Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എ സമ്പത്തിനെ സർക്കാരിന്റെ ഡൽഹിയിയിലെ പ്രത്യേക പ്രതിനിധി സ്ഥാനത്ത് നിന്ന് മാറ്റണം; ശമ്പളം വെട്ടികുറയ്ക്കണം; എ സമ്പത്തിനെതിരെ ഗവർണ്ണർക്ക് പരാതി; കോവിഡ് കാലത്ത് ഡൽഹി മലയാളികളെ സഹായിക്കാതെ മുങ്ങിയ സമ്പത്തിനെതിരെ രോഷം ശക്തമാകുന്നു

എ സമ്പത്തിനെ സർക്കാരിന്റെ ഡൽഹിയിയിലെ പ്രത്യേക പ്രതിനിധി സ്ഥാനത്ത് നിന്ന് മാറ്റണം; ശമ്പളം വെട്ടികുറയ്ക്കണം; എ സമ്പത്തിനെതിരെ ഗവർണ്ണർക്ക് പരാതി; കോവിഡ് കാലത്ത് ഡൽഹി മലയാളികളെ സഹായിക്കാതെ മുങ്ങിയ സമ്പത്തിനെതിരെ രോഷം ശക്തമാകുന്നു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് കാലത്ത് ഡൽഹി മലയാളിൾക്ക് ഉപകാരമില്ലാത്ത വിധത്തിൽ മുങ്ങിയ കേരളാ ഹൗസിലെ സംസ്ഥാന സർക്കാറിന്റെ പ്രതിനിധി എ.സമ്പത്തിനെതിരെ പരാതി. കേരളാ ഗവർണർക്കാണ് പരാതി നൽകിയത്. ലോക്ക്ഡൗണിനെ തുടർന്ന് അന്യ സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതിന് മുൻപ് സമ്പത്ത് നാട്ടിലെത്തിയിരുന്നു. പ്രതിസന്ധി സമയത്ത് മലയാളികൾക്ക് ആശ്രയിക്കാൻ പ്രത്യേക പ്രതിനിധി ഡൽഹിയിൽ ഇല്ലാതിരുന്നത് വലിയ ആരോപണങ്ങൾക്ക് കാരണമായിട്ടുണ്ട്. ഈ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി അഭിഭാഷകനായ അഡ്വ. കോശി ജേക്കബ് സമ്പത്തിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പരാതി നൽകിയിരിക്കുന്നത്.

ചുമതലയിൽ നിന്നുള്ള ഒഴിഞ്ഞുമാറലും കർത്തവ്യത്തിൽ വരുത്തിയ അശ്രദ്ധയും ചൂണ്ടിക്കാട്ടിയാണ് സമ്പത്തിനെതിരെ പരാതി നൽകിയിരിക്കുന്നത്. കൊറോണ വൈറസ് മഹാമാരിയെ തുടർന്ന് പ്രതിസന്ധി നേരിടവെയാണ് സമ്പത്തിന്റെ ഇത്തരം പ്രവൃത്തികളെന്നു പരാതിയിൽ പറയുന്നു. മാർച്ച് 22നുണ്ടായിരുന്ന അവാസാനത്തെ വിമാനത്തിൽ ഡൽഹിയിൽ നിന്നും സമ്പത്ത് തിരുവനന്തപുരത്ത് എത്തിയെന്നും ആ സമയം ഡൽഹിയിൽ ലോക്ക് ഡൗണായിരുന്നുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു. സഹായമഭ്യർത്ഥിച്ച് കേരളാ ഹൗസിലേക്ക് വിളിക്കുന്ന ഡൽഹി മലയാളികളുടെ ഫോൺകൊൾ അറ്റന്റ് ചെയ്യാൻ പോലും ആളുണ്ടായില്ലെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.

വിദ്യാർത്ഥികളും ,നഴ്സുമാരുമുൾപ്പെടെ നിരവധി പേരാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. നാട്ടിലെത്താൻ വഴികളൊന്നുമില്ലാതെ അവർ ദുരിതത്തിലാണെന്നും പരാതിയിൽ പറയുന്നു.സമ്പത്തിന്റെ ശമ്പളം വെട്ടികുറയ്ക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് കോശി ജേക്കബ് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ, സർക്കാരിന്റെ പ്രത്യേക പ്രതിനിധി എന്ന സ്ഥാനത്തിൽ സമ്പത്ത് തുടരണോ എന്നാ കാര്യത്തിൽ ഒന്നുകൂടെ ആലോചന നടത്തണമെന്നും പരാതിയിൽ പറയുന്നു.

ക്യാബിനറ്റ് റാങ്കിലാണ് മുൻ എംപി കൂടിയായ സമ്പത്തിനെ കേരളസർക്കാർ പ്രത്യേക പ്രതിനിധി ആയി നിയമിച്ചത്. സമ്പത്തിന്റെ നിയമനം തന്നെ ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. കൊറോണ സമയത്ത് ധൃതി പിടിച്ചുള്ള സമ്പത്തിന്റെ കേരളത്തിലേക്കുള്ള വരവ് ഭരണ കേന്ദ്രങ്ങളിൽ തന്നെ അതൃപ്തി വളർത്തിയിരുന്നു. പക്ഷെ മുഖ്യമന്ത്രിയുടെ വിശ്വസ്തൻ ആയതിനാൽ മുറുമുറുപ്പ് പലരും കടിച്ചമർത്തുകയായിരുന്നു. സമ്പത്ത് സ്ഥാനം ഏറ്റെടുത്തതോടെ കേരള-ഡൽഹി ബന്ധങ്ങൾ എകൊപിപ്പിക്കുന്നത് സമ്പത്ത് നേരിട്ടാണ്. ഇതിൽ മറ്റുള്ള ഉന്നത ഉദ്യോഗസ്ഥർ കൈകടത്താറുമില്ല. പ്രവാസികളെ നാട്ടിലെത്തിക്കൽ, പ്രവാസികളുടെ മൃതദേഹങ്ങൾ എത്തിക്കാനുള്ള തടസങ്ങൾ നീക്കുക, അതിഥി തൊഴിലാളികളെ കൊണ്ടുപോകാൻ പ്രത്യേക ട്രെയിൻ അനുവദിക്കുക, ലോക്ക് ഡൗണിൽ തുടരവേ കേരളത്തിനുള്ള കൂടുതൽ ധനസഹായം നേടിയെടുക്കുക തുടങ്ങിയ ഒട്ടുവളരെ ആവശ്യങ്ങൾ മുന്നിൽ നിൽക്കുമ്പോഴാണ് പ്രത്യേക പ്രതിനിധി ഡൽഹിയിൽ ഇല്ലാതിരിക്കുന്നത്.

കേന്ദ്രത്തിൽനിന്നുള്ള സഹായധനങ്ങൾ കാര്യക്ഷമമായും എളുപ്പത്തിലും നേടിയെടുക്കുക എന്ന ലക്ഷ്യം സമ്പത്തിനെ നിയോഗിക്കുമ്പോൾ മുഖ്യമന്ത്രിയുടെ ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. ഇതിനായാണ് മുഖ്യമന്ത്രി പ്രത്യേക താത്പര്യമെടുത്താണ് ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി എ.സമ്പത്തിനെ ഡൽഹിയിൽ നിയോഗിക്കുന്നത്. കാബിനെറ്റ് പദവിയും ഓഫീസും ഓഫീസ് സ്റ്റാഫും അടക്കമുള്ള വലിയ സൗകര്യങ്ങളാണ് കേരള ഹൗസിൽ സമ്പത്തിനായി മുഖ്യമന്ത്രി നൽകിയത്. നീണ്ട പത്ത് വർഷക്കാലം ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള എംപിയായി പ്രവർത്തിച്ച സമ്പത്ത് ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അടൂർ പ്രകാശിനോട് പരാജയപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടു മാസം തികയും മുൻപാണ് സമ്പത്തിന് പുതിയ പദവി മുഖ്യമന്ത്രി നൽകിയത്. കൊറോണ പടരുകയും രാജ്യം ലോക്ക് ഡൗണിൽ തുടരുകയും ചെയ്യുന്ന വേളയിൽ കേരള സർക്കാരിന്റെ ഈ പ്രത്യേക പ്രതിനിധിയുടെ അസാന്നിധ്യം ചർച്ചാവിഷയമാണ്.

ജനതാകർഫ്യു പ്രഖ്യാപന വേളയിൽ എന്തിനു ഇത്ര ധൃതി പിടിച്ച് സമ്പത്ത് നാട്ടിലേക്ക് മടങ്ങി എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ഡൽഹിൽ ഇല്ലെങ്കിലും ഡൽഹിൽ തുടരുന്നു എന്ന മട്ടിലാണ് സമ്പത്ത് സോഷ്യൽ മീഡിയയിൽ ഇടപെടൽ നടത്തിക്കൊണ്ടിരിക്കുന്നത്. താൻ ഡൽഹിയിലില്ല എന്ന കാര്യം പുറത്ത് വരുന്നതിൽ സമ്പത്തിനു തന്നെയുള്ള നിർബന്ധത്തിന്റെ സൂചനയായി ഇത് വിലയിരുത്തപ്പെടുകയും ചെയ്യുന്നു. നാട്ടിലേക്ക് മടങ്ങിയ സമ്പത്ത് ഇപ്പോൾ ഒരു മാസത്തിലേറെയായി ഡൽഹിയിലില്ല. തിരുവനന്തപുരത്തെ വീട്ടിലിരുന്നാണ് പ്രത്യേക പ്രതിനിധി ഡൽഹിയിലെ കാര്യങ്ങൾ ശ്രദ്ധിക്കുന്നത്. കൊറോണയും ലോക്ക് ഡൗണും മുന്നിൽ നിൽക്കെ കേന്ദ്ര-കേരള ബന്ധങ്ങൾക്ക് നിർണ്ണായക പ്രാധാന്യമുള്ള സമയത്ത് ഡൽഹിയിൽ തന്നെ തുടരേണ്ടിയിരുന്ന സമ്പത്താണ് കേരളത്തിൽ തുടരുന്നത്.

വലിയ ഉത്തരവാദിത്തങ്ങളാണ് പ്രത്യേക പ്രതിനിധിയായുള്ള നിയമന സമയത്ത് മുഖ്യമന്ത്രി പിണറായി വിജയൻ എ.സമ്പത്തിനു നേരിട്ട് ഏൽപ്പിച്ചത്. അതിൽ സംസ്ഥാനത്തിനു അതീവ പ്രാധാന്യമുള്ള ഒട്ടനവധി വിഷയങ്ങൾ അടങ്ങിയിട്ടുണ്ട്. കേന്ദ്രവുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതികളുടെ ഏകോപനച്ചുമതല നിർവഹിക്കണം. അത് പ്രത്യേക പ്രതിനിധിയെന്ന നിലയിൽ സമ്പത്ത് നിർവഹിക്കേണ്ട കാര്യമാണ്. വിവിധ വകുപ്പുകളിലെ ഇപ്പോഴുള്ള പദ്ധതികളുടെ തുടർനടപടികളും കേന്ദ്രസഹായം ലഭ്യമാക്കലുമൊക്കെ സമ്പത്തിന്റെ ചുമതലയിലായിരിക്കും. കേന്ദ്രസർക്കാരുമായും പ്രവാസി മലയാളികളുമായും കേരള സർക്കാരിന്റെ ബന്ധം ഊട്ടിയുറപ്പിക്കണം. കേരള സർക്കാരിന്റെ ഭൂമിയിൽ പ്രഖ്യാപിച്ചിട്ടുള്ള വിവിധ വികസന പദ്ധതികളുടെ മേൽനോട്ടവും വഹിക്കണം. കേന്ദ്രപദ്ധതികളുടെ നിർവഹണത്തിൽ നിലവിലുള്ള തടസ്സങ്ങൾ നീക്കുക. ഇതൊക്കെയാണ് അന്ന് സമ്പത്തിനു നേരിട്ട് നല്കിയ ഉത്തരവാദിത്തങ്ങളിൽ ചിലത്. സമ്പത്ത് നേരിട്ട് മുഖ്യമന്ത്രിക്കു മുമ്പാകെയാണ് റിപ്പോർട്ടു ചെയ്യുന്നത്. ഏതൊക്കെ തന്നെ സമ്പത്തിന്റെ ഭാരിച്ച ഉത്തരവാദിത്തങ്ങളെക്കുറിച്ച് സൂചന നൽകുന്നു. അതേ സമ്പത്താണ് ലോക്ക് ഡൗൺ പോലുള്ള രാജ്യം ഇതുവരെ അഭിമുഖീകരിക്കാത്ത ഒരു പ്രതിസന്ധി ഘട്ടത്തിൽ ഡൽഹിയെ വെടിഞ്ഞ് കേരളത്തിൽ തുടരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP