Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാറിന്റെ ഡോർ തുറന്നിട്ട് ഭീകരാന്തരീക്ഷമുണ്ടാക്കി; മദ്യപിച്ചുള്ള കാറോട്ടം പൊലീസിനെ അറിയിച്ചിട്ടും മൈൻഡ് ചെയ്തതുമില്ല; മെഴുകുതിരിവെളിച്ചം പള്ളികളിലും വീട്ടിലും എത്തിച്ച എയ്ഞ്ചർ മേരിയുടെ മരണത്തിന്റെ ഞെട്ടലിൽ പുത്തൻതോപ്പ്

കാറിന്റെ ഡോർ തുറന്നിട്ട് ഭീകരാന്തരീക്ഷമുണ്ടാക്കി; മദ്യപിച്ചുള്ള കാറോട്ടം പൊലീസിനെ അറിയിച്ചിട്ടും മൈൻഡ് ചെയ്തതുമില്ല; മെഴുകുതിരിവെളിച്ചം പള്ളികളിലും വീട്ടിലും എത്തിച്ച എയ്ഞ്ചർ മേരിയുടെ മരണത്തിന്റെ ഞെട്ടലിൽ പുത്തൻതോപ്പ്

തിരുവനന്തപുരം: നാട്ടിലെ പള്ളികളിലും വീടുകളിലും മെഴുകുതിരി വെട്ടം എത്തിച്ച എയ്ഞ്ചൽ ജൂബിയുടെ ജീവനെടുത്തത് മദ്യലഹരിയിൽ കാറോടിച്ചവർ. കുടുംബ പരാധീനതകൾ മാറ്റാൻ രാവും പകലും കഷ്ടപ്പെട്ട എയ്ഞ്ചൽ ജൂബി (35)യുടെ മരണം പൂത്തൻതോപ്പുകാർക്ക് തീരാ ദുഃഖമായി.

അപകടത്തിനിടയാക്കിയ കാറിൽ മൂന്നു പേരുണ്ടായിരുന്നുവെന്നും ഇതിൽ രണ്ടുപേർ ഓടി രക്ഷപ്പെട്ടുവെന്നും നാട്ടുകാർ പറഞ്ഞു. ഇതിലൊരാളായ പുതുക്കുറിച്ചി സ്വദേശി പ്രതീക്ഷിനെ പൊലീസ് പിടികൂടി. പുതുക്കുറുച്ചി സ്വദേശികളായ ഇവർ കൂട്ടുകാരൻ ഗൾഫിൽ പോകുന്നതിന്റെ ഭാഗമായുള്ള മദ്യസൽക്കാരത്തിനു ശേഷം രാവിലെ മുതൽ സെന്റ് ആൻഡ്രൂസ് റോഡിൽ കാറിന്റെ ഡോർ തുറന്നുവച്ച് ഡ്രൈവ് ചെയ്തു പോകുന്നത് കണ്ടതായി നാട്ടുകാർ പറഞ്ഞു. പുതുക്കുറുച്ചി സ്വദേശി പ്രതീക്ഷിന്റെ കൂട്ടുകാരൻ കുവൈത്തിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ടാണ് നാലംഗസംഘ യുവാക്കൾ മദ്യപിച്ച് കാറിൽ സഞ്ചരിച്ച് ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കിയത്.

ഈ സംഘം രാവിലെമുതൽ പുത്തൻതോപ്പ്, സെന്റ്ആൻഡ്രൂസ് എന്നിവിടങ്ങളിൽ ചുറ്റാൻ ആരംഭിച്ചത്. ബഹളംവച്ച സംഘം പലരെയും വാഹനംകൊണ്ട് ഇടിക്കാനും ശ്രമിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. നാട്ടുകാർ കഠിനംകുളം പൊലീസിൽ വിവരം അറിയിച്ചെങ്കിലും ഇവരെ പിടികൂടാൻ തയ്യാറായില്ല. ആ അനാസ്ഥയാണ് എയ്ഞ്ചൽ ജൂബിയുടെ ജീവനെടുത്തത്. സെന്റ് ആൻഡ്രൂസിലെ യൂണിയൻ ബാങ്കിൽ സ്വർണം പണയം വയ്ക്കാൻ ടോക്കൺ എടുക്കാൻ പോയി മടങ്ങിവന്ന എയ്ഞ്ചൽ ജൂബിയുടെ ജീവനെടുത്തവരെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന ആരോപണവും ശക്തമാണ്.

കാറിലുണ്ടായിരുന്ന നാലംഗ മദ്യപസംഘത്തെ നാട്ടുകാർ ചൂണ്ടിക്കാട്ടിയിട്ടും കഠിനംകുളം പൊലീസ് പിടികൂടാത്തതിൽ പ്രദേശത്ത് പ്രതിഷേധം ശക്തമായി. ഇതേ തുടർന്ന് വാഹനം ക്രെയിൻ ഉപയോഗിച്ച് കൊണ്ടുപോകാനുള്ള പൊലീസിന്റെ ശ്രമം നാട്ടുകാർ തടഞ്ഞു. നാട്ടുകാർ അഞ്ചുമണിക്കൂറോളം റോഡ് ഉപരോധിച്ചു. പ്രതികളെ പിടിക്കാതെ പൊലീസ് ഒത്തുകളിക്കുകയാണെന്നും സമൂഹവിരുദ്ധർക്കെതിരെ നടപടിയെടുക്കാൻ പൊലീസ് വീഴ്ച വരുത്തുന്നതായും നാട്ടുകാർ ആരോപിച്ചു. ആറ്റിങ്ങൽ ഡിവൈഎസ്‌പി പ്രതാപൻനായർ, കടയ്ക്കാവൂർ സിഐ സജാദ് എന്നിവർ സ്ഥലത്തെത്തി മുഴുവൻ പ്രതികളെയും 24 മണിക്കൂറിനകം പിടിക്കാമെന്ന് ഉറപ്പുനൽകിയതോടെ നാട്ടുകാർ റോഡ് ഉപരോധം അടക്കമുള്ള പ്രതിഷേധത്തിൽനിന്ന് പിന്മാറി.

ഒരു വീടിന്റെ ഉത്തരവാദിത്തം മുഴുവൻ ഏറ്റെടുത്ത സ്ത്രീയാണ് എയ്ഞ്ചൽ ജൂബി. ചിറ്റാറ്റുമുക്കിലെ സർവീസ് സഹകരണ ബാങ്കിൽ വസ്തു പണയം വച്ചിരിക്കുന്നതിൽ കുടിശ്ശികത്തുകയായ ഒന്നരലക്ഷം അടയ്ക്കാനായി സഹോദരിയുടെ സ്വർണം പണയം വയ്ക്കുന്നതിനാണ് എയ്ഞ്ചൽ ജൂബി ബാങ്കിൽ എത്തിയത്. ഗൾഫിൽ ജോലി ചെയ്യുന്ന ഭർത്താവ് ജോർജ് ഫിലിപ്പിന്റെ വരുമാനത്തിൽ വീട് വച്ചതിന്റെ കടവും തീരാത്ത അവസ്ഥയാണ്. ഇതേ തുടർന്ന് മെഴുകുതിരി നിർമ്മാണം ആരംഭിച്ചാണ് ഇവർ വരുമാനം കണ്ടെത്തിയത്. എയ്ഞ്ചൽ ജൂബി. ടോക്കണെടുത്ത ശേഷം അനിയത്തിയെ കൂട്ടിക്കൊണ്ടുവരാൻ സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് യുവാക്കളുടെ നിലവിട്ട ഡ്രൈവിംഗിന്റെ ഇരയായത്.

എയ്ഞ്ചൽ ജൂബിയുടെ ഭർത്താവ് ജോർജ് ഫിലിപ്പ് കുവൈറ്റിലാണ്. കഴക്കൂട്ടം കരിയിൽ ഔവർ സ്‌കൂളിലെ അഞ്ചാംക്‌ളാസ് വിദ്യാർത്ഥി ബ്യൂഗൽ ജോർജ്, ജ്യോതിനിലയം സ്‌കൂളിലെ മൂന്നാം ക്‌ളാസ് വിദ്യാർത്ഥി ജോയൽ ജോർജ് എന്നിവർ മക്കളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP