന്നതിനായി ഹൈക്കോടതിയുമായി കൂടിയാലോചിച്ച് സംസ്ഥാന സർക്കാർ ഒരു കർമപദ്ധതി തയ്യാറാക്കും. ബലാത്സംഗ, പോക്സോ കേസുകൾ മാത്രമേ ഈ കോടതികളിൽ കൈകാര്യം ചെയ്യുകയുള്ളൂ.

ഓരോ കോടതിയിലും ഒരു ജില്ലാ ജഡ്ജി, സ്പെഷ്യൽ പ്രോസിക്യൂട്ടർ, സീനിയർ ക്ലർക്ക്, ബെഞ്ച് ക്ലർക്ക് കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, കമ്പ്യൂട്ടർ അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ് എന്ന സ്റ്റാഫ് പാറ്റേൺ ഉണ്ടായിരിക്കും.

ഹൈക്കോടതി നൽകിയ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 12,234 പോക്സോ, ബലാത്സംഗ കേസുകളാണ് തീർപ്പുകൽപ്പിക്കാനുള്ളത്. ഇതുപ്രകാരം സംസ്ഥാനത്ത് 56 ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികൾ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമായാണ് 28 കോടതികൾ സ്ഥാപിക്കുന്നത്. പുതിയ കോടതികളെ പോക്സോ കോടതികളായി നിശ്ചയിക്കുന്ന പ്രത്യേക ഉത്തരവുകൾ കോടതികളുടെ സ്ഥാനം അറിഞ്ഞശേഷം ഹൈക്കോടതിയുമായി കൂടിയാലോചിച്ച് പിന്നീട് പുറപ്പെടുവിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP