Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർത്ഥ്യത്തിലേക്ക്; നടത്തിപ്പ് ചുമതല അദാനി പോർട്‌സിന് നൽകികൊണ്ടുള്ള കരാർ ചിങ്ങം ഒന്നിന് ഒപ്പുവെയ്ക്കും; നിർമ്മാണോദ്ഘാടനം നവംബർ ഒന്നിന്; നാല് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രിക്ക് കരൺ അദാനിയുടെ ഉറപ്പ്

വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർത്ഥ്യത്തിലേക്ക്; നടത്തിപ്പ് ചുമതല അദാനി പോർട്‌സിന് നൽകികൊണ്ടുള്ള കരാർ ചിങ്ങം ഒന്നിന് ഒപ്പുവെയ്ക്കും; നിർമ്മാണോദ്ഘാടനം നവംബർ ഒന്നിന്; നാല് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രിക്ക് കരൺ അദാനിയുടെ ഉറപ്പ്

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർത്ഥ്യത്തിലേക്ക്. പദ്ധതിക്കുള്ള തടസങ്ങളെല്ലാം നീക്കാൻ ഇന്ന് തിരുവനന്തപുരത്ത് അദാനി പോർട്ട്‌സ് അധികൃതരുമായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അധ്യക്ഷതയിൽ നടത്തിയ ചർച്ചയ്ക്ക് ഒടുവിലാണ് പദ്ധതിയുടെ കരാർ ഒപ്പിടുന്നതിനുള്ള തീയ്യതിയും നിർമ്മാണോദ്ഘാടനത്തിന്റെ തീയ്യതിയും പ്രഖ്യാപിച്ചത്. ചിങ്ങം ഒന്നിനാണ് സംസ്ഥാനത്തിന്റെ സ്വപ്‌നപദ്ധതിയുടെ കരാർ ഒപ്പുവെയ്ക്കുക. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് നിർമ്മാണ ഉദ്ഘാടനവും നടക്കും. ഇക്കാര്യം തുറമുഖ മന്ത്രി കെ ബാബു വാർത്താസമ്മേളനത്തിൽ അറിയിച്ചു.

തുറമുഖ പദ്ധതിയുടെ സ്ഥലം ഏറ്റെടുപ്പ് 90 ശതമാനവും പൂർത്തിയായതായും ബാബു മാദ്ധ്യമങ്ങളെ അറിയിച്ചു. എടുക്കാനുള്ള ബാക്കി പത്ത് ശതമാനം ഭൂമി ഏറ്റെടുപ്പ് എളുപ്പത്തിൽ പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. ഇക്കാര്യത്തിൽ മാത്രമാണ് അദാനി ഗ്രൂപ്പ് ആശങ്ക അറിയിച്ചതെന്നും മന്ത്രി പറഞ്ഞു. കബോട്ടാഷ് നിയമത്തിൽ ഇളവു വേണമെന്ന ആവശ്യം നേടിയെടുക്കാൻ കേന്ദ്ര സർക്കാറുമായി കൂടുതൽ ചർച്ച നടത്താൻ സംസ്ഥാന സർക്കാൻ മുൻകൈയെടുക്കും. കബോട്ടാഷ് നിയമത്തിൽ ഇളവു ലഭിക്കാൻ വേണ്ടി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇന്ന് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയക്കും.

തുറമുഖ നിർമ്മാണത്തിനായി കല്ല് തമിഴ്‌നാടിൽ നിന്നും കൊണ്ടുവരാൻ നിയമപരമായ തടസമുള്ളതിനാൽ കേരളത്തിൽ നിന്ന് തന്നെ കല്ല് എടുക്കാനുള്ള ക്വാറി സൗകര്യങ്ങൾ ചെയ്തു കൊടുക്കണമെന്ന് അദാനി ഗ്രൂപ്പ് യോഗത്തിൽ ആവശ്യപ്പെട്ടു. നിലവിലുള്ള നിയമങ്ങൾ പാലിച്ചുകൊണ്ട് തന്നെ അതിനുള്ള സൗകര്യമൊരുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി കെ.ബാബു അറിയിച്ചു.

പദ്ധതി നാല് വർഷത്തിനകം യാഥാർത്ഥ്യമാക്കുമെന്നും ചർച്ചകൾക്ക് ശേഷം അദാനി ഗ്രൂപ്പ് എക്‌സിക്യൂട്ടി ഡയറക്ടറും ഗൗതം അദാനിയുടെ മകൻ കരൺ അദാനി പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയതും ഇനി നടത്താനിരിക്കുന്നതുമായ കാര്യങ്ങളെല്ലാം വളരെ സുതാര്യമാണെന്നും പദ്ധതിക്ക് കേരളത്തിലെ ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും പൂർണ പിന്തുണ പ്രതീക്ഷിക്കുന്നതായും കരൺ അദാനി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

പത്തുലക്ഷത്തോളം കണ്ടെയിനറുകൾ ഇവിടെ കൈകാര്യം ചെയ്യാൻ കഴിയും. പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്ന എതിർപ്പുകൾക്കൊന്നും ഇനി സ്ഥാനമില്ലെന്നും കേരളത്തിലെ മൊത്തം വികസനത്തിനും പ്രാദേശികമായ ഉന്നമനത്തിനും വഴിവെക്കുന്ന പദ്ധതിയാണിതെന്നും കരൺ അദാനി പറഞ്ഞു. മുഖ്യമന്ത്രിയെയും കരൺ അദാനിയെയും കൂടാതെ വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, ആരോഗ്യമന്ത്രി ശിവകുമാർ, എംപി ശശിതരൂർ, ചീഫ് സെക്രട്ടറി ജിജി തോംസൺ, തുറമുഖ സെക്രട്ടറി, അഡീഷണൽ സെക്രട്ടറി എന്നിവരും യോഗത്തിൽ പങ്കെടുത്തു.

വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കാനുള്ള അവസാന വട്ട ചർച്ചകൾക്കാണ് കരൺ അദാനിയും സംഘവും തിരുവനന്തപുരത്തെത്തിയത്. ശശി തരൂർ എംപിയോടൊപ്പം പ്രാതൽ ചർച്ച കഴിഞ്ഞ ശേഷമാണ് കരൺ അദാനി മാദ്ധ്യമങ്ങളെ കണ്ടത്. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് കരാർ ഏറ്റെടുക്കാൻ, അദാനി പോർട്‌സിനെ ക്ഷണിച്ചുകൊണ്ടുള്ള അനുമതിക്കത്ത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകിയിരുന്നു. നടപടിക്രമമനുസരിച്ച് ഒരാഴ്ചയ്ക്കകം അദാനി ഗ്രൂപ്പ് മറുപടി നൽകുകയും 45 ദിവസത്തിനകം കരാറിൽ ഏർപ്പെടുകയും വേണമെന്നായിരുന്നു സർക്കാർ നിർദ്ദേശം നൽകിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കരൺ അദാനി ഇന്ന് തിരുവനന്തപുരത്തെത്തിയതും പദ്ധതിയുടെ തീയ്യതി പ്രഖ്യാപിച്ചതും.

തുടക്കത്തിൽ പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നും ഉയർന്ന എതിർപ്പും കോൺഗ്രസ് ഹൈക്കമാൻഡിൽ നിന്നും ഉണ്ടായ എതിർപ്പും മറികടന്നാണ് വിഴിഞ്ഞം തുറമുഖപദ്ധതി യാഥാർത്ഥ്യമാകുന്നത്. തുറമുഖ നിർമ്മാണത്തിന് ചില നടപടിക്രമങ്ങൾ പൂർത്തീകരിക്കുക മാത്രമാണ് അവശേഷിക്കുന്നത്. സ്‌പെഷൽ പർപ്പസ് വെഹിക്ക്ൾ രൂപവത്കരിക്കാൻ അദാനി ഗ്രൂപ് രജിസ്ട്രാർ ഓഫ് കമ്പനീസിൽ അപേക്ഷ സമർപ്പിക്കുകയും തുടർന്ന് അവരുമായുള്ള വ്യവസ്ഥകൾ അടങ്ങിയ നിർമ്മാണ ഉടമ്പടി ഒപ്പുവെക്കുകയും വേണം. കൂടാതെ പെർഫോമൻസ് സെക്യൂരിറ്റിയായി 120 കോടി കെട്ടിവെക്കുകയും വേണം.

പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കും: കരൺ അദാനി

വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി തന്നെ പൂർത്തിയാക്കുമെന്ന് അദാനി ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടർ കരൺ അദാനി പറഞ്ഞു. പദ്ധതി നടത്തിപ്പിന് കേരളസർക്കാരും മറ്റും നൽകുന്ന പിന്തുണയിൽ തങ്ങൾക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കരൺ അദാനി.

പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊന്നും അടിസ്ഥാനമില്ല. സുതാര്യമായാണ് സർക്കാരുമായി കരാർ ഒപ്പുവയ്ക്കുന്നത്. മുഖ്യമന്ത്രി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ ഭരണപ്രതിപക്ഷങ്ങൾ പദ്ധതിയോട് നല്ല രീതിയിലാണ് സഹകരിക്കുന്നത്. നാല് വർഷത്തിനുള്ളിൽ വിഴിഞ്ഞം തുറമുഖം പൂർത്തിയാക്കുക എന്നതാണ് കന്പനിയുടെ ലക്ഷ്യമെന്നും കരൺ പറഞ്ഞു.

നിർമ്മാണോദ്ഘാടനം നവംബർ ഒന്നിന്: മന്ത്രി ബാബു

കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കരാർ ചിങ്ങം ഒന്നിന് ഒപ്പിടുമെന്ന് തുറമുഖ മന്ത്രി കെ.ബാബു പറഞ്ഞു. നവംബർ ഒന്നിന് പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടത്തുമെന്നും അദാനി ഗ്രൂപ്പിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറും ഗൗതം അദാനിയുടെ മകനുമായ കരൺ അദാനിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മന്ത്രി അറിയിച്ചു.

നാലു വർഷത്തിനുള്ളിൽ വിഴിഞ്ഞം പദ്ധതി പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഇപ്പോൾ പദ്ധതി നടന്നില്ലെങ്കിൽ ഇനി ഒരു കാലത്തും നടക്കില്ലെന്നും ബാബു പറഞ്ഞു. പദ്ധതിക്കായുള്ള ഭൂമിയേറ്റെടുക്കൽ 90 ശതമാനവും പൂർത്തിയായിക്കഴിഞ്ഞു. പദ്ധതി പ്രദേശത്തെ ഒരാൾ മാത്രമാണ് സമ്മതപത്രം നൽകാനുള്ളത്.

അത് പരിഹരിക്കാൻ കഴിയുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പദ്ധതിക്കായി വേണ്ടിവരുന്ന കല്ലുകൾ പുറത്ത് നിന്ന് കൊണ്ടുവരുന്നതിൽ ബുദ്ധിമുട്ടുണ്ട്. കന്യാകുമാരിയിൽ നിന്ന് കല്ലുകൾ കൊണ്ടുവരാനാണ് ആലോചിച്ചിരുന്നത്. എന്നാൽ, മറ്റു സംസ്ഥാനങ്ങളിലേക്ക് കല്ലുകൾ കൊണ്ടുപോകാൻ തമിഴ്‌നാട് സർക്കാർ അനുവദിക്കില്ല. അതിനാൽ, ഇവിടെത്തന്നെ ക്വാറികൾ പ്രവർത്തിപ്പിക്കാൻ അനുമതി നൽകണമെന്ന് അദാനി ആവശ്യപ്പെട്ടിട്ടുണ്ട്.

ക്വാറികൾ സംബന്ധിച്ച് നിലവിലെ നിയമങ്ങൾ പാലിച്ച് ക്വാറികൾ പ്രവർത്തിപ്പിക്കുമെന്നും ബാബു അറിയിച്ചു. പദ്ധതിക്ക് കബോട്ടാഷ് ഇളവ് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇന്ന് തന്നെ പ്രധാനമന്ത്രിക്ക് കത്തയയ്ക്കുമെന്നും മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP